പ്രതീകാത്മക ചിത്രം
വാഷിംഗ്ടൺ: ടെൽ അവീവിലേക്കുള്ള ഫ്ലൈദുബായ് വിമാനത്തിൽ സഹപ്രവർത്തകനുനേരെ ആക്രമണം നടത്തിയ പൈലറ്റിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ഒമാനി പൗരനായ ഹമാം അൽ-ഹമ്മാമി എന്നയാളാണ് ആക്രമണം നടത്തിയതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. യുഎഇയിൽ ജനിച്ച് വളർന്ന ഇയാൾക്ക് തീവ്രവാദ ബന്ധങ്ങളും മുൻകാലങ്ങളിൽ കടുത്ത തീവ്രവാദ ആശയങ്ങളുമുണ്ടായിരുന്നുവെന്ന സംശയവും നിലനിന്നിരുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഒമാന്റെ ദേശീയ എയർലൈനായ ഒമാൻ എയറിൽ ഏഴ് വർഷത്തോളം ജോലി ചെയ്തിരുന്ന ഹമാം അൽ-ഹമ്മാമി, 2025 ഫെബ്രുവരിയിലാണ് അവിടെനിന്ന് മാറുന്നത്. തുടർന്ന് റോയൽ എയർ മൊറോക്കോയിലും പ്രവർത്തിച്ച ഇയാൾ, ഫ്ലൈദുബായിൽ ജോലിയിൽ പ്രവേശിച്ചിട്ട് എട്ട് മാസം മാത്രമാണ് പിന്നിട്ടിരുന്നത്. ഒമാൻ എയറിൽ ജോലി ചെയ്തിരുന്ന കാലത്ത് തീവ്രവാദ ചായ്വുകളും കടുത്ത ആശയങ്ങളും പ്രകടിപ്പിച്ചതിനെ തുടർന്ന് ഇയാളെ ഫ്ലൈറ്റ് ട്രെയിനിംഗിൽ നിന്ന് മാറ്റി മറ്റൊരു പദവിയിലേക്ക് നിയമിച്ചിരുന്നു.
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഇയാൾ ഇസ്ലാമിക തീവ്രവാദ പ്രവണതകൾക്ക് വിധേയനായതായി വ്യക്തമാക്കിയിട്ടുണ്ട്. ആക്രമണത്തിന് തൊട്ടുപിന്നാലെ പുറത്തുവന്ന ഇയാളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ അൽ-കയ്ദ മുൻ തലവൻ അയ്മാൻ അൽ-സവാഹിരിയുടെ ചിത്രങ്ങളും തീവ്രവാദ പരാമർശങ്ങളുള്ള വീഡിയോകളും പ്രത്യക്ഷപ്പെട്ടിരുന്നു. തുടർന്ന് ഇയാളുടെ ലിങ്ക്ഡ്ഇൻ, ഇൻസ്റ്റാഗ്രാം, എക്സ് അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യപ്പെടുകയുണ്ടായി.
ഇസ്രയേലുമായി ഔദ്യോഗിക ബന്ധമില്ലാത്ത ഒമാനിലെ പൗരൻ എങ്ങനെ ഇസ്രയേലിലേക്കുള്ള വിമാനത്തിൽ പൈലറ്റായി നിയമിക്കപ്പെട്ടു എന്നത് വലിയ സുരക്ഷാ ആശങ്കകൾക്കാണ് വഴിവെച്ചിരിക്കുന്നത്. സംഭവത്തിന് പിന്നിൽ ഭീകരവാദ ബന്ധമോ ഗൂഢാലോചനയോ ഉണ്ടോയെന്ന് യുഎഇ അറ്റോർണി ജനറലും ഇസ്രയേൽ സുരക്ഷാ ഏജൻസികളും (ഷിൻ ബെറ്റ്, മൊസാദ്) സംയുക്തമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമാനം വഴിതിരിച്ചുവിട്ട സൗദി അറേബ്യയിൽ വെച്ചും പ്രതിയെ ചോദ്യം ചെയ്തിരുന്നു.
Tags : Flydubai Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash