മുഖ്യമന്ത്രി വി.ഡി. സതീശൻ.
തിരുവനന്തപുരം: ഫുട്ബോൾ താരം മെസിയെ കേരളത്തിൽ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ടു നടന്ന തട്ടിപ്പുകേസ് അന്വേഷിക്കുന്നതിൽ ആഭ്യന്തരവകുപ്പിന്റെ തീരുമാനം ഉടനുണ്ടാകുമെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ.
കായികവകുപ്പ് തന്ന പരാതി ഗൗരവമായി പരിശോധിച്ചു തയാറാക്കിയ റിപ്പോർട്ട് ആഭ്യന്തരവകുപ്പിനു കൈമാറി. ആഭ്യന്തര വകുപ്പ് ഇക്കാര്യത്തിൽ തീരുമാനമെടുക്കും.
ധനവകുപ്പുമായി ബന്ധപ്പെട്ട നികുതി തട്ടിപ്പ് ജിഎസ്ടിയുടെ പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ചുവരികയാണ്. പ്രാഥമിക വിവരമനുസരിച്ച് വലിയ തോതിലുള്ള ജിഎസ്ടി തട്ടിപ്പ് നടത്തിയിട്ടുണ്ട്. കഴിഞ്ഞ സർക്കാരിന്റെ കാലത്തുതന്നെ അതിൽ നോട്ടീസും കൊടുത്തിരുന്നു. പിന്നീട് മുന്നോട്ടു പോയില്ല. അന്വേഷണം സജീവമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയമോപദേശം തേടി
ലയണൽ മെസി ഉൾപ്പെടെയുള്ള അർജന്റീന ഫുട്ബാൾ ടീമിനെ കേരളത്തിൽ കൊണ്ടുവരാനെന്ന പേരിൽ നടത്തിയ ക്രമക്കേടുകളിൽ ഏത് അന്വേഷണം വേണമെന്ന് സർക്കാർ നിയമോപദേശം തേടി. അഡ്വക്കേറ്റ് ജനറലിനോടും പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിനോടുമാണ് ഉപദേശം തേടിയത്.
ക്രൈംബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കാനായിരുന്നു ആഭ്യന്തര വകുപ്പിലെ ധാരണ. എന്നാൽ അഴിമതിയും വിദേശനാണ്യ വിനിമയ ചട്ടലംഘനവും ജിഎസ്ടി തട്ടിപ്പുമടക്കമുള്ള ക്രമക്കേടുകളുള്ളതിനാൽ ഉചിതമായ അന്വേഷണ ഏജൻസി ഏതാണെന്നാണ് സർക്കാർ ഉപദേശം തേടിയത്.
Tags : Messi Scam DecisionSoon VDSatheesan ChiefMinister Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash