മുഖ്യമന്ത്രി വി.ഡി. സതീശൻ
തിരുവനന്തപുരം: നികുതിഭാരം അടിച്ചേൽപിക്കാതെ ഖജനാവ് നിറയ്ക്കുമെന്ന് പറഞ്ഞത് പ്രതിപക്ഷ നേതാവിന് മനസിലാകാത്തതുകൊണ്ടാണു പരിധിവിട്ടു കടമെടുക്കുന്നുവെന്നു പറഞ്ഞു വിമർശിക്കുന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. വായ്പാ പരിധി ഇപ്പോൾ 3.5ൽ നിന്ന് മൂന്നു ശതമാനമായി കേന്ദ്രസർക്കാർ കുറച്ചു. പിന്നെങ്ങനെയാണ് പരിധിവിട്ട് കടമെടുക്കുക.
മുൻസർക്കാരിന് കിട്ടിയിരുന്ന 55,000 കോടിയുടെ റവന്യു ഡെഫിസിറ്റ് ഗ്രാന്റും മുൻ ധനമന്ത്രി ബജറ്റിൽ എഴുതിവച്ച കേന്ദ്രത്തിൽ നിന്നുള്ള നികുതി ഡെവല്യൂഷൻ ആയ 14,000 കോടിയും കിട്ടിയില്ല. ഇതിന് പുറമേ മുൻസർക്കാർ വരുത്തിവച്ച 38,000 കോടിയുടെ കുടിശിക ഭാരം. അതിൽ നല്ലൊരുഭാഗം ഈ ഓണക്കാലത്ത് സർക്കാർ കൊടുത്തുതീർത്തു. അതോടെ ഓണം കളറായി. എല്ലാവരും നല്ല രീതിയിൽ ആഘോഷിച്ചു.
അതിന്റെ ഫലമായി നികുതിവരുമാനം നല്ലരീതിയിൽ ഉയർന്നു. വാസ്തവത്തിൽ അതിൽ ധനമന്ത്രിയെന്ന നിലയിൽ തൃപ്തനല്ല. നികുതിവരുമാനം ഇനിയും കൂട്ടണം. കൂടുതൽ ചെലവഴിച്ചു കൂടുതൽ വരുമാനമുണ്ടാക്കുകയാണ് നയം. അങ്ങനെയാണ് നികുതിവരുമാനം കൂട്ടി ഖജനാവ് നിറയ്ക്കുക. ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കുറച്ചതിലൂടെ കച്ചവടം കൂട്ടാനും അതുവഴി നികുതിവരുമാനം വർധിപ്പിക്കാനുമായി. ജനങ്ങളെ നോവിക്കാതെ നികുതി പിരിക്കണം. അതു പ്രതിപക്ഷ നേതാവിനു മനസിലാകില്ല.
കെഎസ്ആർടിസിക്ക് റിക്കാർഡ് കളക്ഷൻ
പ്രിയദർശിനി സൗജന്യയാത്ര നൽകിയിട്ടും കെഎസ്ആർടിസിക്ക് റിക്കാർഡ് കളക്ഷനാണ്. മാർക്കറ്റിനെ ഉത്തേജിപ്പിച്ച് വരുമാനം വർധിപ്പിക്കുമെന്നുള്ള സർക്കാർ നയമാണിത്. കഴിഞ്ഞ സർക്കാരിന്റെ കടം അടക്കം ഞങ്ങൾ മാർക്കറ്റിലേക്ക് പൈസ പന്പ് ചെയ്തു. ജനങ്ങളുടെ കൈയിൽ പൈസ വന്നു. ജനം പണം ചെലവഴിച്ചു. ഇതിലെ നികുതി തിരിച്ചു വരും. കഴിഞ്ഞ മൂന്നു മാസം നികുതി വരുമാനത്തിൽ വർധനവുണ്ടായിട്ടുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു.
സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ചിട്ടില്ല
സിപിഐയെ യുഡിഎഫിലേക്ക് മുസ്ലിം ലീഗ് ക്ഷണിച്ചിട്ടില്ല. ഇടതുമുന്നണിയിൽ കലാപം നടക്കുകയാണ്. സിപിഎമ്മിനകത്തും കലഹമാണ്. കേന്ദ്രനേതൃത്വത്തെ നിരസിച്ചുകൊണ്ടാണ് സംസ്ഥാന നേതൃത്വം പോകുന്നത്. ഞങ്ങൾ കളി പുറത്തുനിന്ന് കണ്ട് ആസ്വദിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ ഗവർണറുമായി ധാരണയുണ്ടാക്കി വൈസ് ചാൻസലർ നിയമനം നടത്തിയത് പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന സമയത്താണെന്നും നിയമനം നടന്നുകഴിഞ്ഞതിനാൽ ഇതുസംബന്ധിച്ച് കേസ് തുടരുന്നതിൽ പ്രസക്തിയില്ലെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. സർവകലാശാലകളിൽ കാവിവത്കരണത്തിന് സർക്കാർ കൂട്ടുനിൽക്കുകയാണെന്ന പിണറായിയുടെ ആരോപണത്തിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
വിസി നിയമനങ്ങളിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണറും തമ്മിൽ ഒരു കരാറുണ്ടായിരുന്നു. ഇരുവരും തമ്മിലുള്ള പ്രശ്നപരിഹാരത്തിന്റെ ഭാഗമായാണ് രണ്ട് സർവകലാശാലകളിലെയും വിസി നിയമനം നടത്തിയത്. എന്നാൽ ഇതുസംബന്ധിച്ച കേസ് സുപ്രീംകോടതിയിൽ തുടരുകയായിരുന്നു.
എല്ലാകാര്യങ്ങളും ചെയ്തശേഷം പ്രതിപക്ഷ നേതാവായ അദ്ദേഹം ഇപ്പോൾ ഇങ്ങനെ സംസാരിക്കുന്നത് എന്തുകൊണ്ടെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞമാസമുണ്ടായ പ്രളയ ദുരിതത്തിൽ 10,000 രൂപ വീതമുള്ള ഒറ്റത്തവണ നഷ്ടപരിഹാരം എത്രയും വേഗം കൊടുക്കാൻ നടപടി സ്വീകരിക്കും. കഴിഞ്ഞ 14നാണ് ദുരിതാശ്വാസ ക്യാംപുകൾ അവസാനിച്ചത്. കുട്ടനാട്ടിൽ മാത്രം വീടുകളിൽ വെള്ളം കയറിയ 42,000 പേരുടെ അപേക്ഷയാണ് സർക്കാരിനു മുന്നിലെത്തിയത്. ഇതിൽ പരിശോധന നടക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Tags : TreasuryFilled Imposing TaxBurden VDSatheesan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash