National
മുബൈ: മഹാരാഷ്ട്ര നാസിക്കിലെ ടാറ്റ കൺസൾട്ടൻസി സർവീസസിലെ (ടിസിഎസ്) ലൈംഗികാതിക്രമക്കേസിൽ പ്രധാന പ്രതിയായ എച്ച്ആർ മാനേജർ നിദ ഖാൻ അറസ്റ്റിൽ. ഛത്രപതി സാംബാജി നഗറിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 25 ദിവസമായി ഒളിവിൽ കഴിയുകയായിരുന്നു ഇവർ.
ലൈംഗിക പീഡനം, നിർബന്ധിത മതപരിവർത്തനം എന്നീ കേസുകളുമായി ബന്ധപ്പെട്ടാണ് നിദ ഖാനെ പോലീസ് പിടികൂടിയത്. താൻ ഗർഭിണിയാണെന്നും തനിക്കും കുഞ്ഞിനും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് നിദ ഖാൻ കോടതിയെ സമീപിച്ചെങ്കിലും മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു.
ടിസിഎസിന്റെ നാസിക് ബിപിഒ യൂണിറ്റിൽ നിന്ന് ഞെട്ടിപ്പിക്കുന്ന ആരോപണങ്ങളാണ് ഉയർന്നത്. ചില ജീവനക്കാർ ലൈംഗിക പീഡനം, മാനസിക പീഡനം, മതപരിവർത്തന ശ്രമങ്ങൾ എന്നിവ നേരിട്ടതായി പരാതി നൽകി. വർഷങ്ങളായി തുടരുന്ന ലൈംഗികാതിക്രമങ്ങളും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച് എട്ടോളം വനിതാ ജീവനക്കാർ പരാതിയുമായി വന്നപ്പോഴാണ് കൊടും ക്രൂരതയുടെ വിവരങ്ങൾ പുറത്ത് വന്നത്.
പരാതികളെത്തുടർന്ന്, പോലീസ് നിരവധി ടീമുകളെ രൂപീകരിക്കുകയും നിദ ഖാനെ കണ്ടെത്താൻ സംസ്ഥാന വ്യാപകമായി തെരച്ചിൽ നടത്തി വരികയുമായിരുന്നു. കേസുമായി ബന്ധപ്പെട്ട് ഒമ്പത് എഫ്ഐആറുകളാണ് പോലീസ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. സംഭവത്തിൽ ഏഴ് പുരുഷന്മാരും ഒരു സ്ത്രീയും ഉൾപ്പെടെ എട്ട് പ്രതികളെയാണ് പോലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നത്.
അറസ്റ്റിലായ ഡാനിഷ് ഷെയ്ഖ്, തൗസിഫ് അത്തർ, റാസ മേമൻ, ഷാരൂഖ് ഖുറേഷി, ഷാഫി ഷെയ്ഖ്, ആസിഫ് അഫ്താബ് അൻസാരി, എച്ച്ആർ മേധാവി അശ്വിനി ചൈനാനി എന്നിവരെ ടിസിഎസ് ജോലിയിൽ നിന്നും പിരിച്ചുവിട്ടു.
National
നാസിക്: ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ നാസിക് യൂണിറ്റിൽ ജീവനക്കാർ നേരിട്ട ലൈംഗിക പീഡനത്തെയും മതപരിവർത്തന ശ്രമങ്ങളെയും കുറിച്ചുള്ള ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. ഓഫീസിലെ കമ്പ്യൂട്ടർ പാസ്വേഡുകൾ പോലും അശ്ലീല പദങ്ങൾ ഉപയോഗിച്ചാണ് സേവ് ചെയ്തിരുന്നതെന്ന് ഇരയായ യുവതി വെളിപ്പെടുത്തി. വനിതാ കമ്മീഷന് മുൻപാകെ മൊഴി നൽകുന്നതിനിടയിലാണ് പരാതിക്കാരി ഈ വെളിപ്പെടുത്തൽ നടത്തിയത്.
പരിശീലന കാലം മുതൽ തന്നെ പ്രതികളിലൊരാളായ റസാ മേമൻ തന്നെ മാനസികമായി പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന് യുവതി പറഞ്ഞു. ഇയാൾ തന്റെ ക്യാബിനിലേക്ക് വിളിച്ച് വരുത്തി അശ്ലീല സംഭാഷണങ്ങൾ നടത്താറുണ്ടായിരുന്നുവെന്നും പരാതിയിൽ പറയുന്നു. റസാ മേമൻ യുവതിയുടെ മതവിശ്വാസത്തെയും വികാരങ്ങളെയും ഹീനമായി അപമാനിച്ചു. ഇക്കാര്യം കമ്പനി മാനേജറോട് പരാതിപ്പെട്ടെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല.
ഡാനിഷ്, തൗസിഫ് എന്നീ രണ്ട് പ്രതികൾ ചേർന്ന് തന്നെ ഡിജിറ്റലായി പിന്തുടരുകയും തനിക്കെതിരെ മോശം പ്രചാരണങ്ങൾ നടത്തുകയും ചെയ്തതായി യുവതി ആരോപിച്ചു. വിവാഹവാഗ്ദാനം നൽകി ഡാനിഷ് ഷെയ്ഖ് എന്ന ജീവനക്കാരൻ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയോടെയാണ് ഈ സംഭവങ്ങൾ പുറംലോകമറിയുന്നത്. ഡാനിഷ് വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ചാണ് യുവതിയുമായി ബന്ധം പുലർത്തിയിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ആറ് പുരുഷ ജീവനക്കാരെയും എച്ച്.ആർ ഹെഡ്ഡായ അശ്വിനി ചൈനാനിയെയും പോലീസ് അറസ്റ്റ് ചെയ്തു.
National
നാസിക്: ടാറ്റ കൺസൾട്ടൻസി സർവീസസിലെ സഹപ്രവർത്തകനെ മതപരമായി അധിക്ഷേപിക്കുകയും മതം മാറ്റത്തിന് പ്രേരിപ്പിക്കുകയും ചെയ്തു എന്ന പരാതിയിൽ പ്രതിയായ ഡാനിഷ് ഇജാസ് ഷെയ്ഖിന് കോടതി ഇടക്കാല ജാമ്യം നിഷേധിച്ചു. നാസിക് അഡീഷണൽ സെഷൻസ് ജഡ്ജി വി.വി. കഥാരെയുടേതാണ് ഉത്തരവ്. മറ്റൊരു സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയിൽ ഇയാൾ നിലവിൽ നാസിക് സെൻട്രൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
പ്രതിയുടെ ഭാഗത്തുനിന്നുണ്ടായ പ്രവർത്തികൾ സമൂഹത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. മനഃപൂർവ്വം മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലുള്ള പരാമർശങ്ങൾ പ്രതി നടത്തിയിട്ടുണ്ടെന്ന് എഫ്ഐആറിൽ വ്യക്തമാക്കുന്നുണ്ട്. ഇത് ഒറ്റപ്പെട്ട സംഭവമായി കാണാനാവില്ലെന്നും ക്രമസമാധാന നിലയെ ബാധിക്കുന്നതാണെന്നും കോടതി പറഞ്ഞു. അന്വേഷണം പ്രാരംഭ ഘട്ടത്തിലായതിനാൽ പ്രതിക്ക് ജാമ്യം നൽകുന്നത് തെളിവുകൾ നശിപ്പിക്കാനും അന്വേഷണത്തെ തടസപ്പെടുത്താനും കാരണമാകുമെന്ന് കോടതി ചൂണ്ടിക്കാട്ടി.
National
മുംബൈ: നാസിക് ടിസിഎസ് ഓഫീസിലെ പീഡനക്കേസിൽ അതിജീവിത പോലീസിന് നൽകിയ മൊഴിയിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ജോലിയിൽ ചേർന്നതു മുതൽ നേരിട്ട മാനസികവും ശാരീരികവുമായ പീഡനങ്ങളെക്കുറിച്ച് അതീവ ഗൗരവകരമായ ആരോപണങ്ങളാണ് യുവതി ഉന്നയിച്ചിരിക്കുന്നത്.
2025 ജൂണിലാണ് യുവതി അസോസിയേറ്റായി നാസിക് ബ്രാഞ്ചിൽ ചേരുന്നത്. വിവാഹം കഴിഞ്ഞ ഉടനെയായിരുന്നു ഇത്. ലോൺസ് ബ്രാഞ്ചിലെ ടീം ലീഡറായ റാസ മേനോൻ നിരന്തരം ട്രെയിനിംഗ് റൂമിൽ വന്നു യുവതിയുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് ചോദിക്കുമായിരുന്നു. "ഭർത്താവ് ദൂരെയല്ലേ, പേടിയാകുന്നില്ലേ?" എന്നും ഹണിമൂൺ വിശേഷങ്ങൾ പങ്കുവയ്ക്കാനും ഇയാൾ നിർബന്ധിച്ചതായി യുവതി പറയുന്നു. ട്രെയിനിംഗ് ലീഡറായ ഷാരൂഖ് ഖുറേഷി ഇതിനെയെല്ലാം പ്രോത്സാഹിപ്പിക്കുകയായിരുന്നു. "പ്ലെയർ" എന്ന വിളിപ്പേര് നൽകി അവർ യുവതിയെ ജോലിസ്ഥലത്തു പരസ്യമായി അപമാനിച്ചു.
ട്രെയിനിംഗ് കഴിഞ്ഞു ജോലിയിൽ പ്രവേശിച്ച ശേഷവും അതിക്രമങ്ങൾ തുടർന്നു. ഇക്കഴിഞ്ഞ മാർച്ച് മാസത്തിൽ ഗുഡി പഡ്വ ദിനത്തിൽ ഓഫീസിലെ ലോബിയിൽ വച്ചു റാസ മേനോൻ തന്റെ സാരിയുടെ തുമ്പിൽ പിടിച്ചു വലിച്ചതായി യുവതി മൊഴി നൽകി. മറ്റൊരു ടീമിലെ ജീവനക്കാരനായ ആസിഫ് അൻസാരി സീറ്റുകൾ ഉണ്ടെങ്കിലും തന്റെ തൊട്ടടുത്തു വന്നിരിക്കുകയും ശരീരത്തിൽ സ്പർശിക്കുകയും ചെയ്തിരുന്നു. തോളിലും തുടയിലും കൈവെച്ചും ശരീരത്തിൽ കടന്നുപിടിച്ചും ഇയാൾ ഉപദ്രവിച്ചു. "നിനക്ക് സീറോ ഫിഗർ ആണ്" എന്നടക്കമുള്ള അശ്ലീല കമന്റുകളും ഇയാൾ നടത്തി.
സോഷ്യൽ മീഡിയയിൽ യുവതിയെ പിന്തുടർന്ന് ശല്യം ചെയ്യുകയും ബ്ലോക്ക് ചെയ്തപ്പോൾ ജോലിയിൽ തടസമുണ്ടാക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. ഹിന്ദു ദൈവങ്ങളെ അധിക്ഷേപിക്കുന്ന പരാമർശങ്ങൾ ആസിഫ് നടത്തിയതായും പരാതിയിലുണ്ട്. എന്നാൽ അറസ്റ്റിലായ റാസയുടെ കുടുംബം ഈ ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണ്. റാസ ഒരു 'ഹൈ പെർഫോമർ' ആണെന്നും ഓഫീസിലെ രാഷ്ട്രീയവും ശത്രുതയുമാണ് ഇത്തരം പരാതികൾക്കു പിന്നിലെന്നും അവർ ആരോപിക്കുന്നു. കേസിൽ മതപരമായ വിവേചനം നടക്കുന്നുണ്ടെന്നും അവർ വാദിച്ചു.
നിലവിൽ എട്ടുപേർ പോലീസ് കസ്റ്റഡിയിലാണ്. ടിസിഎസ് നിയോഗിച്ച പ്രത്യേക അന്വേഷണ പാനൽ ഓഫീസിലെ ആഭ്യന്തര കാര്യങ്ങളും രേഖകളും പരിശോധിച്ചു വരികയാണ്. ജോലി നഷ്ടപ്പെടുമെന്ന ഭയത്താലാണ് ആദ്യം പരാതി നൽകാതിരുന്നതെന്ന് അതിജീവിത പോലീസിനോടു വ്യക്തമാക്കി.
National
നാസിക്ക്: പ്രമുഖ ഐടി കന്പനിയായ ടാറ്റ കണ്സള്ട്ടന്സി സര്വീസസിന്റെ (ടിസിഎസ്) മഹാരാഷ്ട്രയിലെ നാസിക്ക് സെന്ററിൽ നടന്ന നിർബന്ധിത മതപരിവർത്തനശ്രമവും ലൈംഗികപീഡനവും സംബന്ധിച്ച വിവാദം പുകയുന്നു.
സ്ഥാപനത്തിലെ ഒരു ജീവനക്കാരി നല്കിയ പരാതി അവഗണിക്കാനും അതു റിപ്പോര്ട്ട് ചെയ്യുന്നത് തടയാനും കമ്പനിയിലെ എച്ച്ആര് വിഭാഗം മേധാവി ശ്രമിച്ചതായി അന്വേഷണസംഘം കണ്ടെത്തി. എച്ച്ആര് വിഭാഗം മേധാവി അശ്വിനി ചൈനാനിക്കെതിരേയാണു പോലീസ് റിപ്പോർട്ട്.
അതിനിടെ വിവാദത്തിന്റെ കേന്ദ്രബിന്ദുവായ നിത ഖാനെ കഴിഞ്ഞയാഴ്ച കമ്പനി സസ്പന്ഡ് ചെയ്തതായ രേഖകള് പുറത്തുവന്നു. മറ്റ് ഏതാനും ഉദ്യോഗസ്ഥര് നിരീക്ഷണവിധേയരാണെന്ന വിവരവും പരസ്യമായി. 2021ല് കമ്പനിയിലെത്തിയ നിദ ഖാന് പ്രോസസ് അസോസിയേറ്റ് എന്ന ചുമതലയാണു വഹിച്ചിരുന്നത്. ഇവർ ഒളിവിലാണ്. ലൈംഗികാതിക്രമം, മാനസിക പീഡനം, മതപരമായ പീഡനം, നിര്ബന്ധിത മതപരിവര്ത്തന ശ്രമം എന്നിവയുമായി ബന്ധപ്പെട്ട് ഒമ്പതു കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അശ്വിനി ചൈനാനിയും മറ്റ് ആറു പുരുഷ ജീവനക്കാരും ഉള്പ്പെടെ ഏഴുപേരെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു. അന്വേഷണത്തിനു പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
കേന്ദ്ര ഏജൻസികളുടെ സഹായം തേടുമെന്ന് ഫഡ്നാവിസ്
കോൽക്കത്ത: ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) നാസിക് സെന്ററിലെ ലൈംഗികചൂഷണവും മതപരിവർത്തനവുമായി ബന്ധപ്പെട്ട മൊഡ്യൂൾ ഇല്ലാതാക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്.
കമ്പനി വിഷയം ഗൗരവമായി എടുക്കുകയും അന്വേഷണത്തെ സഹായിക്കുന്നതിനാവശ്യമായ നടപടികൾ ആരംഭിക്കുകയും ചെയ്തു. കേസിൽ ഉൾപ്പെട്ടവരെ ആരെയും സംരക്ഷിക്കില്ല. കേന്ദ്ര ഏജൻസികളുടെ സഹായം തേടുന്നുണ്ടെന്നും ഫഡ്നാവിസ് കോൽക്കത്തയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Kerala
നാസിക്: രാജ്യത്തെ പ്രമുഖ ഐടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ (ടിസിഎസ്) മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ബിസിനസ് പ്രോസസ് ഔട്ടസോഴ്സിംഗ് (ബിപിഒ) ഓഫീസിൽ നടന്ന ലൈംഗികപീഡനങ്ങളുടെയും വിദ്വേഷത്തിന്റെയും നിർബന്ധിത മതപരിവർത്തനത്തിന്റെയും ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. കമ്പനിയിലെ മുൻ ജീവനക്കാരിയാണ് നാസിക് ഓഫീസിലെ സംഭവങ്ങൾ വെളിപ്പെടുത്തിയത്. ദേശീയ മാധ്യമമാണ് ഇക്കാര്യങ്ങൾ റിപ്പോർട്ട് ചെയ്തത്.
അശ്ലീല സംസാരം
ഓഫീസിലെ ടീം ലീഡർമാർ തങ്ങളുടെ പദവി ദുരുപയോഗം ചെയ്ത് വനിതാ ജീവനക്കാരെ മാനസികമായും ശാരീരികമായും ചൂഷണം ചെയ്തിരുന്നതായി മുൻ ജീവനക്കാരി പറഞ്ഞു. ടീം ലീഡർമാരുടെ കാബിനിലേക്കു വനിതാ ജീവനക്കാരെ വിളിച്ചുവരുത്തി അശ്ലീല ഭാഷയിലാണു സംസാരിച്ചിരുന്നത്. വാരാന്ത്യങ്ങളിൽ ഹോട്ടലുകളിലും റിസോർട്ടുകളിലും എത്താൻ യുവതികളെ ഇവർ നിർബന്ധിച്ചിരുന്നു.
കേസിലെ പ്രധാന പ്രതിയായ തൗസിഫ് അത്താർ ഹൈന്ദവ ആചാരങ്ങളെ നിരന്തരം പരിഹസിച്ചിരുന്നതായും യുവതി വെളിപ്പെടുത്തി. ആഘോഷദിവസങ്ങളിൽ സാരി ധരിച്ചോ പൊട്ടുതൊട്ടോ എത്തുന്നവരോട് ഇയാൾ മോശമായി സംസാരിക്കുമായിരുന്നു. നാസിക് ഓഫീസിലെ മറ്റൊരു ജീവനക്കാരനായിരുന്ന കൃഷ്ണ എന്നയാളെ ഇസ്ലാം മതത്തിലേക്കു പരിവർത്തനം നടത്തി. ഇയാൾ രുദ്രാക്ഷ മാല ധരിച്ചിരുന്ന വ്യക്തിയായിരുന്നെന്നും മുൻ ജീവനക്കാരി പറയുന്നു. ഡാനിഷ്, റാസ എന്നിവർ ചേർന്നാണ് യുവതികളെ ഹോട്ടലുകളിലേക്കു വരാൻ നിർബന്ധിച്ചിരുന്നത്.
കടുത്ത നിയന്ത്രണം
ഓഫീസിനുള്ളിൽ നടക്കുന്ന കാര്യങ്ങൾ പുറംലോകം അറിയാതിരിക്കാൻ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. സുരക്ഷയുടെ പേരിൽ ജീവനക്കാരുടെ ഫോണുകളും ബാഗുകളും ഉച്ചഭക്ഷണപാത്രങ്ങൾ പോലും ഓഫീസിനു പുറത്തുവയ്ക്കാൻ നിർബന്ധിച്ചിരുന്നു.
ടിസിഎസ് നാസിക് ബ്രാഞ്ചിലെ എട്ടു വനിതാ ജീവനക്കാർ നൽകിയ പരാതികളുടെ അടിസ്ഥാനത്തിലാണു നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. 2022 ഫെബ്രുവരി മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ നടന്ന സംഭവങ്ങളാണിവ. സംഭവത്തിൽ കഴിഞ്ഞ ആഴ്ച പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.
23കാരിയുടെ പരാതി
നാസിക് ഓഫീസിലെ 23 വയസുള്ള ജീവനക്കാരി നൽകിയ പരാതിയിലാണ് കേസിന്റെ തുടക്കം. സീനിയർ ജീവനക്കാരനായ ഡാനിഷ് ഷെയ്ഖ് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നും, ഇയാൾ വിവാഹിതനാണെന്ന കാര്യം മറച്ചുവച്ചെന്നുമാണു പരാതി. കൂടാതെ ഡാനിഷും തൗസിഫും ചേർന്ന് ഇസ്ലാം മതത്തിലേക്കു മാറാൻ പ്രേരിപ്പിച്ചതായും പരാതിക്കാരി ആരോപിക്കുന്നു.
കേസുമായി ബന്ധപ്പെട്ട് ഇതുവരെ ഏഴു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഡാനിഷ് ഷെയ്ഖ്, തൗസിഫ് അത്താർ, റാസ മേമൻ, ഷാരൂഖ് ഖുറേഷി, ഷാഫി ഷെയ്ഖ്, ആസിഫ് അഫ്താബ് അൻസാരി, എച്ച്ആർ മാനേജർ നിദ ഖാൻ എന്നിവരാണു പിടിയിലായത്. ഒരു വനിതാ ജീവനക്കാരിയെ കണ്ടെത്താനുണ്ട്. അറസ്റ്റിലായ എല്ലാവരെയും ടിസിഎസ് സസ്പെൻഡ് ചെയ്തു. കേസിലെ പ്രധാന പ്രതിയാണ് നിദ ഖാൻ.
നാസിക്കിലെ ബിപിഒ ഓഫീസ് താത്കാലികമായി അടച്ചുപൂട്ടി. അറിയിപ്പുണ്ടാകുന്നതുവരെ വീട്ടിലിരുന്നു ജോലി ചെയ്യാൻ കന്പനി നിർദേശം നൽകി. സംഭവം രാജ്യവ്യാപകമായി ചർച്ചയായതോടെ, വഞ്ചനാപരമായ മതപരിവർത്തനങ്ങൾ തടയണമെന്നാവശ്യപ്പെട്ട് അഡ്വക്കേറ്റ് അശ്വിനി കുമാർ ഉപാധ്യായ സുപ്രീം കോടതിയിൽ ഹർജി നൽകി. നാസിക്കിൽ നടന്ന സംഘടിത മതപരിവർത്തന നീക്കം രാജ്യത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ചുവെന്നു ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഇത്തരം നീക്കങ്ങൾ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാണെന്നും ഹർജിയിൽ പറയുന്നു.
ആരാണ് നിദ ഖാൻ?
നാസിക്കിലെ ടിസിഎസ് ബിപിഒയുമായി ബന്ധപ്പെട്ട ലൈംഗികാതിക്രമ, മതപരിവർത്തനക്കേസിലെ പ്രധാന കണ്ണി എന്ന് പോലീസ് വിശേഷിപ്പിച്ച നിദാ ഖാനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിലെ മുഖ്യസൂത്രധാരയെന്ന് പോലീസ് ആരോപിക്കുന്ന നിദാ ഖാൻ ഒളിവിലാണെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ.
എന്നാൽ ഒളിവിലല്ലെന്നും മുംബൈയിലെ വീട്ടിലുണ്ടെന്നും വ്യക്തമാക്കി നിദയുടെ കുടുംബം രംഗത്തെത്തി. നാസിക്കിലെ ബിപിഒ കേന്ദ്രീകരിച്ചു നടന്ന മതപരിവർത്തന നീക്കങ്ങളുടെ സൂത്രധാര നിദയാണെന്നാണ് പോലീസ് പറയുന്നത്. എച്ച്ആർ മാനേജർ എന്ന നിലയിൽ നിദ ഈ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയെന്ന് പോലീസ് ആരോപിക്കുമ്പോൾ, താൻ ഒരു പ്രോസസ് അസോസിയേറ്റ് മാത്രമാണെന്നാണ് നിദയുടെ വാദം.
മറ്റൊരു പ്രതിയായ തൗസിഫുമായി ചേർന്ന് മതവിദ്വേഷം പടർത്തിയെന്നും നിർബന്ധിത മതപരിവർത്തനം നടത്താൻ ശ്രമിച്ചെന്നും പരാതിയിലുണ്ട്.
National
നാസിക്: പ്രമുഖ ഐടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ (ടിസിഎസ്) നാസിക് ശാഖയിൽ നടന്ന നിർബന്ധിത മതപരിവർത്തന ശ്രമങ്ങളും ലൈംഗികാതിക്രമങ്ങളും സംബന്ധിച്ച കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ഏഴ് സ്ത്രീകളും ഒരു പുരുഷനും നൽകിയ ഒൻപതോളം പരാതികളിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജിതമാക്കി. 2022 മുതൽ 2026 ഏപ്രിൽ മാസം വരെ നീണ്ടുനിന്ന ആസൂത്രിതമായ കുറ്റകൃത്യങ്ങളാണ് ഇപ്പോൾ പുറംലോകം അറിഞ്ഞിരിക്കുന്നത്.
പ്രതികളായ തൗസിഫ് അത്താർ, ഡാനിഷ് ഷെയ്ഖ്, ഷാരൂഖ് ഷെയ്ഖ്, റാസ മേമൻ എന്നിവർ പരാതിക്കാരെക്കൊണ്ട് നിർബന്ധിച്ച് നമസ്കാരം ചെയ്യിപ്പിക്കുകയും ഹൈന്ദവ ദൈവങ്ങളെയും ആചാരങ്ങളെയും നിരന്തരം അധിക്ഷേപിക്കുകയും ചെയ്തതായി എഫ്ഐആറിൽ പറയുന്നു. ഹിന്ദു മതം ഉപേക്ഷിക്കാൻ സമ്മർദം ചെലുത്തിയ ഇവർ, പരാതിക്കാരെ നിർബന്ധിച്ച് മാംസാഹാരം കഴിപ്പിക്കാനും ശ്രമിച്ചു. എച്ച്ആർ മാനേജർ നിദ ഖാൻ ഈ നീക്കങ്ങൾക്ക് ഒത്താശ നൽകുകയും ജീവനക്കാരുടെ വിശ്വാസം നേടിയെടുത്ത് അവരെ സ്വാധീനിക്കുകയും ചെയ്തിരുന്നു.
പ്രതിയായ തൗസിഫ് അത്താർ ഒരു യുവതിയെ വിവാഹവാഗ്ദാനം നൽകി പലതവണ പീഡിപ്പിച്ചു. മറ്റൊരു പ്രതിയായ ഡാനിഷ് ഷെയ്ഖ് കമ്പനിയുടെ ലോബിയിൽ വെച്ച് യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു. മീറ്റിംഗുകൾക്കിടയിലും ജോലിസ്ഥലത്തും വെച്ച് സ്ത്രീകളുടെ ശരീരഭാഗങ്ങളിൽ മോശമായി സ്പർശിക്കുക, അശ്ലീല ചേഷ്ടകൾ കാണിക്കുക, സ്വകാര്യ ജീവിതത്തെക്കുറിച്ച് അസഭ്യം പറയുക എന്നിവ പ്രതികളായ ഷാഫി ഷെയ്ഖ്, ആസിഫ് അൻസാരി, ഷാരൂഖ് ഖുറേഷി എന്നിവരുടെ പതിവുരീതിയായിരുന്നു.
സാമ്പത്തിക ബുദ്ധിമുട്ടുള്ളവരെയും കുടുംബപ്രശ്നങ്ങളുള്ളവരെയുമാണ് പ്രതികൾ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. പ്രതികൾക്ക് മലേഷ്യ ആസ്ഥാനമായുള്ള മതപ്രഭാഷകരുമായി വാട്സ്ആപ്പ് വഴി ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. വിദേശത്തുനിന്ന് ഈ പ്രവർത്തനങ്ങൾക്കായി സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ടോ എന്ന് കേന്ദ്ര ഏജൻസികൾ പരിശോധിച്ചുവരികയാണ്. പ്രതികളുടെ ശല്യം സഹിക്കവയ്യാതെ കമ്പനിയുടെ ഹെഡ് ഓഫീസറെ പരാതി അറിയിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് എഫ്ഐആറിൽ ചൂണ്ടിക്കാട്ടുന്നു. അധികൃതരുടെ ഈ നിസംഗത പ്രതികൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകുകയും പീഡനം തുടരാൻ സാഹചര്യമൊരുക്കുകയും ചെയ്തു.
സംഭവം വിവാദമായതോടെ ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ നേരിട്ട് ഇടപെടുകയും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ആരതി സുബ്രഹ്മണ്യന്റെ നേതൃത്വത്തിൽ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. നിലവിൽ ഏഴ് പ്രതികൾ പോലീസ് കസ്റ്റഡിയിലാണ്. ഓഫീസിനുള്ളിലെ തെളിവുകൾ ശേഖരിക്കാൻ വനിതാ പോലീസുകാർ ഹൗസ് കീപ്പിംഗ് ജീവനക്കാരുടെ വേഷത്തിൽ ഓഫീസിലെത്തി 'അണ്ടർകവർ' ഓപ്പറേഷൻ നടത്തിയിരുന്നു. അറസ്റ്റിലായവരുടെ ബാങ്ക് അക്കൗണ്ടുകൾ, ലാപ്ടോപ്പുകൾ, ഫോണിലെ ചാറ്റുകൾ എന്നിവ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
Business
മുംബൈ: നിർമിതബുദ്ധി രംഗത്തു വർധിച്ചുവരുന്ന ആവശ്യകത കണക്കിലെടുത്ത്, ലോകത്തിലെ ഏറ്റവും വലിയ എഐ ഡാറ്റാ സെന്റർ ഇന്ത്യയിൽ സ്ഥാപിക്കാൻ പ്രമുഖ ഐടി കമ്പനിയായ ടിസിഎസ് തയാറെടുക്കുന്നു. എഐ ഉച്ചകോടിയിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം.
ഭാവിയിലെ കരുത്തുറ്റ ഇൻഫ്രാസ്ട്രക്ചർ ഹൈപ്പർവോൾട്ട് എന്നു പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ അത്യാധുനികവും സുരക്ഷിതവുമായ എഐ ഇൻഫ്രാസ്ട്രക്ചറാണ് ടിസിഎസ് വിഭാവനം ചെയ്യുന്നത്.
വൻകിട ടെക് കമ്പനികൾക്കും എഐ അധിഷ്ഠിത സംരംഭങ്ങൾക്കും ആവശ്യമായ അതിവേഗ കമ്പ്യൂട്ടിംഗ് സൗകര്യങ്ങൾ ലഭ്യമാക്കും. ഡാറ്റാ സെന്ററുകളിലെ താപം നിയന്ത്രിക്കാൻ ലിക്വിഡ് കൂളിംഗ് സംവിധാനങ്ങൾ, ഉയർന്ന പ്രകടനക്ഷമതയുള്ള റാക്കുകൾ, ഊർജക്ഷമതയുള്ള രൂപകല്പന തുടങ്ങിയവ ഹൈപ്പർവോൾട്ടിന്റെ പ്രത്യേകതകളാണ്.
ആഗോള ഡാറ്റാ ഹബ്ബായി മാറിക്കൊണ്ടിരിക്കുന്ന രാജ്യമാണ് ഇന്ത്യ. നിലവിൽ 1.5 ജിഗാവാട്ട് ശേഷിയുള്ള ഇന്ത്യയിലെ ഡാറ്റാ സെന്റർ മേഖല 2030-ഓടെ 10 ജിഗാവാട്ടിന് മുകളിലേക്ക് വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2019 മുതൽ ഏകദേശം 94 ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് മേഖലയിൽ ഇന്ത്യയിലേക്കെത്തിയത്.
ആഗോളതലത്തിലെ പ്രമുഖ എഐ കമ്പനികളുമായി സഹകരിച്ച് ലോകോത്തര നിലവാരത്തിലുള്ള സേവനങ്ങൾ നൽകാനാണ് ടിസിഎസിന്റെ ലക്ഷ്യം. ഇന്ത്യയുടെയും ലോകത്തിന്റെ അടുത്ത ഘട്ടത്തിലുള്ള ഡിജിറ്റൽ വളർച്ചയ്ക്കു കരുത്തേകാൻ പദ്ധതിക്കു കഴിയുമെന്നു ടിസിഎസ് അധികൃതർ വ്യക്തമാക്കി.
Business
മുംബൈ: നടപ്പു സാന്പത്തിക വർഷത്തെ ഡിസംബർ വരെയുള്ള ത്രൈമാസ ഫലങ്ങൾ പുറത്തുവിട്ട് രാജ്യത്തെ ഏറ്റവും വലിയ ഐടി കന്പനിയായ ടാറ്റ കണ്സൾട്ടൻസി സർവീസസ്.
ഡിസംബർ പാദത്തിൽ ടിസിഎസിന്റെ അറ്റ ലാഭം വാർഷികാടിസ്ഥാനത്തിൽ ഏകദേശം 14 ശതമാനം ഇടിഞ്ഞ് 10,657 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ലാഭം 12,380 കോടിയിലായിരുന്നു. അതേസമയം, പ്രവർത്തന വരുമാനം ഏകദേശം 5 ശതമാനം ഉയർന്ന് 67,087 കോടിയിലെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 63,973 കോടി രൂപയായിരുന്നു. ലാഭത്തിൽ ഇടിവുണ്ടായെങ്കിലും വരുമാന വളർച്ച നിലനിൽക്കുന്നതാണ് ഈ പാദത്തിലെ പ്രധാന പ്രത്യേകത.
പുതിയ തൊഴിൽ നിയമങ്ങളും കന്പനിയിൽ നടപ്പിലാക്കുന്ന പുനർനിർമാണ പ്രവർത്തനങ്ങളുമാണ് കന്പനിയുടെ ലാഭത്തിൽ ഇടിവുണ്ടാകാനുള്ള പ്രധാന കാരണങ്ങൾ. പുതിയ തൊഴിൽനിയമം കാരണം കന്പനിക്ക് 2128 കോടി രൂപയുടെ അധികച്ചെലവുണ്ടായി. കന്പനിയുടെ പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുള്ള പുതിയ സാങ്കേതികവിദ്യകളിലേക്കു മാറുന്നതിനുമായി വൻ തുക ചെലവാക്കേണ്ടിവന്നു.
ഡിവിഡൻഡ് പ്രഖ്യാപനം
ടിഎസിഎസ് മൂന്നാം ഇടക്കാല ഡിവിഡന്റും പ്രത്യേക ഡിവിഡന്റും പ്രഖ്യാപിച്ചു. ഓഹരിയൊന്നിന് മൊത്തം 57 രൂപ ലാഭവിഹിതം ലഭിക്കും. ഇതിൽ 11 രൂപ സാധാരണ ഇക്കാല ഡിവിഡന്റും 46 രൂപ പ്രത്യേക ഡിവിഡന്റുമാണ്. ജനുവരി 17 ആണ് റിക്കാർഡ് തീയതി.
Business
മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കയറ്റുമതിക്കാരായ ടാറ്റ കണ്സൾട്ടൻസി സർവീസസ് (ടിസിഎസ്) ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ തീരുമാനിച്ചു. നിലവിലുള്ളവരിൽനിന്ന് ഈ സാന്പത്തിക വർഷം രണ്ടു ശതമാനത്തോളം പേരെയാകും പിരിച്ചുവിടുക. ഏകദേശം 12,000 ജീവനക്കാരെ ഇത് ബാധിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉൾപ്പെടെ പുതിയ സാങ്കേതികവിദ്യയിലേക്കു ള്ള ചുവടുമാറ്റം ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ കാരണമായി. കൂടാതെ സാന്പത്തിക അസ്ഥിരതകളും ഒരു കാരണമായി.
ഭാവിയിലേക്ക് സജ്ജമാകുന്ന ഒരു സ്ഥാപനമായി മാറാനുള്ള യാത്രയിലാണ് ടിസിഎസ്. ഈ യാത്രയുടെ ഭാഗമായി നിലവിൽ കന്പനിക്കൊപ്പം മുന്നോട്ടു കൊണ്ടുപോകാൻ കഴിയില്ലെന്ന് ഉറപ്പുള്ള ജീവനക്കാരെ സ്ഥാപനത്തിൽനിന്ന് ഞങ്ങൾ ഒഴിവാക്കും. ഈ വർഷം ഞങ്ങളുടെ ആഗോള ജീവനക്കാരിൽ ഏകദേശം രണ്ടു ശതമാനം പേരെ ഇതു ബാധിക്കും. പ്രധാനമായും മിഡിൽ, സീനിയർ ഗ്രേഡുകളിൽ ഉള്ളവരെയാകും ഇത് ബാധിക്കുക.- ടിസിഎസ് പ്രസ്താവനയിൽ പറഞ്ഞു.
ഞങ്ങളുടെ ക്ലയന്റുകൾക്ക് സേവന വിതരണത്തിൽ ഒരു ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാൻ കൃത്യമായ ശ്രദ്ധയോടെയാണ് ഈ മാറ്റം ആസൂത്രണം ചെയ്യുന്നത്. ഞങ്ങളുടെ സഹപ്രവർത്തകരെ സംബന്ധിച്ചിടത്തോളം ഇത് ഒരു വെല്ലുവിളി നിറഞ്ഞ സമയമാണെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. അവരുടെ സേവനത്തിന് ഞങ്ങൾ അവരോട് നന്ദി പറയുന്നു, കൂടാതെ പുതിയ അവസരങ്ങളിലേക്ക് അവർ മാറുന്പോൾ ഉചിതമായ ആനുകൂല്യങ്ങൾ, ഒൗട്ട്പ്ലേസ്മെന്റ്, കൗണ്സലിംഗ്, പിന്തുണ എന്നിവ നൽകാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തും.- കന്പനി കൂട്ടിച്ചേർത്തു.
പിരിച്ചുവിടപ്പെടുന്ന ജീവനക്കാർക്ക് അവരുടെ നോട്ടീസ് പീരീഡിനുള്ള പേയ്മെന്റുകളും കൂടാതെ അധിക പിരിച്ചുവിടൽ പാക്കേജും ലഭിക്കും. ഇൻഷ്വറൻസ് പരിരക്ഷയും, പുതിയ തൊഴിലവസരങ്ങൾ കണ്ടെത്താനുള്ള സഹായവുമെല്ലാം ടാറ്റ കണ്സൾട്ടൻസി നൽകും.
.