Kerala
തിരുവനന്തപുരം: കാണാതായ വയോധികയുടെ മൃതദേഹം ആറ്റിൽ കണ്ടെത്തി. ഊരുട്ടമ്പലത്ത് നിന്നും കാണാതായ കിളിക്കൂട്ടുകോണം സ്വദേശി സുഭദ്ര(95)യാണ് മരിച്ചത്.
കഴിഞ്ഞദിവസമാണ് ഇവരെ കാണാതായത്. തുടർന്ന് ബന്ധു പോലീസിൽ പരാതി നൽകിയിരുന്നു. അരുവിക്കര ആറിലെ പാലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കിട്ടിയത്.
ചൊവ്വാഴ്ച രാവിലെ ആറിന്റെ കടവിൽ നിന്നും വസ്ത്രവും ബാഗും കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പാറക്കെട്ടുകൾക്കിടയിൽ നിന്നുമാണ് മൃതദേഹം പുറത്തെടുത്തത്.
District News
പേരൂര്‍ക്കട: വട്ടിയൂര്‍ക്കാവ് ആയിരവല്ലി കടവില്‍ കരമനയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ശംഖുംമുഖം ടിസി 34/354 ജിവിആര്ആര്എ39 ബിനു ഹൗസില്‍ പരേതനായ ബനഡിക്ട് ഫെര്‍ണാണ്ടസ്-മാര്‍ഗ്രറ്റ് ദമ്പതികളുടെ മകന് മനു ബെന്‍ (32) ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം ആറ് മണിയോടുകൂടിയാണ് സംഭവം. മനു ബനും സുഹൃത്തുക്കളായ അഞ്ച് പേരും ചേര്‍ന്നാണ് ആയിരവല്ലി കടവില്‍ എത്തിച്ചേര്‍ന്നത്. സുഹൃത്സംഘത്തില്‍ മനുവിന് മാത്രമാണ് നീന്തല്‍ വശമില്ലാതിരുന്നത്.
വെള്ളത്തിലേക്കിറങ്ങി നീന്താന്‍ ശ്രമിക്കുന്നതിനിടെ ഉടന്‍തന്നെ മുങ്ങിത്താഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ അറിയിച്ച് നാട്ടുകാരും വട്ടിയൂര്‍ക്കാവ് പോലീസും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും മനുവിനെ കണ്ടെത്താനായില്ല. ഒടുവില്‍ തിരുവനന്തപുരം നിലയത്തില്‍ നിന്ന് സ്കൂബ സംഘം എത്തി നടത്തിയ തെരച്ചിലിലാണ് പാറക്കെട്ടുകള്‍ക്കിടയില്‍ മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയിലെത്തിച്ചാണ് മരണം സ്ഥിരീകരിച്ചത്. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍. ഉള്ളൂരിലെ ഒരു സ്വകാര്യകമ്പനിയിലെ ജീവനക്കാരനായിരുന്നു മനു ബെന്‍. ബിനു ബെന്‍, അനു ബെന്‍ എന്നിവര്‍ സഹോദരങ്ങളാണ്.
Kerala
കൊച്ചി: എറണാകുളം കാലടി ചെങ്ങല്‍ റെയില്‍വേ പാലത്തില്‍നിന്നു പെരിയാറിലേക്കു ചാടി കോളജ് വിദ്യാര്‍ഥിനി ജീവനൊടുക്കി. കോടനാട് ഇളമ്പകപ്പിള്ളി സ്വദേശിനിയായ പനമടത്ത് വീട്ടില്‍ അഞ്ജന ബിജു (22) ആണ് മരിച്ചത്. രാവിലെ പത്തരയോടെയാണ് സംഭവം. പെണ്‍കുട്ടി പുഴയിലേക്കു ചാടുന്നതു കണ്ട നാട്ടുകാര്‍ ഉടനെ കരയ്ക്കെത്തിച്ച് ആശുപത്രിയില്‍ എത്തിച്ചു.
തൊട്ടടുത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജിലെ വിദ്യാര്‍ഥിനിയാണ് അഞ്ജന. പെരുമ്പാവൂര്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.
എന്താണ് ആത്മഹത്യയ്ക്കു പിന്നില്‍ എന്ന കാര്യങ്ങള്‍ പുറത്തുവന്നിട്ടില്ല. മൃതദേഹം അങ്കമാലി സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
District News
പേരാമ്പ്ര: കുറ്റ്യാടി പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. പാലേരി കൂനിയോട് പുഴയില്‍ ഇന്നലെ രാവിലെ ഒന്‍പതോടെയാണ് സംഭവം. തിരുവള്ളൂര്‍ സ്വദേശിയായ പാലോളിപ്പറമ്പ് സിദ്ധാര്‍ഥ് (15) ആണ് മരിച്ചത്.
കൂനിയോട് ബന്ധു വീട്ടില്‍ അമ്മമ്മയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയ കുട്ടി അലക്കാന്‍ പോയ അമ്മയോടൊപ്പം താന്തോന്നി കടവില്‍ കുളിക്കാനായി ഇറങ്ങിയതായിരുന്നു.
ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവന് രക്ഷിക്കാനായില്ല. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ മേല്‍ നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
തിരുവള്ളൂര്‍ ശാന്തി നികേതന്‍ ഹയര്‍ സെക്കൻഡറി സ്കൂളില്‍നിന്ന് എസ്എസ്എല്‍സി പരീക്ഷ എഴുതി ഫലം കാത്തിക്കുകയാണ് സിദ്ധാർഥ്. പാലോളിപ്പറമ്പ് ബാലന്റെയും ഷിജിയുടെയും മകനാണ്. സഹോദരി: ഷിബിന.
District News
ഇരിട്ടി: ബാരാപോൾ പുഴയിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കരിക്കോട്ടക്കരി വലിയപറമ്പുംകരി സ്വദേശി തൈക്കാട്ടിൽ ജിതിനാണ് (27) മരിച്ചത്.
തൈക്കാട്ടിൽ റിജോ - ജാൻസി ദമ്പതികളുടെ മകനാണ്. അപകടത്തിൽപ്പെട്ട സുഹൃത്ത് ഡിനോയെ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.30 ഓടെ പായം പഞ്ചായത്തിലെ തെങ്ങോല കടവിലായിരുന്നു അപകടം. മരിച്ച ജിതിനും അഞ്ചു സഹൃത്തുക്കളുമാണ് കുളിക്കാൻ എത്തിയത്. ജിതിനും ഡിനോയും മറുകരയിലേക്ക് നീന്തുന്നതിനിടെ കയത്തിൽ മുങ്ങിത്താഴുകയായിരുന്നു. മറ്റു സുഹൃത്തുക്കൾ ബഹളം വച്ചതോടെ ഓടിക്കൂടിയ നാട്ടുകാരാണ് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചത്.
അഗ്നിരക്ഷാസേനയെത്തി നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തെരച്ചിലിൽ അബോധാവസ്ഥയിൽ ആയിരുന്ന ഡിനോയെ കരയ്ക്കെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഒരു മണിക്കൂറോളം നടത്തിയ തെരച്ചിലിൽ കയത്തിലെ അഞ്ചു മീറ്ററിലധികം ആഴം വരുന്ന സ്ഥലത്ത് നിന്നാണ് ജിതിനിനെ കണ്ടെത്തിയത്.
അസി. സ്റ്റേഷൻ ഓഫീസർ എൻ.ജി. അശോകൻ വെള്ളത്തിനടിയിൽ മുങ്ങി നടത്തിയ പരിശോധനയിലാണ് ജിതിനിനെ മരിച്ചനിലയിൽ കണ്ടെത്തുന്നത്. ജിറ്റിയാണ് മരിച്ച ജിതിനിന്റെ സഹോദരി.
District News
നാദാപുരം: കൂട്ടുകാരോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. ഊരത്ത് പന്നിവയല്‍ വള്ളിയുള്ള തറേമ്മല് കുറ്റിക്കാട്ടില്‍ ശ്രീജിത്തിന്റെ മകനും വേളം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്ലസ്ടു കൊമേഴ്സ് വിദ്യാര്‍ഥിയുമായ ഷാഹുല്‍ രാജ് ( കിച്ചു-18) ആണ് മരിച്ചത്.
വ്യാഴാഴ്ച പരീക്ഷ കഴിഞ്ഞതിനുശേഷം ആറുപേരടങ്ങുന്ന സംഘം പശുക്കടവ് പൃക്കന്തോട് കെഎസ്ഇബി ഡാം സൈറ്റിന് സമീപം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.
ഫയര്‍ഫോഴ്സും നാട്ടുകാരും കുറ്റ്യാടി ജനകീയ ദുരന്തനിവാരണസേന പ്രവര്‍ത്തകരും രക്ഷാപ്രവർത്തനം നടത്തി ഷാഹുല്‍ രാജിനെ കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മൃതദേഹം കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി അമ്മ: വിജി. സഹോദരന്: അമ്പാടി.
International
ധാക്ക: ബംഗ്ലാദേശിൽ ബസ് നദിയിലേക്ക് മറിഞ്ഞ് 16 പേർ മരിച്ചു. നിരവധിപേരെ കാണാതായി. തെക്കുപടിഞ്ഞാറൻ ജില്ലയായ രാജ്ബാരിയിലെ ദൗലാഡിയ ടെർമിനലിൽ ബുധനാഴ്ച വൈകുന്നേരം 5.15 ഓടെയാണ് ബസ് പത്മ നദിയിലേക്ക് മറിഞ്ഞത്.
11 ഓളം യാത്രക്കാർ നീന്തി രക്ഷപെട്ടതായി ദൃസാക്ഷികൾ പറഞ്ഞു. മറ്റൊരു വാഹനവുമായുണ്ടായ കൂട്ടിയിടിയെ തുടർന്ന് ഡ്രൈവർക്ക് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണം. മരിച്ചവരിൽ ഭൂരിഭാഗംപേരും ഒരേകുടുംബത്തിൽ നിന്ന് തന്നെയുള്ളവരാണെന്നാണ് സൂചന.
ക്രെയിനുകളുടെ സഹായത്തോടെ ബസ് നദിയിൽ നിന്നും പുറത്തെടുത്തു. വാഹനത്തിനുള്ളിൽ നിന്ന് 14 മൃതദേഹങ്ങളും നദിയിൽ നിന്നും രണ്ട് സ്ത്രീകളുടെ മൃതദേഹങ്ങളും കണ്ടെത്തിയതായി ഫയർ സർവീസ് ഉദ്യോഗസ്ഥൻ സോഹെൽ റാണ പറഞ്ഞു.
കാണാതായവർക്കായി ഫയർഫോഴ്സും കോസ്റ്റ്ഗാർഡ് മുങ്ങൽ വിദഗ്ധരും സൈനിക, പോലീസ് സഹായത്തോടെ തിരച്ചിൽ തുടരുകയാണ്. ധാക്കയിലേക്ക് പോകുകയായിരുന്ന ബസിൽ നിരവധി കുട്ടികൾ ഉൾപ്പെടെ 40 ഓളം യാത്രക്കാർ ഉണ്ടായിരുന്നതായും അവരിൽ ഭൂരിഭാഗവും ഈദ് അവധി കഴിഞ്ഞ് തലസ്ഥാനത്തേക്ക് മടങ്ങുകയായിരുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു.
സംഭവത്തിൽ പ്രധാനമന്ത്രി താരിഖ് റഹ്മാൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Kerala
കാസർഗോഡ്: കാസർഗോട്ട് ബിഎൽഒ പുഴയിൽ ചാടി ജീവനൊടുക്കി. മൊഗ്രാൽ പുത്തൂർ സ്വദേശി സവാദ് ആണ് മരിച്ചത്.
ഗുരുതരാവസ്ഥയിൽ കാസർഗോഡ് ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംഭവത്തിൽ ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തി.
സവാദിന്റേത് ആത്മഹത്യയല്ല, സിസ്റ്റം കൊന്നതാണെന്ന് ബന്ധുക്കൾ ആരോപിച്ചു. കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും കളക്ടർ എത്താതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്നും ബന്ധുക്കളും നാട്ടുകാരും നിലപാടറിയിച്ചു.
ജോലി സമ്മർദമാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക വിവരം. ചെർക്കള ഗവ. ഹയർസെക്കന്ററി സ്കൂൾ അധ്യാപകനാണ് സവാദ്.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവയ്ക്കൂ)
National
വാരണസി: ഗംഗാനദിയിൽ ബോട്ടിൽ ഇഫ്താർ വിരുന്ന് നടത്തിയ ശേഷം ഭക്ഷണാവശിഷ്ടങ്ങൾ നദിയിൽ വളിച്ചെറിഞ്ഞ 14 പേരെ അറസ്റ്റ് ചെയ്തു. ബോട്ടിൽവച്ചു ബിരിയാണി കഴിച്ചെന്നും എല്ലും മറ്റ് അവശിഷ്ടങ്ങളും ഗംഗാനദിയിലേക്ക് വലിച്ചെറിഞ്ഞെന്ന് ആരോപിച്ചാണ് അറസ്റ്റ്. വാരാണസിയിലെ ബിജെപി യുവമോർച്ച നേതാവ് രജത് ജയ്സ്വാളിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.
ഇഫ്താർ വിരുന്നിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്. ഗംഗയിൽ മാലിന്യം നിക്ഷേപിച്ചത് മതവികാരത്തെ വ്രണപ്പെടുത്തിയെന്നും ജയ്സ്വാൾ ആരോപിച്ചു. യുവാക്കൾക്കെതിരെ ഭാരതീയ ന്യായ സംഹിതയുടെ വിവിധ വകുപ്പുകൾ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തു.
ആരാധനാലയം മലിനമാക്കൽ, മതവികാരം വ്രണപ്പെടുത്തൽ, ഗ്രൂപ്പുകൾക്കിടയിൽ ശത്രുത പ്രോത്സാഹിപ്പിക്കൽ, പൊതുശല്യം തുടങ്ങിയ വകുപ്പുകൾ ഇതിൽ ഉൾപ്പെടുന്നു. ജല മലിനീകരണം നിയന്ത്രണ നിയമവും കേസിൽ ചുമത്തിയിട്ടുണ്ട്. പ്രചരിച്ച വീഡിയോയുടെ ആധികാരികത പരിശോധിച്ച ശേഷമാണ് അറസ്റ്റെന്നും പോലീസ് വ്യക്തമാക്കി.
District News
മാതമംഗലം: കുറ്റൂരിൽ പുഴയിൽ കൂട്ടുകാരോടൊപ്പം കുളിക്കുകയായിരുന്ന വിദ്യാർഥി മുങ്ങിമരിച്ചു. കുറ്റൂരിലെ ജിയുപി സ്കൂൾ രണ്ടാംക്ലാസ് വിദ്യാർഥി ഷസാദ് (എട്ട്) ആണ് മരിച്ചത്. കുറ്റൂർ സ്വദേശി ദുബായ് കെഎംസിസി പയ്യന്നൂർ മണ്ഡലം വൈസ് പ്രസിഡന്റ് എം.കെ.പി. ഷെഫീഖ്-എം.പി. സാജിത ദന്പതികളുടെ മകനാണ്. സഹോദരി: ഷസ്ഫ.
Kerala
തൃശൂര്‍: ട്രെയിനില്‍നിന്നു ചാലക്കുടിപ്പുഴയിലേക്ക് വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കാസര്‍കോട് സ്വദേശി അച്യുതാനന്ദ ഷേണായി (40) ആണ് വ്യാഴാഴ്ച രാവിലെ വേണാട് എക്സ്പ്രസില്‍ നിന്നും പുഴലേക്ക് വീണത്. .
ദൂരെനിന്ന് സംഭവം കണ്ടുനിന്ന നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് അഗ്നിരക്ഷാ യൂണിറ്റിലെ സ്കൂബ വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. തുടര്‍ന്ന് വെള്ളിയാഴ്ച സ്കൂബാ ടീം മണിക്കൂറുകള്‍ തിരച്ചില്‍ നടത്തിയാണ് പടിഞ്ഞാറ് ചാലക്കുടിയിലെ കുടുങ്ങാപ്പുഴകടവ് പരിസരത്തുനിന്ന് മൃതദേഹം മുങ്ങിയെടുത്തത്.
അങ്കമാലിയിലെ കരയാംപറമ്പില്‍ ഒരു ധനകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അച്യുതാനന്ദ ഷേണായി നാട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
National
റായ്പുർ: ഛത്തീസ്ഗഡിലെ റായ്ഗഡ് ജില്ലയിൽ നദിയിൽ രണ്ട് ആനകളെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ആനകളുടെ ജഡം നദിയിലൂടെ ഒഴുകി നടക്കുകയായിരുന്നു. നാലുമാസത്തിനിടെ അഞ്ച് ആനകളെയാണ് ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
ഘർഘോഡ വനമേഖലയ്ക്ക് സമീപമുള്ള കുർകുട്ട് നദിയിലാണ് ഇവയുടെ ജഡങ്ങൾ പൊങ്ങിക്കിടക്കുന്നത് കണ്ടത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 19 ആനകളുടെ ഒരു കൂട്ടം ഇവിടെ സഞ്ചരിച്ചിരുന്നു. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ജഡം കണ്ടതിനെ തുടർന്ന് സമീപവാസികൾ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു.
വനംവകുപ്പ് സംഘം സ്ഥലത്തെത്തി ആനകളുടെ ജഡം പുറത്തെടുക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. മൃഗഡോക്ടർമാർ സ്ഥലത്തെത്തിയിട്ടുണ്ട്. ചെളിയിൽ കുടുങ്ങിയതോ, കുളിക്കുമ്പോഴോ ആനകൾ ചത്തത്തെന്നാണ് പ്രഥമിക നിഗമനം.
Kerala
കോട്ടയം: തൂങ്ങി മരിക്കാൻ ശ്രമിക്കുന്നതിനിടെ കയറ് പൊട്ടി മീനച്ചിലാറിൽ വീണ് യുവാവ് മരിച്ചു. പാലാ മുരിക്കുംപുഴ സ്വദേശിയായ ഓട്ടോ ഡ്രൈവർ അനിൽ കുമാർ ആണ് മരിച്ചത്.
പുലർച്ചെ നാലോടെയാണ് സംഭവം. താൻ മരിക്കാൻ പോകുന്നുവെന്ന് മകന് വാട്സ്ആപ്പിൽ ശബ്ദസന്ദേശം അയച്ചശേഷം പാലാ-പൊൻകുന്നം പാലത്തിൽ കയറ് കെട്ടി തൂങ്ങി മരിക്കാനായിരുന്നു ശ്രമം. ഇതിനിടെ കയറ് പൊട്ടി അനിൽ കുമാർ വെള്ളത്തിലേക്ക് വീണു.
ഈ സമയം ഇതുവഴി കടന്നുപോയ മീൻ വിൽക്കാൻ പോയവർ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ ഒന്നര മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
Kerala
ചെറുതോണി: പെരിയാറിൽ നാല് പെരുമ്പാമ്പുകളെ ചത്ത നിലയിൽ കണ്ടെത്തി. തടിയമ്പാടിന് സമീപം പെരിയാറിലാണ് നാടിനെ ആശങ്കയിലാക്കിയ സംഭവം. മത്സ്യബന്ധനത്തിനായി വിരിച്ച വലയിലാണ് പെരുമ്പാമ്പുകളെ ചത്തനിലയിൽ കണ്ടെത്തിയത്.
ഇതിൽ രണ്ടു പെരുമ്പാമ്പുകൾ മത്സ്യബന്ധന വലയിൽ കുടുങ്ങിക്കിടക്കുകയും മറ്റ് രണ്ടെണ്ണം ജലോപരിതലത്തിൽ പൊങ്ങിക്കിടക്കുകയും ചെയ്യുന്നനിലയിലായിരുന്നു. സംഭവം പ്രദേശവാസികളെയും മത്സ്യബന്ധനക്കാരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്.
പെരിയാറിൽ വെള്ളം ഗണ്യമായി കുറഞ്ഞതോടെ നഞ്ചുകലക്കി മത്സ്യബന്ധനം വർധിച്ചിട്ടുണ്ട്. വിഷാംശം കലർന്ന ജലമോ മലിനീകരണമോ ആയിരിക്കാം പെരുമ്പാമ്പുകൾ കൂട്ടത്തോടെ ചാകാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. മീനുകളും ചത്ത് പൊങ്ങിയിട്ടുണ്ട്.
ഫിഷറീസ് വകുപ്പിന്റെയോ മറ്റ് ബന്ധപ്പെട്ട വകുപ്പുകളുടെയോ ഭാഗത്തുനിന്ന് കാര്യമായ ഇടപെടൽ ഉണ്ടായിട്ടില്ലെന്ന വിമർശനവും ഉയരുന്നുണ്ട്. സംഭവമറിഞ്ഞ് ഇടുക്കി വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. പാമ്പുകളുടെ പോസ്റ്റ്മോർട്ടം നടത്തിയാലേ കാരണം വ്യക്തമാകുകയുള്ളൂവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
പെരിയാറിലെ ജലത്തിന്റെ ഗുണനിലവാരവും പാമ്പുകളുടെ മരണകാരണവും കണ്ടെത്തുന്നതിനു വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു. പെരിയാറിലെ ഈ അസാധാരണ സംഭവം പരിസ്ഥിതി സുരക്ഷയെക്കുറിച്ചുള്ള ഗുരുതര ആശങ്കകൾക്കും ഇടയാക്കിയിരിക്കുകയാണ്.
Kerala
മാനന്തവാടി: കബനി നദിയുടെ കൈവഴികളില്‍ അപകടകാരിയായ മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം. മേരി മാതാ കോളജ് ജന്തുശാസ്ത്ര വിഭാഗം നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. വകുപ്പ് മേധാവി ഡോ.സനു വി. ഫ്രാന്‍സിസിന്റെ നേതൃത്വത്തിലായിരുന്നു പഠനം.
പ്ലാസ്റ്റിക് വസ്തുക്കള്‍, കോസ്മെറ്റിക് ഉത്പന്നങ്ങള്‍, ടൂത്ത് പേസ്റ്റ് തുടങ്ങിയ വ്യാവസായിക ഉത്പന്നങ്ങളുടെ വിഘടനത്തിലൂടെ രൂപപ്പെടുന്ന ചെറിയ പ്ലാസ്റ്റിക് കണികകളാണ് മൈക്രോപ്ലാസ്റ്റിക്കുകള്‍. ഇവ ജലസ്രോതസുകളില്‍ കലര്‍ന്നാല്‍ ചെറു ജലജീവികള്‍ ആഹാരമാക്കുകയും ഉയര്‍ന്ന ട്രോഫിക് തലങ്ങളിലേക്ക് അവ എത്തിച്ചേരുകയും ചെയ്യും.
ഇത് പിന്നീട് ആവാസ വ്യവസ്ഥയില്‍ ഗുരുതര മാറ്റങ്ങള്‍ സൃഷ്ടിക്കുകയും ജൈവസമ്പത്തിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെടുത്തുകയും ചെയ്യുമെന്ന് ഗവേഷകര്‍ പറയുന്നു. പനമരം, മാനന്തവാടി പുഴകള്‍ ചേരുന്ന കൂടല്‍ക്കടവ് ഭാഗത്താണ് മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം കൂടുതല്‍ കണ്ടത്.
ഏറ്റവും കുറവ് തിരുനെല്ലി, ബേഗൂര്‍ ഭാഗത്താണ്. മലിനീകരണ തോത് ദിനംപ്രതി കൂടുന്നതിനാല്‍ സ്ഥിതി ആശങ്കാജനകമാണെന്നു ഡോ.സനു പറഞ്ഞു. കോളജിലെ ഗവേഷണ വിദ്യാര്‍ഥിനി ശ്രുതി രാജീവന്, റിസര്‍ച്ച് ഇന്റേണ്‍ അലിന്ഡ ഷാജി എന്നിവരോടൊപ്പം കൊച്ചിന് ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ഗവേഷകരായ ഡോ.ജോര്‍ഫൈന്‍ ജോസഫ്,ഡോ.ലതിക സിസിലി തോമസ്, ഡോ. ഐശ്വര്യ പുരുഷോത്തമന്, നിര്‍മലഗിരി കോളജിലെ ഡോ.ജിംലി സി. ജേക്കബ് എന്നിവരും പഠനത്തില്‍ പങ്കാളികളായി.
District News
കോഴഞ്ചേരി: വേനല്‍ക്കാലത്ത് പമ്പാനദിയില്‍ വെള്ളം കുറവെങ്കിലും കടവുകള്‍ പലതും അപകടക്കെണികളാണ്. ഇതു മനസിലാക്കാതെ നദിയിലേക്ക് ഇറങ്ങുന്നവരാണ് അപകടത്തില്‍പ്പെടുന്നത്. മണല്‍ത്തിട്ടകളായി തോന്നിക്കുന്ന പല സ്ഥലങ്ങളിലും ആഴമേറിയ ചുഴികളാണ്. ഇതിലേക്ക് അകപ്പെടുന്നവരെ രക്ഷിക്കുക സാധ്യമല്ല.
വേനല്‍ക്കാലത്ത് നദിയില്‍ വിദൂരങ്ങളില്‍ നിന്നുപോലും ആളുകള്‍ കുളിക്കാനായി എത്താറുണ്ടെന്നും അപകടം മനസിലാക്കാതെയാണ് പലരും ഇറങ്ങുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു. സ്കൂൾ, കോളജ് വിദ്യാര്‍ഥികളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. സ്കൂളുകളില്‍ അധ്യയനവര്‍ഷാവസാന കാലയളവായതിനാല്‍ ഉച്ചകഴിഞ്ഞുള്ള സമയത്ത് കുട്ടികള്‍ പലപ്പോഴും ഉല്ലാസവേദികളായി തെരഞ്ഞെടുക്കുന്നത് നദീ തീരങ്ങളാണ്. തീരങ്ങളിലേക്ക് എത്തുന്നവര്‍ കുളിക്കാനായി നദിയിലേക്ക് ഇറങ്ങുമ്പോഴാണ് അപകടങ്ങളുണ്ടാകുന്നത്. നീന്തല്‍ വശമുള്ളവര്‍ക്കു പോലും പലപ്പോഴും അപകടങ്ങള്‍ സംഭവിക്കാറുണ്ട്.
വേനല്‍ക്കാലത്താണ് ജില്ലയിലെ നദികളില്‍ മുങ്ങിമരണങ്ങള്‍ ഏറെയും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്നും ശ്രദ്ധേയം.
കണ്വന്ഷന് കാലയളവില്‍ ജാഗ്രത
മാരാമൺ, ചെറുകോലപ്പുഴ കണ്‍വന്‍ഷനുകള്‍ അടുത്തയാഴ്ച ആരംഭിക്കുമെന്നതിനാല്‍ പമ്പയുടെ തീരങ്ങളില്‍ ഇനിയുള്ള ദിവസങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടിവരും. മൂന്നുവര്‍ഷം മുമ്പ് മാരാമണ്‍ കണ്വന്ഷന് നഗറിനു തൊട്ടടുത്ത് രണ്ട് യുവാക്കള്‍ നദിയില്‍ മുങ്ങിമരിച്ച സംഭവമുണ്ടായി. മാരാമണ്‍ കണ്വന്ഷന് നഗറിനോടു ചേര്‍ന്ന നദി ഭാഗങ്ങളിലെല്ലാം ആഴത്തിലുള്ള കയങ്ങളാണ്. ഇത്തരം സ്ഥലങ്ങള്‍ മനസിലാക്കാതെ കുളിക്കാനിറങ്ങിയാല്‍ അപകടത്തിനു സാധ്യതയുണ്ട്.
സുരക്ഷാ വേലി തീര്‍ത്ത് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലരും ഇതു വകവയ്ക്കാതെ നദിയിലേക്ക് ഇറങ്ങാറുണ്ടെന്നു പറയുന്നു. ചെറുകോല്‍പ്പുഴ കണ്വന്ഷന് നഗറിനോടു ചേര്‍ന്നു പമ്പയുടെ പല ഭാഗങ്ങളിലും അപകടക്കെണികളുണ്ട്.
പമ്പാനദിയില്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു
കോഴഞ്ചേരി: പമ്പാ നദിയില്‍ പ്ലസ്ടു വിദ്യാര്‍ഥി മുങ്ങി മരിച്ചു. കോഴഞ്ചേരി സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥി പത്തനംതിട്ട മേലേ വെട്ടിപ്പുറം കുമ്പാങ്ങ് തടത്തില്‍ സൂര്യയുടെ മകന് നിരഞ്ജന് (18) ആണ് മരിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞ് 2.30 ഓടെയാണ് സംഭവം. സഹപാഠികളായ ആറ് വിദ്യാര്‍ഥികള്‍ കോഴഞ്ചേരി കീഴുകരയ്ക്ക് സമീപമുള്ള പമ്പ് ഹൗസിനു സമീപം പമ്പാനദിയില്‍ കുളിക്കാനിറങ്ങിയതായിരുന്നു. നിരഞ്ജന് ഒഴുക്കില്‍പെട്ടപ്പോള്‍ കൂടെയുണ്ടായിരുന്ന രണ്ട് സഹപാഠികള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കൈ വിട്ട് മുങ്ങി താഴുകയായിരുന്നു. നാട്ടുകാരും പത്തനംതിട്ടയില്‍ നിന്നെത്തിയ അഗ്നിരക്ഷാ സേന സ്കൂബ ടീം അംഗങ്ങളും നടത്തിയ തെരച്ചിലിനൊടുവില്‍ മൃതദേഹം കണ്ടെടുത്തത്. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ആറന്മുള എസ്എച്ച്ഒയുടെ നേതൃത്വത്തില്‍ പോലീസ് സംഘവും കോഴഞ്ചേരി പഞ്ചായത്ത് മെംബര്‍ ബിജോ പി. മാത്യുവിന്റെ നേതൃത്വത്തില്‍ നാട്ടുകാരും തൊഴിലാളികളും തെരച്ചില്‍ പ്രവര്‍ത്തനങ്ങളില്‍ അഗ്നിരക്ഷാ സേനയ്ക്കൊപ്പം പങ്കു ചേര്‍ന്നു.
Kerala
പത്തനംതിട്ട: കോഴഞ്ചേരിയിൽ പമ്പയാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി ഒഴുക്കിൽപ്പെട്ട് മരിച്ചു. വെട്ടിപ്പുറം സ്വദേശി നിരഞ്ജൻ ആണ് മരിച്ചത്.
നിരഞ്ജനെ ഒഴുക്കിൽപ്പെട്ട് കാണാതായിരുന്നു. ഫയർഫോഴ്സും സ്കൂബ ടീമും നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
നിരഞ്ജനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് കുട്ടികൾ രക്ഷപ്പെട്ടു. ഒപ്പമുണ്ടായിരുന്ന രണ്ട് കുട്ടികൾ രക്ഷപ്പെട്ടു. മൂവരും പ്ലസ് ടു വിദ്യാർഥികളായിരുന്നു. കോഴഞ്ചേരി പമ്പ് ഹൌസിന് സമീപത്താണ് കുട്ടികളിറങ്ങിയത്. അവിടെ സാധാരണ ആരും ഇറങ്ങാറില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
Kerala
പത്തനംതിട്ട: അച്ചൻ കോവിലാറ്റിൽ കുളിക്കാൻ ഇറങ്ങിയയാൾ മുങ്ങി മരിച്ചു. പന്തളം സ്വദേശി രാഹുൽ ഭവനിൽ രാഘവന്റെ മകൻ രാഹുൽ(33) ആണ് ആറ്റിൽ മുങ്ങി മരിച്ചത്.
പെയിന്റിംഗ് തൊഴിലാളിയായ രാഹുൽ സുഹൃത്തുക്കൾക്കൊപ്പം ശനിയാഴ്ച വൈകുന്നേരം 3.30 ഓടെ അച്ചൻകോവിൽ ആറ്റിൽ മങ്ങാരം ഗവ. എൽ.പി സ്കൂളിലെ സമീപം മംഗലപ്പള്ളി കടവ് കുളിക്കുന്നതിനിടയിൽ ഒഴുക്കിൽപെടുകയായിരുന്നു.
സുഹൃത്തുക്കളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ രാഹുലിനെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മാതാവ് സരസ്വതി, സഹോദരൻ ബിനു.
Kerala
തിരുവനന്തപുരം: നദിയിൽ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാർഥികൾ മുങ്ങി മരിച്ചു. കുടവൂർക്കോണം സ്കൂളിന് സമീപം താമസിക്കുന്ന നിഖിൽ (16), ഗോകുൽ (16) എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച വൈകുന്നേരം നാലരയോടെയാണ് സംഭവം. വാമനപുരം നദിയുടെ മേലാറ്റിങ്ങൽ ഉദിയറ കടവിലാണ് നാല് കുട്ടികൾ കളിക്കാനിറങ്ങിയത്.
കുളിക്കുന്നതിനിടെ രണ്ടു പേരെ കാണാതായതോടെ മറ്റ് രണ്ട് പേർ നിലവിളിച്ചു. നിലവിളി കേട്ടെത്തിയ നാട്ടുകാർ ആറ്റിങ്ങൽ ഫയർഫോഴ്സിനെ വിവരമറിയിച്ചു.
നദിയിൽ ഫയർഫോഴ്സ് നടത്തിയ തിരച്ചിലിൽ ആദ്യം നിഖിലിന്റെയും രണ്ടാമത് ഗോകുലിന്റെയും മൃതദേഹങ്ങൾ ലഭിച്ചു. ഒപ്പമുണ്ടായ കുട്ടികളാണ് മുങ്ങിയ സ്ഥലം കാണിച്ചു കൊടുത്തത്.
കടയ്ക്കാവൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു. രണ്ട് മൃതദേഹങ്ങളും തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിലേയ്ക്ക് മാറ്റി. പോസ്റ്റ്മോർട്ടം അടക്കം നിയമനടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
District News
കോട്ടയം: പാറേച്ചാല്‍ പാലത്തില്‍നിന്നും ആറ്റില്‍ ചാടിയ യുവതിയെ രക്ഷപ്പെടുത്തി. ഇന്നലെ വൈകുന്നേരം തിരുവാതുക്കല്‍ പാറേച്ചാല്‍ ബൈപാസ് റോഡിലായിരുന്നു സംഭവം.
അമ്പലക്കടവ് സ്വദേശിയായ യുവതിയാണ് ആറ്റില്‍ ചാടിയത്. പാലത്തിലൂടെ ഫോണില്‍ സംസാരിച്ചുകൊണ്ട് നടന്നെത്തിയ യുവതി പാലത്തില്‍നിന്നു ചാടുകയായിരുന്നു. ഇതുകണ്ട നാട്ടുകാര്‍ ചേര്‍ന്ന് യുവതിയെ രക്ഷപ്പെടുത്തി കരയ്ക്കെയെത്തിക്കുകയായിരുന്നു. യുവതിയെ ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
International
മെൽബൺ: കുന്നോളം പ്രായം എന്നു നദികളെക്കുറിച്ചു പറയാറുണ്ടെങ്കിലും പലപ്പോഴും കുന്നുകളെക്കാള്‍ പ്രായം നദികള്ക്കുണ്ടാകാറുണ്ട്. ഭൂമിയിലെ മലനിരകളും സമതലങ്ങളും മാറിക്കൊണ്ടിരിക്കുമ്പോഴും ലക്ഷക്കണക്കിനു വര്‍ഷങ്ങളായി ഒരേ പാതയിലൂടെ ഒഴുകുന്ന ഒരു നദിയുണ്ട്, അങ്ങ് ഓസ്ട്രേലിയയില്‍! ആ പുരാതന നദിയുടെ പേരാണ് ഫിങ്ക് (Finke River)! വെറുമൊരു നദിയല്ലിത്; മനുഷ്യൻ ജനിക്കുന്നതിനുമുന്‍പ്, ദിനോസറുകൾ ജനിക്കുന്നതിനു മുന്‍പ് ഒഴുകിത്തുടങ്ങിയ, ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നദി.
പ്രായം 300 ദശലക്ഷം വര്‍ഷം
തദ്ദേശീയമായ അറന്റ് ഭാഷയില്‍ -ലാരപിന്റ- എന്നറിയപ്പെടുന്ന നദിക്ക് ഏകദേശം 300 ദശലക്ഷം മുതല്‍ 400 ദശലക്ഷം വര്‍ഷം വരെ പഴക്കമുണ്ടെന്നാണ് ശാസ്ത്രലോകം കണക്കാക്കുന്നത്. അതായത്, ഭൂമിയിലെ കരഭാഗങ്ങള്‍ ഒന്നായിരുന്ന -പാന്‍ജിയ- കാലഘട്ടത്തില്‍തന്നെ ഈ നദി നിലവിലുണ്ടായിരുന്നു. വടക്കന്‍ ഓസ്ട്രേലിയയില്‍നിന്ന് ദക്ഷിണ ഓസ്ട്രേലിയയിലേക്ക് ഏകദേശം 640 കിലോമീറ്റര്‍ നീളത്തിലാണ് ഈ പുരാതന നദി വ്യാപിച്ചുകിടക്കുന്നത്.
മലകളെ വെട്ടിമാറ്റി ഒഴുകിയ നദി
ഫിങ്ക് നദിയുടെ പ്രായം തെളിയിക്കുന്ന ഏറ്റവും വലിയ സവിശേഷത അതിന്റെ ഒഴുക്കാണ്. സാധാരണയായി നദികള്‍ കഠിനമായ പാറക്കെട്ടുകളെ ചുറ്റിമാറി എളുപ്പവഴികളിലൂടെയാണ് ഒഴുകാറുള്ളത്. എന്നാല്‍ ഫിങ്ക് നദി, മക്ഡൊണല്‍ റേഞ്ചിലെ കഠിനമായ ക്വാര്‍ട്സൈറ്റ് പാറകളെ മുറിച്ചുകടന്നാണ് ഒഴുകുന്നത്.
ഇതിനെ ഭൗമശാസ്ത്രത്തില് -ആന്റിസിഡന്സ് (Antecedence) -എന്ന് വിളിക്കുന്നു. അതായത്, അവിടെ മലനിരകള്‍ രൂപപ്പെടുന്നതിനു മുന്‍പേ നദി ഉണ്ടായിരുന്നു. ഭൂമിക്കടിയിലെ ചലനങ്ങള്‍ മൂലം മലനിരകള്‍ ഉയര്‍ന്നു വന്നപ്പോള്‍, നദി അതിന്റെ ഒഴുക്കിന്റെ ശക്തികൊണ്ട് ആ മലകളെ മുറിച്ചുമാറ്റി സ്വന്തം പാത നിലനിര്‍ത്തി. മലകള്‍ വളരുന്നതിനനുസരിച്ച് നദി താഴേക്ക് മണ്ണ് അരിച്ചെടുത്ത് ആഴം കൂട്ടികൊണ്ടിരുന്നു എന്നര്‍ഥം.
Kerala
കൊച്ചി: പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. എറണാകുളം കുന്നുകര തെയ്ക്കാനാത്ത് ബൈജു ശിവന്റെ മകന് ദേവസൂര്യ(14) ആണ് മുങ്ങി മരിച്ചത്. അങ്കമാലി കുറ്റിപ്പുഴ ക്രൈസ്റ്റ് രാജ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്.
സ്കൂള്‍ വിട്ട ശേഷം കൂട്ടുകാരുമൊത്ത് അങ്കമാലി-മാഞ്ഞാലി തോട്ടില്‍ അയിരൂര്‍ ഉഴംകടവിന് സമീപമാണ് ദേവസൂര്യ കുളിക്കാനിറങ്ങിയത്. എന്നാല്‍ നീന്തല്‍ അറിയാത്ത കുട്ടി പുഴയിലേക്ക് താഴ്ന്നു പോവുകയായിരുന്നു.
മറ്റ് കുട്ടികളുടെ കരച്ചില് കേട്ടെത്തിയ നാട്ടുകാര്‍ ദേവസൂര്യയെ പുഴയില്‍ നിന്നും എടുത്തെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് നടക്കും.
Kerala
കൊല്ലം: കൂട്ടുകാരനൊപ്പം കുളത്തൂപ്പുഴയാറ്റിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു.ഏരൂർ കാഞ്ഞുവയൽ മഹേഷ് ഭവനിൽ മഹേഷ് (18) ആണ് മരിച്ചത്. കുളത്തൂപ്പുഴശാസ്താ ക്ഷേത്രത്തിന്റെ കടവിന് സമീപം കന്നാർ കയത്തിലായിരുന്നു അപകടം.
കഴിഞ്ഞദിവസം വൈകുന്നേരം ആറോടെയാണ് മഹേഷും സുഹൃത്തും കുളിക്കാൻ ഇറങ്ങിയത്. കുളത്തൂപ്പുഴയിൽ ലോട്ടറി വില്പന നടത്തുന്ന അമ്മ ഷൈനിയെ സഹായിക്കാൻ എത്തിയതായിരുന്നു മഹേഷ്.
അമ്മയ്ക്കൊപ്പമുള്ള ലോട്ടറി വിൽപന കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ ആണ് മഹേഷ് കുളത്തൂപ്പുഴയിൽ കുളിക്കാൻ എത്തിയത്. സഹപാഠിയും സമീപവാസിയുമായ ഫാറൂഖും, ഫാറൂഖിന്റെ സഹോദരിയും മഹേഷിനൊപ്പം കടവിൽ എത്തിയിരുന്നു.
ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ അയ്യപ്പഭക്തർ ക്ഷേത്രക്കടവിൽ കുളിക്കുന്നതിനാലാണ് കന്നാർ കയത്തിന് സമീപത്തേക്ക് ഇവർ കുളിക്കാനായി മാറിയത്. മഹേഷിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഫാറൂഖും ഒഴുക്കിൽപ്പെട്ടു.
ഇതു കണ്ട് സമീപത്ത് ഉണ്ടായിരുന്നവർ നിലവിളിച്ചതോടെ നാട്ടുകാർ ഓടി കൂടി. പുഴയിൽ ചാടിയ നാട്ടുകാരാണ് ഫാറൂഖിനെ രക്ഷപ്പെടുത്തിയത്. ഏറെ നേരത്തെ തെരച്ചിലിന് ഒടുവിൽ മഹേഷിനെ പുഴയുടെ അടിത്തട്ടിൽ നിന്നും കണ്ടെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kerala
ചെമ്പ് (വൈക്കം): മൂന്നു വർഷം മുമ്പ് പുല്ലാന്തിയാർ കണ്ടിട്ടുള്ള ആരും കരുതിയിരുന്നില്ല, വള്ളം തുഴഞ്ഞു പോകാൻ കഴിയുന്ന, ഇറങ്ങിക്കുളിക്കാൻ കഴിയുന്ന ഒരു പുഴയായി ഇതു മാറുമെന്ന്. പുല്ലും പോളയും പായലും വളർന്നു തിങ്ങി നീരൊഴുക്കും തടസപ്പെട്ട് മരണത്തിന്റെ വക്കിലായിരുന്നു പുല്ലാന്തിയാർ. ഒൻപതു കിലോമീറ്റർ ദൂരമുണ്ട് പുല്ലാന്തിയാറിന്. മൂവാറ്റുപുഴ ആറിന്റെ കൈവഴി. പുല്ലു വളർന്നു കയറുകയും പോള നിറയുകയും ചെയ്തതോടെ ചെറു വള്ളത്തിൽപ്പോലും ഇതുവഴി യാത്ര അസാധ്യമായിരുന്നു.
ഒഴുക്കു നിലച്ചതോടെ പുഴയിൽ വെള്ളം മലിനമായി. ഇറങ്ങുന്നവർക്കു ചൊറിച്ചിലും അസ്വസ്ഥതയും. ഇങ്ങനെ ആകെ നാശത്തിന്റെ വക്കിൽ നിൽക്കുന്പോഴാണ് ഏനാദി ചുറുതുരുത്തിൽ അനിൽകുമാർ
പ്രധാനമന്ത്രി പ്രചോദനമായി
പ്രധാനമന്ത്രി നരേന്ദ്രമോദി ചൂലുകൊണ്ട് റോഡ് വൃത്തിയാക്കുന്ന രംഗങ്ങൾ ടെലിവിഷനിൽ കാണുന്നത്. ഇതു കണ്ടതോടെ പുല്ലാന്തിയാർ വൃത്തിയാക്കാൻ ഒന്നു ശ്രമിച്ചാൽ എന്താണെന്നു തടിവെട്ട് തൊഴിലാളി കൂടിയായ അനിൽകുമാറിനു തോന്നി. പിന്നെ അതൊരു തീരുമാനവും നിശ്ചയദാർഢ്യവുമായി.
പിറ്റേന്നു മുതൽ രാവിലെ തന്റെ വള്ളത്തിൽ പുല്ലാന്തിയാറിൽ ഇറങ്ങി ശുചീകരണം നടത്തിത്തുടങ്ങി. ആരോടും പ്രതിഫലം ആവശ്യപ്പെടാതെ സഹായം തേടാതെ എല്ലാ ദിവസം രാവിലെ മുതൽ ഉച്ചവരെ പുല്ലാന്തിയാർ വൃത്തിയാക്കൽ അദ്ദേഹത്തിന്റെ ദിനചര്യയായി മാറി. ദിവസങ്ങളും ആഴ്ചകളും മാസങ്ങളും പിന്നിട്ടിട്ടും അനിൽകുമാർ തന്റെ ദൗത്യത്തിൽനിന്നു പിൻമാറിയില്ല.
District News
കോതമംഗലം: ഭൂതത്താന്‍കെട്ട് പാലത്തിന് താഴെ പുഴയില്‍ അങ്കമാലി സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. സംഭവത്തില്‍ അസ്വാഭാവികതയില്ലെന്ന് പോലീസ് പറഞ്ഞു. അങ്കമാലി ചമ്പന്നൂര്‍ സൗത്ത് തിരുതനത്തി അഗസ്റ്റിന്റെ മകൻ ബിനില്‍ (32) നെയാണ് മരിച്ചനിലയില്‍ കണ്ടത്.
തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചിന് വീട്ടില്‍നിന്ന് ബിനിലിനെ കാണാതായതായി അങ്കമാലി പോലീസില്‍ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. ഇതുസംബന്ധിച്ച് അന്വേഷണം നടന്നുവരുന്നതിനിടെയാണ് ഇന്നലെ രാവിലെ പുഴയില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അഴുകി തുടങ്ങിയിരുന്നു. ഷര്‍ട്ടും പാന്റ്സുമായിരുന്നു ധരിച്ചിരുന്നത്.
വിഷം കഴിച്ചശേഷം പുഴയിൽ ചാടിയതാകാമെന്നാണ് പോലീസ് നിഗമനം. കോതമംഗലം പോലീസ് എത്തി മേല്‍നടപടികൾ സ്വീകരിച്ച ശേഷം പോസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. പോസ്റ്റുമോര്‍ട്ടത്തില്‍ കീടനാശിനിയുടെ അംശം കണ്ടെത്തിയതായി പോലീസ് പറഞ്ഞു.
മാനസിക വെല്ലുവിളി നേരിട്ടിരുന്ന ബിനില്‍ വീടിന് സമീപത്തെ ഫുഡ് പ്രൊഡക്ഷന്‍ യൂണിറ്റിലെ ജീവനക്കാരനായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 10 ന് ചമ്പന്നൂര്‍ സെന്റ് റീത്താസ് പള്ളിയിൽ.
മാതാവ്: ജെസി. സഹോദരങ്ങള്‍: അനില്‍, സിനില്‍.
Kerala
കോഴിക്കോട്: കുറ്റ്യാടി പുഴയിൽ കുളിക്കാനിറങ്ങിയ പെൺകുട്ടി മുങ്ങി മരിച്ചു. നാദാപുരം കുമ്മങ്കോട് എളയടം കിഴക്കേ തയ്യിൽ നജ (17)യാണ് മരിച്ചത്. രാവിലെയാണ് സംഭവം.
കുറ്റ്യാടിയിലെ ബന്ധുവീട്ടിൽ വന്നതായിരുന്നു പെൺകുട്ടി. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
മൃതദേഹം കുറ്റ്യാടി ഗവ.താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Kerala
നിലമ്പൂർ: നിലമ്പൂർ വനമേഖലയിൽ ചാലിയാറിൽനിന്ന് സ്വർണം അരിച്ചെടുക്കുകയായിരുന്ന ഏഴംഗ സംഘത്തെ വനപാലകർ അറസ്റ്റ് ചെയ്തു. മമ്പാട് സ്വദേശികളായ കുണ്ടുപറമ്പ് ഷമീം (43), പനങ്ങാടൻ അബ്ദുൽ റസാഖ്(56), നരിമടക്കൽ സക്കീർ (53), പന്താർ അഷ്റഫ് (53), ചപ്പങ്ങാ തോട്ടത്തിൽ അലവിക്കുട്ടി (62), പന്താർ ജാബിർ (42), എടക്കര ടി.സി. സുന്ദരൻ (40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
മോട്ടർ ഉൾപ്പെടെയുള്ള യന്ത്രസാമഗ്രികൾ ഇവർ സ്വർണം അരിച്ചെടുക്കാൻ ഉപയോഗിച്ചിരുന്നു. പ്രതികളിൽനിന്ന് തൊണ്ടി സാധനങ്ങൾ പിടിച്ചെടുത്തു. നിലമ്പൂർ റേഞ്ചിൽ പനയംകോട് സെക്ഷനിൽ ആയിരവല്ലിക്കാവ് വനത്തിലൂടെ ഒഴുകുന്ന ചാലിയാറിലാണ് സംഭവം.
വനം വകുപ്പ് ഇന്റലിജൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് റേഞ്ച് ഓഫീസർ പി. സൂരജിന്റെ നേതൃത്വത്തിൽ ഇന്നലെ ഉച്ചയോടെയാണ് പരിശോധന നടത്തിയത്. നടപടികൾക്ക് ശേഷം പ്രതികളെ ജാമ്യത്തിൽ വിട്ടു.
District News
അതിരപ്പിള്ളി: വെറ്റിലപ്പാറ പാലത്തിനു സമീപം പുഴയിൽ കുളിക്കാനിറങ്ങിയ വിനോദസഞ്ചാരി മുങ്ങിമരിച്ചു. എറണാകുളം ഫോർട്ട് കൊച്ചി സ്വദേശി സുധീർ (55) ആണ് മുങ്ങിമരിച്ചത്. ഇന്നലെ വൈകീട്ട് അഞ്ചിന് കാലടി പ്ലാന്റേഷൻ 17-ാം ബ്ലോക്കിൽ ആണ് സംഭവം ഉണ്ടായത്.
സുഹൃത്തുമായി ഇവിടെ എത്തിയ സുധീർ പുഴയിൽ നീന്തുന്നതിനിടയിൽ മുങ്ങിത്താഴുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് പുഴയിൽ ഇറങ്ങിയെങ്കിലും ആഴമുള്ള ഭാഗമായതിനാലും അടിത്തട്ടിൽ പ്രളയത്തിൽ അടിഞ്ഞ മരങ്ങൾ കിടക്കുന്നതിനാലും ആളെ കണ്ടെത്താനായില്ല.
തുടർന്ന് ചാലക്കുടിയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം നടത്തിയ തെരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു, മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Kerala
തൃശുർ: തൃശൂരിൽ പുഴയിൽ മുങ്ങിയ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. എളവൂർ സ്വദേശി കൃഷ്ണൻ (30) ആണ് മരിച്ചത്.
ചാലക്കുടി പുഴയിൽ മുങ്ങിപ്പോയ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. അന്നനാട് ആറങ്ങാലി കടവിലാണ് അപകടം ഉണ്ടായത്.
അമ്മയുടെ വീട്ടിൽ വിരുന്നിന് വന്നതായിരുന്നു കൃഷ്ണൻ. ബന്ധുവായ കുട്ടി പുഴയിൽ കുളിക്കുന്നതിനിടെ മുങ്ങിപ്പോയി. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കൃഷ്ണൻ അപകടത്തിൽപ്പെടുകയായിരുന്നു.
Kerala
തിരുവനന്തപുരം: അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പ് വിവിധ നദികളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിലിൽ (കല്ലേലി സ്റ്റേഷൻ & കോന്നി സ്റ്റേഷൻ) ആണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം, തിരുവനന്തപുരം ജില്ലയിലെ കരമന (വെള്ളൈക്കടവ് സ്റ്റേഷൻ), നെയ്യാർ (അരുവിപ്പുറം സ്റ്റേഷൻ) നദികളിൽ കേന്ദ്ര ജല കമ്മീഷൻ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
യാതൊരു കാരണവശാലും മേൽപറഞ്ഞ നദിയിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയാറാകണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
Kerala
വൈക്കം: പ്ലസ് ടു വിദ്യാർഥിനിയെ മൂവാറ്റുപുഴയാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. പോളശേരി പാർഥശേരി പ്രതാപന്റെ മകൾ പി. പൂജയെ (17) ആണ് മൂവാറ്റുപുഴയാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.കുലശേഖരമംഗലം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനിയാണ്. അക്കരപ്പാടം പാലത്തിൽനിന്നു മൂവാറ്റുപുഴയാറ്റിലേക്കു കുട്ടി ചാടുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.
വ്യാഴാഴ്ച രാവിലെ പത്തരയോടെയാണു സംഭവം. 9.30 മുതൽ സ്കൂൾ യൂണിഫോമിൽ പൂജ അക്കരപ്പാടം പാലത്തിൽ ഫോൺ ചെയ്തുകൊണ്ടു നടക്കുന്നതു കണ്ടെന്നു നാട്ടുകാർ പറഞ്ഞു.
വൈക്കം, കടുത്തുരുത്തി, കോട്ടയം എന്നിവിടങ്ങളിൽ നിന്നു സ്കൂബ ടീം എത്തിയാണ് മൃതദേഹം കണ്ടെടുത്തത്.
Kerala
പാലക്കാട്: ഭാരതപ്പുഴയിൽ കുളിക്കാൻ ഇറങ്ങി ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി. യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. ഷൊർണൂർ റെയിൽവേ മേൽ പാലത്തിന് സമീപത്ത് ശനിയാഴ്ച വൈകിട്ടാണ് യുവാവ് ഒഴുക്കിൽപ്പെട്ടത്.
ശനിയാഴ്ച ഫയർഫോഴ്സും നാട്ടുകാരും നടത്തിയ തെരച്ചിലിൽ മൃതദേഹം കണ്ടെത്തിയിരുന്നില്ല. മരിച്ചയാളെ തിരിച്ചറിയാൻ വേണ്ടിയുള്ള അന്വേഷണം ചെറുതുരുത്തി പോലീസ് ആരംഭിച്ചിട്ടുണ്ട്.
മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഏകദേശം 35 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
Kerala
തിരുവനന്തപുരം: അപകടകരമായ രീതിയിലെ ജലനിരപ്പ് നിലനിൽക്കുന്നതിനാൽ വിവിധ നദികളിൽ സംസ്ഥാന ജലസേചന വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം.
ആലപ്പുഴ ജില്ലയിലെ അച്ചൻകോവിൽ (നാലുകെട്ടുകവല സ്റ്റേഷൻ), പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ (കല്ലേലി & കോന്നി GD സ്റ്റേഷൻ) എന്നിവിടങ്ങളിലാണ് യെല്ലോ അലർട്ടുള്ളത്.
യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയാറാകണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
Kerala
തിരുവനന്തപുരം: ജലനിരപ്പ് അപകടകരമായ രീതിയിൽ തുടരുന്നതിനാൽ കേന്ദ്ര ജല കമ്മീഷൻ വിവിധ നദികളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.
പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിലിൽ (തുമ്പമൺ സ്റ്റേഷൻ) ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, പത്തനംതിട്ട ജില്ലയിലെ പമ്പ (മടമൺ സ്റ്റേഷൻ), മണിമല (കല്ലൂപ്പാറ സ്റ്റേഷൻ), ഇടുക്കി ജില്ലയിലെ തൊടുപുഴ (മണക്കാട് സ്റ്റേഷൻ) എന്നിവിടങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയാറാകണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
Kerala
തിരുവനന്തപുരം: അപകടകരമായ രീതിയിലെ ജലനിരപ്പ് ഉയരുന്നതിനെ തുടർന്ന് പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ (കല്ലേലി & കോന്നി GD സ്റ്റേഷൻ) നദിയിൽ സംസ്ഥാന ജലസേചന വകുപ്പ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചു.
ഈ നദിയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയാറാകണമെന്നും സംസ്ഥാന ജലസേചന വകുപ്പ് മുന്നറിയിപ്പ് നല്കി.
Kerala
തിരുവനന്തപുരം: അപകടകരമായ രീതിയിൽ ജലനിരപ്പ് തുടരുന്നതിനാൽ സംസ്ഥാന ജലസേചന വകുപ്പിന്റെ വിവിധ നദികളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
കാസർഗോഡ് ജില്ലയിലെ ഉപ്പളയിൽ (ഉപ്പള സ്റ്റേഷൻ) ഓറഞ്ച് അലർട്ടും മൊഗ്രാൽ (മധുർ സ്റ്റേഷൻ), ഷിറിയ (പുത്തിഗെ സ്റ്റേഷൻ) എന്നിവിടങ്ങളിൽ യെല്ലോ അലർട്ടുമാണ്.
യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയാറാകണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
Kerala
തിരുവനന്തപുരം: അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാനത്തെ നാലു നദികളിൽ സംസ്ഥാന ജലസേചന വകുപ്പിന്റെയും കേന്ദ്ര ജല കമ്മീഷന്റെയും മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്. ഓറഞ്ച്, യെല്ലോ അലർട്ടുകൾ നിലനില്‍ക്കുന്ന ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നു മുന്നറിയിപ്പുണ്ട്.
പത്തനംതിട്ട ജില്ലയിലെ മണിമല (തോണ്ട്ര - വള്ളംകുളം സ്റ്റേഷൻ) ഓറഞ്ച് അലർട്ടാണ്. അതേസമയം, ഇവിടെ ജലനിരപ്പ് താഴുന്നുണ്ട്.
കൂടാതെ, ആലപ്പുഴ ജില്ലയിലെ അച്ചൻകോവിൽ (നാലുകെട്ടുകവല സ്റ്റേഷൻ), പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ (കോന്നി GD സ്റ്റേഷൻ), തൃശൂർ ജില്ലയിലെ കരുവന്നൂർ (കരുവന്നൂർ സ്റ്റേഷൻ) എന്നിവിടങ്ങളിൽ യെല്ലോ അലർട്ടാണ്.
യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയാറാകണമെന്നും മുന്നറിയിപ്പുണ്ട്.
Kerala
തിരുവനന്തപുരം: അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പ് വിവിധ നദിയിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ (തൊടുപുഴ സ്റ്റേഷൻ), തൃശൂർ ജില്ലയിലെ ഭാരതപ്പുഴ (ചെറുതുരുത്തി സ്റ്റേഷൻ), മലപ്പുറം ജില്ലയിലെ ഭാരതപ്പുഴ (തിരുവേഗപ്പുര സ്റ്റേഷൻ) എന്നിവിടങ്ങളിലാണ് ഓറഞ്ച് അലർട്ടുള്ളത്.
കൂടാതെ, പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ (കല്ലേലി & കോന്നി GD സ്റ്റേഷൻ), പമ്പ (മടമൺ സ്റ്റേഷൻ - CWC ), കോട്ടയം ജില്ലയിലെ മണിമല (പുല്ലകയാർ സ്റ്റേഷൻ - CWC), ഇടുക്കി ജില്ലയിലെ തൊടുപുഴ (മണക്കാട് സ്റ്റേഷൻ - CWC), എറണാകുളം ജില്ലയിലെ പെരിയാർ (കാലടി സ്റ്റേഷൻ & മാർത്താണ്ഡവർമ സ്റ്റേഷൻ), മുവാറ്റുപുഴ (കക്കടശ്ശേരി സ്റ്റേഷൻ), പാലക്കാട് ജില്ലയിലെ ഭാരതപ്പുഴ (വണ്ടാഴി സ്റ്റേഷൻ), തൃശൂർ ജില്ലയിലെ ചാലക്കുടി (വെറ്റിലപ്പാറ സ്റ്റേഷൻ), വയനാട് ജില്ലയിലെ കബനി (ബാവേലി & കക്കവയൽ, മുത്തൻകര സ്റ്റേഷൻ - CWC) എന്നിവിടങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, പത്തനംതിട്ട ജില്ലയിലെ പമ്പ (മടമൺ സ്റ്റേഷൻ), ഇടുക്കി ജില്ലയിൽ തൊടുപുഴ (മണക്കാട് സ്റ്റേഷൻ), തൃശുർ ജില്ലയിൽ ചാലക്കുടി (അരങ്ങാലി സ്റ്റേഷൻ) എന്നിവിടങ്ങളിൽ കേന്ദ്ര ജല കമ്മീഷൻ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയാറാകണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
Kerala
കൊച്ചി: കോതമംഗലം പൂയംകുട്ടിയിലെ മണികണ്ഠൻചാൽ ചപ്പാത്തിൽ വച്ച് ബസ് ജീവനക്കാരനെ ഒഴുക്കിൽപ്പെട്ട് കാണാതായി. മണികണ്ഠൻചാൽ സ്വദേശി ബിജുവിനെ(37) ആണ് കാണാതായത്.
വെള്ളത്തിൽ മുങ്ങിയ ചപ്പാത്തിലൂടെ മറുവശത്തേക്ക് പോകുന്നതിനിടെയാണ് അപകടം. ശക്തമായ മഴയെ തുടർന്ന് രാത്രി ചപ്പാത്ത് വെള്ളത്തിനടിയിലായിരുന്നു.
നാട്ടുകാരും ഫയർഫോഴ്സിന്റെ സ്കൂബ ടീമും സംഭവസ്ഥലത്ത് പരിശോധന തുടരുകയാണ്. കൈവരി ഇല്ലാത്ത ചപ്പാത്തിൽ നേരത്തെയും അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും സുരക്ഷയൊരുക്കാൻ അധികൃതർ ഒന്നും ചെയ്തില്ലെന്നും നാട്ടുകാർ ആരോപിച്ചു.
Chocolate
പണ്ടൊരു സുൽത്താൻ തന്റെ സാമ്രാജ്യ പരിസരങ്ങളിൽ നിന്നകന്ന് മരുഭൂമിയിൽ ഒറ്റപ്പെട്ടപ്പോൾ ഒരു സഞ്ചാരിയെകണ്ടുമുട്ടി. ദാഹിച്ചുവലഞ്ഞ സുൽത്താന്റെ യാചനയ്ക്കു മുന്നിൽ സഞ്ചാരി ഒരു ചോദ്യമിട്ടു. ഈയൊരു കവിൾവെള്ളത്തിന് എനിക്കെന്തു വിലതരും? സുൽത്താൻ തെല്ലുനേരവും ആലോചിക്കാതെ പറഞ്ഞു. "എന്റെ രാജ്യം മുഴുവൻ’ ഒരു കവിൾ വെള്ളത്തിന്റെ വിലയേ... കഥയാണ്... കഥയിൽ ചോദ്യമില്ലെന്നൊക്കെ പറയും. പക്ഷേ, വെള്ളത്തിന്റെ വില അത് നിശ്ചയിക്കുക ബുദ്ധിമുട്ടാണ്. ഭൂമിയിലെ സകല മനുഷ്യർക്കും ആവശ്യമായത്ര കുടിവെള്ളം ഉണ്ടായിരിക്കെ ഇനിയുള്ള യുദ്ധം വെള്ളത്തിനുവേണ്ടിയായിരിക്കും എന്ന് നിരീക്ഷകർ മുന്നറിയിപ്പു തരുന്നു. മൂവായിരം മില്ലി മീറ്ററിലധികമാണ് കേരളത്തിലെ മഴ. അതായത് ദേശീയ ശരാശരിയുടെ രണ്ടരയിരട്ടി. എന്നിട്ടും കേരളീയർ വേനലിൽ കുടിവെള്ള ടാങ്കറുകൾക്ക് പിന്നാലെയാണ്. കേരളത്തിൽ കിട്ടുന്ന മഴയുടെ അറുപത് ശതമാനമേ നാം ഉപയോഗപ്പെടുത്തുന്നുള്ളു. ബാക്കി കടലിലേക്ക് ഒഴുകിപോവുകയാണ്. എട്ടാം തരത്തിലെ സാമൂഹ്യശാസ്ത്രം രണ്ടാം ഭാഗത്തിലെ ഭൂമിയിലെ ജലം, എന്ന പന്ത്രണ്ടാം പാഠത്തിൽ മലിനമാകുന്ന ജലവും അനുബന്ധ കാര്യങ്ങളും വിശദമായി പഠിക്കാനുണ്ട്. അധികവിവരങ്ങൾ വായിക്കാം...
വെള്ളം, വായു, ആഹാരം, പാർപ്പിടം എന്നീ അടിസ്ഥാനസൗകര്യങ്ങളില്ലാതെ നമുക്കും മറ്റു ജീവജാലങ്ങൾക്കും ജീവിക്കാൻ പ്രയാസമാണല്ലോ. ഇതിൽ ഭൂമിയിൽ നിന്നും സൗജന്യമായി ലഭിച്ചിരുന്ന ജലം ഇന്ന് ഏറ്റവും വിലയേറിയ വസ്തുക്കളിലൊന്നായി മാറിയിരിക്കുന്നു. വെള്ളമില്ലാതെ ജീവനോ, വികസനമോ, ഉത്പന്നങ്ങളോ ഇല്ല. നമുക്കാവശ്യമായ ശുദ്ധജലത്തിന്റെ തോത് നാൾക്കുനാൾ ശോഷിച്ചുകൊണ്ടിരിക്കുകയാണ്. ലോകത്തിലെ അന്‍പത് ശതമാനം ജനങ്ങളുടെയും കുടിവെള്ളം ഭൂഗർഭജലമാണ്(Ground Water). എഴുപത് ശതമാനം ഭൂജലം കൃഷിക്കായാണ് ഉപയോഗിക്കുന്നത്. നഗരവത്കരണവും വ്യവസായ വത്കരണവും മൂലം ലോകത്തിലെ ജല ആവശ്യം 2050 ആകുന്പോഴേക്കും 55 ശതമാനം കണ്ട് ഉയരുമെന്നാണ് പഠനങ്ങൾ നൽകുന്ന സൂചന. കാലാവസ്ഥാ വ്യതിയാനം മൂലം വരൾച്ച രൂക്ഷമാകുന്നതോടെ 20 ശതമാനം വെള്ളം കൂടുതലായി വേണ്ടി വരുമെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. ഭൂമിയിലെ 97 ശതമാനം ജലവും ലവണ ജലമാണ് അതായത് സമുദ്ര ജലമാണ്. 2.67 ശതമാനം ജലം മനുഷ്യർക്ക് നേരിട്ട് ലഭ്യമല്ല. ശുദ്ധജലമായി ഉള്ളത് 0.33 ശതമാനം ജലം മാത്രമാണ്.
നാനൂറ് കോടി ആളുകൾ, ലോക ജനസംഖ്യയുടെ ഏകദേശം മൂന്നിൽ രണ്ടു ഭാഗവും ഓരോ വർഷവും കുറഞ്ഞത് ഒരു മാസമെങ്കിലും കടുത്ത ജലക്ഷാമം അനുഭവിക്കുന്നു. ജലവിതരണം അപര്യാപ്തമായ രാജ്യങ്ങളിൽ ഇരുനൂറ് കോടിയിലധികം ആളുകൾ താമസിക്കുന്നു. 2025 ആകുമ്പോഴേക്കും ലോകജനസംഖ്യയുടെ പകുതിയും ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിലാകും ജീവിക്കുന്നത്.
2030 ആകുമ്പോഴേക്കും 700 ദശലക്ഷം ആളുകൾ കടുത്ത ജലക്ഷാമം മൂലം കുടിയിറക്കപ്പെടും. 2040 ആകുമ്പോഴേക്കും, ലോകമെമ്പാടുമുള്ള 4 കുട്ടികളിൽ നാലിൽ ഒരാൾ വളരെ ഉയർന്ന ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിലായിരിക്കും ജീവിക്കുന്നത്.
കുടിവെള്ളമില്ലാത്ത ലോകം
മഴയിൽ ഭൂമിക്കടിയിലേക്ക് ഊർന്നിറങ്ങുന്ന വെള്ളത്തിന്റെ ഇരട്ടിവെള്ളമാണ് കിണറുകളിലൂടെയും കുഴൽ കിണറുകളിലൂടെയും ഊറ്റിയെടുക്കുന്നത്. ഇതിനാൽ ഭൂമിക്കടിയിലെ ജലസ്തരങ്ങൾ (അക്വിഫർ) വറ്റിക്കൊണ്ടിരിക്കുകയാണ്.കെട്ടിട നിർമ്മാണം, തണ്ണീർതടങ്ങളുടെ ശോഷണം, വനനശീകരണം കൃഷിസ്ഥലം നികത്തൽ എന്നിവ മണ്ണിൽ താഴുന്ന മഴവെള്ളത്തിന്റെ അളവ് കുറച്ചു. ജനപ്പെരുപ്പം, നഗരവൽക്കരണം, വ്യവസായവൽക്കരണം എന്നിവ മൂലം ഭൂജല ഖനനമാണ് ലോകത്ത് നടക്കുന്നത്. മഴക്കുറവും കാലാവസ്ഥാ വ്യതിയാനവും വരൾച്ച വ്യാപകമാക്കുകയും ചെയ്യുന്നു.
കാശുകൊടുത്ത് ശുദ്ധജലം
കുപ്പിവെള്ളത്തിന് ഇപ്പോൾ വില 20 രൂപയോളമാണ്. പണ്ട് കുടിവെള്ളം കുപ്പിയിലാക്കിവരുന്നു എന്നു കേട്ടപ്പോൾ മൂക്കത്ത് വിരൽവെച്ചവരാണ് നമ്മൾ. ഇന്ന് ഇത് വാങ്ങാത്തവരായി ആരുമുണ്ടാകില്ല. വേനൽ രൂക്ഷമാകുന്നതോടെ നഗരങ്ങളിൽ മാത്രമല്ല ഗ്രാമ വഴികളിലും വെള്ളവുമായെത്തുന്ന ടാങ്കറുകൾ നിത്യ കാഴ്ച്ചയാണ്. ദൂരം കൂടുന്നവതിനനുസരിച്ചും ഓരോ വർഷം പിന്നിടുന്പോഴും വെള്ളത്തിന്റെ വില അന്‍പതോ, നൂറോ വർധിക്കും. അത് 500 മുതൽ 1000 രൂപവരെയാകും.
നമ്മുടെ നദികൾ
നമുക്ക് 44 നദികൾ ഉണ്ട്. ഇവയിൽ എത്രയെണ്ണത്തിൽ നീരൊഴുക്കുണ്ട്? ഭാരതപ്പുഴ എന്ന നമ്മുടെ ഏറ്റവും വലിയ ജലകേന്ദ്രത്തിൽ കുഴികുത്തിവെള്ളമെടുക്കുന്ന സ്ത്രീകൾ നിത്യകാഴ്ചയാണ്. 21 റിസർവോയറുകൾ നമുക്കുണ്ടെങ്കിലും ഇതിൽ വെറും നാലെണ്ണമേ കുടിവെള്ളത്തിനും മറ്റിനുമുപയോഗിക്കുന്നുള്ളൂ. ബാക്കി വരുന്നവ വൈദ്യുതിക്കും മറ്റു ജലസേചനാവശ്യങ്ങൾക്കുമാണുപയോഗിക്കുന്നത്. ഗ്രാമത്തിന്റെ കിലുക്കാം പെട്ടികൾ’ എന്നു വിശേഷിപ്പിക്കുന്ന പുഴകളിൽ ഇന്ന് മാലിന്യങ്ങളാണ് ഒഴുകുന്നത്. ഒരു പെരുമഴ പെയ്ത് പുഴയിലെ വെള്ളമുയർന്നിറങ്ങുന്പോൾ കരക്കടിയുന്ന മാലിന്യക്കൂന്പാരങ്ങൾ കൂട്ടുകാർ പത്രങ്ങളിലും മറ്റും കണ്ടിട്ടില്ലേ. മാത്രവുമല്ല മിക്ക വ്യവസായശാലകളുടെ മാലിന്യക്കുഴൽ നീട്ടിയിരിക്കുന്നത് പുഴകളിലേക്കാണ്. ഇത് പുഴയിലെ ജലത്തെ മലിനമാക്കുന്നതിനൊപ്പം പുഴയിലെ ആവാസവ്യവസ്ഥ കൂടിയാണ് തകരാറിലാക്കുന്നത്. ലോകത്ത് വ്യവസായ മേഖലയിൽ 22 ശതമാനം വെള്ളം ഉപയോഗിക്കുന്നുണ്ട്. വ്യവസായം കൂടുതലുള്ള രാജ്യങ്ങൾ 59 ശതമാനം വരെ ഉപയോഗിക്കുന്നു. വ്യവസായ മേഖല പ്രതിവർഷം പുറന്തള്ളുന്ന രാസമാലിന്യങ്ങൾ 30 കോടി ടണ്‍ വരും.
മഴയുടെ ലഭ്യത
ഒരു കാലത്ത് കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചിരുന്നത് വയനാട്ടിലെ ലക്കിടിയായിരുന്നു. ഇന്നത് എറണാകുളത്തെ നേര്യമംഗലമാണ്. പ്രതിവർഷം 3000 മില്ലീമീറ്ററിലേറെ മഴ കിട്ടുന്ന കേരളത്തിലാണ് ശുദ്ധജല ലഭ്യത കുറഞ്ഞുവരുന്നത്. കേരളത്തിന്റെ തീരപ്രദേശങ്ങളിൽ 900മി. മീറ്ററും വടക്കൻ പ്രവിശ്യകളിൽ 3,500 മില്ലീമീറ്ററും മലനാട്ടിൽ 2,500, ഇടനാട്ടിൽ 1,400, ഇടുക്കിയിലും വയനാട്ടിലും 5,000, പാലക്കാട് 2,000 മില്ലീലിറ്റർ എന്നിങ്ങനെ കണക്കാക്കിയിരിക്കുന്നു. ഇന്ത്യയിലെ പ്രതിവർഷ മഴല ഭ്യത ഇന്ന് 1.820 ഘനമീറ്ററായി കുറഞ്ഞിരിക്കുകയാണ്. കേരളത്തിലെ ചിലയിടങ്ങളിൽ 4,500 മി. മീറ്ററും മറ്റു ചിലയിടങ്ങളിൽ 6000മി.മീറ്ററും മഴ കിട്ടാറുണ്ട്.
ആർസെനിക് കലർന്ന ഭൂജലം
ഇന്ത്യയിലെ പത്ത് സംസ്ഥാനങ്ങിലെ 68 ജില്ലകളിൽ ആർസനിക് മലിനീകരണം വ്യാപകമാണ്. ഹരിയാന, പഞ്ചാബ്, യു.പി, ബിഹാർ, പശ്ചിമ ബംഗാൾ, മണിപ്പൂർ, അസം, കർണ്ണാടക തുടങ്ങിയ സ്ഥലങ്ങളിലാണിത്. 20 സംസ്ഥാനങ്ങളിലെ 276 ജില്ലകളിൽ ഫ്ളൂറൈഡിന്റെ അംശം ഭൂജലത്തിൽ കലരുന്നതായി കണ്ടെത്തി. കേന്ദ്ര ഭൂജല ബോർഡ് ഭാഭാ അറ്റോമിക് റിസർച്ച് സെന്ററുമായി ചേർന്ന് യമുനാ നദീതീരത്തും പശ്ചിമബംഗാളിലെ നാദിയ, 24 പർഗാനാസ് പ്രദേശത്തും നിരീക്ഷണങ്ങൾ നടത്തിയിരുന്നു. ഇവിടത്തെ ജനങ്ങളിൽ ആർസെനിക്കോസിസ്, കെരട്ടോസിസ്, അർബുദം എന്നീ രോഗങ്ങൾ കണ്ടെത്തി. ഇതിനുകാരണം ആർസെനിക് കലർന്ന ഭൂജലമാണ്.
ഭൂജലവിതാനം താഴുന്നു
ലോക ജനസംഖ്യയിലെ 18 ശതമാനം ഇന്ത്യയിലാണ്. എന്നാൽ ലോകത്തിലെ നാല് ശതമാനം ജലവിഭവം മാത്രമാണ് ഇന്ത്യയിലുള്ളത്. 1947ൽ ഇന്ത്യയിലെ ആളോഹരി വാർഷിക ജലലഭ്യത 6042 ക്യുബിക് മീറ്ററായിരുന്നു. 2001 ൽ അത് 1816 ആയി. 2011ൽ 1545 ആയി ചുരുങ്ങി. 2025 ആകുന്പോഴേക്കും ഇത് 1340 ആകുമെന്നാണ് കണക്ക്. ഇന്ത്യയിൽ ഭൂജല വിതാനം അനുദിനം താഴ്ന്നുവരികയാണ്. മഴയെ മണ്ണിലേക്ക് ഇറക്കാതെ ഭൂജലം ഊറ്റിയെടുക്കുന്നതിനാലാണിത്. ഹരിത വിപ്ലവത്തിന്റെ ഫലമായി ഭക്ഷ്യ ഉത്പാദനം കൂടിയതനുസരിച്ച് ഭൂജലചൂഷണം കൂടി. കർഷകർക്ക് വൈദ്യുതിക്കും പന്പിനും വൻ സബ്ബ്സിഡി നൽകിയതോടെ ഗ്രാമങ്ങളിൽ കുഴൽ കിണറുകളും പെരുകി. മോട്ടോർ ഉപയോഗിച്ചുള്ള ജലചൂഷണം ഭൂജലവിതാനം താഴ്ത്തി. 1960ൽ കാർഷിക ആവശ്യങ്ങൾക്ക് വെറും 30 ശ തമാനം ഭൂജലമാണ് ഉപയോഗിച്ചിരുന്നത്. ഇന്നത് 60 ശതമാനമായി ഉയർന്നിരിക്കുകയാണ്. മഴയിൽ ലഭിക്കുന്ന ഉപരിതല ജലത്തിന്റെ ഉപയോഗം 1950 ൽ 58 ശതമാനമായിരുന്നു. ഇന്നത് 30 ശതമാനമായി കുറഞ്ഞിരിക്കുകയാണ്.
മഴ ദിനങ്ങൾ കുറയുന്നു
മേഘ സ്ഫോടനത്തിലൂടെ കനത്ത മഴപെയ്ത് വെള്ളപ്പൊക്കമുണ്ടാകുന്ന പ്രതിഭാസം ഇന്ത്യയിൽ വർദ്ധിച്ചുവരികയാണെന്ന് കാലാവസ്ഥാപഠന കേന്ദ്രത്തിന്റെ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. അടുത്തകാലത്ത് ചെന്നൈ, മുംബൈ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലുണ്ടായ വെള്ളപ്പൊക്കം ഇതിന് ഉദാഹരണമാണ്. മഴദിനങ്ങൾ കുറയുകയും കനത്ത മഴ ഒന്നിച്ച്പെയ്യുന്ന പ്രതിഭാസം വർധിക്കുകയും ചെയ്യുന്ന സാഹചര്യം ഭൂജല ലഭ്യത കുറയ്ക്കും. ഇതിനാൽ ഭൂജല പോഷണത്തിനായി പോംവഴികൾ വേണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറയുന്നു.
ജലം
1.ഖരമായും ദ്രാവകമായും, വാതകമായും മാറാൻ കഴിവുള്ള ഏക പദാർത്ഥം.
2.വായു കഴിഞ്ഞാൽ മനുഷ്യനും ജീവജാലങ്ങൾക്കും ജീവൻ നിലനിർത്താൻ ആവശ്യമായ രണ്ടാമത്തെ ഘടകം.
3.ഭൂമിയിൽ ജലലഭ്യത ഉറപ്പു വരുത്തുന്നത് മഴയാണ്. ജലപരിവൃത്തിയിലൂടെ മഴ തുടർച്ചയായി സംഭവിക്കുന്നു.
4.മഴയായി ഭൂമിയിൽ ലഭിക്കുന്ന വെള്ളം ഉപരിതലത്തിലൂടെ വേഗത്തിലും മണ്ണിനു അടിയിലൂടെ സാവധാനത്തിലും ചലിച്ചു കൊണ്ടിരിക്കുന്നു.
7.ഭൂഗർഭജലം പാറകളുടെയും, മണ്ണിന്റെയും പാളികളിലൂടെ സാവധാനം സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. ഇത്തരം പാളികളാണ് ജലവാഹിനികൾ.
8. ജലസ്രോതസിന്റെ പ്രധാന ഭാഗം ഭൂഗർഭജലം ആണ്. മഴവെള്ളം കൊണ്ട് വീണ്ടും വീണ്ടും അത് കൂടുതൽ പുഷ്ടിപ്പെടുന്നു.
8.ജലത്തിന്റെ ലഭ്യത, മണ്ണിന്റെ ഘടന, ഭൂപ്രകൃതി, ഭൂവിനിയോഗം, എന്നിവ ജലം ശേഖരിക്കപ്പെടുന്നതിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
9. രുചിയും മണമില്ലാത്തതും നിറമില്ലാത്തതുമായ അജൈവ രാസവസ്തുവാണ് വെള്ളം.
10. ഒരൊറ്റ ജല തന്മാത്രയിൽ (H2O) രണ്ട് ഹൈഡ്രജൻ ആറ്റങ്ങൾ ഒരു ഓക്സിജൻ ആറ്റവുമായി ബന്ധിപ്പിച്ചിരിക്കുന്നു.
ജലസ്രോതസ്സുകൾ
നമ്മുടെ ജല സ്രോതസ്സുകളെ മൂന്നായി തരം തിരിക്കാം
1.മഴവെള്ളം- ഏറ്റവും ശുദ്ധം (അന്തരീക്ഷം മാലിനീകരിക്കപ്പെട്ടിട്ടില്ലെങ്കിൽ) നേരിട്ട് ശേഖരിക്കാം .ഉപരിതലത്തിലൂടെ ഒഴുകുന്നു. മണ്ണിലേക്ക് ഇറങ്ങുന്നു. നീരുരവകളിലും,ജലാശയങ്ങളിലും എത്തുന്നു .ഭൂഗർഭ ജലമായി ശേഖരിക്കപ്പെടുന്നു. അവശേഷിക്കുന്നത് കടലിൽ എത്തുന്നു.
2.ഉപരിതല ജലം-അരുവികൾ, തടാകങ്ങൾ, നദികൾ, സമുദ്രങ്ങൾ, കുളങ്ങൾ എന്നിവയിൽ നിന്ന് ലഭിക്കുന്നു. ശാസ്ത്രീയമായി സംരക്ഷിച്ചതോ, അല്ലാത്തതോ ആയിരിക്കും ഇവ.
3.ഭൂഗർഭജലം-ഭൂമിയുടെ ഉപരിതലത്തിൽ കൂടി അരിച്ചിറങ്ങി അന്തർഭാഗത്തുള്ള വിള്ളലുകൾ ,പാറക്കെട്ടുകളുടെ വിടവുകൾ എന്നിവയിൽ കൂടിവന്നു രൂപപ്പെടുന്ന ജലം വർഷങ്ങളായി ശേഖരിക്കപ്പെട്ടു വരുന്നതാണിത്. അശാസ്ത്രീയമായി ഉപയോഗിച്ചാൽ തീർന്നുപോകും. തുറന്ന കിണർ, കുഴൽക്കിണർ എന്നിവയിലൂടെ നാം എടുക്കുന്നു.
ജല മാനേജ്മെന്റ്
ലഭ്യമായ വെള്ളത്തെ ഏറ്റവും മെച്ചപ്പെട്ട രീതിയിൽ എങ്ങനെ ഉപയോഗിക്കാം എന്നതാണ് ജല മാനേജ്മെന്റ്. ലഭിക്കുന്ന വെള്ളത്തെ എങ്ങനെ സംരക്ഷിച്ച് ആവശ്യത്തിനു ഉപയോഗിക്കാം. മലിനമാകാതിരിക്കാൻ എന്ത് ചെയ്യണം, ഏത് ആവശ്യങ്ങൾക്ക് ഉപയോഗിക്കണം, അതിന്റെ മുൻഗണന എന്തായിരിക്കണം, ദുരുപയോഗവും, അമിത ഉപയോഗവും എങ്ങനെ തടയാം, കുറച്ചു വെള്ളം ഉപയോഗിച്ച് എങ്ങനെ ആവശ്യങ്ങൾ നിറവേറ്റാം എന്നിവയെല്ലാം ജല മാനേജുമെന്റിന്റെ ഭാഗമായി വരുന്നവയാണ്.