കോതമംഗലം: നേര്യമംഗലത്തിന് സമീപം പെരിയാറില്‍ മീന്‍ പിടിക്കാന്‍ പോയി രണ്ടു ദിവസമായി കാണാതായ ആളുടെ മൃതദേഹം പുഴയിൽ കണ്ടെത്തി. ആവോലിച്ചാല്‍ താന്നിക്കുന്നേല്‍ പരേതനായ അയ്യപ്പന്റെ മകന് ഗോപി(54)യാണ് മരിച്ചത്. ഞായറാഴ്ച പകല്‍ സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ മീന്‍പിടിക്കാന്‍ പോയിരുന്നു. കൂടെയുള്ളവര്‍ കരയില്‍ തിരിച്ചെത്തിയശേഷം ഗോപി വീണ്ടും വഞ്ചിയുമായി പോയി.
ഗോപി സാധാരണ രാത്രി വീട്ടില്‍ തിരിച്ചെത്താറുള്ള സമയം കഴിഞ്ഞിട്ടും കാണാതെ വന്നപ്പോള്‍ തിങ്കളാഴ്ച പുഴയില്‍ ഉള്‍പ്പെടെ തിരച്ചില്‍ നടത്തുന്നതിനിടെ ആവോലിച്ചാല്‍ പമ്പ് ഹൗസ് ഭാഗത്തെ കടവിന് സമീപം തീരത്തോട് ചേര്‍ന്ന് ഒഴുകിയെത്തിയ നിലയില്‍ വഞ്ചി കണ്ടു. വഞ്ചിയില്‍നിന്ന് പുഴയിലേക്ക് വീണതാകാമെന്നാണ് നിഗമനം.
പകല്‍ കൂലിപ്പണി ചെയ്ത ശേഷം രാത്രി വലയും ചൂണ്ടയും ഉപയോഗിച്ച് മീന്‍പിടിക്കാന്‍ പോകാറുണ്ട്. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് വൈകിട്ട് നേര്യമംഗലം അഗ്നി രക്ഷാസേന തെരച്ചിലിന് എത്തിയെങ്കിലും ഇരുട്ടും പ്രതിരോധ കാലാവസ്ഥയും കാരണം മടങ്ങി.
ചൊവ്വാഴ്ച രാവിലെ കോതമംഗലം, നേര്യമംഗലം സ്കൂബാ ടീം പുഴയുടെ വിവിധ ഭാഗങ്ങളില്‍ തെരച്ചില്‍ നടത്തുന്നതിനിടെ പോത്തുപാറ ഭാഗത്ത് പുഴയിലെ പാറക്കെട്ടില്‍ തങ്ങിനില്ക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തി. ഊന്നുകല്‍ പോലീസ് എത്തി ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിനുശേഷം സംസ്കാരം നടത്തി. അമ്മ: തങ്കമ്മ. സഹോദരങ്ങള്‍: രവി, നിസ.
Tags : man Body fishing Body found river Gopi death