രാഹുൽ ഗാന്ധി.
ന്യൂഡൽഹി: വോട്ടർപട്ടികയിൽ പുതുതായി പേര് ചേർക്കുന്നതിനുള്ള ഓൺലൈൻ ഫോം ആറിൽ വരുത്തിയ അനധികൃത മാറ്റങ്ങളിലും തെരഞ്ഞെടുപ്പു കമ്മിഷന്റെ ഐടി പങ്കാളിയായ ടിസിഎസിന്റെ ഇടപെടലിലും ചോദ്യങ്ങളുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
കമ്മിഷന്റെ ഓൺലൈൻ പ്ലാറ്റ്ഫോമായ ഇസിഐ നെറ്റ് കൈകാര്യം ചെയ്യുന്ന ടാറ്റ കൺസൾട്ടൻസി സർവീസസിന് ഇത്തരം മാറ്റങ്ങൾ വരുത്താൻ ആരാണ് അധികാരം നൽകിയതെന്ന് രാഹുൽ ഗാന്ധി എക്സിലൂടെ ചോദിച്ചു.
രണ്ട് തെരഞ്ഞെടുപ്പു കമ്മിഷണർമാർതന്നെ ഇതു രേഖപ്പെടുത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. ഫോം ആറിൽ മാറ്റം വരുത്താൻ ടിസിഎസിനുമേൽ എന്തെങ്കിലും തരത്തിലുള്ള രാഷ്ട്രീയസമ്മർദമുണ്ടായിട്ടുണ്ടോയെന്നും കമ്പനിയിലെ ആരുടെ ഉത്തരവുപ്രകാരമാണ് മാറ്റങ്ങൾ നടപ്പിലാക്കിയതെന്നും അദ്ദേഹം ചോദിച്ചു.
വോട്ടർ പട്ടികയിൽനിന്ന് പേര് ഒഴിവാക്കാൻ സമർപ്പിക്കുന്ന ‘ഫോം ഏഴ്’ ദുരുപയോഗം ചെയ്തു പ്രതിപക്ഷവോട്ടുകൾ കൂട്ടത്തോടെ മായ്ച്ചുകളയുകയാണെന്ന് മറ്റൊരു സമൂഹമാധ്യമ പോസ്റ്റിൽ രാഹുൽ ഗാന്ധി ആരോപിച്ചു.
കർണാടകയിലെ ബലഗാവിയിൽ ഫോം ഏഴ് ഉപയോഗിച്ചു മുസ്ലിം വോട്ടർമാരുടെ പേരുകൾ വ്യാപകമായി നീക്കംചെയ്യാൻ നീക്കം നടന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
Tags : Form6 Tampered RahulGandhi ElectionCommission Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash