പ്രതീകാത്മക ചിത്രം - എഐ
തിരുവനന്തപുരം: സംസ്ഥാനത്തെ മുതിർന്ന പൗരൻമാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി നിയമനിർമാണത്തിന്റെ കരട് തയാറായതായി മുഖ്യമന്ത്രി വി.ഡി. സതീശൻ.
മുതിർന്ന പൗരൻമാരുടെ എല്ലാ മേഖലയിലെയും നിയമപരമായ പരിരക്ഷ ഉറപ്പാക്കാൻ അടുത്ത നിയമസഭാ സമ്മേളനത്തിൽ തന്നെ ബിൽ കൊണ്ടു വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുതിർന്ന പൗരൻമാരുടെ വകുപ്പു രൂപീകരണത്തോട് അനുബന്ധിച്ചു വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
സർക്കാർ ഓഫിസുകളിലും സ്ഥാപനങ്ങളിലും എത്തുന്ന മുതിർന്ന പൗരൻമാർക്ക് പ്രത്യേക മുൻഗണന ഉണ്ടാകണം. ആദരിക്കപ്പെടുന്ന വിഭാഗമായി ഇവർക്കു പ്രത്യേക പരിഗണന ലഭിക്കണം. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഇവർക്കായി ഫെസിലിറ്റേഷൻ ഡെസ്ക് തുറക്കും.
മുതിർന്ന പൗരൻമാരുടെ പരിചരണത്തിനായി പ്രത്യേക കോഴ്സ് സർക്കാർ- സ്വകാര്യ മേഖലകളിൽ ആരംഭിക്കും. അടുത്ത വർഷം മുതൽ സർട്ടിഫിക്കറ്റ് കോഴ്സ് തുടങ്ങും. സാന്പത്തികമായി മുന്നാക്കം നിൽക്കുന്നവർക്ക് പണം നൽകി ഇവരുടെ സേവനം വാങ്ങാം. സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ കാര്യം സർക്കാർ പരിഗണിക്കും.
യുവജനങ്ങൾ സ്റ്റാർട്ട് അപ്പുകൾ തുടങ്ങുന്പോൾ സാങ്കേതിക പരിജ്ഞാനമുള്ള മുതിർന്ന പൗരൻമാരെ ടെക്നോ മെന്പർമാരാക്കുന്നതു പരിഗണിക്കും. മുതിർന്ന പൗരൻമാരെയും പുതുതലമുറയെയും ബന്ധിപ്പിക്കാൻ കഴിയുന്ന തരത്തിലുള്ള സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടി.
മുതിർന്ന പൗരൻമാർക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന സീനിയർ സിറ്റിസണ്‍ ഹെൽപ് ലൈനുകൾ തുടങ്ങും. വിരമിച്ചശേഷം ഇവരെ വീട്ടിൽ ഇരുത്താതെ സന്പദ്വ്യവസ്ഥയുടെ ഭാഗമാക്കി മാറ്റാൻ ആവശ്യമായ നടപടി സ്വീകരിക്കും. എല്ലാ ജില്ലയിലും സീനിയർ സിറ്റിസണ്‍ സെല്ലുകൾ രൂപീകരിക്കും. ഇവരുടെ സ്ഥിതിവിവര സർവേ നടത്തും. അവശത അനുഭവിക്കുന്ന മുതിർന്ന പൗരൻമാരുടെ പ്രത്യേക രജിസ്റ്റർ തയാറാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി സി.പി. ജോണ്‍ അധ്യക്ഷത വഹിച്ചു. മന്ത്രി കെ. മുരളീധരൻ, വയോജന കമ്മിഷൻ ചെയർമാൻ കെ. സോമപ്രസാദ്, രത്തൻ യു. കേൽക്കർ, എൻ.എസ്.കെ. ഉമേഷ്, ഡോ. അരുണ്‍ തുടങ്ങിയവർ പ്രസംഗിച്ചു.
Tags : ElderlyCare KeralaChiefMinister VDSatheesan Draft Legislation Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash