മുഖ്യമന്ത്രി വി.ഡി. സതീശന്
പത്തനംതിട്ട: തെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്കെതിരേ ഡല്‍ഹിയില്‍ സമരം ചെയ്യുന്ന സിപിഎം, കേരളത്തില്‍ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കുന്നതും മന്ത്രിമാരെ വഴിയില്‍ നടയുന്നതും പാര്‍ട്ടിക്കുള്ളിലെ അന്തഃഛിദ്രം മറയ്ക്കാനാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്.
നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ ഗൂഢാലാചന നടത്തിയിട്ടാണ് സമരവുമായി മുന്നോട്ടിറങ്ങിയിരിക്കുന്നത്. ക്രിമിനലുകളെ ഇളക്കിവിട്ട് സര്‍ക്കാരിനെ നേരിടാനാണ് ഭാവമെങ്കില്‍ അതേ രീതിയില്‍ നേരിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മിഷന് രാജ്യത്തെ സംവിധാനങ്ങളെയാകെ അട്ടിമറിക്കാന്‍ ശ്രമിച്ചത് തെളിവ് സഹിതം രാഹുല്‍ ഗാന്ധി ചോദ്യം ചെയ്തത് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് രാജ്യവ്യാപകമായി പ്രക്ഷോഭം ആരംഭിച്ചത്.
ജനാധിപത്യത്തില്‍ ഏറ്റവും പ്രധാനപ്പെട്ട സുതാര്യമായ തെരഞ്ഞെടുപ്പ് സംവിധാനമാണ് അട്ടിമറിക്കപ്പെട്ടിരിക്കുന്നത്. അതിനാണ് ജനാധിപത്യ രീതിയില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടത്.
ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ എസ്എഫ്ഐ എന്തിനാണ് യൂത്ത് കോണ്‍ഗ്രസുകാരെ കല്ലെറിയുന്നതെന്ന് വി.ഡി. സതീശന് ആരാഞ്ഞു. സമരം ചെയ്തത് പിണറായിക്കും ഗോവിന്ദനുമെതിരേയുമല്ലാതിരുന്നിട്ടും എന്തിനാണ് ഇവര്‍ക്ക് പൊള്ളുന്നത്. ഇതൊന്നും കേരളത്തിലെ ജനങ്ങള്‍ കണ്ടില്ലെന്ന് നടിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളം മുഴുവന്‍ സിപിഎമ്മുകാരും ബിജെപിക്കാരും സര്‍ക്കാരിനെതിരേ നടത്തുന്ന സമരമാണ് ഇപ്പോള്‍ നടക്കുന്നത്. മന്ത്രിമാരെ വഴിയില്‍ തടയുകയാണ്. ഏത് മന്ത്രി എന്ത് തെറ്റാണ് ചെയ്തത്.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കൂടിയായ മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനം ഇന്നലെ മൂന്ന് തവണയാണ് ആക്രമിക്കപ്പെട്ടത്. എന്തിനാണ് ബിജെപിക്കാരും സിപിഎമ്മുകാരും ഒരുമിച്ച് തെരവിലിറങ്ങിയിരിക്കുന്നത്. തെരുവില്‍ ക്രിമിനലുകളെ ഇറക്കിവിട്ട് ഭയപ്പെടുത്താനാണ് നോട്ടമെങ്കില്‍ കൈയില്‍ വച്ചാല്‍ മതിയെന്നും സതീശന് പറഞ്ഞു.
Tags : RoadBlockade CPM InternalRift ChiefMinister VDSatheesan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash