കഴിഞ്ഞദിവസം രാത്രി തലസ്ഥാന നഗരിയിൽ നടന്ന എസ്എഫ്ഐ - യൂത്ത് കോൺഗ്രസ് സംഘർഷം.
തിരുവനന്തപുരം: കഴിഞ്ഞദിവസം രാത്രി തലസ്ഥാന നഗരിയെ മണിക്കൂറുകളോളം യുദ്ധക്കളമാക്കിയ അക്രമസംഭവങ്ങളിൽ പൊലിസിന്റെ അന്വേഷണ റിപ്പോർട്ട് പുറത്ത്.
എസ്എഫ്ഐ - യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൂവലോടെയാണ് സംഘർഷങ്ങൾക്കു തുടക്കമായതെന്ന് പൊലിസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ പന്തംകൊളുത്തി പ്രകടനത്തിനിടെ പ്രവർത്തകരുടെ കൈയിലെ പന്തം കത്തിയതോടെയാണ് ഇരുവിഭാഗവും തമ്മിൽ പരസ്പരം കൂക്കിവിളിക്കാൻ തുടങ്ങിയത്. ഇതു പിന്നീട് രൂക്ഷമായ കുപ്പിയേറിലേക്കും പന്തമേറിലേക്കും വഴിമാറുകയായിരുന്നു.
ആദ്യഘട്ടത്തിലുണ്ടായ ഉരസൽ പൊലിസ് ഇടപെട്ട് വേഗത്തിൽ പരിഹരിച്ചിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇതിനുപിന്നാലെ എസ്എഫ്ഐ പ്രവർത്തകർ യൂത്ത് കോൺഗ്രസുകാരെ ആക്രമിച്ചുവെന്ന തരത്തിൽ പ്രചാരണമുണ്ടായതോടെയാണ് വീണ്ടും വൻ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.
സമരം ആരംഭിക്കാനായി യൂണിവേഴ്സിറ്റി ഹോസ്റ്റലിന്റെ മുൻവശം തെരഞ്ഞെടുത്തതിലും പിശക് പറ്റിയതായും ഇതു സംഘർഷത്തിന് ആക്കം കൂട്ടിയതായുമാണ് പൊലിസ് വിലയിരുത്തൽ. യൂണിവേഴ്സിറ്റി ഹോസ്റ്റൽ പരിസരത്തു നിന്നു സമരം ആരംഭിക്കരുതായിരുന്നു. സംഘർഷത്തിനൊരു പ്രകോപനം തന്നെ ഈ തീരുമാനമായിരുന്നുവെന്നും റിപ്പോർട്ടിൽ സൂചനയുണ്ട്.
പാളയം മേഖലയിൽ മൂന്നു മണിക്കൂറിലേറെയാണ് ഇരുവിഭാഗവും ചേരിതിരിഞ്ഞ് കല്ലേറും കുപ്പിയേറും നടത്തിയത്. ഹോസ്റ്റലിൽനിന്നു കല്ലേറും കുപ്പിയേറുമുണ്ടായി. സംഭവത്തിൽ പത്തു പേർക്ക് പരിക്കേറ്റെങ്കിലും ആരുടെയും പരിക്ക് ഗുരുതരമല്ലെന്നും നിലവിൽ ആരും ആശുപത്രികളിൽ ചികിത്സയിലില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അക്രമവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരേ പൊലിസ് കേസെടുത്തു. ഇരുസംഘടനകളുടെയും സംസ്ഥാന നേതാക്കളെ അടക്കം പ്രതി ചേർത്താണ് നടപടി.
നേതാക്കൾക്കെതിരേ ജാമ്യമില്ലാ കേസ്
സംഭവത്തിൽ മ്യൂസിയം പൊലീസാണ് രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീർ, കെഎസ്യു ജില്ലാ പ്രസിഡന്റ് ഗോപു നായർ, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് സെയ്ദലി, ശ്യാംലാൽ, അഭിജിത്ത് എന്നിവർക്കും കണ്ടാലറിയാവുന്ന നൂറിലധികം പേർക്കുമെതിരേയാണ് ആദ്യ കേസ്. എസ്എഫ്ഐ പ്രവർത്തകരായ വേണു, ശ്രീകുമാർ, ഡെന്നി, അശ്വിൻ, ആദിത്യൻ എന്നിവർക്കും കണ്ടാലറിയാവുന്ന എഴുപത്തഞ്ചിലധികം പേർക്കുമെതിരേയാണ് രണ്ടാമത്തെ കേസ്.
Tags : SFI YouthCongress PoliceReport Released UniversityCollege Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Unrest