പ്രതീകാത്മക ചിത്രം
വാഷിംഗ്ടൺ ഡിസി: സൗദി അറേബ്യക്ക് 48 എഫ്-35 ലൈറ്റ്നിംഗ് -2 യുദ്ധവിമാനങ്ങളും അനുബന്ധ ഉപകരണങ്ങളും വിൽക്കുന്നതിനുള്ള ആയുധക്കരാറിന് യുഎസ് വിദേശകാര്യവകുപ്പ് അനുമതി നൽകി. 2430 കോടി ഡോളറിന്റേതാണ് (2.3 ലക്ഷം കോടി രൂപ) ഈ അത്യാധുനിക അഞ്ചാംതലമുറ യുദ്ധവിമാന ഇടപാട്. യുഎസ് കോൺഗ്രസ് അംഗീകരിച്ചാലേ തീരുമാനം അന്തിമമാകൂ.
48 വിമാനങ്ങൾക്കായി 49 പ്രാറ്റ് ആൻഡ് വൈറ്റ്നി എഫ്135-പിഡബ്ല്യു-100 എൻജിനുകൾ പാക്കേജിലുണ്ട്. ഒപ്പം ആയുധ സംവിധാനങ്ങൾ, പരിശീലന ഉപകരണങ്ങൾ, സിമുലേറ്ററുകൾ, സോഫ്റ്റ്വേറുകൾ, സ്പെയർ പാർട്സ്, ലോജിസ്റ്റിക് പിന്തുണ, ആശയവിനിമയ, ഗതിനിർണയ സംവിധാനങ്ങൾ എന്നിവയും കരാറിൽ ഉൾപ്പെടും.
ടെക്സസിലെ ലോക്ക്ഹീഡ് മാർട്ടിൻ കമ്പനിയാണ് എഫ്-35 വിമാനങ്ങളുടെ പ്രധാന കരാറുകാരൻ. യെമനിലെ ഹൂതിവിമതരും സൗദിയും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് ആയുധ ഇടപാട്. ഇത് യാഥാർഥ്യമായാൽ എഫ്-35 സ്വന്തമാക്കുന്ന ആദ്യ അറബ് രാജ്യമാകും സൗദി. എന്നാൽ പശ്ചിമേഷ്യയിൽ നിലവിൽ എഫ്-35 കൈവശമുള്ള ഏകരാജ്യമായ ഇസ്രയേൽ കരാറിനെ എതിർത്തു.
Tags : Saudi Arabia fighter jet deal Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews