തമിഴ്നാട് മുഖ്യമന്ത്രി വിജയ്യുടെ യുകെ സന്ദർശനത്തെ പരിഹസിച്ച് ഡിഎംകെ
ചെന്നൈ: ബ്രിട്ടനിലെ സിൽവർസ്റ്റോൺ സർക്യൂട്ടിൽ നടന്ന മിഷെലിൻ ലെ മാൻസ് കപ്പ് മത്സരത്തിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയ് പങ്കെടുത്തതിനെയും അജിത് കുമാറിനെ കണ്ടുമുട്ടിയതിനെയും രൂക്ഷമായി പരിഹസിച്ച് പ്രതിപക്ഷമായ ഡിഎംകെ. വിദേശ നിക്ഷേപം ആകർഷിക്കാനെന്ന പേരിൽ യുകെയിലേക്ക് പോയ വിജയ്, തന്റെ സുഹൃത്ത് അജിത്തിന്റെ കാർ റേസ് കാണാനാണ് അവിടെയെത്തിയതെന്ന് ഡിഎംകെ വക്താവ് ടികെഎസ് ഇളങ്കോവൻ പരിഹസിച്ചു.
സംസ്ഥാനത്ത് കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും നിരവധി പ്രശ്നങ്ങൾ നിലനിൽക്കെ വിദേശ നിക്ഷേപം കൊണ്ടുവരാൻ ഇപ്പോൾ യാതൊരു തിടുക്കവുമില്ലെന്നും ഡിഎംകെ നേതാക്കൾ വിമർശിച്ചു. എന്നാൽ ഡിഎംകെയുടെ വിമർശനങ്ങൾ തള്ളിക്കളഞ്ഞ ടിവികെ വക്താവ് അമരിക്കൈ വി. നാരായണൻ, വിജയുടെ സന്ദർശനം 'ബ്രാൻഡ് തമിഴ്നാടിന്റെ' മൂല്യം വർധിപ്പിക്കാനാണെന്ന് വ്യക്തമാക്കി.
"ഭരണപരമായ നയങ്ങൾ മുഖ്യമന്ത്രി നിശ്ചയിച്ചു നൽകിയിട്ടുണ്ട്, മന്ത്രിമാരും ഉദ്യോഗസ്ഥരും അത് നടപ്പിലാക്കുന്നുമുണ്ട്. ഒരു ഔദ്യോഗിക സന്ദർശനത്തിനിടെ സുഹൃത്തിനെ കാണുന്നത് തെറ്റല്ല. അജിത്ത് തമിഴ്നാട്ടിൽ മാത്രമല്ല, റേസിംഗ് രംഗത്തും വലിയൊരു താരമാണ്. അവർക്ക് അസൂയ ഉള്ളതുകൊണ്ടാണ് ഇത്തരം ചെറിയ കാര്യങ്ങൾ ഉയർത്തിക്കാട്ടുന്നത്."
ചെന്നൈക്ക് സമീപം നിർദേശിക്കപ്പെട്ടിട്ടുള്ള 'മോട്ടോർ സ്പോർട്സ് സിറ്റി' യാഥാർഥ്യമാക്കാനും തമിഴ്നാടിലേക്ക് പുതിയ വ്യവസായങ്ങൾ എത്തിക്കാനുമാണ് മുഖ്യമന്ത്രി ഈ സന്ദർശനം നടത്തിയതെന്നും ടിവികെ നേതാക്കൾ പറഞ്ഞു.
Tags : DMK AjithKumar Trisha TamilNadu ChiefMinister LatestNews DeepikaNews DeepikaNewspaper