രാഹുൽ ഗാന്ധി
ഇൻഡോർ: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇൻഡോറിൽ നടത്തുന്ന 'ഛാത്രോം കി ഗൂഞ്ച്' വിദ്യാർഥി സംവാദ പരിപാടിയിൽ നിന്ന് യുവാക്കളെ അകറ്റി നിർത്താൻ ഭരണകൂടവും പൊലിസും ശ്രമിക്കുന്നതായി കോൺഗ്രസ് ആരോപണം. നഗരത്തിലെ കോച്ചിംഗ് സെന്ററുകളെയും ഹോസ്റ്റലുകളെയും ഭരണകൂടം ഭീഷണിപ്പെടുത്തുകയാണെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര ആരോപിച്ചു.
സെപ്റ്റംബർ 19 ശനിയാഴ്ചയാണ് രാഹുൽ ഗാന്ധിയുടെ ഇൻഡോർ സന്ദർശനം നിശ്ചയിച്ചിരിക്കുന്നത്. പരിപാടിയിൽ പങ്കെടുക്കുന്ന വിദ്യാർഥികളുടെ സുരക്ഷാ ഉത്തരവാദിത്തം കോച്ചിംഗ് സെന്ററുകൾ ഏറ്റെടുക്കണമെന്ന് കാണിച്ച് പൊലീസ് നിർബന്ധിച്ച് സത്യവാംഗ്മൂലത്തിൽ ഒപ്പുവെപ്പിക്കുകയാണെന്ന് പവൻ ഖേര എക്സിലൂടെ ആരോപിച്ചു. ഇത് സംരക്ഷണമല്ല, മറിച്ച് ഭയപ്പെടുത്താനുള്ള ശ്രമമാണെന്ന് അദ്ദേഹം വിമർശിച്ചു.
പരിപാടിയുടെ സുരക്ഷാ നിബന്ധനകളിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധത്തെക്കുറിച്ചുള്ള വർമ കമ്മീഷൻ റിപ്പോർട്ട് പൊലിസ് പരാമർശിച്ചതും കോൺഗ്രസിന്റെ കടുത്ത അമർഷത്തിന് കാരണമായിട്ടുണ്ട്.
വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി മുൻകരുതൽ നടപടിയുടെ ഭാഗമായാണ് വിവരങ്ങൾ ശേഖരിക്കുന്നതെന്നും, പരിപാടിയുടെ സുഗമമായ നടത്തിപ്പിനാണ് മുൻഗണനയെന്നും പൊലിസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. രാഹുൽ ഗാന്ധിയുടെ പരിപാടിക്ക് സ്റ്റേഡിയം അനുമതി നിഷേധിച്ചതും, വേദി മാറ്റേണ്ടി വന്നതുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ബി.ജെ.പിയും കോൺഗ്രസും തമ്മിൽ പോര് രൂക്ഷമായിരുന്നു.
Tags : Congress RahulGandhi LatestNews DeepikaNews Deepika