Kerala
കോട്ടയം: മുഖ്യമന്ത്രി വി.ഡി. സതീശനെ ദൃശ്യമാധ്യമത്തിലൂടെ അപമാനിച്ച സംഭവത്തില്‍ എൽഡിഎഫ് പ്രവർത്തകയ്ക്കെതിരെ പൊലിസ് കേസെടുത്തു. കോട്ടയം പായിപ്പാട് സ്വദേശി ലത രഘുവിനെതിരെയാണ് കേസെടുത്തത്. കോൺഗ്രസ് പായിപ്പാട് മണ്ഡലം കമ്മിറ്റി നല്കിയ പരാതിയിലാണ് നടപടി.
പ്രതി മുഖ്യമന്ത്രിയേയും അമ്മയെയും കേട്ടാൽ അറയ്ക്കുന്ന വാക്കുകൾ കൊണ്ട് അപമാനിച്ചെന്നും സ്പർധ വളർത്തി കലാപം ഉണ്ടാക്കാൻ ശ്രമിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് എഫ്ഐആര്‍ എടുത്തിരിക്കുന്നത്.
ബുധനാഴ്ച ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷനിലെ ഉപതെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ലത മാധ്യമങ്ങളിലൂടെ മുഖ്യമന്ത്രിയെ അപമാനിച്ചെന്നാണ് പരാതിയിൽ പറയുന്നത്. മുഖ്യമന്ത്രിയെ ലൈംഗികമായി അധിക്ഷേപിക്കുകയും അദ്ദേഹത്തിന്റെ അമ്മയെ അധിക്ഷേപിക്കുകയും ചെയ്തെന്നും പരാതിയിൽ പറയുന്നു.
Kerala
തിരുവനന്തപുരം: വയോജനങ്ങൾക്കു നിയമപരിരക്ഷ ഉറപ്പാക്കുന്നതിനായി സമഗ്രമായ നിയമനിർമാണം നടത്തുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.
അന്താരാഷ്ട്ര വയോജന ദിനാഘോഷത്തിന്റെ പ്രചാരണാർഥമുള്ള വിളംബര ജാഥ തിരുവനന്തപുരം കവടിയാർ വിവേകാനന്ദ പാർക്കിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആരും അന്വേഷിക്കാനില്ലാത്ത ഒരാളും ഇനി കേരളത്തിൽ ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി പുതിയ തലമുറയെകൂടി ഉൾച്ചേർത്ത് പദ്ധതികളും കെയർ ഗിവർ കോഴ്സുകളും ആരംഭിക്കും.
മുതിർന്ന കായികതാരങ്ങൾ, എൻഎസ്എസ് വൊളന്റിയർമാർ, സ്കൂൾ, കോളജ് വിദ്യാർഥികൾ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്ത വാക്കത്തണും ബൈസൈക്കിൾ റാലിയും മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. കവടിയാർ കൊട്ടാരം ജംഗ്ഷനിൽനിന്നാരംഭിച്ച വാക്കത്തൺ മാനവീയം വീഥിയിൽ സമാപിച്ചു.
Kerala
തിരുവനന്തപുരം: മന്ത്രിസഭാ യോഗത്തിന് ശേഷവും മാധ്യമങ്ങളെ കാണാതെ മുഖ്യമന്ത്രി വി.ഡി. സതീശൻ. ബുധനാഴ്ച വൈകുന്നേരം ചേർന്ന മന്ത്രിസഭാ യോഗത്തിന് പിന്നാലെ പതിവായി നടത്താറുള്ള പത്രസമ്മേളനവും മുഖ്യമന്ത്രി ഒഴിവാക്കി.
സിഎംആർഎൽ മാസപ്പടി ഡയറിയിൽ പേര് ഉൾപ്പെട്ടതും തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലവും പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രി മാധ്യമങ്ങളെ കാണാതിരിക്കുന്നത് ശ്രദ്ധേയമാണ്. എല്ലാ ബുധനാഴ്ചയും മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുമെന്നായിരുന്നു നേരത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നത്.
എന്നാൽ മുഖ്യമന്ത്രിയുടെ ഡൽഹി യാത്രയെ തുടർന്ന് മന്ത്രിസഭാ യോഗം വൈകുന്നേരത്തേക്ക് മാറ്റുകയായിരുന്നു. തുടർന്ന് നിരവധി പരിപാടികളിലെ തിരക്ക് കണക്കിലെടുത്താണ് പത്രസമ്മേളനം ഒഴിവാക്കിയതെന്നാണ് വിശദീകരണം.
മുഖ്യമന്ത്രി വ്യാഴാഴ്ച മാധ്യമങ്ങളെ കണ്ടേക്കുമെന്നും സൂചനയുണ്ട്. അതേസമയം രണ്ട് മന്ത്രിമാരും പ്രഖ്യാപിച്ചിരുന്ന പത്രസമ്മേളനങ്ങൾ അവസാന നിമിഷം ഒഴിവാക്കിയിരുന്നു.
Kerala
തിരുവനന്തപുരം: ഔദ്യോഗിക യാത്രയ്ക്കിടെ അകമ്പടി വാഹനങ്ങളുടെ എണ്ണം കൂട്ടിയതിൽ ഡിസിപിയോട് ക്ഷുഭിതനായി മുഖ്യമന്ത്രി വി.ഡി.സതീശൻ. ബുധനാഴ്ച രാവിലെ കവടിയാറിൽ വയോജന ദിനാചരണത്തിന്റെ ഭാഗമായി നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് സംഭവം.
സാധാരണ മുഖ്യമന്ത്രിയുടെ ഔദ്യോഗിക യാത്രയിൽ ഒരു പൈലറ്റ് വാഹനവും ഒരു എസ്കോർട്ട് വാഹനവുമാണ് ഉണ്ടാകാറുള്ളത്. എന്നാൽ കവടിയാറിലെത്തിയപ്പോൾ പൈലറ്റ് വാഹനത്തിന് മുന്നിലായി ഒരു പൊലിസ് ജീപ്പ് കൂടി ഉണ്ടായിരുന്നത് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടു. വാഹനത്തിൽനിന്ന് ഇറങ്ങിയ മുഖ്യമന്ത്രി ഇതുസംബന്ധിച്ച് ഡിസിപിയോട് വിശദീകരണം തേടുകയായിരുന്നു.
തന്റെ ഔദ്യോഗിക യാത്രകൾക്ക് സുരക്ഷയുടെ പേരിൽ അനാവശ്യമായി കൂടുതൽ വാഹനങ്ങൾ വിന്യസിക്കരുതെന്നും വാഹനങ്ങളുടെ എണ്ണം കൂട്ടേണ്ട സാഹചര്യം ഒഴിവാക്കണമെന്നും അദ്ദേഹം ഡിസിപിക്ക് കർശന നിർദേശം നൽകി. അടുത്തിടെ യുവമോർച്ച പ്രവർത്തകർ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കരിങ്കൊടി പ്രതിഷേധവും വഴിതടയൽ സമരവും നടത്തിയിരുന്നു.
ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഒരു വാഹനം കൂടി അധികമായി ഉൾപ്പെടുത്തിയതെന്നാണ് പൊലിസ് നൽകുന്ന വിശദീകരണം.
Kerala
തിരുവനന്തപുരം: കേരളത്തില്‍ പിഎം ശ്രീ പദ്ധതി നടപ്പാക്കേണ്ടെന്ന് എഐസിസി നേതൃത്വം മുഖ്യമന്ത്രി വി.ഡി.സതീശന് നിര്‍ദ്ദേശം നല്കി. എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, സംഘടന ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിമാരായ ദീപാദാസ് മുന്‍ഷി, കെ.സി. വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ നേരത്തെ ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊണ്ട് മുഖ്യമന്ത്രി വി.ഡി. സതീശനോട് നിര്‍ദേശം നല്‍കുകയായിരുന്നു.
ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസിന്റെ മീറ്റിംഗിലാണ് എഐസിസി നേതൃത്വം മുഖ്യമന്ത്രി വി.ഡി.സതീശനോട് ഇക്കാര്യത്തിലുള്ള ഹൈക്കമാന്‍ഡിന്റെ നിലപാട് വ്യക്തമാക്കിയത്. മുഖ്യമന്ത്രിയും ഈ മീറ്റിംഗില്‍ പങ്കെടുത്തു.
കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ആരും പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകരുതെന്നാണ് എഐസിസി നല്‍കിയിരിക്കുന്ന നിര്‍ദേശം. വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനുളള ബിജെപിയുടെ നീക്കങ്ങളെ ചെറുക്കാന്‍ വേണ്ട ബദല്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് ഹൈക്കമാന്‍ഡിന്റെ നിര്‍ദേശം.
വിദ്യാഭ്യാസരംഗത്തെ വിദഗ്ധരെ ഉള്‍പ്പെടുത്തി സെമിനാറുകളും ക്ലാസുകളും സംഘടിപ്പിക്കണമെന്നും പുതിയ പദ്ധതി നടപ്പാക്കാന്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ തയാറാകണമെന്നാണ് ഹൈക്കമാന്‍ഡ് നല്‍കിയിരിക്കുന്ന നിര്‍ദേശം. യുവാക്കള്‍ ബിജെപിയുടെ ആശയങ്ങളില്‍ ആകൃഷ്ടരാകാതെ നോക്കണമെന്നുള്പ്പെടെയുള്ള നിര്‍ദേശങ്ങളാണ് ഹൈക്കമാന്‍ഡ് മുഖ്യമന്ത്രിക്ക് നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഒപ്പിട്ട പിഎം ശ്രീ പദ്ധതിയില്‍ നിന്നും സംസ്ഥാനത്തിന് പിന്മാറാന് സാധിക്കില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി വി.ഡി.സതീശനുള്ളത്. യുഡിഎഫിലെ പ്രധാന ഘടകകക്ഷിയായ ലീഗിന് പിഎം ശ്രീയോട് യോജിപ്പില്ല. പിഎം ശ്രീയുടെ ഭാഗമായാല്‍ കൂടുതല്‍ കേന്ദ്ര ഫണ്ട് ലഭിക്കുമെന്നും ഇത് വിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതല്‍ പുരോഗതി ഉണ്ടാകുമെന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഒരു വിഭാഗം അഭിപ്രായപ്പെടുന്നു.
എന്നാല്‍ എല്‍ഡിഎഫ് നേതാക്കള്‍ കോണ്‍ഗ്രസിനെയും യുഡിഎഫ് സര്‍ക്കാരിനെയും കടന്നാക്രമിക്കുന്ന സ്ഥിതിയും നിലനില്‍ക്കുന്ന ഘട്ടത്തിലൂടെയാണ് മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ഉള്‍പ്പെടെ കടന്ന് പോകുന്നത്. പിഎം ശ്രീ പദ്ധതിയില്‍ നിന്നും കേരളം പിന്മാറിയാല് വിദ്യാഭ്യാസ മേഖലക്ക് ലഭിക്കുന്ന ഫണ്ട് മുഴുവനും വെട്ടിക്കുറയ്ക്കില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ലീഗ് എംപിയുടെ ചോദ്യത്തിന് ലോക്സഭയില്‍ മറുപടി നല്‍കിയിരുന്നു.
സംസ്ഥാനത്തെ നിലവിലെ സാമ്പത്തിക സ്ഥിതി പരിഗണിച്ച് കുടുതല്‍ കേന്ദ്രസഹായം ലഭിക്കുന്നത് വികസനത്തിന് ആക്കം കൂട്ടുമെന്ന നിലപാടാണ് മുഖ്യമന്ത്രിയ്ക്കും മറ്റ് മന്ത്രിമാര്‍ക്കുമുള്ളത്. എഐസിസിയുടെ നിര്‍ദേശം എങ്ങനെ നടപ്പിലാക്കുമെന്ന് മന്ത്രിസഭ ചര്‍ച്ച ചെയ്ത് തീരുമാനിക്കും.
കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പിഎം ശ്രീക്ക് ബദലായി മാതൃകപരമായ മറ്റ് പദ്ധതികള്‍ നടപ്പിലാക്കണമെന്നാണ് എഐസിസിയുടെ കര്‍ശന നിര്‍ദേശം.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനു ചുറ്റുമുള്ള തിരക്ക് നിയന്ത്രിക്കാനും സുരക്ഷ കൂട്ടാനും പൊലിസ്.
പൊതുപരിപാടികളിലെത്തുന്ന മുഖ്യമന്ത്രിക്കു ചുറ്റും തിക്കും തിരക്കും ഉണ്ടാക്കുന്നത് സുരക്ഷാ ഭീഷണിയുണ്ടാക്കുന്നതായുള്ള പൊലിസ് ഇന്റലിജൻസിന്റെ കണ്ടെത്തലിനു പിന്നാലെയാണു തീരുമാനം.
അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ മഫ്തിയിലടക്കം കൂടുതൽ പൊലിസിനെ നിയോഗിക്കണമെന്ന് ഇന്റലിജൻസ് എഡിജിപി ജില്ലാ പൊലിസ് മേധാവിമാർക്കു നിർദേശം നൽകി.
പൊതുവേദികളിൽ ആളുകൾ മുഖ്യമന്ത്രിക്ക് തൊട്ടടുത്തേക്ക് എത്തുന്നതും ശരീരത്തിൽ സ്പർശിക്കാൻ ശ്രമിക്കുന്നതും സുരക്ഷാ പ്രശ്നം വർധിപ്പിക്കുന്നു എന്നാണു രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്.
Kerala
തൃശൂർ: സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ മുഖ്യമന്ത്രി പങ്കെടുത്ത പുസ്തകപ്രകാശനച്ചടങ്ങിൽ മാധ്യമപ്രവർത്തകരോടു ചോദ്യംചോദിക്കരുതെന്ന് ആവശ്യപ്പെട്ട് പൊലിസ്.
മുഖ്യമന്ത്രി എത്തുംമുന്പേ സദസിലിരുന്ന വനിതാ മാധ്യമപ്രവർത്തകയെ എഴുന്നേൽപ്പിച്ച് ഹാളിനു പുറത്തേക്കു കൊണ്ടുപോയാണു പൊലിസ് ഉദ്യോഗസ്ഥൻ മുഖ്യമന്ത്രിയോടു ചോദ്യങ്ങൾ ചോദിക്കരുതെന്നു വിലക്കിയത്.
തൃശൂർ എആർ ക്യാന്പിലെ സിഐയുടെ നേതൃത്വത്തിൽ ആയിരുന്നു മാധ്യമപ്രവർത്തകരെ തടഞ്ഞത്. പുസ്തകപ്രകാശനം ചിത്രീകരിക്കുന്നതിൽനിന്നു ദൃശ്യ-പത്രമാധ്യമങ്ങളിലെ ഫോട്ടോഗ്രാഫറെയും കാമറാമാൻമാരെയും തടഞ്ഞു. മാധ്യമപ്രവർത്തകർ പ്രതിഷേധിച്ചതിനു പിന്നാലെ ഉന്നത പൊലിസ് ഉദ്യോഗസ്ഥർ ഇടപെട്ട് രംഗം ശാന്തമാക്കി.
Kerala
നിലമ്പുർ: മുഖ്യമന്ത്രിയുടെ വിമാനയാത്രയിൽ പ്രതികരിക്കാതെ കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. നിലമ്പൂരിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി.
തെരഞ്ഞെടുപ്പ് കമ്മിഷൻ, ഇന്ത്യയുടെ ജനാധിപത്യത്തെ അട്ടിമറിക്കാൻ നടത്തുന്ന ശ്രമങ്ങളെ കോണ്‍ഗ്രസ് രാജ്യവ്യാപകമായി നേരിടുകയാണ്. അതിനാൽ ഇത്തരം ചോദ്യങ്ങൾക്ക് പ്രസക്തിയില്ല.
തന്റെ പ്രവർത്തനം ദേശീയ തലത്തിലാണ്. അതിനാൽ ഇപ്പോൾ തെരഞ്ഞെടുപ്പ് കമ്മിഷനെതിരെയുള്ള പോരാട്ടത്തിനാണ് മുൻഗണന നൽകുന്നതെന്നും വേണുഗോപാൽ പറഞ്ഞു.
Kerala
തൊടുപുഴ: വിമാനയാത്രാ വിവാദത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കാതെ മുഖ്യമന്ത്രി വി.ഡി.സതീശൻ. ഞാന്‍ നിങ്ങളെ കാണുന്നില്ല, ദയവായി മാറിനില്‍ക്കൂ. ഇവരിൽനിന്ന് പരാതി സ്വീകരിക്കട്ടെയെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ഇടുക്കി ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു മുഖ്യമന്ത്രി. അവലോകന യോഗത്തിനുശേഷം ജനങ്ങളില്‍നിന്ന് മുഖ്യമന്ത്രി നിവേദനം സ്വീകരിച്ചു.
മലപ്പുറത്തെ മഴക്കെടുതി വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി വിമാനത്തിൽ പോയതാണ് വിവാദമായത്.
Kerala
കൊച്ചി: മുഖ്യമന്ത്രിയുടെ വിമാനയാത്രയെച്ചൊല്ലിയുള്ള വിവാദങ്ങളിൽ പ്രതികരണവുമായി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ രംഗത്ത്. മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തിന്റെ ഉടമ തന്റെ നിയോജക മണ്ഡലത്തിലുള്ള ആളാണെന്നും അടുത്ത ബന്ധമുള്ള വ്യക്തിയാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
കോൺഗ്രസ് പ്രസ്ഥാനവുമായി ചേർന്നു പ്രവർത്തിക്കുന്ന ഈ കുടുംബത്തിന്റെ ചടങ്ങുകളിൽ താൻ പതിവായി പങ്കെടുക്കാറുണ്ടെന്നും മുഖ്യമന്ത്രി അപരിചിതരായ ആരുടെയും സഹായമല്ല സ്വീകരിച്ചതെന്നും കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
കോൺഗ്രസിന്റെ മുതിർന്ന നേതാവാണ് വിമാനത്തിന്റെ ഉടമയെന്നും തനിക്ക് വോട്ടു ചെയ്യുന്ന കുടുംബമാണതെന്നും തിരുവഞ്ചൂർ ചൂണ്ടിക്കാണിച്ചു. വോട്ടർമാരും സുഹൃത്തുക്കളുമായ ഒരു കുടുംബത്തിൽനിന്ന് താൽക്കാലികമായി ലഭിച്ച സഹായത്തിൽ അദ്ഭുതപ്പെടാനൊന്നുമില്ല. അദ്ദേഹത്തിന്റെ ഭാര്യയുടെ പേരിലുള്ളതാണ് വിമാനം. അല്ലാതെ ഏതെങ്കിലും അപരിചിതന്റെ കൂപ്പറിൽ കയറിപ്പോയതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചെറിയ തർക്കങ്ങളിലും വിഷയങ്ങളിലും സമയം കളയാതെ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന കാര്യങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് തിരുവഞ്ചൂർ പറഞ്ഞു. ഓരോ ഘട്ടത്തിലെയും സാഹചര്യങ്ങൾക്ക് അനുസരിച്ചാണ് കാര്യങ്ങളിൽ തീരുമാനമെടുക്കുന്നത്. മന്ത്രിമാരുടെ വിദേശ യാത്രകളുമായി ബന്ധപ്പെട്ട് ഉയർന്ന ചോദ്യങ്ങൾക്ക്, കൃത്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ ഇത്തരം യാത്രകൾ നടത്താൻ കഴിയില്ലെന്നും സ്പീക്കർ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്റെ വിവാദ ചാർട്ടേഡ് വിമാനയാത്രയുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ വിമർശനവുമായി സിപിഐ നേതാവ് കെ. രാജൻ. മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ പ്രതികരണം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം തുറന്നടിച്ചു.
വിമാനയാത്രയിൽ യാതൊരുവിധ ദുരൂഹതകളുമില്ലെങ്കിൽ ആരാണ് ആ യാത്ര സ്പോൺസർ ചെയ്തതെന്ന് തുറന്നു പറയാൻ മുഖ്യമന്ത്രി എന്തിനാണ് മടിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
കഴിഞ്ഞ ദിവസം മലപ്പുറത്തേക്ക് മുഖ്യമന്ത്രി നടത്തിയ ചാർട്ടേഡ് വിമാനയാത്രയാണ് സംസ്ഥാനത്ത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. ഒരു പരിചയക്കാരൻ/സുഹൃത്ത് സ്പോൺസർ ചെയ്തതാണ് യാത്രയെന്ന് മുഖ്യമന്ത്രി വിശദീകരിച്ചിരുന്നെങ്കിലും ആ പരിചയക്കാരൻ ആരാണെന്ന് വെളിപ്പെടുത്താൻ അദ്ദേഹം തയാറായിരുന്നില്ല.
സുതാര്യമല്ലാത്ത ഇത്തരം ദുരൂഹ യാത്രകൾ ഭരണഘടനാ പദവിയിലിരിക്കുന്ന ഒരാൾക്ക് ചേർന്നതല്ലെന്നും അജ്ഞാതരായ സ്പോൺസർമാരുടെ ചെലവിൽ യാത്രകൾ നടത്തുന്നത് ജനാധിപത്യ സംവിധാനത്തിന് നിരക്കുന്നതല്ലെന്നും കെ. രാജൻ വ്യക്തമാക്കി.
Kerala
കൊച്ചി: വിശ്വാസ്യതയാണ് ദീപിക പത്രത്തിന്റെ പ്രസക്തിയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കർഷകരുടെ പ്രശ്നങ്ങൾ ഉയർത്തി കൊണ്ടുവന്ന പത്രമാണ്. കർഷകർ വന്നു പ്രതിസന്ധി അവതരിപ്പിച്ചാൽ അത് തിരിച്ചറിയാനും മനസിലിക്കാനും സാധിക്കുന്നത് അത് ദീപിക ഉയർത്തി കാട്ടിയത് കൊണ്ടാണെന്നും സതീശൻ പറഞ്ഞു. ദീപികയുടെ 140-ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു കൊണ്ടാണ് മുഖ്യമന്ത്രി സംസാരിച്ചത്.
പത്രങ്ങളുടെ മുത്തശിയാണ് ദീപിക. 140 വർഷം വളരെ ദീർഘവീഷണത്തോട് കൂടി ഇത് ആരംഭിക്കാൻ ശ്രമം നടത്തിയ എല്ലാവരെയും ഞാൻ ഈ അവസരത്തിൽ അനുസ്മരിക്കുന്നു. കേരളത്തിൽ വിപ്ലവകരമായ തുടക്കമാണ് ദീപിക കുറിച്ചത്. 140 വർഷം മുമ്പ് എത്ര ശ്രമകരമായ തുടക്കമാണ് ദീപിക നടത്തിയത്.
പ്രിന്റ് മീഡിയക്ക് പിടിച്ചുനിൽക്കാൻ പ്രയാസമുള്ള കാലത്താണ് ദീപിക ഉള്ളത്. ദീപികയുടെ പ്രസക്തി വിശ്വാസ്യതയാണ്. സെൻസേഷണലായി വാർത്ത ഉണ്ടാക്കി റേറ്റിംഗ് കൂട്ടാൻ ശ്രമിക്കുന്ന പത്രമല്ല. വാർത്തകൾ കൃത്യമായി റിപ്പോർട്ട് ചെയ്യും. ഏറ്റവും നല്ല മുഖപ്രസംഗങ്ങൾ എഴുതുന്ന പത്രമാണ് ദീപിക.
ഞാൻ തിരുവനന്തപുരത്ത് വച്ച് പറഞ്ഞു, എനിക്ക് ഒരു സ്വപ്നമുണ്ട് മൃശശാല അവിടെ നിന്ന് മാറ്റണമെന്ന്. തിരുവനന്തപുരത്ത് തന്നെ വനാതിർത്തിയോട് ചേർന്ന് മാറ്റണമെന്ന്. ആലിസണസ് സ്ക്വയർപോലെ മാറണമെന്ന്. പിറ്റേ ദിവസം വിവാദമാണ്. ആസ്ഥലത്ത് കണ്ണുവച്ചിട്ടുണ്ടോ എന്ന് ചോദിച്ചു. അതിനെ നേരേ ആക്കി എടുക്കാനാണ് കണ്ണുവച്ചത്. ഒരു നല്ല കാര്യങ്ങൾ വരുമ്പോൾ അതിനെ പ്രോത്സാഹിപ്പിക്കണ്ടേ.
മാറിയേ തീരൂ കേരളം. ഇപ്പോഴെങ്കിലും തുടങ്ങിയില്ലെങ്കിൽ അതിനു കഴിയാതെ വരും. നാളെ ഞാൻ ഇടുക്കിയിലേക്ക് പോകും. കാർഷിക മേഖല നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കും. റബർ കർഷകർ പ്രതിസന്ധിയിലാണ്. റബർ വില 300 ആക്കണം. കർഷകർ വന്നു പ്രതിസന്ധി അവതരിപ്പിച്ചാൽ അത് തിരിച്ചറിയാനും മനസിലാക്കാനും കഴിയുന്നത് ദീപിക ആ പ്രശ്നം ഉയർത്തി കാട്ടിയതു കൊണ്ടാണ്. 10 വർഷം നിസാരമല്ല. സന്തോഷം പങ്കുവയ്ക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: കെഎസ്ആർടിസിക്ക് ബസ് വാങ്ങാനായി 40 ലക്ഷം രൂപ സംഭാവന നൽകി അങ്കമാലി മുക്കന്നൂർ സ്വദേശി ജോസ്. ചരിത്രത്തിലാദ്യമായാണ് കേരളാ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന് ഒരു സ്വകാര്യ വ്യക്തി ബസ് വാങ്ങി നൽകുന്നത്.
ചൊവ്വാഴ്ച മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ലളിതമായ ചടങ്ങിൽ 40 ലക്ഷം രൂപയുടെ ചെക്ക് ജോസ് മുഖ്യമന്ത്രി വി.ഡി. സതീശന് കൈമാറി. ഇതൊരു നല്ല കൈനീട്ടമാകട്ടെയെന്നും കൂടുതൽ സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും കെഎസ്ആർടിസിക്ക് ബസ് വാങ്ങി നൽകാൻ ഇടവരട്ടെയെന്നും പറഞ്ഞാണ് മുഖ്യമന്ത്രി ചെക്ക് ഏറ്റുവാങ്ങി ഗതാഗത മന്ത്രി സി.പി. ജോണിന് കൈമാറിയത്. ജോസേട്ടന്റെ തീരുമാനം മാതൃകാപരമാണെന്ന് മന്ത്രി റോജി എം. ജോൺ പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിന്റെ മണ്ഡലത്തിൽ ഹീമാൻ ഓട്ടോ റോബോ പാർക്ക് എന്ന കമ്പനി നടത്തുന്നയാളാണ് ജോസ്. കെഎസ്ആർടിസിയെ പിന്തുണച്ച് ജനങ്ങൾ രംഗത്തുവരണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം കേട്ട് ബസ് വാങ്ങി നൽകാൻ തീരുമാനിച്ച ജോസ് ഇക്കാര്യം ആദ്യം അറിയിച്ചത് മന്ത്രി റോജി എം. ജോണിനെയാണ്.
ചൊവ്വാഴ്ച ഗതാഗത മന്ത്രി സി.പി ജോണിനെ കണ്ടപ്പോൾ റോജി എം ജോൺ ഇക്കാര്യം പറയുകയും ജോസേട്ടനെ നേരിട്ട് വിളിച്ച് തുക കൈമാറാമെന്ന് അറിയിക്കുകയുമായിരുന്നു. താൻ നൽകുന്ന ബസ് അങ്കമാലി ഡിപ്പോയിൽ നിന്ന് സർവീസ് നടത്തണമെന്നത് മാത്രമാണ് ജോസേട്ടന്റെ ഡിമാന്റ്.
അതിരപ്പിള്ളി വിനോദസഞ്ചാര മേഖലയെ തെക്കൻ കേരളവുമായി ബന്ധിപ്പിക്കുന്ന രീതിയിൽ റൂട്ട് വേണമെന്നും അദ്ദേഹം ഗതാഗത മന്ത്രിയോട് ആവശ്യപ്പെട്ടു. അതേ ആവശ്യം റോജി എം. ജോണും ഉന്നയിച്ചു. ജോസ് പറയുന്ന റൂട്ടിൽ ബസ് സർവീസ് നടത്തുന്ന കാര്യത്തിൽ ഗതാഗത മന്ത്രി ഉറപ്പുനൽകി.
കാലിക്കറ്റ് സിറ്റി സഹകരണ ബാങ്ക് നേരത്തെ കെഎസ്ആർടിസിക്ക് ഒരു ബസ് വാങ്ങാൻ തുക സംഭാവന ചെയ്തപ്പോൾ ഈ മാതൃക പിന്തുടരാൻ കൂടുതൽ പേർ വരുമെന്ന് പ്രതീക്ഷിച്ചിരുന്നതായി ഗതാഗത മന്ത്രി സി.പി. ജോൺ വ്യക്തമാക്കി.
കെഎസ്ആർടിസിയുടെ ചരിത്രത്തിൽ ആദ്യത്തെ സംഭവമാണിതെന്നും കോർപറേഷനെ പിന്തുണയ്ക്കാൻ കൂടുതൽ പേർ മുന്നോട്ട് വരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ജോസ് നൽകിയ ചെക്ക് ഗതാഗത മന്ത്രി കെഎസ്ആർടിസി സിഎംഡി ഡോ. പി.എസ് പ്രമോജ് ശങ്കറിനെ ഏൽപ്പിച്ചു.
സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായി, പൊതുഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനായാണ് ബസുകൾ സ്പോൺസർ ചെയ്യാൻ കെഎസ്ആർടിസി അവസരമൊരുക്കുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, കമ്പനികൾ, ട്രസ്റ്റുകൾ, സന്നദ്ധ സംഘടനകൾ, സിഎസ്ആർ ഫണ്ടുകൾ ഉപയോഗിച്ചും ബസുകൾ നൽകാമെന്ന് ഗതാഗത മന്ത്രി അറിയിച്ചു.
Kerala
തിരുവനന്തപുരം: മന്ത്രിമാരുടെ വിദേശ യാത്രയെയും മന്ത്രി കെ.എം. ഷാജിയുടെ ആഢംബര കാർ യാത്രയേയും പിന്തുണച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ.
മന്ത്രിമാർ തന്റെ അനുമതിയോടെയാണ് യാത്ര പോയത്. താനാണ് മന്ത്രിമാരോട് പോയി വാ എന്ന് പറഞ്ഞത്. യാത്രയിൽ സർക്കാരിന് ചെലവില്ല. ഇടത് മന്ത്രിമാരുടെ കാലത്തെ യാത്രാ കണക്ക് വായിക്കാൻ തുടങ്ങിയാൽ തീരില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി കെ.എം. ഷാജി സ്വകാര്യ വ്യക്തിയുടെ ആഡംബര വാഹനമായ റേഞ്ച് റോവര്‍ ഉപയോഗിച്ചതിനെയും മുഖ്യമന്ത്രി ന്യായീകരിച്ചു. മന്ത്രിമാരുടെ പലരുടെയും വാഹനം 2017 ല്‍ വാങ്ങിയതാണ്. പത്തു വര്‍ഷത്തിലേറെയായി ഓടുന്നതാണ്. പല മന്ത്രിമാരുടെയും വാഹനം ഇടയ്ക്കുവച്ച് നിന്നു പോകുന്നുണ്ട്. അത്തരത്തിലൊരു സാഹചര്യത്തിലാണ് മന്ത്രി ഷാജി സ്വകാര്യ വാഹനം ഉപയോഗിച്ചത്. അതില്‍ തെറ്റൊന്നും കാണുന്നില്ലെന്നും മുഖ്യമന്ത്രി വി.ഡി. സതീശന് കൂട്ടിച്ചേര്‍ത്തു.
Kerala
തിരുവനന്തപുരം : മാസപ്പടി കേസിൽ സർക്കാർ ഒരു തിടുക്കവും കാട്ടിയിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കേരള പൊലിസ് ഇക്കാര്യത്തിൽ അന്വേഷണം നടത്തിയാലേ മതിയാകൂ. അത് സർക്കാരിന്റെ ബാധ്യതയാണെന്നും അദ്ദേഹം വ്യക്തമാക്കി. ആരെയും വേട്ടയാടില്ലെന്നും പ്രതികാര നടപടി ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ചാർട്ടേഡ് വിമാനയാത്രാ വിവാദത്തിലും മുഖ്യമന്ത്രി മാധ്യമങ്ങളോടു പ്രതികരിച്ചു. വിമാനയാത്രയിൽ സർക്കാരിന്റെ ഒരു പണവും ചെലവാക്കിയിട്ടില്ലെന്നും വിമാനം ഏർപ്പാടാക്കി നൽകിയത് ഒരു പരിചയക്കാരനായ വ്യക്തിയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ആളിന്റെ പേര് വെളിപ്പെടുത്തേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പണം മുടക്കിയ ആൾക്ക് ഒരു ഔദാര്യവും ചെയ്തുനല്കിയിട്ടില്ല. മുൻ മുഖ്യമന്ത്രിമാരായ പിണറായി വിജയനും ഉമ്മൻചാണ്ടിയും ഇത്തരത്തിൽ വിമാനയാത്ര നടത്തിയിട്ടുണ്ട്. ഇന്ത്യയിലെ മറ്റു മുഖ്യമന്ത്രിമാരും ഇത്തരത്തിൽ വിമാനയാത്ര നടത്തിയിട്ടുണ്ട്. അതിൽ ഒരു കുഴപ്പവുമില്ല, ഇനിയും താൻ ഇത്തരത്തിലുള്ള വിമാനയാത്ര നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: ചാർട്ടേഡ് വിമാനയാത്രാ വിവാദത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. വിമാനയാത്രയിൽ സർക്കാരിന്റെ ഒരു പണവും ചെലവാക്കിയിട്ടില്ലെന്നും വിമാനം ഏർപ്പാടാക്കി നൽകിയത് ഒരു പരിചയക്കാരനായ വ്യക്തിയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ആളിന്റെ പേര് വെളിപ്പെടുത്തേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പണം മുടക്കിയ ആൾക്ക് ഒരു ഔദാര്യവും ചെയ്തുനല്കിയിട്ടില്ല. മുൻ മുഖ്യമന്ത്രിമാരായ പിണറായി വിജയനും ഉമ്മൻചാണ്ടിയും ഇത്തരത്തിൽ വിമാനയാത്ര നടത്തിയിട്ടുണ്ട്. ഇന്ത്യയിലെ മറ്റു മുഖ്യമന്ത്രിമാരും ഇത്തരത്തിൽ വിമാനയാത്ര നടത്തിയിട്ടുണ്ട്. അതിൽ ഒരു കുഴപ്പവുമില്ല, ഇനിയും താൻ ഇത്തരത്തിലുള്ള വിമാനയാത്ര നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.
ശബരിമലയിൽ അരവണ,അപ്പം ക്ഷാമം സംബന്ധിച്ച് ദേവസ്വം മന്ത്രി കെ. മുരളീധരൻ ബോർഡിനെ വിമർശിച്ചതിലുള്ള നീരസം അദ്ദേഹത്തിനുണ്ട്. ശബരിമലയിൽ സ്വീകരിച്ച നടപടികളെക്കുറിച്ച് അദ്ദേഹം മുഖ്യമന്ത്രിയെ ധരിപ്പിക്കും.
മുഖ്യമന്ത്രിയിൽ നിന്നു മികച്ച പിന്തുണ ലഭിച്ചില്ലെങ്കിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് അദ്ദേഹം രാജിവയ്ക്കാനുള്ള സാധ്യതയും കാണുന്നുണ്ട്. മുഖ്യമന്ത്രിയെ നേരിട്ട് കാണണമെന്ന് കെ. ജയകുമാർ തന്നെയാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
Kerala
കൊച്ചി: യുഡിഎഫ് സർക്കാരിലെ മന്ത്രിമാരുടെ യാത്രാ വിവാദത്തിൽ രൂക്ഷവിമർശനവുമായി സിപിഎം കേന്ദ്രകമ്മിറ്റിയംഗം പി. രാജീവ്. ചാർട്ടേഡ് വിമാനയാത്രയുടെ സ്പോൺസർ ആരെന്ന് മുഖ്യമന്ത്രി മറച്ചുവയ്ക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ യാത്രകൾ അങ്ങേയറ്റം ദുരൂഹമാണ്. മന്ത്രിമാരുടേത് ഇരിക്കുന്ന സ്ഥാനം മറന്നുള്ള പ്രസ്താവനകളാണ്. നേരത്തെ മംഗലാപുരം യാത്രയും ആര് സ്പോൺസർ ചെയ്തെന്നത് മുഖ്യമന്ത്രി മറച്ചുവച്ചെന്ന് പി. രാജീവ് ആരോപിച്ചു.
ഇത് ജനങ്ങളുടെ സർക്കാർ അല്ല. മുതലാളിമാരുടെ സർക്കാരാണ്. വൈദ്യുതി ഇല്ലാതെ നാട്ടുകാർ ബുദ്ധിമുട്ടുമ്പോൾ സ്വകാര്യ നിമിഷങ്ങൾ ആസ്വദിക്കേണ്ടതില്ലേയെന്ന് പറയുന്ന നീറോ ചക്രവർത്തിമാരാണ് കേരളം ഭരിക്കുന്നതെന്നും പി.രാജീവ് കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് തൊഴിലാളികൾക്ക് ദ്രോഹകരമല്ലാത്ത രീതിയിലും അവരുടെ അവകാശങ്ങളെ ബാധിക്കാത്ത തരത്തിലും തൊഴിലാളികളെ വേദനിപ്പിക്കാത്ത വിധത്തിലും ലേബർ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.
ഐഎൻടിയുസി തിരുവനന്തപുരത്ത് സംഘടിപ്പിച്ച സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. പാർലമെന്റ് ലേബർ കോഡുകൾ പാസാക്കിയ സാഹചര്യത്തിൽ ലേബർ കോഡുകൾ നടപ്പാക്കുന്നതിൽ നിന്ന് ഏതെങ്കിലും സർക്കാരുകൾക്ക് മാറിനിൽക്കാനാവില്ല. കേരളത്തിൽ തൊഴിലാളികൾക്ക് ദ്രോഹകരമല്ലാത്ത തരത്തിലുള്ള ചട്ടങ്ങൾ രൂപീകരിക്കാൻ യുഡിഎഫ് സർക്കാർ നടപടികൾ സ്വീകരിക്കുമെന്നും അതിനുമുന്‍പ് എല്ലാ ട്രേഡ് യൂണിയനുകളുടെയും അഭിപ്രായം തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലേബർ കോഡ് രാജ്യത്ത് നിലവിൽ വന്നതോടുകൂടി നിലവിലുണ്ടായിരുന്ന തൊഴിൽ നിയമങ്ങൾ ഇല്ലാതായിട്ടുണ്ട്. സംസ്ഥാനത്ത് പുതിയ ലേബർ കോഡ് നടപ്പാക്കാത്തതിനാൽ തൊഴിലാളികൾക്ക് നിയമപരിരക്ഷയില്ലാത്ത സാഹചര്യമാണുള്ളത്. ലേബർ കോഡ് നടപ്പാക്കിയില്ലെങ്കിൽ പഴയ നിയമവും പുതിയ ലേബർ കോഡും ഇല്ലാത്ത സ്ഥിതി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്ത് കോണ്‍ഗ്രസ് സർക്കാരുകൾ നടപ്പിലാക്കിയ 29 തൊഴിൽ നിയമങ്ങൾ മാറ്റിമറിച്ചാണ് ബിജെപി സർക്കാർ ലേബർ കോഡുകൾ നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: മഴക്കെടുതി വിലയിരുത്താൻ മുഖ്യമന്ത്രി വി.ഡി. സതീശന്റെ മലപ്പുറത്തേക്കുള്ള യാത്ര ചാർട്ടേഡ് വിമാനത്തിൽ. ബംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തെത്തിച്ച ചാർട്ടേഡ് വിമാനത്തിലാണ് ഉച്ചയ്ക്ക് രണ്ടോടെ മുഖ്യമന്ത്രി കോഴിക്കോട്ടേക്കു പോയത്.
പൊലിസ് ഹെലികോപ്റ്ററിന്റെ വാടക കരാർ കാലാവധി കഴിഞ്ഞ ശനിയാഴ്ച അവസാനിക്കുകയും സർക്കാർ അത് പുതുക്കാതിരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് യാത്രയ്ക്കായി പ്രത്യേക ചാർട്ടേഡ് വിമാനം ക്രമീകരിച്ചത്.
അതേസമയം കരിപ്പൂരിലേക്കു പോകാൻ യാത്രാവിമാനങ്ങൾ ലഭ്യമല്ലാത്തതിനാലാണ് ചാർട്ടേർഡ് വിമാനത്തെ ആശ്രയിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. അടിയന്തര ആവശ്യമായതിനാൽ സർക്കാരിന്റെ അഭ്യർഥന കണക്കിലെടുത്ത് സ്വകാര്യ വിമാനം സൗജന്യമായാണു ലഭിച്ചതെന്നും സംസ്ഥാനത്തിന് ഒരുരൂപയുടെ പോലും അധിക ചെലവുണ്ടായിട്ടില്ലെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
Kerala
മലപ്പുറം: മഴക്കെടുതിയിൽ അഞ്ചുപേർ മരിച്ച മലപ്പുറം ജില്ലയിലെ പൂക്കോട്ടുംപാടം ടി.കെ കോളനിയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ സന്ദർശനം നടത്തും. ഉച്ചയ്ക്ക് രണ്ടരയോടെ ജില്ലയിൽ എത്തുന്ന മുഖ്യമന്ത്രി അപകടത്തിൽ മരിച്ചവർക്ക് അന്തിമോപചാരമർപ്പിക്കും.
അതേസമയം, പൂക്കോട്ടുംപാടം അമരന്പലം-ചോക്കാട് കോട്ടപ്പുഴ ടികെ കോളനി ഭാഗത്തുണ്ടായ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. ഞായറാഴ്ച വൈകുന്നേരം രണ്ടുപേരുടെയും ഇന്ന് മൂന്നുപേരുടെയും മൃതദേഹങ്ങളാണ് ലഭിച്ചത്.
വണ്ടൂര്‍ സ്വദേശി സജാദ്, കരുവാരക്കുണ്ട് സ്വദേശി റഹീം, വണ്ടൂര്‍ കോട്ടക്കുന്ന് സ്വദേശി റഫീഖ് എന്നിവരുടെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. തിരൂര്‍ സ്വദേശികളായ രണ്ടുപേരുടെ മൃതദേഹം ഞായറാഴ്ച വൈകുന്നേരം കണ്ടെത്തിയിരുന്നു.
ടികെ നഗറിന്റെ ഭാഗമായ പൊട്ടിക്കലില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്. ആറുപേരാണ് ഒഴുക്കില്‍ പെട്ടതെന്നായിരുന്നു പ്രാഥമിക വിവരം. പ്രദേശവാസിയായ ഒരു സ്ത്രീയെ ഇനി കണ്ടെത്താനുണ്ട്.
എന്‍ഡിആര്‍എഫിനൊപ്പം ആര്‍ആര്‍എഫിന്റെ 10 സംഘവും തെരച്ചിലിന്റെ ഭാഗമായിട്ടുണ്ട്. മന്ത്രി എ.പി. അനില്‍കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
പൂക്കോട്ടുപാലം കോട്ടപ്പുഴയിലെ വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് ഞായറാഴ്ച വൈകുന്നേരം അഞ്ചോടെയാണു ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായത്. പുഴയില്‍ ക്രമാതീതമായി വെള്ളം ഉയരുന്നത് ശ്രദ്ധയില്‍പെട്ടതോടെ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും മുന്നറിയിപ്പ് നല്‍കിയതിനാലാണ് വലിയ ദുരന്തം ഒഴിവായത്.
National
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ അടുത്ത അനുയായിയെന്ന് അവകാശപ്പെടുന്ന വ്യക്തി ഗസ്റ്റ് ഹൗസിലേക്ക് വിളിപ്പിച്ച് അനാവശ്യമായി പെരുമാറിയെന്ന ഗുരുതര ആരോപണവുമായി വനിതാ സംരംഭക രംഗത്ത്. ഹൈദരാബാദ് ആസ്ഥാനമായുള്ള 'മിഥുന ആഡ്സ്' ഉടമ കെ. ശോഭ റെഡ്ഡിയാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ മുഖ്യമന്ത്രിയെ നേരിട്ട് അഭിസംബോധന ചെയ്ത് ആരോപണമുന്നയിച്ചത്.
പരസ്യ വ്യവസായ മേഖലയിലെ ബിസിനസ് പ്രശ്നങ്ങളും നിര്‍ദേശങ്ങളും സര്‍ക്കാരിന് മുന്നില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് ദുരനുഭവമുണ്ടായതെന്ന് ശോഭ റെഡ്ഡി കുറിച്ചു. 'തീര്‍പ്പാക്കാത്ത ബിസിനസ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നേരിട്ട് ഗസ്റ്റ് ഹൗസിലേക്ക് വരാനാണ് എന്നോട് ആവശ്യപ്പെട്ടത്. ' ശോഭ റെഡ്ഡി വ്യക്തമാക്കി. ആരുടെയും പേര് എടുത്തുപറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും പ്രത്യേക ആനുകൂല്യങ്ങളല്ല, മറിച്ച് തുല്യ പരിഗണനയും മാന്യതയുമാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സംഭവം തെലങ്കാനയില്‍ വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിട്ടുണ്ട്. വിഷയം ഏറ്റെടുത്ത പ്രതിപക്ഷ പാര്‍ട്ടിയായ ഭാരത് രാഷ്ട്ര സമിതി (ബിആര്‍എസ്) സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. മുഖ്യമന്ത്രിയുടെ സഹായി ആരാണെന്നും ഒരു വനിതാ സംരംഭകയോട് എന്തുകൊണ്ടാണ് ഗസ്റ്റ് ഹൗസില്‍ വെച്ച് കൂടിക്കാഴ്ച നടത്താന്‍ ആവശ്യപ്പെട്ടതെന്നും ബിആര്‍എസ് നേതാവ് എം. കൃഷാങ്ക് ചോദിച്ചു. എന്നാല്‍, സംഭവത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരോ മുഖ്യമന്ത്രിയുടെ ഓഫീസോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Kerala
വരാപ്പുഴ: കണ്ടെയ്നർ റോഡിലുണ്ടായ അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികനു സഹായവുമായി മുഖ്യമന്ത്രി വി.ഡി.സതീശൻ. കോതാട് മൂലമ്പിള്ളി പാലത്തിനു മുകളിൽ രണ്ടു ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു രക്തം വാർന്ന നിലയിൽ റോഡിൽ കിടന്ന യുവാവിനാണു മുഖ്യമന്ത്രി രക്ഷകനായത്.
ഇന്ന് വൈകിട്ടു ചേരാനല്ലൂരിൽനിന്ന് എറണാകുളത്തേക്കു മുഖ്യമന്ത്രിയുടെ വാഹനം കടന്നു പോകുമ്പോഴാണ് സംഭവം.
റോഡിൽ കിടന്ന യുവാവിനെ കണ്ടു കാറിൽ നിന്നിറങ്ങിയ മുഖ്യമന്ത്രി പൈലറ്റ് വാഹനത്തിലെ ഉദ്യോഗസ്ഥരോടു യുവാവിനെ ആശുപത്രിയിൽ എത്തിക്കാൻ നിർദേശിക്കുകയായിരുന്നു. തുടർന്ന് പൈലറ്റ് വാഹനത്തിന്റെ അകമ്പടി ഇല്ലാതെയാണ് മുഖ്യമന്ത്രി യാത്ര തുടർന്നത്.
National
മുംബൈ: മഹാരാഷ്ട്രയിലെ വിവിധ ജില്ലകളിൽ വരൾച്ചയ്ക്ക് സമാനമായ സാഹചര്യമെന്നു മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. എൽനിനോ പ്രതിഭാസത്തെത്തുടർന്നുള്ള മഴക്കുറവാണ് വരൾച്ചയിലേക്കു നയിക്കുന്നത്.
കൊടും ചൂടിൽ സംസ്ഥാനത്ത് വൻതോതിൽ കൃഷിനാശം സംഭവിച്ച സാഹചര്യത്തിൽ സ്ഥിതിഗതികൾ നേരിട്ടു വിലയിരുത്താൻ മുഖ്യമന്ത്രി നിർദേശം നൽകി.
ഒരാഴ്ചയ്ക്കുള്ളിൽ പ്രാഥമിക അവലോകനം പൂർത്തിയാക്കും. ഇതിനുശേഷം ഔദ്യോഗിക സർവേനടത്തി സാമ്പത്തികസഹായം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വരൾച്ചനേരിടുന്ന മേഖലകളിൽ കുടിവെള്ളവും കാലിത്തീറ്റയും ഉറപ്പാക്കും. കൂടുതൽ സമയം വൈദ്യുതി നൽകാനും തീരുമാനമായിട്ടുണ്ട്.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെ അധിക്ഷേപിച്ച കേസിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി റിപ്പോർട്ടർ ടിവി മാനേജിംഗ് എഡിറ്റർ ആന്റോ അഗസ്റ്റിൻ. തിരുവനന്തപുരം ജില്ലാകോടതിയിലാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
ഹർജി സെപ്റ്റംബർ 23ന് പരിഗണിക്കും. ആന്റോ അഗസ്റ്റിനെതിരെ സൈബർ പൊലിസാണ് കേസ് എടുത്തത്. പിന്നീട് കളമശേരി പൊലിസിന് കൈമാറുകയായിരുന്നു.
അതേസമയം, അനുവദനീയമായതിലും കൂടുതൽ മദ്യം കൈവശംവച്ച കേസിൽ ആന്റോ അഗസ്റ്റിനെ എക്സൈസ് കസ്റ്റഡിയിൽ വിട്ടു.
Kerala
കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ വ്യാജ വിവാഹ ആരോപണത്തില്‍ പരാതിക്കാരനായ കോണ്‍ഗ്രസ് നേതാവ് രാജു പി. നായരുടെ മൊഴി കളമശേരി പൊലിസ് രേഖപ്പെടുത്തി. ആന്റോ അഗസ്റ്റിനെ ഒന്നാം പ്രതിയാക്കിയാണ് പൊലിസ് കേസ് എടുത്തത്.
റിപ്പോര്‍ട്ടര്‍ ചാനലില്‍ എസ്ഐടി നടത്തിയ റെയ്ഡിന് പിന്നാലെ ആയിരുന്നു മുഖ്യമന്ത്രിയുടെ രണ്ടാം കല്യാണത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കൊന്നും മറുപടിയില്ല എന്ന് ആന്റോ അഗസ്റ്റിന് മാധ്യമങ്ങളോട് പ്രതികരിച്ചത്. അതിന് പിന്നാലെയാണ് മുഖ്യമന്ത്രിയെ പൊതുമധ്യത്തില്‍ അവഹേളിക്കുന്ന വ്യാജ ആരോപണമാണ് ഇതെന്ന് ചൂണ്ടിക്കാട്ടി രാജു പി. നായര്‍ കളമശേരി പൊലിസില്‍ പരാതി നല്‍കിയത്.
ബൈന്ദൂര് സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്നുള്ള വിവാഹ സര്‍ട്ടിഫിക്കറ്റ് അടക്കം കൈവശമുണ്ടെന്നായിരുന്നു ആന്റോ അഗസ്റ്റിന്റെ അവകാശവാദം. രാജു പി. നായരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മൂന്ന് പേര്‍ക്കെതിരെ പൊലിസ് കേസ് എടുത്തിരുന്നു.
വ്യാജ ആരോപണത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയെന്ന് രാജു പി. നായര്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയില്‍ ഉള്‍പ്പെടെ റെയ്ഡ് നടന്നപ്പോള്‍ ആരോപണം ആന്റോ വീണ്ടും ആവര്‍ത്തിച്ചു. ഇതിന് പിന്നില്‍ ബ്ലാക്ക് മെയില്‍ തന്ത്രമാണ്. വ്യാജ രേഖ പൊതുസമൂഹത്തിന് മുന്നില്‍ കാണിക്കണമായിരുന്നുവെന്നും രാജു പി. നായര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
National
ചെന്നൈ: തമിഴ്നാട്ടിലെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന നവജാതശിശുക്കൾക്ക് ഒരു ഗ്രാം സ്വർണമോതിരം നൽകുന്ന 'തായ്മാമൻ തങ്ക മോതിരം' പദ്ധതിക്ക് തുടക്കമിട്ട് മുഖ്യമന്ത്രി വിജയ്. ടിവികെ സർക്കാരിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ ഈ പദ്ധതി സെപ്റ്റംബർ 28-ന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.
ഒക്ടോബർ ആറിന് നടക്കാനിരിക്കുന്ന രണ്ട് നിയമസഭാ ഉപതെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായാണ് സർക്കാരിന്റെ ഈ ജനപ്രിയ നീക്കം. ജൂൺ 22 മുതൽ സർക്കാർ ആശുപത്രികളിൽ ജനിച്ച എല്ലാ കുഞ്ഞുങ്ങൾക്കും ഈ ആനുകൂല്യം ലഭിക്കും. മുൻകാല പ്രാബല്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി ആദ്യഘട്ടത്തിൽ 1.28 ലക്ഷം മോതിരങ്ങൾ സർക്കാർ സംഭരിച്ചിട്ടുണ്ട്.
പൊതുജനാരോഗ്യ സംവിധാനത്തിലുള്ള വിശ്വാസം വർധിപ്പിക്കുക, സുരക്ഷിതമായ ആശുപത്രി പ്രസവങ്ങൾ പ്രോത്സാഹിപ്പിക്കുക, നവജാതശിശുവിന് അമ്മാവൻ സ്വർണ്ണം സമ്മാനിക്കുന്ന പരമ്പരാഗത തമിഴ് ആചാരത്തെ ബഹുമാനിക്കുക എന്നിവയാണ് പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
സംസ്ഥാന ബജറ്റിൽ 755 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. അമ്മമാർ തമിഴ്നാട്ടിലെ സ്ഥിരതാമസക്കാരും "പിക്ക്മി' പോർട്ടലിൽ രജിസ്റ്റർ ചെയ്തവരുമായിരിക്കണം.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മധുരാന്തകം, ധാരാപുരം എന്നീ മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുൻകൂർ അനുമതിയില്ലാത്തതിനാൽ നിലവിൽ പദ്ധതി നടപ്പിലാക്കാൻ സാധിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെ പുകഴ്ത്തി സംസാരിക്കുകയും പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ രൂക്ഷവിമർശനം ഉന്നയിക്കുകയും ചെയ്തെന്ന് കാട്ടി മുതിർന്ന സിപിഐ നേതാവ് സി. ദിവാകരന് കാരണം കാണിക്കൽ നോട്ടീസ്.
സിപിഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് ദിവാകരനോട് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുന്നത്. പാർട്ടിക്ക് ലഭിക്കുന്ന വിശദീകരണം പരിശോധിച്ചശേഷമായിരിക്കും വിഷയത്തിൽ തുടർനടപടികൾ സ്വീകരിക്കുക.
നേരത്തെ, ദിവാകരൻ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത് പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് മാറിനിൽക്കണമായിരുന്നുവെന്ന് ദിവാകരൻ വിമർശിച്ചിരുന്നു.
പിണറായി സ്വയം മാറിനിന്നിരുന്നെങ്കിൽ വി.എസ്. അച്യുതാനന്ദനെപ്പോലെ കേരളത്തിലെ ജനങ്ങൾ അദ്ദേഹത്തെ തിരികെ വിളിക്കുമായിരുന്നുവെന്നും ദിവാകരൻ പറയുകയുണ്ടായി.
മുഖ്യമന്ത്രി വി.ഡി. സതീശനെ ദിവാകരൻ പരസ്യമായി പുകഴ്ത്തുകയും ചെയ്തിരുന്നു. വി.ഡി. സതീശൻ കേരളത്തിന്റെ സ്പന്ദനമാണെന്നും അദ്ദേഹത്തിന്റെ കൈകളിൽ കേരളം ഭദ്രമാണെന്നും 100 ദിവസം കൊണ്ട് അദ്ദേഹം അത് തെളിയിച്ചുവെന്നും ദിവാകരൻ പറഞ്ഞിരുന്നു.
Kerala
കൂത്താട്ടുകുളം: അപ്രഖ്യാപിത പവര്‍കെട്ടിനെതിരെ സിപിഐ കൂത്താട്ടുകുളം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു. ബുധനാഴ്ച രാത്രി ഏഴോടെയാണ് മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചത്.
സമരം സിപിഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എ.എസ്. രാജന് ഉദ്ഘാടനം ചെയ്തു. അംബിക രാജേന്ദ്രന്, പി.എം. ഷൈന്‍, കെ. രാജു, എ.കെ. ദേവദാസ് എന്നിവര്‍ സംസാരിച്ചു. ബാബു വര്‍ഗീസ്, ജിഷ്ണു അനിരുദ്ധ്, കെ.എ. എബി, പി.ആര്. സന്ധ്യ എന്നിവര്‍ നേതൃത്വം നല്കി.
അതേസമയം, കേരളത്തില്‍ പവര്‍ കട്ട് തുടരുകയാണ്. എട്ട് സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി വാങ്ങി നിലവിലെ പ്രതിസന്ധി പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ണമായ നിയന്ത്രണത്തിൽ എത്താനാകുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.
Kerala
കൊച്ചി: റിപ്പോര്‍ട്ടര്‍ ചാനലില്‍ നടക്കുന്ന എസ്ഐടിയുടെ റെയ്ഡ് നിയമപരമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്. വാര്‍ത്താ പ്രക്ഷേപണം തടസപ്പെടുത്തിയതായി അറിഞ്ഞിട്ടില്ല. ഈ വാര്‍ത്ത അറിയുന്നത് ലൈവായി ആ ചാനല്‍ ടെലികാസ്റ്റ് ചെയ്തപ്പോഴാണെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മെസിയെ കൊണ്ടുവരും അര്‍ജന്റീന ടീമിനെ കൊണ്ടുവരുമെന്ന വിവാദത്തിനെ കുറിച്ചുള്ള പരാതി സര്‍ക്കാരിന് കായിക വകുപ്പ് കൈമാറിയിരുന്നു. അത് പരിശോധിച്ചാണ് ആഭ്യന്തര വകുപ്പ് എസ്ഐടി രൂപീകരിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി നിയമപരമായിട്ടുള്ള റെയ്ഡാണ് നടക്കുന്നത്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് വാറണ്ടോട് കൂടി തന്നെയാണ് റെയ്ഡ് നടത്തുന്നത് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, പുലര്‍ച്ചെ നാലോടെ ആരംഭിച്ച റെയ്ഡ് ആറു മണിക്കൂര്‍ പിന്നിട്ടു. കൊച്ചിയിലും വയനാട്ടിലുമായി അഞ്ചിടത്താണ് പരിശോധന. കൊച്ചിയില്‍ ആന്റോ അഗസ്റ്റിന്റെ ഫ്ളാറ്റിലും റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഓഫിസിലും ഗോട്ട് ആഡ് കമ്പനിയുടെ ഓഫീസിലും പരിശോധന പുരോഗമിക്കുകയാണ്.
കളമശേരിയിലെ റിപ്പോര്‍ട്ടര്‍ ചാനല്‍ ഓഫിസിലും റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി ഉടമകളായ അഗസ്റ്റിന് സഹോദരന്മാരുടെ കൊച്ചിയിലെയും വയനാട്ടിലെയും വീടുകളിലുമാണ് ഒരേ സമയം വിശദമായ പരിശോധന. സാമ്പത്തിക ഇടപാടുകള്‍, മറ്റ് കത്തിടപാടുകള്‍ എന്നിവ കണ്ടെത്തുകയാണ് ലക്ഷ്യം.
തട്ടിപ്പുമായി ബന്ധപ്പെട്ട് കളമശേരി പൊലിസ് സ്റ്റേഷനില്‍ ഇന്നലെയാണ് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി, ആന്റോ അഗസ്റ്റിന് എന്നിവരെ പ്രതി ചേര്‍ത്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇതിനു പിന്നാലെ കോടതിയില്‍ നിന്ന് അനുമതി വാങ്ങിയ ശേഷം പരിശോധനയിലേക്ക് കടക്കുകയായിരുന്നു. വഞ്ചന, തട്ടിപ്പ്, ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കളമശേരി പൊലിസ് കേസ് എടുത്തിട്ടുള്ളത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ ശ്രമം തുടരുകയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ദീർഘകാല, ഹ്രസ്വകാല കരാറിന് ശ്രമിക്കുകയാണ്. വൈദ്യുതി നിയന്ത്രണം കുറച്ചു കൊണ്ട് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൻടിപിസിയുമായി ചർച്ച നടത്തി. 30 രൂപക്ക് വൈദ്യുതി വാങ്ങാൻ തീരുമാനിച്ചിട്ടില്ല. വൈദ്യുതി പ്രതിസന്ധി ഒരാഴ്ചക്കുള്ളിൽ പരിഹരിക്കും. പുതിയ വൈദ്യുതി നയം രൂപീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, റിപ്പോർട്ടർ ചാനലിലെ റെയ്ഡിലും മുഖ്യമന്ത്രി പ്രതികരിച്ചു. റെയ്ഡ് എസ്ഐടി അന്വേഷണത്തിന്റെ ഭാഗമായിട്ടുള്ളതാണ്. വാർത്താ സംപ്രേഷണം തടസപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നിക്ഷേപ അനുമതി വേഗത്തിലാക്കാനും നിക്ഷേപകരെ ആകർഷിക്കാനുമായി സരൾ കേരളം പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിനായി 19 നിയമങ്ങളിൽ ഭേദഗതി വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയില്‍ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. യുഡിഎഫ് എന്നാല്‍ ഇരുട്ടാണെന്നും എല്‍ഡിഎഫ് ആണ് വെളിച്ചമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു.
വിഷയത്തിൽ യുഡിഎഫ് മൗനത്തിലാണെന്നും എന്ന് വൈദ്യുതി ലഭിക്കുമെന്ന കാര്യത്തില്‍ മന്ത്രിക്ക് ഉത്തരമില്ലെന്നും ബിനോയ് വിശ്വം ആരോപിച്ചു. വൈദ്യുതി പ്രതിസന്ധിയെ തുടര്‍ന്ന് മുഖ്യമന്ത്രിയെ കാണാനില്ലെന്നും അദ്ദേഹം വിമർശിച്ചു.
വൈദ്യുതി ആരുടെയും ഔദാര്യമല്ലെന്നും മറിച്ച് അവകാശമാണെന്നും പറഞ്ഞ സിപിഐ സംസ്ഥാന സെക്രട്ടറി പാലം കടക്കുവോളം നാരായണ പാലം കടന്നാല്‍ കൂരായണ എന്നതാണ് യുഡിഎഫിന്റെ നിലപാടെന്നും കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ നാഷണൽ തെർമൽ പവർ കോർപ്പറേഷനിൽ (എൻടിപിസി) നിന്നും കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കെഎസ്ഇബി തീരുമാനിച്ചു. ഒരു യൂണിറ്റിന് 30 രൂപ നൽകിയാണ് വൈദ്യുതി വാങ്ങാൻ തീരുമാനിച്ചിരിക്കുന്നത്. വൈദ്യുതി വകുപ്പ് മന്ത്രിയും കെഎസ്ഇബിയിലെ ഉന്നത ഉദ്യോഗസ്ഥരും ചേർന്നാണ് കൂടിയ വിലക്ക് വൈദ്യുതി വാങ്ങുന്ന കാര്യത്തിൽ തീരുമാനം എടുത്തത്.
കെഎസ്ബിയുടെ തീരുമാനം വരുംനാളുകളിൽ ജനത്തിന് വലിയ സാമ്പത്തിക ബാധ്യത വരുത്തുമെന്നും വൈദ്യുതി ചാർജ് വർധനയ്ക്ക് കാരണമാകുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.
പ്രതിദിനം 200 മെഗാ വാട്ട് വൈദ്യുതി ഈ മാസം 30 വരെ വാങ്ങുന്നതിനാണ് കെഎസ്ഇബി തത്വത്തിൽ തീരുമാനമെടുത്തിരിക്കുന്നത്. സംസ്ഥാനത്ത് പ്രതിദിനം 700 മുതൽ 1000 മെഗാ വാട്ട് വരെ വൈദ്യുതിയുടെ കുറവാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്. കേരളത്തിലെ ഉൽപാദനം കുറഞ്ഞതും മറ്റു സംസ്ഥാനങ്ങളിൽ നിന്നും യഥാസമയം വൈദ്യുതി ലഭിക്കാത്തതും പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണ്.
നേരത്തെ യൂണിറ്റിന് 12. 60 രൂപ നിരക്കിൽ വൈദ്യുതി വാങ്ങുന്നതിന് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകിയിരുന്നു. എന്നാൽ ഇപ്പോൾ യൂണിറ്റിന് 30 രൂപ നൽകിയാണ് വൈദ്യുതി വാങ്ങാൻ കെഎസ്ഇബി തീരുമാനം എടുത്തിരിക്കുന്നത്. ഇതിന് മന്ത്രിസഭയുടെയും റെഗുലേറ്ററി കമ്മീഷന്റെയും അനുമതി വേണം.
ഇതരസംസ്ഥാനങ്ങളിൽ നിന്നും വായ്പ അടിസ്ഥാനത്തിൽ വൈദ്യുതി വാങ്ങാനുള്ള നടപടികൾ കെ എസ്ഇബി ആരംഭിച്ചെങ്കിലും വൈദ്യുതി ലഭിക്കുന്നത്തിലേക്ക് എത്തിയിട്ടില്ല. മധ്യ പ്രദേശ് സർക്കാർ മാത്രമാണ് അനുഭാവപൂർണമായ സമീപനം കൈകൊണ്ടിരിക്കുന്നത്.
അതേസമയം, നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം കുറഞ്ഞ വിലക്ക് വൈദ്യുതി വാങ്ങാൻ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തും ആര്യാടൻ മുഹമ്മദ് വൈദ്യുതി മന്ത്രി ആയ ഘട്ടത്തിലും ഉണ്ടാക്കിയ കരാർ പിണറായി സർക്കാർ റദ്ദാക്കിയത് കൊണ്ടാണെന്നാണ് മന്ത്രി സണ്ണി ജോസഫ് ആരോപിക്കുന്നത്.
എന്നാൽ സർക്കാരിന്റെ ആരോപണം തെറ്റാണെന്നും സർക്കാരിന് സ്ഥാപിത താല്പര്യങ്ങൾ ഉണ്ടെന്നാണ് എൽഡിഎഫ് നേതാക്കൾ ആരോപിക്കുന്നത്. മുൻ മന്ത്രി എം.എം. മണി ഉൾപ്പെടെ രൂക്ഷ വിമർശനവുമായാണ് രംഗത്ത് വന്നിരിക്കുന്നത്.
National
ചെന്നൈ: ബ്രിട്ടനിലെ സിൽവർസ്റ്റോൺ സർക്യൂട്ടിൽ നടന്ന മിഷെലിൻ ലെ മാൻസ് കപ്പ് മത്സരത്തിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയ് പങ്കെടുത്തതിനെയും അജിത് കുമാറിനെ കണ്ടുമുട്ടിയതിനെയും രൂക്ഷമായി പരിഹസിച്ച് പ്രതിപക്ഷമായ ഡിഎംകെ. വിദേശ നിക്ഷേപം ആകർഷിക്കാനെന്ന പേരിൽ യുകെയിലേക്ക് പോയ വിജയ്, തന്റെ സുഹൃത്ത് അജിത്തിന്റെ കാർ റേസ് കാണാനാണ് അവിടെയെത്തിയതെന്ന് ഡിഎംകെ വക്താവ് ടികെഎസ് ഇളങ്കോവൻ പരിഹസിച്ചു.
സംസ്ഥാനത്ത് കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും നിരവധി പ്രശ്നങ്ങൾ നിലനിൽക്കെ വിദേശ നിക്ഷേപം കൊണ്ടുവരാൻ ഇപ്പോൾ യാതൊരു തിടുക്കവുമില്ലെന്നും ഡിഎംകെ നേതാക്കൾ വിമർശിച്ചു. എന്നാൽ ഡിഎംകെയുടെ വിമർശനങ്ങൾ തള്ളിക്കളഞ്ഞ ടിവികെ വക്താവ് അമരിക്കൈ വി. നാരായണൻ, വിജയുടെ സന്ദർശനം 'ബ്രാൻഡ് തമിഴ്നാടിന്റെ' മൂല്യം വർധിപ്പിക്കാനാണെന്ന് വ്യക്തമാക്കി.
"ഭരണപരമായ നയങ്ങൾ മുഖ്യമന്ത്രി നിശ്ചയിച്ചു നൽകിയിട്ടുണ്ട്, മന്ത്രിമാരും ഉദ്യോഗസ്ഥരും അത് നടപ്പിലാക്കുന്നുമുണ്ട്. ഒരു ഔദ്യോഗിക സന്ദർശനത്തിനിടെ സുഹൃത്തിനെ കാണുന്നത് തെറ്റല്ല. അജിത്ത് തമിഴ്നാട്ടിൽ മാത്രമല്ല, റേസിംഗ് രംഗത്തും വലിയൊരു താരമാണ്. അവർക്ക് അസൂയ ഉള്ളതുകൊണ്ടാണ് ഇത്തരം ചെറിയ കാര്യങ്ങൾ ഉയർത്തിക്കാട്ടുന്നത്."
ചെന്നൈക്ക് സമീപം നിർദേശിക്കപ്പെട്ടിട്ടുള്ള 'മോട്ടോർ സ്പോർട്സ് സിറ്റി' യാഥാർഥ്യമാക്കാനും തമിഴ്നാടിലേക്ക് പുതിയ വ്യവസായങ്ങൾ എത്തിക്കാനുമാണ് മുഖ്യമന്ത്രി ഈ സന്ദർശനം നടത്തിയതെന്നും ടിവികെ നേതാക്കൾ പറഞ്ഞു.
International
ലണ്ടൻ: തമിഴ് സിനിമാ ലോകത്തെ സൂപ്പർ താരങ്ങളായ വിജയും അജിത് കുമാറും യുകെയിലെ പ്രശസ്തമായ സിൽവർസ്റ്റോൺ സർക്യൂട്ടിൽ ഒന്നിച്ചെത്തിയത് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. തമിഴ്നാട് മുഖ്യമന്ത്രിയായ സി. ജോസഫ് വിജയ്, മിഷെലിൻ ലെ മാൻസ് കപ്പ് മത്സരത്തിന്റെ ഫ്ലാഗ് ഓഫ് നിർവഹിക്കാനാണ് സിൽവർസ്റ്റോണിൽ എത്തിയത്.
ട്രാക്കിൽ പരസ്പരം കണ്ടുമുട്ടിയ വിജയും അജിത്തും സ്നേഹത്തോടെ കെട്ടിപ്പിടിക്കുന്ന ദൃശ്യങ്ങൾ ആരാധകർ ഏറ്റെടുത്തു. വിജയ് സ്പോർട്സ് ജാക്കറ്റിലും അജിത്ത് റേസിംഗ് സ്യൂട്ടിലുമാണ് എത്തിയത്. ലണ്ടനിൽ സിനിമാ ചിത്രീകരണത്തിലായിരുന്ന നടി തൃഷയും മന്ത്രി ആധവ് അർജുനയ്ക്കൊപ്പം ഗാലറിയിലിരുന്ന് അജിത്തിന് പിന്തുണയുമായി മത്സരങ്ങൾ കണ്ടു.
തമിഴ്നാട്ടിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള 'മോട്ടോർ സ്പോർട്സ് സിറ്റി' യാഥാർത്ഥ്യമാക്കുന്നതിന്റെ ഭാഗമായി വിദേശത്തെ കായിക അടിസ്ഥാന സൗകര്യങ്ങൾ പഠിക്കാനാണ് മുഖ്യമന്ത്രി വിജയ് യുകെ സന്ദർശിക്കുന്നത്. ഇത്തരം വലിയ കായിക മാമാങ്കങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള തമിഴ്നാട് സർക്കാരിന്റെ ശ്രമങ്ങൾക്ക് അജിത് കുമാർ നന്ദി അറിയിച്ചു.
Kerala
കൊല്ലം: സിപിഎം നേതാവ് എ.കെ. ബാലൻ മുഖ്യമന്ത്രി വി.ഡി. സതീശനുമായി നടത്തിയ കൂടിക്കാഴ്ച അതീവ ഗൗരവമുള്ളതെന്ന് ബിജെപി നിയമസഭാ കക്ഷി നേതാവ് ബി.ബി. ഗോപകുമാർ. മാസപ്പടി കേസ് നിർണായക ഘട്ടത്തിൽ നിൽക്കുമ്പോഴാണ് കൂടിക്കാഴ്ചയെന്നും ഗോപകുമാർ പറഞ്ഞു.
ചർച്ചയ്ക്ക് പിന്നിൽ കേസ് അട്ടിമറിക്കാനുള്ള നീക്കമാണെന്നും ബി.ബി. ഗോപകുമാർ ആരോപിച്ചു. പിണറായിയുടെ അടുത്ത വിശ്വസ്തനും എല്ലാ ഘട്ടത്തിലും അദ്ദേഹത്തെ പ്രതിരോധിക്കുന്ന ആളുമാണ് എ.കെ. ബാലൻ. പിണറായിയുടെ ദൂതനായിട്ടാണോ ബാലൻ മുഖ്യമന്ത്രിയെ കണ്ടതെന്ന് സംശയമുണ്ടെന്നും ഗോപകുമാർ പറഞ്ഞു.
ഇഡി അന്വേഷണം നടത്തിയ കേസിൽ എന്തുകൊണ്ട് ഇവിടെ കേസെടുക്കുന്നില്ലെന്നും ബിജെപി എംഎൽഎ ചോദിച്ചു. എൽഡിഎഫും യുഡിഎഫും പരസ്പരം വിട്ടുവീഴ്ച ചെയ്യുകയാണ്. അഴിമതിയിൽ പരസ്പരം സഹായിക്കുന്ന സമീപനമാണ് തുടരുന്നതെങ്കിൽ ബിജെപി ശക്തമായ പ്രക്ഷോഭം നടത്തുമെന്നും ഗോപകുമാർ കൂട്ടിച്ചേർത്തു.
National
കോൽക്കത്ത: ബംഗാളിലെ ക്ഷേത്ര ആചാരങ്ങളുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന അനാവശ്യ വിവാദങ്ങൾക്ക് മറുപടിയുമായി ബിജെപി നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ സുവേന്ദു അധികാരി. കോൽക്കത്തയിലെ പ്രശസ്തമായ കാളിഘട്ട് ക്ഷേത്രത്തിൽ ദർശനം നടത്തിയ അദ്ദേഹം ക്ഷേത്രത്തിൽ നിന്നും മീൻ തലയും മീൻ വറുത്തതും അടങ്ങിയ ഭോഗ് പ്രസാദം കഴിച്ചു. കൗശികി അമവാസി ദിനത്തിലായിരുന്നു അദ്ദേഹത്തിന്റെ ഈ സന്ദർശനം.
ദുർഗാപൂജ വേളയിൽ ബംഗാളി ഹിന്ദുക്കൾ മത്സ്യ മാംസാദികൾ കഴിക്കുന്നതിനെതിരെ അടുത്തിടെ ഒരു ഹിന്ദു പുരോഹിതൻ രംഗത്തുവന്നത് വലിയ രീതിയിൽ ചർച്ചയായിരുന്നു. എന്നാൽ ഷാക്ത ആചാരപ്രകാരം കാളിഘട്ട് ക്ഷേത്രത്തിൽ കാളിദേവിക്ക് മീനും ബലി നൽകിയ ആട്ടിറച്ചിയും നിവേദ്യമായി അർപ്പിക്കാറുണ്ട്. ഇത് ഭക്തർ പ്രസാദമായി കഴിക്കുന്നത് നൂറ്റാണ്ടുകളായുള്ള പാരമ്പര്യത്തിന്റെ ഭാഗമാണെന്നും, ഇതിനെ മറ്റു സംസ്ഥാനങ്ങളിലെ രീതികളുമായി താരതമ്യം ചെയ്യേണ്ടതില്ലെന്നും വ്യക്തമാക്കുന്നതായിരുന്നു സുവേന്ദു അധികാരിയുടെ ഈ നീക്കം.
ബസന്തി പുലാവിനൊപ്പം (മഞ്ഞച്ചോറ്) മീൻ തലയും ഫ്രൈ ചെയ്ത മീനുമാണ് സുവേന്ദു അധികാരി ക്ഷേത്ര നിലത്തിരുന്ന് കഴിച്ചത്. ബംഗാളിലെ കാളിക്ഷേത്രങ്ങളിൽ സസ്യാഹാരവും മാംസാഹാരവും ഒരുപോലെ ആചാരങ്ങളുടെ ഭാഗമായി നൽകി വരുന്നുണ്ട്. മാംസാഹാരത്തെച്ചൊല്ലിയുള്ള ചർച്ചകൾ അവസാനിപ്പിക്കാനും പ്രാദേശിക ആചാരങ്ങളെ ബഹുമാനിക്കാനുമാണ് ബിജെപി നേതാവ് ഇതിലൂടെ ശ്രമിച്ചതെന്ന് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പ്രശ്നത്തിൽ നേരിട്ട് ഇടപെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ. പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു.
ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, കെഎസ്ഇബി സിഎംഡി എം.ജി. രാജമാണിക്യം എന്നിവർ യോഗത്തിൽ പങ്കെടുത്തു. സ്ഥലത്തില്ലാത്തതിനാൽ യോഗത്തിൽ വൈദ്യുതിമന്ത്രി പങ്കെടുത്തിരുന്നില്ല.
വൈദ്യുതി തടസവും പ്രതിസന്ധിയും എത്രയും പെട്ടെന്ന് പരിഹരിക്കുന്നതിന് സ്വീകരിക്കേണ്ട അടിയന്തര നടപടികളെക്കുറിച്ച് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി കൃത്യമായ നിർദേശങ്ങൾ നൽകി. നിലവിലെ പ്രതിസന്ധി മറികടക്കുന്നതിനാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. യോഗത്തിലെ വിവരങ്ങൾ മുഖ്യമന്ത്രി പിന്നീട് എക്സ് പോസ്റ്റിലൂടെ അറിയിച്ചു.
Kerala
തിരുവനന്തപുരം: അന്തരിച്ച മാധ്യമപ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്തിന്റെ അപ്രതീക്ഷിത വേർപാടിന് പിന്നാലെ, അദ്ദേഹത്തിനും കുടുംബത്തിനുമെതിരെ സോഷ്യൽ മീഡിയയിലൂടെ നടക്കുന്ന സൈബർ ആക്രമണങ്ങൾ അങ്ങേയറ്റം വേദനാജനകമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.
നമ്മെ വിട്ടുപിരിഞ്ഞ ഒരു മാധ്യമപ്രവർത്തകനെതിരെയെന്നല്ല, ഏത് മനുഷ്യനെതിരെയുമാകട്ടെ ഇത്തരത്തിൽ സംഘടിതമായി വിദ്വേഷവും അസത്യങ്ങളും പ്രചരിപ്പിക്കുന്നത് കേരളം ഉയർത്തിപ്പിടിക്കുന്ന ഉന്നതമായ സാമൂഹിക സംസ്കാരത്തിന് തീരാക്കളങ്കമാണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാട്ടി.
മുഖമുള്ളതും ഇല്ലാത്തതുമായ ഐഡികളിൽനിന്ന് വിദ്വേഷം പ്രചരിപ്പിക്കുന്നവർ എന്ത് മാനവികതയെക്കുറിച്ചും മാനുഷിക മൂല്യങ്ങളെക്കുറിച്ചുമാണ് പറയുന്നതെന്നും അദ്ദേഹം ചോദിച്ചു.
മുൻകാലങ്ങളിൽ അദ്ദേഹം നൽകിയ അന്വേഷണാത്മക വാർത്തകളുടെ പേരിലുള്ള വൈരാഗ്യമാണ് ഈ അധിക്ഷേപങ്ങൾക്ക് പിന്നിലെന്നത് ഗൗരവമുള്ള വിഷയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു മാധ്യമപ്രവർത്തകന്റെ കർത്തവ്യ നിർവഹണത്തെയും അദ്ദേഹത്തിന്റെ വിയോഗത്തെത്തന്നെയും രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ അധിക്ഷേപിക്കുന്നത് ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ല.
എറണാകുളം പ്രസ് ക്ലബ്ബും ജിജോയുടെ സുഹൃത്തുക്കളും നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ വിഷയം അതീവ ഗൗരവത്തിൽ പരിഗണിക്കുമെന്നും കുറ്റക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാതെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Kerala
തിരുവനന്തപുരം: ലഹരിയുടെ പിടിയില്‍നിന്ന് യുവജനങ്ങളെ മുക്തരാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ സ്പോര്‍ട്സിനും പൊലിസിനും സാധിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്.
തിരുവനന്തപുരം ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തില്‍ 47 -ാമത് സംസ്ഥാന പൊലിസ് കായിക മേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഫിറ്റ്നെസിന്റെ പ്രാധാന്യം വിളിച്ചോതുന്ന കായികമേളയിലൂടെ ഓപ്പറേഷന് തൂഫാന്റെ മികച്ച സന്ദേശമാണ് കേരള പൊലിസ് മുന്നോട്ട് വയ്ക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. യെസ് ടു സ്പോര്‍ട്സ്, നോ ടു ഡ്രഗ്സ് എന്നതായിരുന്നു കായികമേളയുടെ മുദ്രാവാക്യം.
സംസ്ഥാനത്തിന്റെ കായികവികസനത്തില്‍ കൂടുതല്‍ പങ്ക് വഹിക്കാന്‍ കേരള പൊലിസിനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന പൊലിസ് ചരിത്രത്തിലെ ഏറ്റവും വലിയ കായിക മേളയ്ക്ക് സാക്ഷിയാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
41 പൊലിസ് യൂണിറ്റുകളില്‍ നിന്നായി 1375 അത്ലറ്റുകള് പങ്കെടുത്ത പൊലിസ് കായികമേളയില്‍ ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന് ഓവറോള്‍ ചാമ്പ്യന്മാരായി. വിവിധ വിഭാഗങ്ങളിലെ വിജയികള്‍ക്കുള്ള ട്രോഫികള്‍ ചടങ്ങില്‍ മുഖ്യമന്ത്രി സമ്മാനിച്ചു.
Kerala
തിരുവനന്തപുരം: സർക്കാർ നിയമനങ്ങളിൽ വിരമിച്ചവർക്കു നിയമന വിലക്കില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.
നിയമനങ്ങൾ മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും. വിരമിച്ചവരിൽ മികച്ചവർ ഉണ്ടെങ്കിൽ നിയമിക്കും. വിരമിച്ചവരെ നിയമിക്കില്ലെന്ന തീരുമാനം എടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സിനിമ തിയറ്ററുകളിൽ സാധനങ്ങൾക്ക് അമിത വില ഈടാക്കുന്നത് സംബന്ധിച്ച പരാതികളിൽ ലീഗൽ മെട്രോളജി വകുപ്പ് ഇടപെടും.
കുടുംബശ്രീ ഹോട്ടലുകളിലെ പ്രതിസന്ധി പരിശോധിച്ചുവരികയാണ്. പുതിയ സർക്കാർ വന്നശേഷമുണ്ടാക്കിയ പ്രശ്നമല്ല ഇത്. നേരത്തേ തന്നെ പണം നൽകാത്ത പ്രതിസന്ധിയാണ്. കുടുംബശ്രീയെ കൂടുതൽ ശക്തിപ്പെടുത്തുന്ന നിലപാടായിരിക്കും സ്വീകരിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും പേഴ്സണല്‍ സ്റ്റാഫുകളുടെ എണ്ണം കൂടുതലാണെന്ന മാധ്യമ വാര്‍ത്തകള്‍ ശരിയല്ലെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇതുവരെ ഈ സര്‍ക്കാര്‍ നിയമിച്ചത് 476 പേരെയാണ്. എന്നാല്‍, കഴിഞ്ഞ പിണറായി സര്‍ക്കാര്‍ നിയമിച്ചത് 787 പേരെയാണ്. ഇതാണ് കണക്ക്.
31 പേരാണ് തന്റെ പേഴ്സണല്‍ സ്റ്റാഫിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. നിയമമനുസരിച്ച് ഇനിയും ആളെ നിയമിക്കാം. മന്ത്രിമാര്‍ പരമാവധി 25 പേരെ നിയമിച്ചാല്‍ മതിയെന്നാണ് നിര്‍ദേശിച്ചിരുന്നത്. ഒരു മന്ത്രി പോലും 25ല്‍ കൂടുതല്‍ നിയമിച്ചിട്ടില്ല. പല മന്ത്രിമാരും അവര്‍ക്ക് ആവശ്യമുള്ളത്രയും പേരെ നിയമിച്ചിട്ടില്ല. നിയമിക്കുന്നതേയുള്ളൂ.
കഴിഞ്ഞ മന്ത്രിസഭയില്‍ ചിലരുടേത് 27 ളം 28 ഉം 29 ഒക്കെയായിരുന്നു സ്റ്റാഫുകളുടെ എണ്ണം. കഴിഞ്ഞ ചീഫ് വിപ്പ് നിയമിച്ചത് 28 പേരെയാണ്. ഇപ്പോഴത്തെ ചീഫ് വിപ്പ് നിയമിച്ചിരിക്കുന്നത് 16 പേരെ മാത്രമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Kerala
കോട്ടയം: ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ച പ്രമുഖ പത്രപ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്തിനെക്കുറിച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്റെ വൈകാരികമായ കുറിപ്പ്. അദ്ദേഹവുമായുള്ള ആത്മബന്ധം സൂചിപ്പിച്ചുകൊണ്ടാണ് മുഖ്യമന്ത്രിയുടെ അനുശോചനക്കുറിപ്പ്. കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ:
ജിജോ ജോൺ പുത്തേഴത്ത് എന്ന ബൈലൈന്‍ വായിച്ചാണ് ഇന്നു രാവിലെ ഞാന്‍ ഓഫീസിലേക്ക് ഇറങ്ങിയത്. മന്ത്രിസഭായോഗത്തിനു ശേഷമുള്ള വാര്‍ത്താ സമ്മേളനം കഴിഞ്ഞ് ഓഫീസിലെത്തുമ്പോള്‍ അറിഞ്ഞത് ജിജോയുടെ മരണ വാര്‍ത്ത. ഇനി ജിജോ ഇല്ലെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ കുറച്ചധികം സമയമെടുത്തു.
മലയാള മനോരമയിലെ മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് എന്നതിനപ്പുറം, ജിജോ എന്റെ നാട്ടുകാരനും പ്രിയപ്പെട്ട സുഹൃത്തുമായിരുന്നു. അദ്ദേഹവുമായും കുടുംബവുമായും എനിക്ക് അത്രയേറെ ആത്മബന്ധമുണ്ട്. കഴിഞ്ഞ ദിവസവും ഞങ്ങള്‍ കാണുകയും കുറച്ചുനേരം സംസാരിക്കുകയും ചെയ്തിരുന്നു.
എംഎല്‍എയായിരുന്ന കാലത്തും പ്രതിപക്ഷ നേതാവായിരിക്കുമ്പോഴുമെല്ലാം വിവിധ വിഷയങ്ങളില്‍ ദീര്‍ഘനേരം ഞാന്‍ ജിജോയുമായി ആശയവിനിമയം നടത്തുന്നതു പതിവായിരുന്നു. നിയമസഭാ സമ്മേളന നാളുകളില്‍ അത് എന്റെ ഹോംവര്‍ക്കിന്റെ ഭാഗം കൂടിയായിരുന്നു. അത്രമേല്‍ അടുത്ത വ്യക്തിബന്ധമുള്ള പ്രിയസുഹൃത്തിന്റെ വേര്‍പാട് എന്നെ വല്ലാതെ ഉലയ്ക്കുന്നു, വേദനിപ്പിക്കുന്നു.
പത്രപ്രവര്‍ത്തന രംഗത്തു ജിജോ പുലര്‍ത്തിയ മികവും നിലവാരവും രാജ്യം അംഗീകരിച്ചതാണ്. 2015ലെ രാംനാഥ് ഗോയങ്ക പുരസ്കാരം ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ അദ്ദേഹത്തെ തേടിയെത്തി. അന്വേഷണാത്മക പത്രപ്രവര്‍ത്തന രംഗത്തു ദേശീയ ശ്രദ്ധയാകര്‍ഷിച്ച നിരവധി വാര്‍ത്തകളാണ് ജിജോ പുറത്തുകൊണ്ടുവന്നത്.
'ജിജോ ജോണ്‍ പുത്തേഴത്ത്' എന്ന ബൈലൈന്‍ ഇനിയുണ്ടാകുകയില്ലെന്ന യാഥാർഥ്യം വേദനയോടെ തിരിച്ചറിയുന്നു. പക്ഷേ, ആ പേര് എന്റെ മനസില്‍ എന്നുമുണ്ടാകും. അത് ജിജോ എഴുതിയ വാര്‍ത്തകളുടെ പേരില്‍ മാത്രമല്ല, അത്രമാത്രം ദൃഢമായ ഒരു സൗഹൃദത്തിന്റെ കൂടി ഭാഗമാണത്. പ്രിയപ്പെട്ട ജിജോയ്ക്കു വിട.
National
ചെന്നൈ: തമിഴ്നാട് നിയമസഭയിലെ പ്രസംഗത്തിനിടെ നടത്തിയ ആംഗ്യങ്ങൾ വിവാദമായ പശ്ചാത്തലത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി സി. ജോസഫ് വിജയ്. തന്റെ ആംഗ്യങ്ങൾ ആരെയും കളിയാക്കാനോ വ്യക്തിപരമായി അധിക്ഷേപിക്കാനോ ഉദ്ദേശിച്ചുള്ളതല്ലെന്നും അതിനുപിന്നിൽ ദുരുദ്ദേശങ്ങളൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമസഭയിലെ 45 മിനിറ്റ് നീണ്ട പ്രസംഗത്തിനൊടുവിൽ വിജയ് താടിയിൽ കൈവെച്ച് ഉയർത്തുന്ന രീതിയിൽ കാട്ടിയ ആംഗ്യമാണ് വിവാദത്തിന് വഴിവെച്ചത്. അടിയന്തരാവസ്ഥക്കാലത്ത് മിസ തടവുകാരനായിരിക്കെ പോലീസിന്റെ ക്രൂര മർദനമേറ്റ് താടിയെല്ലിന് പരിക്കേറ്റ മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ പരിഹസിക്കാനാണ് വിജയ് ഈ ആംഗ്യം കാണിച്ചതെന്ന് പ്രതിപക്ഷം ആരോപിച്ചു.
ഭരണകക്ഷിയായ ടിവികെ സർക്കാരിന് പുറത്തുനിന്ന് പിന്തുണ നൽകുന്ന സിപിഎം, സിപിഐ എന്നീ പാർട്ടികളും വിജയിയുടെ നടപടിയെ ശക്തമായി അപലപിച്ചു.
National
കോൽക്കത്ത: പശ്ചിമ ബംഗാളിലെ ഏറ്റവും വലിയ ഉത്സവമായ ദുർഗാ പൂജ ആഘോഷങ്ങളിൽ വൻ മാറ്റങ്ങളുമായി മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള പുതിയ ബിജെപി സർക്കാർ. മുൻപ് തൃണമൂൽ സർക്കാർ നൽകിയിരുന്ന ഭീമമായ സാമ്പത്തിക സഹായങ്ങൾ വെട്ടിക്കുറയ്ക്കുന്നതിനൊപ്പം, പൂജയിലെ ഏറ്റവും പ്രധാനപ്പെട്ട അഷ്ടമി ദിനത്തിൽ സംസ്ഥാനത്ത് ഡ്രൈ ഡേ (മദ്യനിരോധനം) പ്രഖ്യാപിക്കുകയും ചെയ്തു.
വൻകിട ബജറ്റിൽ പൂജ സംഘടിപ്പിക്കുന്ന കമ്മിറ്റികൾക്ക് ഇനിമുതൽ സർക്കാർ സാമ്പത്തിക സഹായം നൽകില്ല. മുൻ വർഷം തൃണമൂൽ സർക്കാർ ഓരോ ക്ലബ്ബിനും 1.10 ലക്ഷം രൂപ വീതം നൽകിയിരുന്നു. എന്നാൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന, സഹായമില്ലാതെ പൂജ നടത്താൻ കഴിയാത്ത കമ്മിറ്റികൾക്ക് പരിശോധനകൾക്ക് ശേഷം 1 ലക്ഷം രൂപ വീതം നൽകും.
അഷ്ടമി ദിനത്തിൽ മദ്യവിൽപ്പന പൂർണമായി നിരോധിച്ചു. പൂജയോടനുബന്ധിച്ചോ വിസർജന ചടങ്ങുകളിലോ ഡി.ജെ സംഗീതം അനുവദിക്കില്ല. ദേശീയപാതകളും കോൽക്കത്തയിലെ 14 പ്രധാന റോഡുകളും പൂജയ്ക്കായി തടസപ്പെടുത്താൻ പാടില്ല. പൂജ പന്തലുകൾക്ക് വൈദ്യുതി നിരക്ക് ഈടാക്കില്ല. ഫയർ ലൈസൻസും സൗജന്യമായി നൽകും.
National
ചെന്നൈ: തമിഴ്നാട്ടിലെ സർക്കാർ ചടങ്ങുകൾ, സർവകലാശാലകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിൽ സംസ്ഥാന ഗാനമായ 'തമിഴ് തായ് വാഴ്ത്ത്' ആദ്യം ആലാപനം ചെയ്യണമെന്ന് വ്യവസ്ഥ ചെയ്യുന്ന പ്രമേയം തമിഴ്നാട് നിയമസഭ ഐക്യകണ്ഠേന പാസാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശത്തെ മറികടന്നാണ് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നിയമസഭയിൽ ഈ പ്രമേയം അവതരിപ്പിച്ചത്. പ്രമേയത്തെ ഡിഎംകെയും എഐഎഡിഎംകെയും പിന്തുണച്ചു.
ചടങ്ങുകളിൽ ദേശീയ ഗാനമായ വന്ദേമാതരത്തിന് ഒന്നാം സ്ഥാനം നൽകണമെന്ന കേന്ദ്ര നിർദേശം നിലനിൽക്കെയാണ് തമിഴ് ഭാഷാ അവകാശങ്ങളിൽ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി വിജയ് രംഗത്തെത്തിയത്. തമിഴ് വെറുമൊരു ഭാഷയല്ലെന്നും തങ്ങളുടെ ജീവശ്വാസവും വികാരവുമാണെന്നും സഭയിൽ നടത്തിയ പ്രകാശന പ്രസംഗത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാർ ചടങ്ങുകളിൽ വന്ദേമാതരം ആദ്യം ആലപിക്കണമെന്ന് ജനുവരിയിലും ജൂലൈയിലും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശം നൽകിയിരുന്നു. എന്നാൽ ഇതിനെതിരെ സംസ്ഥാന ഗാനത്തിന് പ്രഥമസ്ഥാനം നൽകണമെന്ന് വിജയ് സഭയിൽ ഉറപ്പിച്ചു പറഞ്ഞു. 1970 മുതൽ ചടങ്ങുകൾക്ക് തുടക്കത്തിൽ തമിഴ് ഗാനം പാടുന്ന പതിവുണ്ടായിരുന്നു. എന്നാൽ അടുത്തിടെ സർവകലാശാല ചടങ്ങിലും മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിലും തമിഴ് ഗാനം മൂന്നാമതായി പാടിയത് വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
പാർട്ടി വ്യത്യാസമില്ലാതെ ഡിഎംകെയും എഐഎഡിഎംകെയും പ്രമേയത്തെ പിന്തുണച്ചതോടെ, ഇനി പ്രത്യേക അനുമതിയില്ലാതെ തന്നെ ഈ ഉത്തരവ് പ്രാബല്യത്തിൽ വരുമെന്ന് സ്പീക്കർ ജെ.സി.ഡി. പ്രഭാകർ അറിയിച്ചു.
Kerala
ന്യൂഡൽഹി: കോൺഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാനായി മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് രാത്രി ഡൽഹിയിലെത്തും. തിങ്കളാഴ്ച നടക്കുന്ന യോഗത്തിന് ശേഷം അദ്ദേഹം രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.
സന്ദർശനത്തിൽ സർക്കാരിന്റെ പ്രവർത്തനങ്ങളും സംസ്ഥാനത്തെ പാർട്ടിയുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങളും ചർച്ചയായേക്കും. കെപിസിസി അധ്യക്ഷ നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങളും കൂടിക്കാഴ്ചയിൽ ഉന്നയിക്കപ്പെടുമെന്ന് സൂചനയുണ്ട്.
Kerala
കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരെ തള്ളിയ മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്ത മുഖപത്രം സുപ്രഭാതം. "മര്യാദയ്ക്ക് സംസാരിക്കണം' എന്ന തലക്കെട്ടിൽ എഴുതിയ മുഖപ്രസംഗത്തിലാണ് മുഖ്യമന്ത്രിയുടെ നിലപാടുകൾക്കെതിരെ സമസ്ത മുഖപത്രം ആഞ്ഞടിച്ചിരിക്കുന്നത്.
വി.ഡി. സതീശന്റെ പ്രതികരണം കുരുടന് ആനയെ തൊട്ടതുപോലെ എന്നാണ് മുഖപ്രസംഗത്തിലെ പ്രയോഗം. പെണ്ണുങ്ങള് പ്രദര്‍ശിപ്പിക്കപ്പെടുമ്പോള്‍ മഹാനാശമുണ്ടാകുന്നുവെന്ന് കാന്തപുരം പറഞ്ഞത് സ്ത്രീ അഴിഞ്ഞാട്ടങ്ങളുണ്ടാക്കുന്ന അധാര്‍മികതകള്‍ ഓര്‍മിപ്പിക്കുന്ന വേദിയില്‍ വച്ചാണ്. അത് പറയാന്‍ കാന്തപുരത്തിനുള്ള അവകാശം കാന്തപുരത്തിന്റെ പ്രസ്താവന പത്തൊന്‍പതാം നൂറ്റാണ്ടിന്റേതാണെന്ന് പറയാന്‍ സതീശനുള്ളത് പോലെ തന്നെ ഉണ്ടെന്നും മുഖപ്രസംഗം വിശദീകരിക്കുന്നു.
മുസ്ലിം പിന്തുണയുള്ള മുഖ്യമന്ത്രിയെന്ന പ്രതിച്ഛായ മാറ്റാനാണ് സതീശന് ശ്രമിക്കുന്നത്. ശബരിമല യുവതീ പ്രവേശനത്തെ എതിര്‍ത്ത സതീശനാണ് സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുന്നതെന്നും പത്രം കുറ്റപ്പെടുത്തുന്നു.
തിരുവനന്തപുരത്ത് മുഖ്യമന്ത്രിയെ തടഞ്ഞ ഡിസിസി അംഗം ചേന്തി അനിലും മുഖ്യമന്ത്രിയും തമ്മിലുണ്ടായ തര്‍ക്കം വിശദീകരിച്ചായിരുന്നു മുഖപ്രസംഗം തുടങ്ങുന്നത്. കൊണ്ടും കൊടുത്തുമാണ് സതീശന് മുഖ്യമന്ത്രി കസേരയില്‍ എത്തിയതെന്നാണ് സമസ്ത ചൂണ്ടിക്കാട്ടുന്നത്.
മുനമ്പം വഖഫ് ഭൂമി അല്ലെന്ന് പ്രഖ്യാപിച്ചതും വി.ഡി. സതീശന് ആണ്. പിഎം ശ്രീ നടപ്പാക്കാനും സതീശന് താൽപര്യം കാണിച്ചു എന്നതടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. തെരഞ്ഞെടുപ്പിന് മുമ്പ് ജമാഅത്തെ ഇസ്ലാമി അടക്കം ഗുഡ് സര്‍ട്ടിഫിക്കറ്റ് കൊടുത്ത ആളാണ് സതീശന് എന്നും പത്രം ചൂണ്ടിക്കാട്ടുന്നു.
അതേസമയം, മുഖപ്രസംഗത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ പ്രകീര്‍ത്തിക്കുന്നു. സമരസപ്പെടലിന്റെ മഹാഗോപുരമാണ് ചെന്നിത്തല എന്നായിരുന്നു മുഖ്യമന്ത്രി തര്‍ക്കം ഓര്‍മിപ്പിച്ചുള്ള പരാമര്‍ശം.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ പോസ്റ്റുകൾ മെറ്റ നീക്കി. സിഎംഒ കേരളയിലെ രണ്ട് പോസ്റ്റുകളാണ് നീക്കം ചെയ്തത്. ആശാ പ്രവർത്തകർക്ക് ഉത്സവബത്തയായി 1,450 രൂപ അനുവദിച്ചതുമായി ബന്ധപ്പെട്ട പോസ്റ്റും നബിദിനാശംസ നേർന്നുകൊണ്ടുള്ള പോസ്റ്റുമാണ് നീക്കം ചെയ്തതായി കണ്ടെത്തിയത്.
കഴിഞ്ഞ 19ന് പ്രസിദ്ധീകരിച്ച ആശാ പ്രവർത്തകരുടെ ഉത്സവബത്ത സംബന്ധിച്ച അറിയിപ്പാണ് നീക്കം ചെയ്ത ഒരു പോസ്റ്റ്. ആശാ പ്രവർത്തകർക്ക് 1,450 രൂപ വീതം ഉത്സവബത്ത അനുവദിച്ച സർക്കാർ തീരുമാനമാണ് ഇതിലൂടെ അറിയിച്ചിരുന്നത്. രണ്ടാമത്തെ പോസ്റ്റ് നബിദിനത്തോടനുബന്ധിച്ച് മുഖ്യമന്ത്രിയുടെ ആശംസകൾ പങ്കുവെച്ചുകൊണ്ടുള്ളതായിരുന്നു.
എന്ത് കാരണത്താലാണ് പോസ്റ്റുകൾ നീക്കം ചെയ്തതെന്ന് വ്യക്തമല്ല. മെറ്റയുടെ ഭാഗത്തുനിന്ന് ഇതുസംബന്ധിച്ച് ഔദ്യോഗിക വിശദീകരണവും പുറത്തുവന്നിട്ടില്ല. അതേസമയം നേരത്തെ മുഖ്യമന്ത്രിക്കെതിരായ വിമർശന പോസ്റ്റുകൾ സർക്കാർ ഇടപെട്ട് നീക്കം ചെയ്യുന്നതായി ആരോപണം ഉയർന്നിരുന്നു.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം മെട്രോ പദ്ധതി പാപ്പനംകോട് നിന്നും നേമം വരെ നീട്ടണമെന്ന് ആവശ്യവുമായി മുഖ്യമന്ത്രിക്ക് കത്ത് നൽകി രാജിവ് ചന്ദ്രശേഖർ എംഎൽഎ.
തിരുവനന്തപുരം മെട്രോ ട്രെയിൽ പദ്ധതി ആരംഭിക്കാൻ സർക്കാർ തീരുമാനമെടുത്തത് പാപ്പനംകോട് മുതൽ ഈഞ്ചക്കൽ വരെയാണ്. എന്നാൽ പദ്ധതി ആരംഭിക്കുന്നത് പാപ്പനംകോട് നിന്നും മാറ്റി നേമം റെയിൽവേ സ്റ്റേഷൻ വരെ നീട്ടണമെന്ന് ആവശ്യവുമായിട്ടാണ് മുഖ്യമന്ത്രിക്ക് രാജിവ് ചന്ദ്രശേഖർ എംഎൽഎ കത്ത് നൽകിയത്.
മെട്രോ റെയിൽ നേമം വരെ നീട്ടുന്നതിലോടുകൂടി തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിക്ക് സ്ഥലം എംഎൽഎ കൂടിയായ രാജീവ് ചന്ദ്രശേഖർ കത്ത് നൽകിയത്.
മെട്രോ നേമം സ്റ്റേഷൻ വരുന്നതോടുകൂടി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് അടക്കം കൂടുതൽ പ്രയോജനകരമായി മാറുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
National
ഹൈദരാബാദ്: മുഖ്യമന്ത്രിയെ വനംമന്ത്രിയുടെ മകൾ വിമർശിച്ചതിനു പിന്നാലെ മന്ത്രിയെ പുറത്താക്കി മുഖ്യമന്ത്രിയുടെ പകരംവീട്ടൽ. തെലുങ്കാന വനംമന്ത്രി കെ.സുരേഖയ്ക്കാണു മകൾ സുഷ്മിതയുടെ പരാമർശത്തിന്റെ പേരിൽ മന്ത്രിസ്ഥാനം നഷ്ടമായത്.
തെലുങ്കാന കോൺഗ്രസിലെ ആഭ്യന്തരകലഹത്തിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പിൽ സുഷ്മിത നോട്ടമിട്ട സീറ്റ് ഉറ്റ അനുയായിക്കായി ഉറപ്പിച്ചുനിർത്താനുള്ള മുഖ്യമന്ത്രിയുടെ ശ്രമവും പ്രശ്നങ്ങൾ ആളിക്കത്തിച്ചിരിക്കുകയാണ്.
മുഖ്യമന്ത്രിക്കും മറ്റു കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരേ ഒരു പൊതുപരിപാടിയിൽ സുരേഖയുടെ മകള്‍ വിമർശനം ഉന്നയിക്കുകയായിരുന്നു. ഇതിനു പിന്നാലെ വനം-പരിസ്ഥിതി മന്ത്രിയായ സുരേഖയെ ഒഴിവാക്കണമെന്ന ശിപാര്‍ശ മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് അയച്ചു.
പര്‍കല്‍ മണ്ഡലത്തില്‍നിന്ന് സിറ്റിംഗ് എംഎല്‍എ രേവൂരി പ്രകാശ് റെഡ്ഡിയെ വീണ്ടും തെരഞ്ഞെടുക്കണമെന്ന രേവന്തിന്റെ അഭ്യര്‍ഥനയെ ഉൾപ്പടെയാണ് സുഷ്മിത വിമർശിച്ചത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇവിടെ ജനവിധി തേടാന്‍ സുഷ്മിതയ്ക്ക് താല്പര്യമുണ്ടെന്നാണ് വിവരം.
ഈ പശ്ചാത്തലത്തിലാണ് 74കാരനായ പ്രകാശ് റെഡ്ഡിയെ വീണ്ടും തെരഞ്ഞെടുക്കണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന. ഇതിനു സുഷ്മിത മറുപടി പറഞ്ഞതോടെ അമ്മ സുരേഖയ്ക്കു മന്ത്രിക്കസേര നഷ്ടമായെന്നുമാത്രം.
Kerala
തിരുവനന്തപുരം: ഫുട്ബോൾ താരം മെസിയെ കേരളത്തിൽ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ടു നടന്ന തട്ടിപ്പുകേസ് അന്വേഷിക്കുന്നതിൽ ആഭ്യന്തരവകുപ്പിന്റെ തീരുമാനം ഉടനുണ്ടാകുമെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ.
കായികവകുപ്പ് തന്ന പരാതി ഗൗരവമായി പരിശോധിച്ചു തയാറാക്കിയ റിപ്പോർട്ട് ആഭ്യന്തരവകുപ്പിനു കൈമാറി. ആഭ്യന്തര വകുപ്പ് ഇക്കാര്യത്തിൽ തീരുമാനമെടുക്കും.
ധനവകുപ്പുമായി ബന്ധപ്പെട്ട നികുതി തട്ടിപ്പ് ജിഎസ്ടിയുടെ പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ചുവരികയാണ്. പ്രാഥമിക വിവരമനുസരിച്ച് വലിയ തോതിലുള്ള ജിഎസ്ടി തട്ടിപ്പ് നടത്തിയിട്ടുണ്ട്. കഴിഞ്ഞ സർക്കാരിന്റെ കാലത്തുതന്നെ അതിൽ നോട്ടീസും കൊടുത്തിരുന്നു. പിന്നീട് മുന്നോട്ടു പോയില്ല. അന്വേഷണം സജീവമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയമോപദേശം തേടി
ലയണൽ മെസി ഉൾപ്പെടെയുള്ള അർജന്റീന ഫുട്ബാൾ ടീമിനെ കേരളത്തിൽ കൊണ്ടുവരാനെന്ന പേരിൽ നടത്തിയ ക്രമക്കേടുകളിൽ ഏത് അന്വേഷണം വേണമെന്ന് സർക്കാർ നിയമോപദേശം തേടി. അഡ്വക്കേറ്റ് ജനറലിനോടും പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിനോടുമാണ് ഉപദേശം തേടിയത്.
ക്രൈംബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കാനായിരുന്നു ആഭ്യന്തര വകുപ്പിലെ ധാരണ. എന്നാൽ അഴിമതിയും വിദേശനാണ്യ വിനിമയ ചട്ടലംഘനവും ജിഎസ്ടി തട്ടിപ്പുമടക്കമുള്ള ക്രമക്കേടുകളുള്ളതിനാൽ ഉചിതമായ അന്വേഷണ ഏജൻസി ഏതാണെന്നാണ് സർക്കാർ ഉപദേശം തേടിയത്.
Kerala
തിരുവനന്തപുരം: എൽഡിഎഫിൽ നടക്കുന്നത് കലാപവും പരസ്പരമുള്ള ചെളിയെറിയലുമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സിപിഎമ്മും സിപിഐയും തമ്മിൽ പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുന്ന സാഹചര്യം യുഡിഎഫ് പുറത്തുനിന്ന് ആസ്വദിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
സിപിഐയെ യുഡിഎഫിലേക്ക് മുസ്ലിം ലീഗ് ക്ഷണിച്ചെന്ന വാർത്തകളോടുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ലീഗ് അങ്ങനെ ഔദ്യോഗികമായി പറഞ്ഞിട്ടില്ലെന്നും ഇക്കാര്യത്തിൽ കോൺഗ്രസ് പ്രത്യേക രാഷ്ട്രീയ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സിപിഎമ്മിനുള്ളിൽ നേതൃത്വത്തിനെതിരെ അതിശക്തമായ പ്രതിഷേധമാണ് നിലവിലുള്ളതെന്നും കേന്ദ്രകമ്മിറ്റി അംഗീകരിച്ച നിലപാടുകൾ പോലും കേരളത്തിൽ നടപ്പിലാക്കാതെ നേതാക്കൾ പരസ്പരം പോരടിക്കുകയാണ്. ഞങ്ങൾ പുറത്തുന്നനിന്ന് അത് ആസ്വദിക്കുന്നു. അത്രയേ ഉള്ളൂ. ഞങ്ങൾ അതിൽ വേറെ രാഷ്ട്രീയ തീരുമാനം ഒന്നും എടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala
കോഴിക്കോട്: ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍. സിആര്‍7 ബ്രാന്‍ഡ് ഡയറക്ടറായ എല്‍മ ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് ഷോറൂമിലെ സ്പാര്‍ക്കിള്‍ ഡയമണ്ട് ഫെസ്റ്റ് ഉദ്ഘാടനത്തിനായാണ് എത്തിയത്.
പുലര്‍ച്ചെയോടെ കോഴിക്കോട് വിമാനത്താവളത്തിലെത്തിയ എല്‍മ എവെയ്റോയെ ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ പ്രതിനിധികള്‍ ചേര്‍ന്ന് സ്വീകരിച്ചു. ഇതിനു പിന്നാലെ മുഖ്യമന്ത്രി വി.ഡി. സതീശനെയും എൽമ സന്ദർശിച്ചു.
വി.ഡി.സതീശനുമൊത്തുള്ള ചിത്രങ്ങളും വിഡിയോകളും എൽമ തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതാദ്യമായാണ് കേരളം സന്ദര്‍ശിക്കുന്നതെന്നും മൂന്നു ദിവസം കേരളത്തിൽ ഉണ്ടാകുമെന്നും എല്‍മ പറഞ്ഞു.
മുഖ്യമന്ത്രിയും വിഡിയോ പങ്കുവച്ചിട്ടുണ്ട്. ‘കേരളത്തിലെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഹോദരി എൽമ എവെയ്റോയെ നേരിൽ കണ്ടു. വളരെ ഹൃദ്യമായി സംസാരിച്ച ആ കൂടിക്കാഴ്ചയിൽ, മലയാളി മനസുകളിൽ റൊണാൾഡോയോടുള്ള അടങ്ങാത്ത സ്നേഹവും ആരാധനയും അവരുമായി പങ്കുവച്ചു. കേരളത്തിലെ ഫുട്ബോൾ പ്രേമികളുടെ ഈ വലിയ സ്നേഹസന്ദേശം എൽമ തീർച്ചയായും ക്രിസ്റ്റ്യാനോയിൽ എത്തിക്കുമെന്ന് ഉറപ്പുനൽകി.’ – വി.ഡി.സതീശന് കുറിച്ചു.
Kerala
തിരുവനന്തപുരം: കാന്തപുരം അബൂബക്കർ മുസല്യാരുടെ സ്ത്രീവിരുദ്ധ പരാമര്‍ശത്തോട് യോജിക്കാനാവില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്. പുരോഗമന കേരളത്തിന് ചേര്‍ന്നതല്ല അദ്ദേഹത്തിന്റെ പരാമര്‍ശമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കാലാവധി അവസാനിക്കാറായ പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലെ അധ്യാപകരുടെ 18 റാങ്ക് ലിസ്റ്റിന്റെ കാലാവധി ആറ് മാസക്കാലത്തേക്ക് കൂടി മന്ത്രിസഭായോഗം നീട്ടിയെന്നും അദ്ദേഹം പറഞ്ഞു. ഓപ്പറേഷന് തൂഫാനുമായി ബന്ധപ്പെട്ട കേസുകളുടെ വിചാരണ വേഗത്തിലാക്കാന്‍ പാലക്കാട്, മഞ്ചേരി, തൃശൂര്‍ എന്നിവിടങ്ങളില്‍ മൂന്ന് പുതിയ കോടതികള്‍ ആരംഭിക്കും. നിലവില്‍ തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലെ കോടതികളിലെ ജീവനക്കാരുടെ എണ്ണം എട്ടില്‍ നിന്നും പതിനൊന്നാക്കും.
ചേന്തിയിലെ പരിപാടി പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ താന്‍ ഉപേക്ഷിച്ചിരുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ളയാള്‍ പങ്കെടുക്കുന്നുവെന്ന് പോലീസ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ചേന്തി അനിലിനെ വ്യക്തിപരമായി അറിയില്ല. തന്നെ ആരും തടഞ്ഞില്ല. അനില്‍ മോശമായി പെരുമാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉപരാഷ്ട്രപതിയും ഗവര്‍ണറും പങ്കെടുത്ത പരിപാടിയിലെ വന്ദേമാതര ഗാന ആലാപനം കേന്ദ്ര പ്രോട്ടോക്കോള്‍ പ്രകാരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
National
തൃശൂർ: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടേത് സ്ത്രീവിരുദ്ധ പ്രസ്താവനയെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. കാന്തപുരത്തിന്റെ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണ്. പരിഷ്കൃത സമൂഹത്തിന് അംഗീകരിക്കാൻ കഴിയാത്ത കാര്യങ്ങളാണിതെന്നും രമേശ് പറഞ്ഞു.
മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും എന്തുകൊണ്ടാണ് പ്രതികരിക്കാത്തതെന്നും രമേശ് ചോദിച്ചു. സ്ത്രീസമൂഹത്തെ അപമാനിക്കുകയും അവരുടെ വ്യക്തിബോധത്തെയും സ്വാതന്ത്ര്യബോധത്തെയും ചോദ്യംചെയ്തിട്ടും എന്തുകൊണ്ടാണ് മുഖ്യമന്ത്രി പ്രതികരിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.
നാട്ടിൽ നടക്കുന്ന സാമൂഹ്യപ്രശ്നങ്ങളെക്കുറിച്ച് പ്രതികരിക്കുന്ന മുഖ്യമന്ത്രിയുടെ ഇക്കാര്യത്തിലെ മൗനം ദുരൂഹമാണ്. ഇത് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജമാത്തെ ഇസ്ലാമിയുമായും കാന്തപുരവുമായും മുസ്ലിം ലീഗ് മുഖാന്തരം നടത്തിയ ബാന്ധവത്തിന്റെ ബാക്കിപത്രമാണ്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കാന്തപുരവും ജമാഅത്തെ ഇസ്ലാമിയും മുഖ്യമന്ത്രിയെ സഹായിച്ചു. കേരളത്തിലെ സ്ത്രീസമൂഹത്തെ വെല്ലുവിളിക്കുന്ന സമീപനത്തോട് സർക്കാർ സ്വീകരിക്കുന്ന മൗനം പ്രതിഷേധാർഹമാണെന്നും എം.ടി. രമേശ് പറഞ്ഞു.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രിയെ കാണാനെത്തുന്നവരുടെ അനിയന്ത്രിത തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി സന്ദർശകരുടെ സമയത്തിൽ നിയന്ത്രണം. വരുന്ന ബുധനാഴ്ച മുതൽ പുതിയ ക്രമീകരണങ്ങൾ നിലവിൽ വരും.
തിങ്കൾ, ബുധൻ, വെള്ളി എന്നീ മൂന്ന് ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ 5:30 വരെ മാത്രമായിരിക്കും മുഖ്യമന്ത്രിയെ നേരിട്ട് കാണുന്നതിനുള്ള അനുമതി നൽകിയിരിക്കുന്നത്.
അനിയന്ത്രിതമായി വർധിച്ച തിരക്ക് ഓഫീസിന്റെ പ്രവർത്തനങ്ങളെയും പ്രധാന യോഗങ്ങളെയും ബാധിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്ന് സിഎംഒ വിശദീകരിച്ചു.
Kerala
തിരുവനന്തപുരം: ചേന്തിയിൽ സംഘടിപ്പിച്ച ശ്രീനാരായണ ജയന്തി ആഘോഷത്തിൽ പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി വി.ഡി.സതീശനെ തടഞ്ഞ് അപമാനിച്ച സംഭവത്തിൽ ഡിസിസി അംഗം ചേന്തി അനിൽ റിമാൻഡിൽ. മുഖ്യമന്ത്രിയെ മനഃപൂർവം തടഞ്ഞ സംഭവം പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയ സാഹചര്യത്തിൽ ചേന്തി അനിലിനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്നു ഡിസിസി പ്രസിഡന്റ് പുറത്താക്കി.
വെള്ളിയാഴ്ച ചേന്തി ശ്രീനാരായണ സാംസ്കാരിക നിലയത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചതയദിനാഘോഷത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ച് ചേന്തി അനിലിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് അപമാനിക്കുകയായിരുന്നു.
ശ്രീനാരായണ ഗുരുവിന്റെ ജന്മസ്ഥലമായ ചെന്പഴന്തി ആശ്രമത്തിലെ ശ്രീനാരായണഗുരു ജയന്തി സമ്മേളനത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ പോകുന്ന വഴിയാണ് ചേന്തി അനിലിന്റെ നേതൃത്വത്തിൽ വാഹനം തടഞ്ഞത്. ഇവിടത്തെ പരിപാടിയിൽ പങ്കെടുക്കാതെ പോകാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രിയെ ചേന്തി അനിൽ വെല്ലുവിളിച്ചു. വാഹനത്തിൽനിന്നു പുറത്തിറങ്ങിയ മുഖ്യമന്ത്രിയും ഇദ്ദേഹത്തിനു നേരേ ചൂടായി.
പിന്നീട് രാത്രിയോടെ ചേന്തി അനിലിനെ ശ്രീകാര്യം പോലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ അറസ്റ്റ് രേഖപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി, അന്യായമായി തടഞ്ഞുവച്ചു, പൊതുജനമധ്യത്തിൽ ഭീഷണിപ്പെടുത്തി, ഗതാഗതം തടസപ്പെടുത്തി തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയപ്പോൾ ഇദ്ദേഹം വിവിധ പോലീസ് സ്റ്റേഷനുകളിലായി റൗഡി പട്ടികയിൽ ഉൾപ്പെട്ടയാളാണെന്നും ജാമ്യം അനുവദിക്കരുതെന്നും പോലീസ് അഭ്യർഥിച്ചു. തുടർന്നു സെപ്റ്റംബർ 11 വരെ ചേന്തി അനിലിനെ ജുഡീഷ്യൽ കസ്റ്റഡിൽ വിട്ടു. അറസ്റ്റിനു പിന്നാലെ കെപിസിസി പ്രസിഡന്റിന്റെ നിർദേശ പ്രകാരം തിരുവനന്തപുരം ഡിസിസി അധ്യക്ഷൻ എൻ. ശക്തൻ, അനിലിനെതിരേ പാർട്ടിതല നടപടിയും സ്വീകരിച്ചു.
മുഖ്യമന്ത്രിയെ പോലുള്ള ഉന്നത നേതാവിനെ ഡിസിസി അംഗം വഴിയിൽ തടഞ്ഞു നിർത്തുകയും വെല്ലുവിളിക്കുകയും ചെയ്തത് ഗുരുതര അച്ചടക്ക ലംഘനമായി കണ്ടാണ് നടപടിയെന്ന് ഡിസിസി പ്രസിഡന്റ് എൻ. ശക്തൻ പറഞ്ഞു. അതേസമയം, ഗ്രൂപ്പ് പോരിന്റെ ഭാഗമായാണ് തനിയ്ക്കെതിരേ നടപടി സ്വീകരിച്ചതെന്നു ചേന്തി അനിൽ പോലീസ് കസ്റ്റഡിയിൽ മാധ്യമങ്ങളോടു പ്രതികരിച്ചു.എന്നാൽ, മുൻനിര നേതാക്കളോ പാർട്ടിയിലെ ഗ്രൂപ്പുകളോ അനിലിനെ പിന്തുണച്ചു രംഗത്ത് എത്തിയില്ല.
കോണ്‍ഗ്രസിൽ മുഖ്യമന്ത്രി തർക്കം നടക്കവേ രമേശ് ചെന്നിത്തലയെ അനുകൂലിച്ച് ശ്രീകാര്യം മേഖലയിൽ ചേന്തി അനിലിന്റെ നേതൃത്വത്തിൽ ഫ്ളക്സ് ബോർഡ് സ്ഥാപിച്ചിരുന്നു.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെ വഴിയില്‍ തടഞ്ഞ കേസില്‍ ഡിസിസി അംഗം ചേന്തി അനിലിനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് പുറത്താക്കിയത്.
തിരുവനന്തപുരം ഡിസിസി അധ്യക്ഷന്‍ എന്‍. ശക്തനാണ് നടപടി എടുത്തത്. കെപിസിസി നേതൃത്വത്തിന്റെ അനുമതിയോടെയാണ് നടപടി.
അതേസമയം, തന്റെ അറസ്റ്റ് പാർട്ടിയിലെ ഗ്രൂപ്പ് തർക്കത്തിന്റെ ഭാഗമാണെന്നു ചേന്തി അനിൽ പറഞ്ഞു.
Kerala
തിരുവനന്തപുരം: മുൻ എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച ലൈഫ് ഭവന പദ്ധതി തുടർന്നു കൊണ്ടുപോകുമെന്നും, അതിനൊപ്പം പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കായി സമാന്തരമായി പുതിയ ഭവന പദ്ധതി നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചു. സംസ്ഥാന പി.എസ്.സി നിയമനങ്ങൾ പൂർണമായി പരിശോധിക്കുമെന്നും അതിൽ എസ്.സി-എസ്.ടി വിഭാഗങ്ങൾക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പാക്കിയിട്ടില്ലെങ്കിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദളിത് ക്രൈസ്തവ വിഭാഗങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്നും കല്ലുമാല ബഹിഷ്കരണ സമരം പോലുള്ള കേരളീയ നവോത്ഥാന പോരാട്ടങ്ങളുടെ തുടർച്ചയായി നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സി.എസ്.ഡി.എസിന് അനുവദിച്ച കോളേജ് യാഥാർത്ഥ്യമാക്കുമെന്നും ഇത് അദ്ദേഹത്തോടുള്ള ആദരവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന ബജറ്റിലെ തുകക്കുറവ് എസ്.സി-എസ്.ടി ഫണ്ടുകളെ ബാധിക്കില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.