തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്
ചെന്നൈ: തമിഴ്നാട്ടിലെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന നവജാതശിശുക്കൾക്ക് ഒരു ഗ്രാം സ്വർണമോതിരം നൽകുന്ന 'തായ്മാമൻ തങ്ക മോതിരം' പദ്ധതിക്ക് തുടക്കമിട്ട് മുഖ്യമന്ത്രി വിജയ്. ടിവികെ സർക്കാരിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ ഈ പദ്ധതി സെപ്റ്റംബർ 28-ന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.
ഒക്ടോബർ ആറിന് നടക്കാനിരിക്കുന്ന രണ്ട് നിയമസഭാ ഉപതെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായാണ് സർക്കാരിന്റെ ഈ ജനപ്രിയ നീക്കം. ജൂൺ 22 മുതൽ സർക്കാർ ആശുപത്രികളിൽ ജനിച്ച എല്ലാ കുഞ്ഞുങ്ങൾക്കും ഈ ആനുകൂല്യം ലഭിക്കും. മുൻകാല പ്രാബല്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി ആദ്യഘട്ടത്തിൽ 1.28 ലക്ഷം മോതിരങ്ങൾ സർക്കാർ സംഭരിച്ചിട്ടുണ്ട്.
പൊതുജനാരോഗ്യ സംവിധാനത്തിലുള്ള വിശ്വാസം വർധിപ്പിക്കുക, സുരക്ഷിതമായ ആശുപത്രി പ്രസവങ്ങൾ പ്രോത്സാഹിപ്പിക്കുക, നവജാതശിശുവിന് അമ്മാവൻ സ്വർണ്ണം സമ്മാനിക്കുന്ന പരമ്പരാഗത തമിഴ് ആചാരത്തെ ബഹുമാനിക്കുക എന്നിവയാണ് പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
സംസ്ഥാന ബജറ്റിൽ 755 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. അമ്മമാർ തമിഴ്നാട്ടിലെ സ്ഥിരതാമസക്കാരും "പിക്ക്മി' പോർട്ടലിൽ രജിസ്റ്റർ ചെയ്തവരുമായിരിക്കണം.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മധുരാന്തകം, ധാരാപുരം എന്നീ മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുൻകൂർ അനുമതിയില്ലാത്തതിനാൽ നിലവിൽ പദ്ധതി നടപ്പിലാക്കാൻ സാധിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.
Tags : TamilNadu ChiefMinister Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash