പ്രതീകാത്മക ചിത്രം - എഐ
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി നടപ്പിലാക്കിയതിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായ സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കാന്‍ നിര്‍ണായക ശിപാര്‍ശകളടങ്ങിയ റിപ്പോര്‍ട്ട് പഠന സമിതി സര്‍ക്കാരിനു കൈമാറി.
ബസുകളുടെ കാലാവധി 22ല്‍നിന്ന് 25 വര്‍ഷമായി ഉയര്‍ത്തുക, സ്വകാര്യ ബസ് സര്‍വീസിനെ വ്യവസായമായി പ്രഖ്യാപിക്കുക, പ്രതിമാസം നികുതി അടയ്ക്കാന്‍ അവസരം നല്‍കുക എന്നിവയാണ് സമിതിയുടെ പ്രധാന നിര്‍ദേശങ്ങള്‍.
എംഎസ്എംഇ പരിഗണന നല്കി ബസ് സര്‍വീസുകളെ വ്യവസായമായി പ്രഖ്യാപിക്കുന്നതിലൂടെ ബാങ്ക് വായ്പകളും സാങ്കേതിക സഹായങ്ങളും മറ്റ് സാമ്പത്തിക ആനുകൂല്യങ്ങളും ഉറപ്പാക്കാന്‍ കഴിയുമെന്ന് സമിതി ശിപാര്‍ശ ചെയ്യുന്നു.
പ്രിയദര്‍ശിനി പദ്ധതിയുടെ ഭാഗമായി സ്വകാര്യ ബസുകളെ വെറ്റ് ലീസ് വ്യവസ്ഥയില്‍ വാടകയ്ക്കെടുക്കാനും റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്. കിലോമീറ്റര്‍ അടിസ്ഥാനത്തില്‍ കെഎസ്ആര്‍ടിസി നിശ്ചയിക്കുന്ന നിരക്കിലാകും ഇതു നടപ്പിലാക്കുക. രണ്ട് കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി ബസുകള്‍ക്ക് ഒരു സ്വകാര്യ ബസ് എന്ന അനുപാതത്തിലാകും സര്‍വീസ് ക്രമീകരിക്കുക.
ബസ് ജീവനക്കാരുടെ ക്ഷേമനിധി വിഹിതം അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് നിലവിലെ മൂന്ന് പേര് എന്നതിനു പകരം രണ്ട് പേരാക്കി ചുരുക്കണമെന്ന ഉടമകളുടെ ആവശ്യം തൊഴില്‍ വകുപ്പിന്റെ പരിഗണനയ്ക്ക് വിടാനും സമിതി നിര്‍ദേശിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ പൊതുഗതാഗത മേഖലയ്ക്കായി സമഗ്രമായ ഗതാഗത നയം രൂപ വത്കരിക്കേണ്ടതിന്റെ ആവശ്യകതയും സമിതി ചൂണ്ടിക്കാട്ടുന്നു. ഭാവിയില്‍ എല്ലാ പൊതുഗതാഗത സംവിധാനങ്ങളിലും ഉപയോഗിക്കാന്‍ കഴിയുന്ന ഐടി അധിഷ്ഠിത മൊബിലിറ്റി കാര്‍ഡ് ഘട്ടം ഘട്ടമായി നടപ്പിലാക്കണമെന്നും റിട്ട.ഡിജിപി കെ. പദ്മകുമാര്‍ അധ്യക്ഷനായ സമിതി നല്കിയ റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്തിട്ടുണ്ട്.
പ്രധാന ശിപാർശകൾ

തിരുവനന്തപുരം: സ്വകാര്യ ബസ് മേഖലയെ ഒരുതരത്തിലും തകർക്കുന്ന സമീപനം സർക്കാരിനില്ലെന്ന് ഗതാഗത മന്ത്രി സി.പി. ജോണ്‍.സർക്കാർ നിയോഗിച്ച പഠനസമിതി മുഖ്യമന്ത്രി വി.ഡി. സതീശന് സമർപ്പിച്ച റിപ്പോർട്ടിലെ ശിപാർശകളെക്കുറിച്ച് പത്രസമ്മേളനത്തിൽ വിശദീകരിക്കുകയായിരുന്നു മന്ത്രി.
റിപ്പോർട്ടിലെ ശിപാർശകളിൽ ഭൂരിഭാഗവും സ്വകാര്യ ബസ് മേഖലയ്ക്ക് അനുകൂലമാണ്. അതിൽ നടപ്പാക്കാൻ കഴിയുന്നതെല്ലാം സർക്കാർ നടപ്പിലാക്കും. ചില ശിപാർശകൾ സംസ്ഥാനത്തിനു മാത്രമായി നടപ്പാക്കാൻ കഴിയാത്തതുണ്ട്. പ്രിയദർശിനി പദ്ധതിയുടെ ഭാഗമായി സ്വകാര്യ ബസുകളെ വെറ്റ് ലീസ് വ്യവസ്ഥയിൽ വാടകയ്ക്കെടുക്കാൻ ശിപാർശയുണ്ട്. ലീസിന് ബസുകൾ നൽകാമെന്ന് സ്വകാര്യ ബസ് ഉടമകളിൽ ചിലർ അറിയിച്ചിട്ടുണ്ട്. അതിനു സർക്കാർ തയാറാണെന്ന് മന്ത്രി പറഞ്ഞു.
Tags : Recommendation PrivateBus Industry Declare Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash