NRI
ഷാര്‍ജ: മാനവികതയും മനുഷ്യസൗഹാര്‍ദവും ഉയര്‍ത്തിപ്പിടിക്കുന്ന ചിന്തോദ്ദീപകമായ എഡിറ്റോറിയലും വൈവിധ്യമാര്‍ന്ന ലേഖനങ്ങളും സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവരുടെ പെരുന്നാളാശംസകളും കൊണ്ട് സമ്പന്നമായ മീഡിയ പ്ലസിന്റെ "പെരുന്നാള്‍ നിലാവ്' പ്രത്യേക പതിപ്പ് യുഎഇയിലും പ്രകാശനം ചെയ്തു.
ഗ്രന്ഥകാരനും മീഡിയ പ്ലസ് ഖത്തര്‍ സിഇഒയുമായ ഡോ. അമാനുല്ല വടക്കാങ്ങര, സാംസ്കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ ബഷീര്‍ വടകര, ആയുര്‍വേദ സ്ഥാപനമായ ഡല്‍മ ആയുര്‍വേദിക് സെന്റര്‍ സിഇഒ ഡോ. ടിനു തമ്പി, മാധ്യമപ്രവര്ത്തകൻ ഷാജി പുഷ്പാംഗദന് എന്നിവര്‍ ചേര്‍ന്നാണ് പ്രകാശന കര്‍മം നിര്‍വഹിച്ചത്.
സാഹസിക യാത്രികനും മാനവിക പ്രവര്‍ത്തകനുമായ ഷംനാസ് പാണായി, കേരള പ്രവാസി വിമന്‍സ് അസോസിയേഷന് ചെയര്‍പേഴ്സണ്‍ സുചിത്ര സിമന്‍സ്, സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ സജ്ന സഹ്റാസ്, എകോണ്‍ പ്രോപ്പര്‍ട്ടീസ് സിഒഒ അഷിഖ്, മൈന്‍ഡ് ട്യൂണ്‍ ഇക്കോ വേവ്സ് ദുബായ് പ്രതിനിധി ഷബീര്‍ പൂവനോത്ത്, അയ്യൂബ് ഡെല്‍മ, സംരംഭകനായ ഷബീര്‍ സഹാറ റസ്റ്റോറന്റ്, ഡോ. അഞ്ചു, ഡോ. ഷിബിന,സുജിത്ത് സുകുമാരന്‍, മഹേഷ് ബ്രദര്‍ എന്നിവര്‍ ഉള്‍പ്പെടെ നിരവധി പ്രമുഖ വ്യക്തിത്വങ്ങള്‍ സന്നിഹിതരായിരുന്നു.
പെരുന്നാളിന്റെ ആത്മീയ സന്ദേശങ്ങളെ സാമൂഹിക പ്രതിബദ്ധതയോടും മാനവിക മൂല്യങ്ങളോടും ചേര്‍ത്ത് അവതരിപ്പിക്കുന്ന "പെരുന്നാള്‍ നിലാവ്', പ്രവാസി മലയാളികള്‍ക്കിടയില്‍ വലിയ സ്വീകാര്യത നേടിയ പ്രസിദ്ധീകരണമാണ്
സമൂഹത്തിലെ വിവിധ വിഷയങ്ങളെ ആഴത്തില്‍ വിശകലനം ചെയ്യുന്ന ലേഖനങ്ങളും മനുഷ്യബന്ധങ്ങളുടെ മഹത്വം ഓര്‍മപ്പെടുത്തുന്ന ചിന്തകളും ഈ പ്രത്യേക പതിപ്പിനെ ശ്രദ്ധേയമാക്കുന്നു.
വായനക്കാരുടെ മനസില്‍ മാനവികതയുടെ വെളിച്ചം പകരുകയും സാഹോദര്യത്തിന്റെ സന്ദേശം ശക്തിപ്പെടുത്തുകയും ചെയ്യുന്ന പ്രവാസ ലോകത്തെ മികച്ച ഒരു സാംസ്കാരിക ഇടപെടലായി പെരുന്നാള്‍ നിലാവ് മാറിക്കൊണ്ടിരിക്കുകയാണ്.
പ്രവാസികള്‍ക്കിടയില്‍ മൂല്യാധിഷ്ഠിത മാധ്യമപ്രവര്‍ത്തനത്തിന്റെ ശ്രദ്ധേയമായ മാതൃകയായി ഈ പ്രസിദ്ധീകരണം ഇതിനകം തന്നെ അംഗീകരിക്കപ്പെട്ടുകഴിഞ്ഞിട്ടുണ്ട്.
മലബാര്‍ അടുക്കളയുടെ തനതായ രുചിക്കൂട്ടുകളുമായി ഷാര്‍ജയില്‍ പ്രവര്‍ത്തനമാരംഭിച്ച സഹാറ റസ്റ്റോറന്റ് മാനേജ്മെന്റിനും പെരുന്നാള്‍ നിലാവിന്റെ കോപ്പികള്‍ സമ്മാനിച്ചു.
മാനേജിംഗ് പാര്‍ട്ണര്‍മാരായ ഷബീര്‍ കെ. ആദം, ഷമീര്‍ കെ. ആദം, റഷീദ് എന്നിവര്‍ കോപ്പി ഏറ്റുവാങ്ങി.
Sports
മെക്സിക്കോ: ഫിഫ ലോകകപ്പ് ഫുട്ബോഹ പന്താരവത്തിന് ഇനി ആറ് ദിനം മാത്രം. അമേരിക്കയിലും മെക്സിക്കോയിലും കാനഡയിലുമായി നടക്കുന്ന 23-ാം എഡിഷന് 12 ഗ്രൂപ്പുകളിലായി 48 ടീമുകൾ പോരാടും. ആകെ 114 മത്സരം. 11ന് തുടങ്ങി ജലൈ 19ന് ന്യൂ ജഴ്സിയിൽ അവസാനിക്കും.
പശ്ചിമേഷ്യൻ സംഘർഷം മൂലം ഇറാന്റെയും എബോള പൊട്ടിപ്പുറപ്പെട്ടതിനാൽ ഡിആർ കോംഗോയുടെയും പങ്കാളിത്തം സംബന്ധിച്ച് ആശയക്കുഴപ്പം നിലനിന്നിരുന്നെങ്കിലും ഒടുവിൽ എല്ലാ ടീമുകളും കാൽപന്ത് ആവേശത്തിന് തയാറായി.
◄ഫിഫ ലോകകപ്പ് ഷെഡ്യൂൾ ►
തീയതി, മത്സരം, സമയം (ഇന്ത്യ), സ്റ്റേഡിയം ക്രമത്തിൽ...
NRI
ദോഹ: ഈദുല്‍ അദ്ഹയോടനുബന്ധിച്ച് മീഡിയ പ്ലസ് പ്രസിദ്ധീകരിച്ച പെരുന്നാള്‍ നിലാവ് പ്രകാശനം ചെയ്തു. ബി റിംഗ് റോഡിലെ ഇന്ത്യന്‍ കോഫി ഹൗസ് താജ് ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഫറൂജ് അല്‍ അഫ് റാശ് സിഇഒ ഫഹദ് അസീസുറഹ് മാന്‍ ആദ്യ പ്രതി നല്കി കെബിഎഫ് പ്രസിഡന്റ് ഷഹീന് മുഹമ്മദ് ഷാഫിയാണ് പ്രകാശനം നിര്‍വഹിച്ചത്.
ആഘോഷങ്ങള്‍ മാനവികതയും സൗഹൃദവും പരിപോഷിപ്പിക്കുകയും കൂടുതല്‍ ഊഷ്മളമായ സാമൂഹിക പരിസരം സൃഷ്ടിക്കുകയും ചെയ്യാന്‍ സഹായകമാകണമെന്നും ഏറെ സമകാലിക പ്രാധാന്യമുള്ള സന്ദേശമാണിതെന്നും ചടങ്ങില്‍ സംസാരിച്ചവര്‍ അടിവരയിട്ടു.
ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷീല ഫിലിപ്പോസ്, ഈസ്റ്റേണ്‍ ഗേറ്റ് ജനറല്‍ മാനേജര്‍ ഹാഷിഫ് ഒളകര, ഗള്‍ഫ് കൂള്‍ ഇന്റര്‍നാഷണല്‍ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദലി, ഫറൂജ് അല്‍ അഫ് റാശ് മാനേജര്‍ ഷൗക്കത്ത്, ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ ജോണ്‍, ന്യൂ ഗുഡ് വില്‍ കാര്‍ഗോ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് നൗഷാദ് അബു, യുണീഖ് പ്രസിഡന്റ് ബിന്ദു ലിന്സണ്, ഉപദേശക ബോര്‍ഡ് ചെയര്‍പേഴ്സണ്‍ മിനി ബെന്നി, ഫിന്‍ഖ് പ്രസിഡണ്ട് അമ്പു സെല്‍വി ധനപാലന്, വര്‍ക്കിംഗ് പ്രസിഡണ്ട് മേരി ജോസഫ്, ജിആര്‍സിസി അധ്യക്ഷ രോഷ്നി കൃഷ്ണന്, ദ വേ കോര്‍പറേറ്റ് സര്‍വീസസ് സിഇഒ ഉവൈസ് ഉസ്മാന്, ക്യൂ മെലോഡിയ കോര്‍ഡിനേറ്റര്‍ റഊഫ് മലയില്‍, വിജയമന്ത്രങ്ങളുടെ അവതാരകന് റാഫി പാറക്കാട്ടില്, പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ ഫിറോസ് നാദാപുരം, ഗായികയും കവയിത്രിയുമായ ഷെറിന് പൊയ്ലി, തസീര്‍ ജെന്യൂന് പാര്‍ട്സ് അസിസ്റ്റന്റ് സെയില്‍സ് മാനേജര്‍ ജയകുമാര്‍, സൈക്കോളജിസ്റ്റ് ആയിഷ സൈബൂല്‍ തുടങ്ങിയവര്‍ വിശിഷ്ട അതിഥികളായിരുന്നു.
റഊഫ് മലയിലും സംഘവുമൊരുക്കിയ ഗാനവിരുന്ന് പ്രകാശന ചടങ്ങ് അവിസ്മരണീയമാക്കി. മീഡിയ പ്ലസ് സിഇഒയും പെരുന്നാള്‍ നിലാവ് ചീഫ് എഡിറ്ററുമായ ഡോ. അമാനുല്ല വടക്കാങ്ങര സ്വാഗതവും മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ് തങ്കയത്തില്‍ നന്ദിയും പറഞ്ഞു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാന്പത്തിക സ്ഥിതി സംബന്ധിച്ചു ധവളപത്രം പുറപ്പെടുവിക്കാൻ വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള ആദ്യ മന്ത്രിസഭായോഗം തീരുമാനിച്ചു.
ആദ്യ മന്ത്രിസഭായോഗത്തിൽ സംസ്ഥാനത്തിന്റെ സാന്പത്തിക സ്ഥിതി പഠിക്കാൻ ധവളപത്രം പുറത്തിറക്കാൻ തീരുമാനിക്കുമെന്നു നേരത്തെ ’ദീപിക’ റിപ്പോർട്ട് ചെയ്തിരുന്നു. ഉദ്യോഗസ്ഥരെ കൂടാതെ സാന്പത്തിക വിദഗ്ധർ അടങ്ങിയ ടീം ആകും സംസ്ഥാനത്തിന്റെ സാന്പത്തിക സ്ഥിതി പരിശോധിച്ചു ധവളപത്രം ഇറക്കുകയെന്നു മന്ത്രിസഭായോഗ തീരുമാനങ്ങൾ വിശദീകരിച്ച മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു.
കഴിഞ്ഞ 10 വർഷത്തെ എൽഡിഎഫ് ഭരണത്തിൽ സംസ്ഥാനത്തിന്റെ പൊതുകടവും കുടിശികകളും വൻതോതിൽ ഉയർന്നെന്നാണ് യുഡിഎഫ് കണക്കുകൂട്ടൽ. വൈകാതെ സംസ്ഥാനത്തിന്റെ സാന്പത്തിക നില സംബന്ധിച്ച ധവളപത്രം നിയമസഭയുടെ മേശപ്പുറത്തു വയ്ക്കുകയാണ് ലക്ഷ്യം.
ഒന്നും രണ്ടും പിണറായി സർക്കാരുകൾ വിവിധ വിഭാഗങ്ങൾക്കു നൽകാനുള്ള കുടിശിക 1.5 ലക്ഷം കോടി രൂപ എങ്കിലും വരുമെന്നാണു വിലയിരുത്തൽ. പെൻഷൻ കന്പനിക്ക് കുടിശിക ഇനത്തിൽ മാത്രം 15,000 കോടി രൂപയെങ്കിലും നൽകാനുണ്ട്.
സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിഎ, ഡിആർ കുടിശികയും ശന്പള പരിഷ്കരണം, ലീവ് സറണ്ടർ കുടിശികകൾ വഴി ഏകദേശം 50,000 കോടി രൂപയുടെ കുടിശികയുണ്ടെന്നാണ് ജീവനക്കാരുടെ സംഘടനകൾ നൽകിയിട്ടുള്ള കണക്ക്.
National
ഇംഫാൽ: മണിപ്പുരിൽ സായുധസംഘങ്ങളുടെ പിടിയിലായിരുന്ന ബന്ദികളിൽ 31 പേരെ വിട്ടയച്ചു. ആറുപേർ ഇപ്പോഴും സായുധസംഘങ്ങളുടെ പിടിയിൽ തുടരുന്നതായാണ് നിഗമനം.
കാങ്പോക്പി, സേനാപതി ജില്ലകളിൽനിന്ന് ബുധനാഴ്ചയാണ് കുക്കി,നാഗ വിഭാഗങ്ങളിൽ നിന്നുള്ളവരെ ബന്ദികളാക്കിയത്. മോചിതരായവരില്‍ ഡോൺബോസ്കോ സഭാംഗങ്ങളായ രണ്ടുപേരും നാഗ വിഭാഗക്കാരായ പന്ത്രണ്ട് സ്ത്രീകളും ഉണ്ട്.
മക്ഹാന് ഗ്രാമത്തില്‍ ഇവരെ മോചിപ്പിക്കുകയായിരുന്നു. സേനാപതി ജില്ലയില്‍നിന്ന് ബിന്ദിയാക്കപ്പെട്ട കുക്കി വിഭാഗക്കാരായ നാല് പുരുഷന്മാരെ സായുധസംഘം സുരക്ഷാസേനയ്ക്കു കൈമാറുകയായിരുന്നു. ഏതാനും സ്ത്രീകളെയും മോചിപ്പിച്ചു.
വിവിധ സംഘടനകളുടെ ശക്തമായ സമ്മർദത്തെത്തുടർന്ന് ഇന്നലെ മാത്രം 28 പേരെ മോചിപ്പിച്ചു. മുഴുവൻ ആളുകളെയും സുരക്ഷിതമായി മോചിപ്പിക്കണമെന്ന് സംഘടകൾ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞദിവസം തീവ്രവാദികളുടെ വെടിയേറ്റു തഡോ ബാപിസ്റ്റ് അംഗങ്ങളായ മൂന്ന് പാസ്റ്റർമാർ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് മേഖലയിൽ സംഘർഷം ശക്തമായത്.
പ്രതിഷേധം ശക്തമായതിനൊപ്പം പല ഗ്രാമങ്ങളിലും സംഘർഷം രൂക്ഷമായി. ഇതോടെയാണ് വിവിധ ഗോത്രവിഭാഗക്കാർ എതിർ വിഭാഗങ്ങളെ ബന്ദികളാക്കിയത്.
Kerala
പരവൂര്‍: ആധാര്‍ എന്റോള്‍മെന്റ്, അപ്ഡേഷന് നടപടികളില്‍ നിര്‍ണായക മാറ്റങ്ങള്‍ വരുത്തി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. കുട്ടികള്‍, മുതിര്‍ന്നവര്‍, ട്രാന്സ്ജെന്ഡറുകള്, പ്രവാസികള്‍, വിദേശികള്‍ എന്നിവര്‍ക്ക് ആധാര്‍ എടുക്കുന്നതിനും വിവരങ്ങള്‍ പുതുക്കുന്നതിനും ഇനി മുതല്‍ പ്രത്യേക വിഭാഗങ്ങളിലായി തിരിച്ചുള്ള രേഖകള്‍ നല്‍കണം. ആധാര്‍ സംവിധാനത്തിന്റെ സുതാര്യത വര്‍ധിപ്പിക്കുന്നതിനും വ്യാജരേഖകള്‍ തടയുന്നതിനുമാണ് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അഥോറിറ്റി ഓഫ് ഇന്ത്യ 2016ലെ ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയത്.
►കുട്ടികള്‍ക്ക് കുടുംബനാഥന്റെ ആധാര്‍ നിര്‍ബന്ധം:
അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളുടെ ആധാര്‍ എൻറോള്‍മെന്റിന് കുടുംബനാഥാധിഷ്ഠിത സംവിധാനം നിര്‍ബന്ധമാക്കി. മാതാപിതാക്കളുടെയോ നിയമപരമായ രക്ഷിതാക്കളുടെയോ സാധുവായ ആധാര്‍ ഇതിനായി ആവശ്യമാണ്. കുട്ടിയുടെ ആധാറിലെ വിലാസം കുടുംബനാഥന്റെ ആധാറിലെ വിലാസത്തിന് തുല്യമായിരിക്കും. കുട്ടികളുടെ എൻറോള്‍മെന്റ് സമയത്ത് രക്ഷിതാക്കളില്‍ ഒരാളുടെ ബയോമെട്രിക് സ്ഥിരീകരണം നിര്‍ബന്ധമാണ്. ജനന സര്‍ട്ടിഫിക്കറ്റാണ് ജനനത്തീയതി തെളിയിക്കുന്നതിനുള്ള പ്രധാന രേഖ.
►മുതിര്‍ന്നവര്‍ക്കുള്ള രേഖകള്‍:
18 വയസിന് മുകളിലുള്ളവര്‍ക്ക് ആധാര്‍ എടുക്കുന്നതിനും പുതുക്കുന്നതിനുമുള്ള രേഖകളുടെ പട്ടിക വിപുലീകരിച്ചു. പാസ്പോര്‍ട്ട്, റേഷന്‍ കാര്‍ഡ്, വോട്ടര്‍ ഐഡി, ഡ്രൈവിംഗ് ലൈസന്‍സ്, പെന്‍ഷനര്‍ കാര്‍ഡ്, ബാങ്ക് രേഖകള്‍, വൈദ്യുതി-വെള്ളം-ഗ്യാസ് ബില്ലുകള്‍, ഇന്‍ഷ്വറൻസ് രേഖകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. നല്കുന്ന രേഖകളെല്ലാം അതത് അഥോറിറ്റികള്‍ക്ക് ഓണ്‍ലൈനായി പരിശോധിക്കാന്‍ കഴിയുന്നവയായിരിക്കണം.
►ട്രാന്സ്ജെന്ഡര്മാര്ക്കുംഭിന്നശേഷിക്കാര്ക്കും ഇളവ്:
ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് സര്‍ക്കാര്‍ നല്കുന്ന ഐഡന്റിറ്റി കാര്‍ഡുകളോ സര്‍ട്ടിഫിക്കറ്റുകളോ തിരിച്ചറിയല്‍ രേഖയായും വിലാസം തെളിയിക്കാനും ഉപയോഗിക്കാം. പേരും ലിംഗമാറ്റവും ആധാറില്‍ പുതുക്കാനും ഈ രേഖകള്‍ മതിയാകും. ഭിന്നശേഷിക്കാര്‍, അഗതിമന്ദിരങ്ങളില്‍ കഴിയുന്നവര്‍, ശിശുസംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികള്‍ എന്നിവര്‍ക്കായി ജില്ലാ സോഷ്യല്‍ വെല്‍ഫെയര്‍ ഓഫീസര്‍മാര്‍ നല്കുന്ന സര്‍ട്ടിഫിക്കറ്റുകളും അംഗീകൃത രേഖകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
►മറ്റ് പ്രധാന മാറ്റങ്ങള്‍:
വിലാസം തെളിയിക്കാന്‍ രേഖകളില്ലാത്തവര്‍ക്കായി എംപിമാര്‍, എംഎല്‍എമാര്‍, തഹസില്‍ദാര്‍മാര്‍, ഗസറ്റഡ് ഓഫീസര്‍മാര്‍, പഞ്ചായത്ത് അധ്യക്ഷന്മാര് എന്നിവര്‍ നല്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ നിശ്ചിത സാഹചര്യങ്ങളില്‍ അംഗീകരിക്കും.
നേപ്പാള്‍, ഭൂട്ടാന് പൗരന്മാര്ക്കും ഒസിഐ കാര്‍ഡുടമകള്‍ക്കും നല്കുന്ന ആധാറിന് 10 വര്‍ഷത്തെ കാലാവധിയുണ്ടാകും. മറ്റ് വിദേശ പൗരന്മാരുടെ ആധാര്‍ കാലാവധി അവരുടെ വിസയുടെയോ എഫ്ആര്‍ആര്‍ഒ രജിസ്ട്രേഷന്റെയോ കാലാവധിക്കു തുല്യമായിരിക്കും. വ്യാജ രേഖകള്‍ ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ തടയാന്‍ പുതിയ കര്‍ശനമായ വെരിഫിക്കേഷന് മാനദണ്ഡങ്ങള്‍ സഹായിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
National
ന്യൂഡൽഹി: എംഎൽഎമാരിൽ ഭൂരിപക്ഷത്തിന്റെയും പിന്തുണ കെ.സി. വേണുഗോപാലിനാണെന്ന് എഐസിസി നിരീക്ഷകരുടെ റിപ്പോർട്ട്. മുഖ്യമന്ത്രിയെ കണ്ടെത്താൻ ഹൈക്കമാൻഡ് നിയോഗിച്ച എഐസിസി നിരീക്ഷകർ കേരളത്തിലെത്തി എംഎൽഎമാരുമായും നേതാക്കളുമായി നടത്തിയ ചർച്ചയ്ക്കുശേഷം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെക്ക് സമർപ്പിച്ച റിപ്പോർട്ടിലാണിത്.
ജനവികാരം പരിഗണിക്കണമെന്ന മുതിർന്ന നേതാക്കളുടെ നിലപാടും റിപ്പോർട്ടിലുണ്ട്. സംസ്ഥാനത്തെ സാഹചര്യം സങ്കീർണമെന്നും നിരീക്ഷകർ മല്ലികാർജുൻ ഖർഗയെ ധരിപ്പിച്ചിട്ടുണ്ട്. ഘടകകക്ഷികളുടെ നിലപാട് ചൂണ്ടിക്കാട്ടിയപ്പോൾ അവരുമായി സംസാരിക്കുമെന്ന് ഖർഗെ അറിയിച്ചതായും വിവരമുണ്ട്.
അജയ് മാക്കാനും മുകുൾ വാസ്നിക്കും രാവിലെ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ നേരിട്ടെത്തിയാണ് റിപ്പോർട്ട് കൈമാറിയത്. റിപ്പോർട്ടിന്മേൽ ചർച്ചകൾ നടക്കുമെന്ന് അജയ് മാക്കൻ അറിയിച്ചു. മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം വൈകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
കണ്ണൂര്‍: അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തിലെ രണ്ടാം പ്രതി ഡോ. കെ.ടി. സംഗീത നമ്പ്യാർ അറസ്റ്റിൽ. കണ്ണൂർ എസിപി ആർ. ഹരിപ്രസാദിന്റെ മുന്നിൽ ഇന്ന് ഉച്ചയോടെയാണ് സംഗീത ഹാജർ ആകുകയായിരുന്നു. തുടർന്ന് അധ്യാപികയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു.
നേരത്തെ, തലശേരി സെഷൻസ് കോടതി സംഗീത നമ്പ്യാർക്ക് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. സംഗീതയ്ക്ക് ജാമ്യം നിഷേധിക്കാൻ മതിയായ തെളിവുകൾ ഹാജരാക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അധ്യാപികയെ ചോദ്യം ചെയ്ത ശേഷം പോലീസ് വിട്ടയച്ചത്.
അതേസമയം, കേസിലെ ഒന്നാം പ്രതിയായ ഡോക്ടർ എം.കെ. റാമിനായി സംസ്ഥാനത്തിന് അകത്തും പുറത്തും പോലീസ് തെരച്ചിൽ തുടരുകയാണ്. കർണാടകയിലും ആന്ധ്രയിലുമായി പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് തെരച്ചിൽ നടത്തുന്നത്.
National
മുംബൈ: 2008ലെ മാലേഗാവ് സ്ഫോടനക്കേസിൽ നാലു പ്രതികളെ ബോംബെ ഹൈക്കോടതി കുറ്റവിമുക്തരാക്കി. രാജേന്ദ്ര ചൗധരി, ധൻ സിംഗ്, മനോഹർ രാം സിംഗ് നർവാരിയ, ലോകേഷ് ശർമ എന്നിവരെയാണ് വെറുതെ വിട്ടത്. മാലാഗാവ് സ്ഫോടനത്തിൽ 31 പേരാണ് കൊല്ലപ്പെട്ടത്.
National
സുള്ള്യ: സുള്ള്യയിൽ കേരള അതിർത്തിക്കു സമീപമുള്ള ജനവാസ മേഖലയിൽ കിണറ്റിൽ വീണ കാട്ടാനയെ കർണാടക വനംവകുപ്പ് ജീവനക്കാർ രക്ഷപ്പെടുത്തി കാടുകയറ്റി.
കഴിഞ്ഞദിവസം രാത്രിയാണ് 20 വയസ് തോന്നിക്കുന്ന കാട്ടാന വനാതിർത്തിക്കു സമീപമുള്ള കൃഷിയിടത്തിലെ കിണറ്റിൽ അകപ്പെട്ടത്. കിണറ്റിൽ വെള്ളം ഏതാണ്ട് വറ്റിയ നിലയിലായിരുന്നു. രാവിലെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് അധികൃതർ അഞ്ചു മണിക്കൂറിലേറെ നീണ്ട പ്രയത്നത്തിനൊടുവിലാണ് ആനയെ കരകയറ്റിയത്.
ജെസിബി ഉപയോഗിച്ച് കിണറിന്റെ ഒരു ഭാഗം ഇടിച്ചാണ് ആനയ്ക്ക് കരകയറാൻ വഴിയൊരുക്കിയത്. കരയിലെത്തിയ ആനയെ പടക്കം പൊട്ടിച്ച് കാട്ടിലേക്ക് തുരത്തുകയായിരുന്നു. ഇവിടെ ജനവാസമേഖലയിൽ കാട്ടാനയിറങ്ങുന്നത് പതിവാണെന്ന് നാട്ടുകാർ പറഞ്ഞു.
ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡോ. വി. കരികാലൻ, ഡെപ്യൂട്ടി കൺസർവേറ്റർ അന്തോണി മാരിയപ്പ, അസി. കൺസർവേറ്റർ പ്രശാന്ത് കുമാർ പൈ, സുബ്ബയ്യ നായ്ക്, ബി.എം. കിരൺ, വിമൽ ബാബു എന്നിവർ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി.
Kerala
ചെങ്ങന്നൂർ: കമ്യൂണിസ്റ്റ് പാർട്ടിയെ കടന്നാക്രമിക്കുന്നത് തുടർന്നാൽ മുൻ മന്ത്രി ജി. സുധാകരന്റെ വിവരങ്ങൾ ഓരോന്നായി വെളിപ്പെടുത്തുമെന്ന് മന്ത്രി സജി ചെറിയാൻ. ഇനി തനിക്ക് ഒന്നും നഷ്ടപ്പെടാനില്ലെന്നും സുധാകരൻ മാന്യതയുടെ അതിർവരമ്പുകൾ ലംഘിക്കുകയാണെന്നും അദ്ദേഹം ചെങ്ങന്നൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
പി. കൃഷ്ണപിള്ള സ്മാരകം തകർത്ത സംഭവത്തിൽ സുധാകരൻ ഉന്നയിച്ച ആരോപണങ്ങളെ സജി ചെറിയാൻ ശക്തമായി പ്രതിരോധിച്ചു. സ്മാരകം തകർക്കാൻ പോയിട്ടുണ്ടെങ്കിൽ തങ്ങൾ രണ്ടുപേരും ഒരുമിച്ചേ പോകൂ എന്നായിരുന്നു മന്ത്രിയുടെ പരിഹാസം.
താൻ സുധാകരന്റെയും സുധാകരൻ തന്റെയും നിഴലായി നിന്ന കാലമാണത്. താൻ പോയിട്ടുണ്ടെങ്കിൽ സുധാകരനും അതിലുണ്ടാകും. മര്യാദകെട്ട വർത്തമാനമാണ് അദ്ദേഹം പറയുന്നത്. തിരിച്ച് താനും ആരോപണം ഉന്നയിച്ചാലോ? ജി. സുധാകരനാണ് സ്മാരകം കത്തിക്കാൻ പോയതെന്ന് താൻ പറഞ്ഞാൽ എന്താകും സ്ഥിതി?- സജി ചെറിയാൻ ചോദിച്ചു.
കെ.സി. വേണുഗോപാലിനോ ചെന്നിത്തലയ്ക്കോ സതീശനോ ഇല്ലാത്ത ആവേശമാണ് പാർട്ടിയെ ആക്ഷേപിക്കാൻ സുധാകരൻ കാണിക്കുന്നത്. സുധാകരനെ ചുമക്കുന്ന കെ.സി. വേണുഗോപാൽ ഒടുവിൽ ആലപ്പുഴ കടലിൽ ചാടി ചാകേണ്ടിവരുമെന്നും സജി ചെറിയാൻ പറഞ്ഞു.
NRI
ന്യൂ ഓർലിയൻസ്: ലൂസിയാനയിലെ സൈനിക താവളത്തിൽ വച്ച് ഇമിഗ്രേഷൻ വിഭാഗം തടഞ്ഞുവച്ച യുഎസ് ആർമി ഉദ്യോഗസ്ഥന്റെ ഭാര്യയെ വിട്ടയച്ചു. ഹോണ്ടുറാസിൽ ജനിച്ച ആനി റാമോസ് എന്ന 22 വയസുകാരിയെയാണ് നാടുകടത്തൽ ഭീഷണിക്കിടെ മോചിപ്പിച്ചത്.
സ്റ്റാഫ് സർജന്റ് മാത്യു ബ്ലാങ്ക് തന്റെ ഭാര്യയെ സൈനിക ആനുകൂല്യങ്ങൾക്കും ഗ്രീൻ കാർഡിനും അപേക്ഷിക്കാനായി ഫോർട്ട് പോൾക്ക് സൈനിക താവളത്തിൽ എത്തിച്ചപ്പോഴാണ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്. 2005 മുതൽ അമേരിക്കയിൽ താമസിക്കുന്ന ആനിക്ക് നിയമപരമായ പദവിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
യുദ്ധകാലത്ത് സൈനികരുടെ കുടുംബാംഗങ്ങളെ നാടുകടത്തുന്നത് സൈന്യത്തിന്റെ മനോവീര്യത്തെ തകർക്കുമെന്ന് വിവിധ സംഘടനകൾ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് സൈനിക റിക്രൂട്ട്മെന്റിനെ ദോഷകരമായി ബാധിക്കുമെന്നും വിമർശനമുയർന്നു.
മുൻപ് സൈനികരുടെ കുടുംബാംഗങ്ങൾക്ക് ഇമിഗ്രേഷൻ നിയമങ്ങളിൽ ഇളവ് നൽകിയിരുന്നു. എന്നാൽ നിലവിലെ ഭരണകൂടത്തിന്റെ കർശനമായ നാടുകടത്തൽ നയങ്ങൾ സൈനിക കുടുംബങ്ങളെപ്പോലും ബാധിക്കുന്നതിന്റെ ഉദാഹരണമായി ഈ സംഭവം മാറി.
മോചിതയായ ആനി റാമോസ് തന്റെ പഠനം തുടരാനും ഭർത്താവിനൊപ്പം സമാധാനമായി ജീവിക്കാനുമാണ് ആഗ്രഹിക്കുന്നതെന്ന് പ്രതികരിച്ചു.
NRI
മിഡ്ലൻഡ്സ്: കേരള നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചരണാർഥം ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെ കേരള ചാപ്റ്റർ മിഡ്ലാൻഡ്സ് കാമ്പയിൻ കമ്മിറ്റി തയാറാക്കിയ വീഡിയോ ഗാനം പുറത്തിറങ്ങി.
"പടയൊരുക്കം - മാറ്റത്തിനായി ഒരുമിക്കാം' എന്ന ആശയവുമായി പുറത്തിറങ്ങിയ ഈ ഗാനം സമൂഹ മാധ്യമങ്ങളിൽ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. നിരവധി യുഡിഎഫ് നേതാക്കൾ ഗാനത്തിന് പിന്തുണയും ആശംസകളും രേഖപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ഒരു ദശാബ്ദമായി സംസ്ഥാനത്ത് തുടരുന്ന ഇടതുപക്ഷ ഭരണത്തിന്റെ നയങ്ങളെ വിമർശിക്കുകയും രാഷ്ട്രീയ മാറ്റത്തിനായുള്ള ആവശ്യം ഉയർത്തുകയും ചെയ്യുന്ന സന്ദേശമാണ് ഗാനത്തിലൂടെ മുന്നോട്ട് വയ്ക്കുന്നത്.
ഗാനത്തിന്റെ വരികൾ ഒരുക്കിയത് യുകെയിലെ കോൺഗ്രസ് നേതാവായ ഫിലിപ്പ് കെ. ജോൺ ആണ്. സംഗീത സംവിധാനം നിർവഹിച്ചത് ഫെമിൻ ഫ്രാൻസിസ്. യുവ ഗായിക ശ്രദ്ധ ദിനേശാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ഓർക്കസ്ട്രേഷൻ പി.ടി. ജോസഫ് നിർവഹിച്ചപ്പോൾ, മിക്സിംഗ് നിർവഹിച്ചത് കെ.പി. അരുൺ ആണ്. മെട്രോ സ്റ്റുഡിയോയാണ് ഗാനത്തിന്റെ റിക്കാർഡിംഗിനും നിർമാണത്തിനും പിന്നിൽ പ്രവർത്തിച്ചത്.
ഐഒസി യുകെ കേരള ചാപ്റ്റർ മിഡ്ലാൻഡ്സ് കാമ്പയിൻ കമ്മിറ്റിയുടെ കീഴിൽ രൂപീകരിച്ച പ്രവർത്തകസംഘവും സോഷ്യൽ മീഡിയ ടീമും 140 മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനാർഥികൾക്കായി ശക്തമായ പ്രചാരണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.
മണ്ഡലം അടിസ്ഥാനത്തിൽ അവലോകന യോഗങ്ങളും ചർച്ചകളും ഉൾപ്പടെ ശക്തമായ പ്രചാരണ പരിപാടികളാണ് കാമ്പയിൻ കമ്മിറ്റിയുടെ കീഴിൽ സംഘടിപ്പിച്ചു വരുന്നത്.
ഐഒസി യുകെ കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ്, ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ്, ജോയിന്റ് ട്രഷറർ മണികണ്ഠൻ ഐക്കാട്, സോണി ചാക്കോ, എ.ആർ. അനുരാഗ്, സൈമൺ ചെറിയാൻ, മിഥുൻ മോഹൻ, ഷിജോ എന്നിവരടങ്ങുന്ന സംഘമാണ് നേതൃത്വം വഹിക്കുന്നത്.
പ്രവാസി സമൂഹത്തിന്റെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിന്റെ ഭാഗമായി വീഡിയോ പരമാവധി ആളുകളിൽ എത്തിക്കണമെന്ന് കമ്മിറ്റി അഭ്യർഥിച്ചു.
NRI
ദോഹ: ഖത്തറിലെ പ്രമുഖ അഡ്വര്‍ട്ടൈസിംഗ് ആൻഡ് ഇവന്റ് മാനേജ്മെന്റ് കമ്പനിയായ മീഡിയ പ്ലസ് പ്രസിദ്ധീകരിച്ച പെരുന്നാള്‍ നിലാവിന്റെ പ്രകാശനം അല്‍ സുവൈദ് ഗ്രൂപ്പ് കോര്‍പറേറ്റ് ഓഫീസില്‍ നടന്നു.
അല്‍ സുവൈദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. വി.വി.ഹംസയ്ക്ക് ആദ്യ പ്രതി നല്കി ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ ഉപദേശക സമിതി ചെയര്മാന് പി.എൻ. ബാബുരാജന് പ്രകാശനം നിര്‍വഹിച്ചു.
പെരുന്നാള്‍ നിലാവ് ഓണ്‍ ലൈന്‍ പതിപ്പ് ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷീല ഫിലിപ്പും ന്യൂ ഗുഡ്വില് കാര്‍ഗോ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് നൗഷാദ് അബുവും ചേര്‍ന്ന് പ്രകാശനം ചെയ്തു.
സിദ്ധീഖ് മൗലവി അയിലക്കാട്, സിദ്ധീഖ് ചെറുവല്ലൂര്‍, സാന്‍ഫോര്‍ഡ് സെയില്‍സ് മാനേജര്‍ ചെറില്‍ ഫിലിപ്പ്, വിജയമന്ത്രങ്ങളുടെ അവതാരകന് റാഫി പാറക്കാട്ടില്, അല്‍ സുവൈദ് ഗ്രൂപ്പ് ഡയറക്ടര്‍മാരായ ഫൈസല്‍ റസാഖ്, മിഷാല്‍, അഷ്ഫാഖ് എന്നിവര്‍ സംസാരിച്ചു.
ആഘോഷങ്ങള്‍ മാനവികതയുടെയും സംസ്കാരത്തിന്റെയും നിദര്‍ശനങ്ങളായി മാറുകയും പരസ്പരം ചേര്‍ത്തുപിടിക്കാനുള്ള നിരന്തര ശ്രമങ്ങള്‍ നടത്തുകയും ചെയ്യുമ്പോഴാണ് സമൂഹത്തില്‍ ഐക്യവും ഒരുമയുമുണ്ടാവുകയെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു
മീഡിയ പ്ലസ് സിഇഒയും പെരുന്നാള്‍ നിലാവ് ചീഫ് എഡിറ്ററുമായ ഡോ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു.
Education
തിരുവനന്തപുരം: സെപ്റ്റംബർ 2025- ഡിഎൽഎഡ് (ജനറൽ) രണ്ടാം സെമസ്റ്റർ റെഗുലർ ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം www.pareekshabha van.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.
Kerala
കൊച്ചി: തൃശൂരിലെ ചേതന ഗാനാശ്രമത്തിന്റെ ആഭിമുഖ്യത്തിൽ തയാറാക്കിയ ‘യേശുനാമസ്തുതി ശതകം’ എന്ന സംഗീത ആൽബം സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ പ്രകാശനം ചെയ്തു.
സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന ചടങ്ങിൽ നാടകരചയിതാവ് ഷെവ. സി.എൽ. ജോസ് ആൽബം ഏറ്റുവാങ്ങി.
ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളജിലെ റിട്ട. അധ്യാപിക പ്രഫ. മോളി ജോസഫ് മാമ്പിള്ളിയുടെ സംസ്കൃത രചനയിൽ പാടും പാതിരി ഫാ. ഡോ. പോൾ പൂവത്തിങ്കലും സംഘവും കർണാടിക് സംഗീതത്തിലെ രേവതി രാഗത്തിലാണു ഗാനം ഒരുക്കിയത്.
സംഗീത സംവിധായകൻ തൃശൂർ പോളിയാണ് ഓർക്കസ്ട്രേഷൻ നിർവഹിച്ചത്. സംഗീത ആൽബം യുട്യൂബിൽ ലഭ്യമാണ്.
NRI
വത്തിക്കാൻ സിറ്റി: റവ.ഡോ. ജോൺ പുതുവ രചിച്ച "പോപ്പ് ലിയോ XIV' എന്ന ഇംഗ്ലീഷ് പുസ്തകത്തിന്റെ പ്രകാശനം വത്തിക്കാനിൽ നടന്നു.
വത്തിക്കാനിലെ അഗുസ്റ്റീനിയൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ചടങ്ങിൽ പൊന്തിഫിക്കൽ അക്കാദമി ഫോർ ലൈഫിന്റെ പ്രസിഡന്റ് മോൺ റെൻസോ പെഗറാറോ, വത്തിക്കാനിലെ സമഗ്ര മാനുഷിക വികസനത്തിനായുള്ള വകുപ്പ് മേധാവി (Prefect of the Dicastery for Promoting Integral Human Development) കാർഡിനൽ മൈക്കിൾ ചേർണി എസ്ജെക്ക് നൽകിക്കൊണ്ട് നിർവഹിച്ചു.
പൊന്തിഫിക്കൽ അക്കാദമി ഫോർ ലൈഫ് നടത്തിയ രണ്ടു ദിവസത്തെ ഇന്റർനാഷണൽ സെമിനാറിൽ വച്ചായിരുന്നു പ്രകാശനം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കർദിനാൾമാർ, ബിഷപുമാർ, വൈദീകർ, അൽമായർ തുടങ്ങി നൂറോളം പ്രതിനിധികൾ സെമിനാറിൽ പങ്കെടുത്തു.
വലിയൊരു ചടങ്ങിൽ വച്ച് ലെയോ മാർപാപ്പയെക്കുറിച്ചുള്ള തന്റെ പുസ്തകം പ്രകാശനം ചെയ്യാനും പുസ്തകം മാർപാപ്പയുടെ കെെയിൽ എത്തിക്കാനും കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്ന് ഗ്രന്ഥകർത്താവ് ഡോ. ജോൺ പുതുവ പറഞ്ഞു.
ജോൺ പോൾ രണ്ടാമൻ മാർപാപ്പ, കാർലോ അക്കുത്തിസ്, കാരാ ലൂച്ചേ, സി. റാണി മരിയ തുടങ്ങി നിരവധി വിശുദ്ധാത്മാക്കളെക്കുറിച്ച് ഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ള ഡോ. പുതുവയുടെ പതിനാറാമത്തെ പുസ്തകമാണിത്.
എറണാകുളം ജില്ലയിലെ ചുള്ളി സ്വദേശിയാണ് ഡോ. പുതുവ, ഓസ്ട്രേലിയയിലെ ഡാർവിൻ സെന്റ് അൽഫോൻസാ പള്ളിവികാരിയായി സേവനം ചെയ്യുന്നു.
Kerala
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ ജയിലിലായിരുന്ന സിപിഎം നേതാവും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ എ. പത്മകുമാർ ജയിൽ മോചിതനായി. അഭിഭാഷകർക്കും കുടുംബാംഗങ്ങൾക്കും ഒപ്പമാണ് പത്മകുമാർ പുറത്തേക്ക് പോയത്.
രണ്ടാമത്തെ കേസിലും ജാമ്യം ലഭിച്ചതോടെയാണ് പത്മകുമാറിന് പുറത്തേക്കുള്ള വഴി തെളിഞ്ഞത്. ദ്വാരപാലക ശിൽപ കേസില്‍ എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് കൊല്ലം വിജിലൻസ് കോടതി പത്മകുമാറിന് ജാമ്യം അനുവദിച്ചത്.
ആദ്യം അറസ്റ്റിലായ കട്ടിളപാളി കേസിൽ നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. 90 ദിവസത്തെ റിമാൻഡ് പൂർത്തിയായതോടെയാണ് ദ്വാരപാലക കേസിലും ജാമ്യ ഹർജി നൽകിയത്. രണ്ടാമത്തെ കേസിലും ജാമ്യം ലഭിച്ച പത്മകുമാർ വൈകുന്നേരത്തോടെയാണ് ജയിൽ മോചിതനായത്.
കട്ടളപ്പാളിയിലെ സ്വർണ്ണം അപഹരിച്ച കേസിൽ നവംബർ 20 നാണ് പത്മകുമാർ ആദ്യം അറസ്റ്റിലാകുന്നത്. ഈ കേസിൽ നേരത്തെ കോടതി ജാമ്യം അനുവദിച്ചു. ഡിസംബർ രണ്ടിനാണ് ദ്വാരപാലക കേസിൽ പിന്നീട് അറസ്റ്റ് രേഖപ്പെടുത്തിയത്.
സ്വാഭാവിക ജാമ്യത്തിന്റെ ആനുകൂല്യം അതിലും പത്മകുമാറിന് കിട്ടി. ദേവസ്വം മിനിറ്റ്സ് ഉൾപ്പെടെ തിരുത്തി സ്വർണ്ണകൊള്ളയ്ക്ക് പത്മകുമാർ കൂട്ടുനിന്നുവെന്നായിരുന്നു എസ്ഐടി കണ്ടെത്തൽ.
NRI
കുവൈറ്റ് സിറ്റി: കുവൈറ്റിന്റെ ദേശീയ, വിമോചന ദിനാഘോഷങ്ങളുടെ ഭാഗമായി മുജ്തബ ക്രിയേഷൻസ് ബാനറിൽ ഹബീബുള്ള മുറ്റിച്ചൂർ സംവിധാനം നിർവഹിച്ച മ്യൂസിക്കൽ വീഡിയോ ആൽബം "യാ വതൻ അൽ കുവൈറ്റ്' റിലീസ് ചെയ്തു.
പ്രശസ്ത ഗായിക യുംന അജിൻ ഈണം നൽകിയ ആൽബത്തിൽ കുവൈറ്റിലെ നൂറിലധികം കലാകാരന്മാർ അഭിനയിച്ചിട്ടുണ്ട്. ഹലാ ഫെബ്രുവരി ആഘോഷങ്ങളുടെ ഭാഗമായി വിവിധ ഭാഷകളിൽ വരികൾ കോർത്തിണക്കി ആൽബങ്ങൾ പുറത്തിറക്കുന്ന മുജ്തബ ക്രിയേഷൻസിന്റെ പന്ത്രണ്ടാമത്തെ ആൽബമാണിത്.
അബ്ബാസിയ അസ്പെയർ ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കലാ-സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.
ഡോ. അബ്ദുല്ല ഹംസ (ഡാലിയ ഗ്രൂപ്പ് ചെയർമാൻ), ആബിദ് (ദുബായി കറക്ക് മാനേജിംഗ് ഡയറക്ടർ), അബ്ദുറഹ്മാൻ (അൽ അൻസാരി എക്സ്ചേഞ്ച് മാനേജർ), ലോക കേരള സഭാംഗങ്ങളായ ഹിക്മത്ത് ടിവി, മണിക്കുട്ടൻ എടക്കാട്, സത്താർ കുന്നിൽ, മാധ്യമ പ്രവർത്തകരായ സിദ്ധീഖ് വലിയകത്ത്, അനിൽ പി അലക്സ്, സലീം കോട്ടയിൽ, ജലിൻ തൃപ്രയാർ, മുനീർ അഹമദ്, എസ്.എ. ഷഹീദ് ലബ്ബ, മുനീർ പെരുമുഖം തുടങ്ങിയവർ സംസാരിച്ചു.
മുജ്തബ ഗ്രൂപ്പിന്റെ അണിയറ പ്രവർത്തകരായ ഹബീബുള്ള മുറ്റിച്ചൂർ, രാജേഷ് കൊച്ചിൻ (ഡികെ ഡാൻസ്), മൊയ്തു മേമി, ഇസ്മായിൽ വള്ളിയോത്ത്, കെ.പി. റാഷിദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ദേശസ്നേഹവും സാംസ്കാരിക ഐക്യവും പ്രതിഫലിപ്പിക്കുന്ന ഈ ആൽബം, കുവൈറ്റിലെ ഹാലാ ഫെബ്രുവരി ആഘോഷങ്ങൾക്ക് കൂടുതൽ നിറം പകരുമെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി.
Kerala
കണ്ണൂർ: സിപിഎമ്മിൽ നിന്ന് പുറത്താക്കിയ വി. കുഞ്ഞികൃഷ്ണന്റെ `നേതൃത്വത്തെ അണികൾ തിരുത്തണം' എന്ന തലക്കെട്ടിലുള്ള പുസ്തകം പ്രകാശനം ചെയ്തു. രാഷ്ടീയ നിരീഷകൻ ജോസഫ് സി. മാത്യുവാണ് പുസ്തകം പ്രകാശനം ചെയ്തത്.
സിപിഎം പ്രവർത്തകർ പരിപാടി അലങ്കോലമാക്കാൻ സാധ്യതയുണ്ടെന്ന് കാണിച്ച് കുഞ്ഞികൃഷ്ണൻ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പുസ്തക പ്രകാശന ചടങ്ങിന് വലിയ സുരക്ഷ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം നൽകിയിട്ടുണ്ട്.
വലിയ ജനാവലിയാണ് പുസ്തക പ്രകാശന ചടങ്ങിന് എത്തിയത്. ചടങ്ങിൽ സംസാരിച്ച കുഞ്ഞികൃഷ്ണൻ പ്രകാശന ചടങ്ങ് അലങ്കോലമാക്കാൻ സിപിഎമ്മും ഡിവൈഎഫ്ഐയും ശ്രമം നടത്തിയെന്നും നവമാധ്യമങ്ങളിലൂടെ തന്നെ മോശക്കാരനാക്കാൻ വലിയ ശ്രമം നടക്കുന്നുണ്ടെന്നും ആരോപിച്ചു.
പ്രകാശന ചടങ്ങിന് ശേഷം പുസ്തകം വാങ്ങാനും വലിയ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉൾപ്പടെയുള്ള സിപിഎം നേതാക്കളും സൈബർ വിംഗും കുഞ്ഞികൃഷ്ണനെതിരേ രൂക്ഷമായ പ്രതികരണങ്ങളാണ് നടത്തുന്നത്.
Kerala
തിരുവനന്തപുരം: ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണമെന്ന് ഭരണപക്ഷത്തെ കേരള കോണ്‍ഗ്രസ്- എം അംഗമായ ജോബ് മൈക്കിൾ.
നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുന്പോഴാണ് ജോബ് മൈക്കിൾ ഈ ആവശ്യം ഉന്നയിച്ചത്.
International
അബുജ: നൈജീരിയയിൽ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയ കത്തോലിക്കാ വൈദികനെ മോചിപ്പിച്ചു.
കഡുന അതിരൂപതയിൽപ്പെട്ട സെന്റ് സ്റ്റീഫൻ ഇടവക വികാരി ഫാ. ബൊബ്ബോ പാസ്കലിനെയാണു രണ്ടുമാസത്തെ തടങ്കലിനുശേഷം മോചിപ്പിച്ചത്.
കഴിഞ്ഞ നവംബർ 17-നാണ് വൈദികമന്ദിരത്തിലേക്ക് ഇരച്ചുകയറിയ തോക്കുധാരികൾ വൈദികനെ തട്ടിക്കൊണ്ടുപോയത്.
വൈദികന്റെ മോചനത്തിനായി പരിശ്രമിക്കുകയും പ്രാർഥിക്കുകയും ചെയ്ത എല്ലാവർക്കും നന്ദിയർപ്പിക്കുന്നതായി അതിരൂപത ആർച്ച്ബിഷപ് മാത്യു മാൻ ഒസൊ ധാഗൊസൊ പറഞ്ഞു.
Kerala
ചങ്ങനാശേരി: സീറോമലബാര്‍ സഭ പ്രഖ്യാപിച്ചിരിക്കുന്ന സമുദായ ശക്തീകരണവര്‍ഷം 2026ന് ചങ്ങനാശേരി അതിരൂപതയില്‍ പ്രൗഢോജ്വല തുടക്കും. കുറുമ്പനാടം സെന്റ് ആന്റണീസ് ഫൊറോനാ പള്ളി ഓഡിറ്റോറിയത്തിലെ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ നഗറില്‍ നസ്രാണി പാരമ്പര്യത്തനിമയില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ സമുദായ വര്‍ഷാചരണത്തിന് ദീപം തെളിച്ചു. സമുദായബോധം അഭിമാനബോധമാണെന്നും സമുദായ ശക്തീകരണം മറ്റാര്‍ക്കും എതിരല്ലെന്നും മാര്‍ തോമസ് തറയില്‍ അഭിപ്രായപ്പെട്ടു.
ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പഠിച്ചു സമര്‍പ്പിച്ച ജസ്റ്റീസ് ജെ.ബി. കമ്മീഷന് റിപ്പോര്‍ട്ടിലെ ഇരുനൂറോളം ശിപാര്‍ശകള്‍ നടപ്പാക്കിയെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടില്ല. സര്‍ക്കാര്‍ ഈ വിഷയത്തില്‍ ശ്രദ്ധിക്കുന്നുണ്ടെന്നതില് സന്തോഷമുണ്ട്. എന്നാല്‍ പാലൊളി മുഹമ്മദ്കുട്ടി കമ്മീഷന്റെ ശിപാര്‍ശകള്‍ എല്ലാവര്ക്കും മനസിലാക്കത്തക്കവിധം ഇന്റർനെറ്റിലടക്കം പരസ്യമാക്കിയിരുന്നു. ഇതുപോലെ ജസ്റ്റീസ് കോശി കമ്മീഷന് റിപ്പോര്‍ട്ടിലെ ശിപാര്‍ശകളും പുറത്തുവിടണമെന്ന് മാര്‍ തോമസ് തറയില്‍ ആവശ്യപ്പെട്ടു.
സമുദായം തുടങ്ങിയ സ്കൂളുകളും കോളജുകളും ആശുപത്രികളും നമുക്കുവേണ്ടിമാത്രമായിരുന്നില്ല. നമുക്ക് എയ്ഡഡ് സ്ഥാപനങ്ങള്‍ അനുവദിച്ചത് ഏതാണ്ട് ആനുകൂല്യം പോലെയാണെന്നും അര്‍ഹമല്ലാത്തത് ചോദിച്ചു വാങ്ങിയെന്നുമുള്ള ശബ്ദം ഉയരുന്നുണ്ട്. സഭയ്ക്ക് എയ്ഡഡ് സ്കൂളുകള്‍ അനുവദിച്ചിരുന്നില്ലെങ്കില്‍ കേരളത്തിന്റെ വിദ്യാഭ്യാസ സംസ്കാരം എവിടെ നില്ക്കുമായിരുന്നു? ജാതിമത ഭേദമെന്യേ വിദ്യാഭ്യാസം നല്കാന് ക്രൈസ്തവ സമുദായം തയാറായതിനാലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിച്ചു കിട്ടിയത്.
പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുന്ന വലിയ ഏജന്‍സിയായി മാറാന്‍ ക്രൈസ്തവ സമുദായത്തിനു കഴിഞ്ഞെങ്കില്‍ പൊതുസമൂഹം ആകമാനം അതിന്റെ ഫലം അനുഭവിച്ചിട്ടുണ്ടെന്നത് വിസ്മരിക്കരുത്. നാം നമുക്കുവേണ്ടി മാത്രമായി ഒന്നും ചോദിച്ചിട്ടില്ല. സമത്വം വേണമെന്നു മാത്രമേ സര്ക്കാരിനോട്ആവശ്യപ്പെടുന്നുള്ളൂ. ഭിന്നശേഷി സംവരണത്തിന്റെ പേരിലുള്ള വിഷയം പരിഹരിക്കണമെന്നു പറയുന്നത് സഭയ്ക്കുവേണ്ടി മാത്രമല്ല, പൊതുസമൂഹനന്മയ്ക്കുവേണ്ടിയാണെന്നും മാര്‍ തോമസ് തറയില്‍ വ്യക്തമാക്കി.
നമ്മുടെ ജാഗ്രതക്കുറവു മൂലമാണ് സമുദായത്തിന് ക്ഷീണം സംഭവിച്ചത്. വോട്ട്ബാങ്ക് രാഷ്ട്രീയം എല്ലാ രാഷ്ട്രീയക്കാര്‍ക്കുമുണ്ട്. സമുദായത്തെ വളര്‍ത്തിയെടുക്കാനുള്ള വലിയ ജാഗ്രത നമുക്കുണ്ടാകണം. സഭയുടേയും സമൂഹത്തിന്റെയും നന്മകളെക്കുറിച്ചു ചിന്തിക്കാന്‍ സമുദായശക്തീകരണ വര്‍ഷത്തില്‍ സാധിക്കണമെന്നും മാര്‍ തോമസ് തറയില്‍ ആഹ്വാനം ചെയ്തു.
ആര്‍ച്ച്ബിഷപ് എമരിറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടം അനുഗ്രഹപ്രഭാഷണം നടത്തി. ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്കായുള്ള പഠന കമ്മീഷന് ചെയര്‍മാനായിരുന്ന റിട്ട. ജസ്റ്റീസ് ജെ.ബി. കോശി മുഖ്യാതിഥിയായിരുന്നു. അതിരൂപത വികാരി ജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട് ആമുഖ പ്രഭാഷണവും കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍ മാര്‍ഗനിര്‍ദേശ പ്രഭാഷണവും നടത്തി.
യുവദീപ്തി എസ്എംവൈഎം ഡയറക്ടര്‍ റവ. ഡോ. സാവിയോ മാനാട്ട് പതാകയുയര്‍ത്തി. കുറുമ്പനാടം ഫൊറോനാ പള്ളി വികാരി റവ. ഡോ. ചെറിയാന് കറുകപ്പറമ്പില്‍, അതിരൂപത പിആര്‍ഒ അഡ്വ. ജോജി ചിറയില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. രേഖാ മാത്യൂസ്, അതിരൂപത കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍, സീറോമലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന് സെക്രട്ടറി ഫാ. ജയിംസ് കൊക്കാവയലില്‍, കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപത സെക്രട്ടറി ബിനു ഡൊമനിക്, ഫാ. ജേക്കബ് കാട്ടടി എന്നിവര്‍ പ്രസംഗിച്ചു.
Business
കൊച്ചി: കോഴിക്കറിയുടെ രുചിപ്പാട്ടായി. ലോക ചിക്കൻ കറി ദിനത്തിൽ ഈസ്റ്റേൺ ആണ് ‘ചിക്കൻ സോംഗ്’ എന്നപേരിൽ ഫോക്-റോക്ക് മ്യൂസിക് ഫിലിം പുറത്തിറക്കിയത്.
കേരളത്തിന്റെ തനത് രുചിവൈവിധ്യങ്ങളെയും സാംസ്കാരികപൈതൃകത്തെയും കോർത്തിണക്കിയാണു പാട്ടിന്റെ അവതരണം.
മലയാളിയുടെ ദൈനംദിന ജീവിതത്തിലും ആഘോഷങ്ങളിലും ഒഴിച്ചുകൂടാനാകാത്ത സാന്നിധ്യമായ കോഴിക്കറി വിഭവത്തോടുള്ള ആദരമാണ് ഈ സംഗീതശില്പമെന്ന് ഈസ്റ്റേൺ സിഇഒ ഗിരീഷ് നായർ പറഞ്ഞു.
സാധാരണക്കാരന്റെ പ്രാതൽ മുതൽ വലിയ ആഘോഷങ്ങളിലെ വിരുന്നുകളിൽ വരെ കോഴിക്കറി എങ്ങനെ ഒരു വികാരമായി മാറുന്നുവെന്ന് പാട്ടിലൂടെ ആവിഷ്കരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പിന്നണി ഗായകൻ സൂരജ് സന്തോഷും നടൻ മണിക്കുട്ടനും അണിനിരക്കുന്ന ഗാനാവിഷ് കാരം മൃദുൽ നായരാണു സംവിധാനം ചെയ്തത്. സുഹൈൽ കോയയുടെ വരികൾക്ക് മണികണ്ഠൻ അയ്യപ്പ ഈണമിട്ടു. കൊച്ചിയിൽ നടന്ന ചടങ്ങിൽ പാട്ടിന്റെ അവതരണം നടത്തി.
Kerala
കാസർഗോഡ്: കെഎസ്ആർടിസി ബസിനു കല്ലെറിഞ്ഞതിനു പോലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഉപ്പള മണ്ണംകുഴി പുതുക്കുടി ഹമീദ് അലിയെ (65) ആണ് ഇന്ന് രാവിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
തിങ്കളാഴ്ച കർണാടകയിലായിരുന്നു ഇയാൾ കെഎസ്ആർടിസി ബസിനു കല്ലെറിഞ്ഞത്. മംഗളൂരു ഭാഗത്തുനിന്നു കാസർഗോട്ടേക്കു വരികയായിരുന്ന ബസിനാണ് തലപ്പാടിയിൽ വച്ച് കല്ലേറുണ്ടായത്. ബസിന്റെ പിൻഭാഗത്തെ ചില്ല് തകർന്നു. മഞ്ചേശ്വരം പോലീസ് കസ്റ്റഡിയിലെടുത്ത ഹമീദ് അലിയെ കർണാടകയിലെ ഉള്ളാൽ പോലീസിനു കൈമാറുകയായിരുന്നു.
കേസ് രജിസ്റ്റർ ചെയ്ത ഉള്ളാൽ പോലീസ് ഹമീദ് അലിയെ വിട്ടയച്ചു. തലപ്പാടിയിൽനിന്നു മഞ്ചേശ്വരത്തേക്കു വരാൻ മൂന്ന് ബസുകൾക്ക് കൈ കാണിച്ചിട്ടും നിർത്താതെ പോയതോടെയാണ് കല്ലെറിഞ്ഞതെന്നാണ് ഇയാൾ പോലീസിനോടു പറഞ്ഞത്.
NRI
മനാമ: ബഹ്റിൻ പ്രവാസിയായ സുനിൽ തോമസ് റാന്നി ആദ്യമായി എഴുതിയ ക്രിസ്മസ് കരോൾ ഗാനം സംഗീത ആൽബം "സുകൃത ജനനം' റിലീസ് ചെയ്തു. പുൽക്കൂട്ടിൽ പിറന്നൊരു പൈതൽ എന്ന് തുടങ്ങുന്ന ഗാനം സുനിൽ റാന്നിയുടെ യൂട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തത്.
ഇന്ത്യൻ ക്ലബിൽ നടന്ന ക്രിസ്മസ് ആഘോഷത്തിൽ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ വികാരി ഫാ. ജേക്കബ് തോമസ് കാരക്കലിന്റെ സാന്നിധ്യത്തിൽ ഇന്ത്യൻ ക്ലബ് പ്രസിഡന്റ് ജോസഫ് ജോയ് ഗാനത്തിന്റെ യൂട്യൂബ് റിലീസ് നിർവഹിച്ചു.
ക്രിസ്മസ് ആഘോഷങ്ങൾ സംഘടിപ്പിച്ച ഇന്ത്യൻ ക്ലബിൽ നടന്ന റിലീസ് ചടങ്ങിൽ ഇവന്റ് കോഓർഡിനേറ്റർ ബിനോജ് മാത്യു, ഇന്ത്യൻ ക്ലബ് ഭാരവാഹികൾ തുടങ്ങി സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധിപേർ പങ്കെടുത്തു.
International
വാഷിംഗ്ടണ്‍ ഡിസി: കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയും കോടീശ്വരനുമായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ടുള്ള "എപ്സ്റ്റീൻ ഫയൽസ്' പുറത്തുവിട്ടുതുടങ്ങി. 300,00 പേജുകളുള്ള നടുക്കുന്ന ആദ്യ ബാച്ച് രേഖകളാണ് യുഎസ് ജസ്റ്റീസ് ഡിപ്പാര്‍ട്ട്മെന്റ് പുറത്തുവിട്ടത്. ബാക്കിയുള്ളവ വരുന്ന ആഴ്ചകളിലും പുറത്തുവിടും.
പുറത്തുവിട്ട ഫയലുകളിൽ അമേരിക്കൻ മുൻ പ്രസിഡന്റ് ബിൽ ക്ലിന്റണിന്റെ ചിത്രങ്ങളുമുണ്ട്. ക്ലിൻണിന്റെ ആയിരകണക്കിന് ചിത്രങ്ങളാണുള്ളത്. ചിത്രങ്ങൾ എപ്പോൾ പകർത്തിയതാണെന്ന് ഫയലുകളിൽ പറയുന്നില്ല.
ചിത്രങ്ങൾ പുറത്തിങ്ങിയതിനുശേഷം നിരവധി വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ സാമൂഹ്യ മാധ്യമങ്ങളിലുടെ പങ്കുവച്ചു. നോർത്ത് കരോളിനിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സംസാരിച്ചെങ്കിലും ഈ വിഷയത്തെകുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല.
പുതിയ ചിത്രങ്ങളെ കുറിച്ച് പ്രതികരിക്കാന്‍ ക്ലിന്റണ് തയാറായില്ലെങ്കിലും എപ്സ്റ്റൈനുമായി സമയം ചെലവഴിച്ചതില്‍ താന്‍ ഖേദിക്കുന്നുവെന്നും എപ്സ്റ്റീന്റെ കുറ്റകൃത്യങ്ങളെ കുറിച്ച് അറിയില്ലായിരുന്നുവെന്നും ക്ലിന്റണ് നേരത്തെ പറഞ്ഞിരുന്നു.
NRI
ഡബ്ലിൻ: മണ്ഡലകാലത്ത് അയ്യപ്പസ്വാമിക്ക് സമര്‍പ്പണമായി, കെ.ആര്. അനില്‍കുമാര്‍ രചനയും നിര്‍മാണവും നിര്‍വഹിച്ച് എന്‍.യു. സഞ്ജയ് ശിവ സംഗീതം നല്കി ആലപിച്ച അയ്യപ്പഭക്തിഗാനം "ഉദിക്കാമലയിലുദിക്കും ഉത്രം നക്ഷത്രം' യൂട്യൂബില്‍ റിലീസ് ചെയ്തു.
ആല്‍ബത്തിന്റെ സംവിധാനം കെ.പി. പ്രസാദും ഛായാഗ്രഹണവും എഡിറ്റിംഗും ജയകൃഷ്ണന് റെഡ് മൂവീസുമാണ് നിര്‍വഹിച്ചിരിക്കുന്നത്. അക്രമിയെ കീഴ്പ്പെടുത്തിയ വ്യാപാരിയെ അഭിനന്ദിച്ച് ട്രംപ് ഈ അയ്യപ്പഭക്തിഗാന ആല്‍ബത്തില്‍ പ്രധാനമായും അഭിനയിച്ചിരിക്കുന്നത് അശോക് കുമാറും ലക്ഷ്മി പാര്‍വതിയുമാണ്.
ആര്‍ട്ട് ആന്‍ഡ് മേയ്ക്കപ്പ് അജിത് പുതുപ്പള്ളിയും കാമറ അസോസിയേറ്റ് പ്രീതീഷുമാണ്. ഐറിഷ് മലയാളിയായ കെ.ആര്. അനില്‍കുമാറിന്റെ എട്ടാമത്തെ ആല്‍ബമാണ് "ഉദിക്കാമലയിലുദിക്കും ഉത്രം നക്ഷത്രം'.
NRI
ബെര്‍ലിന്‍: 37 വര്‍ഷമായി ക്രിസ്തീയ ഭക്തിഗാന മേഖലയില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച കുമ്പിള് ക്രിയേഷന്‍സ് ഇത്തവണയും ക്രിസ്മസ് ആല്‍ബമൊരുക്കി ശ്രദ്ധേയമായി. രചനയ്ക്കും സംഗീതത്തിനും എറെ പ്രാധാന്യം നല്കിയ ഹൃദ്യമായ കരോള്‍ ഗാനം "ക്രിസ്മസിന് ഹാപ്പിനസ്' ആസ്വാദകര്‍ ഇതിനോടകം നെഞ്ചിലേറ്റിക്കഴിഞ്ഞു.
റിലീസ് ചെയ്ത ആദ്യദിനംതന്നെ ഗാനം യുട്യൂബില്‍ വൈറലായി. 15,000 ലധികം പ്രേക്ഷകരാണ് ഇതുവരെയായി ഗാനം ആസ്വദിച്ചത്. ജര്‍മനിയിലെ സീറോമലങ്കര കത്തോലിക്കാ സമൂഹത്തിന്റെ യുവജനവിഭാഗമായ എംസിവൈഎമ്മിന്റെ നേതൃത്വത്തില്‍ ബോണിലെ ഹൈലിഗ് ഗൈസ്റ്റ് ദേവാലയ ഹാളില്‍ നവംബര്‍ 29ന് സംഘടിപ്പിച്ച ക്രിസ്മസ് കാരള്‍ഗാന മത്സരവേദിയിലാണ് "ക്രിസ്മസിന് ഹാപ്പിനസ്' ആല്‍ബം പ്രകാശനം ചെയ്തത്.
ചടങ്ങില്‍ ജോസ് കുമ്പിളുവേലില്‍ ആല്‍ബത്തെ പരിചയപ്പെടുത്തി. കൊളോണ്‍ അതിരൂപതയുടെ (ഐകെഎസ്) ഇന്റര്‍നാഷണല്‍ കാത്തലിക് പാസ്റ്ററല്‍ കെയര്‍ ആൻഡ് യൂത്ത് കോഓര്‍ഡിനേറ്ററും സീറോമലങ്കര സ്പരിച്വല്‍ ഡയറക്ടറുമായ റവ.ഡോ. ജോസഫ് ചേലംപറമ്പത്ത് ആമുഖപ്രസംഗം നടത്തി.
സീറോമലങ്കര കത്തോലിക്കാ സഭ ജര്‍മനി കോഓര്‍ഡിനേറ്റര്‍ ഫാ. സന്തോഷ് തോമസ് കോയിക്കല്‍ അധ്യക്ഷത വഹിച്ചു. സിഎംഐ സഭ ജര്‍മന്‍ ഡെലിഗേഷന് സുപ്പീരിയര്‍ ഫാ. ജോര്‍ജ് വടക്കിനേഴത്ത് സിഎംഐ, ഫാ. ജോണ്‍ ചരുവിള (തിരുവനന്തപുരം രൂപതാംഗം), സി.ലിന്‍ഡ എസ്എബിഎസ്, എംസിവൈഎം ആനിമേറ്റര്‍ സി. മെറിന് എസ്ഐസി, എംസിവൈഎം, പ്രസിഡന്റ് ഷാന്റി സാം എന്നിവര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
Kerala
കൊച്ചി: മലയാറ്റൂരിൽ രണ്ടു ദിവസം മുൻപ് കാണാതായ 19കാരി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത യുവാവിനെ വിട്ടയച്ചു. ചോദ്യം ചെയ്ത ശേഷമാണ് യുവാവിനെ വിട്ടയച്ചത്.
സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിരിക്കുകയാണ് പോലീസ്. കൂടുതൽ പേരെ പോലീസ് ചൊദ്യം ചെയ്യുമെന്നാണ് റിപ്പോർട്ട്.
മലയാറ്റൂർ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പിൽ ഷൈജുവിന്റെയും ഷിനിയുടെയും മകൾ ചിത്രപ്രിയ (19)യെയാണ് മരിച്ച നിലയിൽ കണ്ടത്. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് അന്വേഷണം നടന്നു വരികയാണ്.
മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ. ബുധനാഴ്ചയാണ് ചിത്രപ്രിയയുടെ പോസ്റ്റുമോർട്ടം.
ബംഗളരുവിൽ ഏവിയേഷന്‍ ബിരുദ വിദ്യാർഥിയായ ചിത്രപ്രിയയെ ശനിയാഴ്ച മുതലാണ് കാണാതായത്. തുടർന്ന് കാലടി പോലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിനിടെയാണ് ഇന്ന് മലയാറ്റൂർ മണപ്പാട്ട് ചിറയ്ക്ക് സമീപത്തെ സെബിയൂർ റോഡിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പിൽ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിന് പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. മരണം സംബന്ധിച്ച് പെൺകുട്ടിയുടെ മൊബൈൽ ഫോണ്‍ പരിശോധനയ്ക്ക് വിധേയമാക്കും.
NRI
ഡാർവിൻ: പുതുവ ക്രിയേഷൻസിന്റെ ബാനറിൽ റവ.ഡോ. ജോൺ പുതുവ രചനയും ബിജു മൂക്കന്നൂർ സംഗീതവും നിർവഹിച്ച "മാലോകരെ കേട്ടുവോ' എന്ന ക്രിസ്മസ് ഗാനം സൂപ്പർ ഹിറ്റ്.
ക്രിസ്മസ് കരോളുകളിൽ ആലപിക്കാൻ പറ്റുന്ന വിധം ചിട്ടപ്പെടുത്തിയിട്ടുള്ള ഈ ഗാനം ആലപിച്ചിരിക്കുന്നത് ഇരട്ട സഹോദര വൈദികരായ ഫാ. വിപിനും ഫാ. വിനിലുമാണ്.
ഡാർവിൻ സെന്റ് അൽഫോൻസ പള്ളി ഗായക സംഘമാണ് ഈ ഗാനം നിർമിച്ചിരിക്കുന്നത്. എഡ്വിൻ കുര്യാക്കോസ് പശ്ചാത്തല സംഗീത നൽകിയ ഈ ഗാനത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് ഹെർഷൽ ചാലക്കുടിയാണ്.
മെലഡിസ് അങ്കമാലിയിലെ കുട്ടികളാണ് കോറസ് ആലപിച്ചിരിക്കുന്നത്. ജോൺ പുതുവ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തിരിക്കുന്നു.