ഡോണൾഡ് ട്രംപ്
വാഷിംഗ്ടൺ ഡി.സി: പ്രമുഖ അന്താരാഷ്ട്ര വാർത്താ മാധ്യമങ്ങളായ സിഎൻഎൻ, എം.എസ് നൗ, പൊളിറ്റിക്കോ എന്നിവയ്ക്ക് വൈറ്റ് ഹൗസിൽ പ്രവേശന വിലക്കേർപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ട്രൂത്ത് സോഷ്യലിലൂടെയാണ് വിലക്ക് ഉടനടി പ്രാബല്യത്തിൽ വരുത്തുന്നതായി ട്രംപ് പ്രഖ്യാപിച്ചത്.
ഈ മാധ്യമങ്ങൾ തന്റെ ഭരണകൂടത്തിനെതിരെ നിരന്തരം "വ്യാജവാർത്തകളും നുണകളും" പ്രചരിപ്പിക്കുകയാണെന്ന് ട്രംപ് ആരോപിച്ചു. ട്രംപ് ഭരണകൂടത്തെ മോശമായി ചിത്രീകരിക്കാൻ ഈ മാധ്യമങ്ങൾ മനഃപൂർവം ശ്രമിക്കുകയാണെന്ന് ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ ട്രംപ് വ്യക്തമാക്കി. മറ്റ് പ്രമുഖ മാധ്യമങ്ങൾക്കെതിരെയും ഭാവിയിൽ സമാന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി.
ബൈഡൻ ഭരണകൂടത്തിന്റെ കാലത്ത് 'പൊളിറ്റിക്കോ' എന്ന മാധ്യമത്തിന് എട്ട് ദശലക്ഷം ഡോളറിന്റെ ഗവൺമെന്റ് സബ്സ്ക്രിപ്ഷൻ ലഭിച്ചതായും ഇത് വലിയ അഴിമതിയാണെന്നും ട്രംപ് ആരോപിച്ചു. അമേരിക്കൻ ഭരണഘടന വാഗ്ദാനം ചെയ്യുന്ന പത്രസ്വാതന്ത്ര്യത്തിൻമേലുള്ള കടന്നുകയറ്റമാണ് ഇതെന്നും തങ്ങളുടെ വാർത്താസംഘത്തിന് പൂർണ പിന്തുണ നൽകുമെന്നും സിഎൻഎൻ വ്യക്തമാക്കി.
റിപ്പോട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമ കൂട്ടായ്മകളും നീക്കത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
Tags : Trump DonaldTrump US LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash