പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്തെ പരിസ്ഥിതി ദുർബല മേഖല പരിധി 98 വില്ലേജുകളിലെ 8590 ചതുരശ്ര കിലോമീറ്റർ പ്രദേശത്തായി കുറയ്ക്കാൻ സർക്കാർ നടപടി സ്വീകരിച്ചുവരുന്നതായി മുഖ്യമന്ത്രി വി.ഡി. സതീശൻ. ചില വില്ലേജുകളിലെ ജനവാസ മേഖലകളെ ഇഎസ്എയിൽനിന്നു പൂർണമായി ഒഴിവാക്കുന്നതും പകരം ജനവാസമില്ലാത്ത പ്രദേശങ്ങളെ ഇതിൽ ഉൾപ്പെടുത്തുന്നതും ആലോചനയിലാണ്.
സംസ്ഥാനത്തെ 9,200 ചതുരശ്ര കിലോമീറ്റർ പ്രദേശം റിസർവ് ഫോറസ്റ്റ് മേഖലയിൽ ഉൾപ്പെടുന്നതാണ്. ഇഎസ്എ നിയമത്തേക്കാൾ കർക്കശമാണ് വനനിയമം. കസ്തൂരി രംഗൻ റിപ്പോർട്ടിൽ 13,108 ചതുരശ്ര കിലോമീറ്റർ പ്രദേശത്തെയായിരുന്നു ഇഎസ്എയിൽ ഉൾപ്പെടുത്തിയിരുന്നത്. ഇതാണ് മുൻ ഉമ്മൻ ചാണ്ടി സർക്കാർ ഉമ്മൻ വി. ഉമ്മൻ കമ്മിഷനെ നിയോഗിച്ച് 9,998 ചതുരശ്ര കിലോമീറ്റർ ആക്കി കുറച്ചത്.
മൂവായിരത്തിലേറെ ചതുരശ്ര കിലോമീറ്റർ പ്രദേശത്തെ പരിസ്ഥിതി ദുർബല മേഖലയുടെ പട്ടികയിൽനിന്ന് ഒഴിവാക്കാനായി. വിശദ ചർച്ച നടത്തി വീണ്ടും 8590 ചതുരശ്ര കിലോമീറ്ററാക്കി ചുരുക്കാനാണ് ശ്രമം. ഇതുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയും പരിസ്ഥിതി വകുപ്പിന്റെ ചുമതലയുള്ള മന്ത്രി സണ്ണി ജോസഫും ഉദ്യോഗസ്ഥരും വിദഗ്ധ സമിതിയുമായി വിശദ ചർച്ച നടത്തിയിരുന്നു. 1500 ചതുരശ്ര കിലോമീറ്റർകൂടി കുറയ്ക്കണമെന്ന ആവശ്യമാണ് മുന്നോട്ടുവച്ചത്.
കരടിന്റെ കാലാവധി കഴിയുന്നതിനാലാണ് വീണ്ടും എക്സ്റ്റന്റ് ചെയ്യാൻ കരട് റിപ്പോർട്ട് വന്നിരിക്കുന്നത്. ഇപ്പോഴത്തെ കരടിൽ വന്നിരിക്കുന്നത് ഉമ്മൻ വി. ഉമ്മൻ കമ്മിറ്റിയുടെ റിപ്പോർട്ടിലെ പരാമർശമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Tags : ESA Reduced VDSatheesan 98Villages Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash