കെഎസ്ഇബി
തിരുവനന്തപുരം: സംസ്ഥാനത്തെ സോളാര്‍ പ്രൊസ്യൂമേഴ്സിനെ വെട്ടിലാക്കി സോളാര്‍ എനര്‍ജി കോര്‍പറേഷനില്‍നിന്ന് 25 വര്‍ഷത്തേക്കു കുറഞ്ഞ നിരക്കില്‍ 200 മെഗാവാട്ട് പുനരുപയോഗ ഊര്‍ജം ലഭ്യമാക്കാനുള്ള കരാര്‍ നടപ്പാക്കാന്‍ കെഎസ്ഇബിക്ക് വൈദ്യുതി റെഗുലേറ്ററി കമ്മീഷന് അനുമതി നല്‍കിയേക്കും.
പീക്ക് സമയത്തെ വൈദ്യുതി പ്രതിസന്ധി മറികടക്കാനുള്ള സുപ്രധാന നീക്കമായാണ് കെഎസ്ഇബി കരാറിനെ കമ്മീഷന് മുന്നില്‍ അവതരിപ്പിച്ചിട്ടുള്ളത്. എന്നാല്‍, കെഎസ്ഇബിയെ വിശ്വസിച്ച് ലക്ഷക്കണക്കിനു രൂപ മുടക്കി പുരപ്പുറ സോളാര്‍ സ്ഥാപിച്ച ഗാര്‍ഹിക ഉപയോക്താക്കള്ക്കിത് തിരിച്ചടിയാകുമെന്ന ആരോപണവും ഇതോടൊപ്പം ഉയര്‍ന്നിട്ടുണ്ട്.
സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന സോളാര്‍ വൈദ്യുതി കൃത്യമായ സ്റ്റോറേജ് സംവിധാനം ഉള്‍പ്പടെ ഏര്‍പ്പെടുത്തി പീക്ക് സമയത്ത് ഗ്രിഡില്‍ എത്തിക്കുന്നതിനു പകരം, പുതിയ കരാറുമായി മുന്നോട്ടു നീങ്ങുന്നത് ശരിയല്ല എന്നു ചൂണ്ടിക്കാട്ടിയാണ് ഉത്പാദകരില്‍ ഒരു വിഭാഗം രംഗത്തെത്തിയത്. സോളാര്‍ എനര്‍ജി കോര്‍പറേഷനില്‍ (സെകി) നിന്ന് 25 വര്‍ഷത്തേക്ക് കുറഞ്ഞ നിരക്കില്‍ 200 മെഗാവാട്ട് പുനരുപയോഗ ഊര്‍ജം ലഭിക്കുന്ന കരാറിനാണ് കെഎസ്ഇബി റെഗുലേറ്ററി കമ്മീഷന്റെ അനുമതി ദിവസങ്ങള്‍ക്കു മുന്‍പ് തേടിയത്.
കരാര്‍ പ്രകാരം യൂണിറ്റിന് 2.93 രൂപ എന്ന കുറഞ്ഞ നിരക്കിലാണ് വൈദ്യുതി ലഭിക്കുക. 100 മെഗാവാട്ട് ശേഷിയും 400 മെഗാവാട്ട് അവര്‍ സംഭരണ ശേഷിയുമുള്ള ഊര്‍ജ സംഭരണ സംവിധാനവും (ഇഎസ്എസ്) ഉണ്ടാകും. സൗരോര്‍ജ നിലയങ്ങളില്‍നിന്നു പകല്‍ ലഭിക്കുന്ന വൈദ്യുതി വൈകുന്നേരം ആറു മുതല്‍ അര്‍ധരാത്രി വരെയുള്ള ഏറ്റവും ആവശ്യകത കൂടിയ സമയത്ത് സംസ്ഥാനത്തിന് ഉപയോഗിക്കാനാകുമെന്നാണ് കരാറിന് അനുമതി തേടിയുള്ള അപേക്ഷയില്‍ കെഎസ്ഇബി വ്യക്തമാക്കിയിട്ടുള്ളത്.
‘വെല്‍സ്പണ്‍ റിന്യൂവബിള്‍ എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ്’ എന്ന കമ്പനിയില്‍നിന്ന് സോളാര്‍ എനര്‍ജി കോര്പറേഷന് 2.86 രൂപയ്ക്കു വാങ്ങുന്ന വൈദ്യുതിക്ക് യൂണിറ്റിന് ഏഴു പൈസയുടെ ട്രേഡിംഗ് മാര്‍ജിന്‍ കൂടി ചേര്‍ത്താണ് കെഎസ്ഇബിക്ക് 2.93 രൂപയ്ക്കു നല്‍കുക. പീക്ക് സമയത്ത് ലഭിക്കുന്ന ഏറ്റവും കുറഞ്ഞ നിരക്കുകളിലൊന്നാണിതെന്നും കെഎസ്ഇബി വ്യക്തമാക്കിയിട്ടുണ്ട്.
ആവശ്യമായ വൈദ്യുതി നല്കാതിരുന്നാല് കരാര്‍ നിരക്കിന്റെ 1.5 ഇരട്ടി പിഴ ലഭിക്കാനും വ്യവസ്ഥയുണ്ട്. കെഎസ്ഇബി ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് പദ്ധതിക്ക് അംഗീകാരം നല്കി. കരാറിന്റെ കരട് രേഖയും തയാറായിട്ടുണ്ട്.
Tags : KSEB Approval Lowcost Renewable Energy Business Entrepreneur Startup Market Money Commodity Economy MarketWatch TradePolicy Growth Sales Finance ECommerce Budgeting SavingMoney Stocks RealEstate Investment Income Funds