പ്രതീകാത്മക ചിത്രം - എഐ
കോഴിക്കോട്: കേരള കര്‍ഷക ക്ഷേമ പെന്ഷന് വിതരണം ഈ ഡിസംബറില്‍ ആരംഭിക്കണമെന്നിരിക്കേ പദ്ധതിക്ക് ഇതുവരെ സര്‍ക്കാരിന്റെ അംഗീകാരമായില്ല. ഈ പ്രത്യേക സാഹചര്യത്തില്‍ പെന്ഷന് പദ്ധതി തുടരണമോ എന്ന ആലോചനയില്‍ കൃഷി വകുപ്പ്.
കര്‍ഷക ക്ഷേമനിധി ബോര്‍ഡിനുള്ള വിഹിതം മുന്‍ സര്‍ക്കാര്‍ അനുവദിക്കാത്ത സാഹചര്യത്തിലും ഭാവിയിലുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്തും ഇതേക്കുറിച്ച് പഠിക്കുന്നതിനായി കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ ഉന്നതതല സമിതിയും രൂപവത്കരിച്ചു.
സംസ്ഥാനത്തെ കര്‍ഷകര്‍ക്കായി ആവിഷ്കരിച്ച കര്‍ഷക ക്ഷേമനിധി പദ്ധതിയുടെ തുടര്‍നടത്തിപ്പ്, മറ്റ് ക്ഷേമപദ്ധതികളുമായുള്ള ലയനം എന്നിവ സംബന്ധിച്ച് പഠിക്കാന്‍ കൃഷിവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ധനകാര്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി, നിയമവകുപ്പ് സെക്രട്ടറി, കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് ഡയറക്ടര്‍ എന്നിവരടങ്ങിയ സമിതിയെയാണു നിയോഗിച്ചിരിക്കുന്നത്.
2019ലെ കേരള കര്‍ഷക ക്ഷേമനിധി ആക്ട് പ്രകാരമാണു കര്‍ഷകര്‍ക്ക് പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും നല്കുന്നതിനു ക്ഷേമനിധി രൂപവത്കരിച്ചത്.
നിലവില്‍ ബോര്‍ഡില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ 12,250 അംഗങ്ങളുണ്ട്. കര്‍ഷകരില്‍നിന്ന് അംശദായം സ്വീകരിച്ചു വരുന്നതിനാല്‍ അംഗത്വത്തിന്റെ അഞ്ചു വര്‍ഷം പൂര്‍ത്തിയാകുന്ന ഈ ഡിസംബര്‍ മുതല്‍ 60 വയസ് തികഞ്ഞ അംഗങ്ങള്‍ക്ക് പെന്ഷന് നല്‍കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. എന്നാല്‍, ആക്ട് പ്രകാരമുള്ള പദ്ധതിക്ക് ഇതുവരെ സര്‍ക്കാര്‍ ഔദ്യോഗിക അംഗീകാരം നല്‍കിയിട്ടില്ല. തന്മൂലം പെന്ഷന് തുക എത്രയാണെന്നോ ഏതു രീതിയില്‍ പെന്ഷന് അനുവദിക്കണമെന്നോ നിശ്ചയിക്കാന്‍ കൃഷി വകുപ്പിന് സാധിക്കാത്ത സാഹചര്യമാണുള്ളത്.
കര്‍ഷകര്‍ അടച്ച തുകയ്ക്കു തുല്യമായ ഫണ്ട് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ കര്‍ഷക ക്ഷേമനിധി ബോര്‍ഡിന് നല്‍കിയിരുന്നില്ല. ബോര്‍ഡ് സാമ്പത്തിക പ്രതിസന്ധിയിലായ സാഹചര്യത്തില്‍ പെന്ഷന് നല്കാന് തീരുമാനിച്ചാല്‍ ഇതുവരെയുള്ള സര്‍ക്കാര്‍ വിഹിതം പൂര്‍ണമായും യുഡിഎഫ് സര്‍ക്കാര്‍ വഹിക്കേണ്ടി വരും.
Tags : Farmers WelfareFund PensionScheme Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash