യുവജനക്ഷേമ ബോര്‍ഡും ദേശീയ സാഹസിക അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന റാണിപുരം ട്രക്കിംഗ് ക്യാമ്പ് മന്ത്രി ഒ.ജെ ജനീഷ് ഫ്ളാഗ് ഓഫ് ചെയ്യുന്നു.
കാഞ്ഞങ്ങാട്: പുതുതലമുറ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ ഉപകരണങ്ങളുടെ അമിതമായ ഉപയോഗം കുറച്ച് പ്രകൃതിയോട് കൂടുതല്‍ അടുത്തിടപഴകണമെന്ന് യുവജനക്ഷേമമന്ത്രി ഒ.ജെ. ജനീഷ്.
കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും ദേശീയ സാഹസിക അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന റാണിപുരം ട്രക്കിംഗ് ക്യാമ്പ് കാഞ്ഞങ്ങാട് വ്യാപാരഭവന് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മൊബൈല്‍ സ്ക്രീനില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്ന ശീലം കുട്ടികളിലും യുവാക്കളിലും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രകൃതിയുമായി നേരിട്ട് ബന്ധപ്പെടുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണം. മലകളും കാടുകളും പുഴകളും ഉള്‍പ്പെടുന്ന പ്രകൃതിയുടെ വൈവിധ്യം നേരിട്ടറിയുന്നതിലൂടെ യുവാക്കള്‍ക്ക് മാനസികവും ശാരീരികവുമായ ഉണര്‍വ് ലഭിക്കും.
സാഹസിക പ്രവര്‍ത്തനങ്ങളിലൂടെയും പ്രകൃതി സഞ്ചാരങ്ങളിലൂടെയും പുതിയ അനുഭവങ്ങളും കൂട്ടായ്മയുടെ മനോഭാവവും വളര്‍ത്തിയെടുക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
യുവജനങ്ങളില്‍ സാഹസികതയും പ്രകൃതിസ്നേഹവും വളര്‍ത്തുന്നതിനും ലഹരിയിൽ നിന്നും മറ്റു ദുശീലങ്ങളില്‍ നിന്നും അകറ്റിനിര്‍ത്തുന്നതിനും ഇത്തരം ക്യാമ്പുകള്‍ സഹായകമാകുമെന്ന് മന്ത്രി വ്യക്തമാക്കി. ട്രക്കിംഗില്‍ പ്രകൃതി സംരക്ഷണത്തിന് പ്രാധാന്യം നല്‍കണം കായികക്ഷമത കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ ജെന്‍സി തലമുറ കളിക്കളം വീണ്ടെടുക്കണമെന്നും മന്ത്രി പറഞ്ഞു യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ വിവിധ തലങ്ങളില്‍ കേരളോത്സവം നടത്തുമെന്നും എല്ലാവരും സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു.
ഗോവിന്ദന് പള്ളിക്കാപ്പില്‍ എംഎല്‍എ അധ്യക്ഷതവഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന് എംപി മുഖ്യാതിഥിയായി. നഗരസഭ ചെയര്‍പേഴ്സണ്‍ വി.വി. രമേശന്, ഡിടിപിസി സെക്രട്ടറി ജിജേഷ് കുമാര്‍, വിമുക്തി മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സ്നേഹ, കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് നോഡല്‍ ഓഫിസര്‍ ജി.ആര്. രതീഷ്, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫിസര്‍ പി.സി. ഷിലാസ് എന്നിവര്‍ പങ്കെടുത്തു.
കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി എം. സ്വപ്ന സ്വാഗതവും ദേശീയ സാഹസിക അക്കാദമി സ്പെഷല്‍ ഓഫീസര്‍ പി. പ്രണിത നന്ദിയും പറഞ്ഞു.
Tags : District News Nattuvishesham new generation reduce screen time