തിരുവനന്തപുരം: സംസ്ഥാനത്ത് പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി നടപ്പിലാക്കിയതിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായ സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കാന്‍ നിര്‍ണായക ശിപാര്‍ശകളടങ്ങിയ റിപ്പോര്‍ട്ട് പഠന സമിതി സര്‍ക്കാരിനു കൈമാറി.
ബസുകളുടെ കാലാവധി 22ല്‍നിന്ന് 25 വര്‍ഷമായി ഉയര്‍ത്തുക, സ്വകാര്യ ബസ് സര്‍വീസിനെ വ്യവസായമായി പ്രഖ്യാപിക്കുക, പ്രതിമാസം നികുതി അടയ്ക്കാന്‍ അവസരം നല്‍കുക എന്നിവയാണ് സമിതിയുടെ പ്രധാന നിര്‍ദേശങ്ങള്‍.
എംഎസ്എംഇ പരിഗണന നല്കി ബസ് സര്‍വീസുകളെ വ്യവസായമായി പ്രഖ്യാപിക്കുന്നതിലൂടെ ബാങ്ക് വായ്പകളും സാങ്കേതിക സഹായങ്ങളും മറ്റ് സാമ്പത്തിക ആനുകൂല്യങ്ങളും ഉറപ്പാക്കാന്‍ കഴിയുമെന്ന് സമിതി ശിപാര്‍ശ ചെയ്യുന്നു.
പ്രിയദര്‍ശിനി പദ്ധതിയുടെ ഭാഗമായി സ്വകാര്യ ബസുകളെ വെറ്റ് ലീസ് വ്യവസ്ഥയില്‍ വാടകയ്ക്കെടുക്കാനും റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്. കിലോമീറ്റര്‍ അടിസ്ഥാനത്തില്‍ കെഎസ്ആര്‍ടിസി നിശ്ചയിക്കുന്ന നിരക്കിലാകും ഇതു നടപ്പിലാക്കുക. രണ്ട് കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി ബസുകള്‍ക്ക് ഒരു സ്വകാര്യ ബസ് എന്ന അനുപാതത്തിലാകും സര്‍വീസ് ക്രമീകരിക്കുക.
ബസ് ജീവനക്കാരുടെ ക്ഷേമനിധി വിഹിതം അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് നിലവിലെ മൂന്ന് പേര് എന്നതിനു പകരം രണ്ട് പേരാക്കി ചുരുക്കണമെന്ന ഉടമകളുടെ ആവശ്യം തൊഴില്‍ വകുപ്പിന്റെ പരിഗണനയ്ക്ക് വിടാനും സമിതി നിര്‍ദേശിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ പൊതുഗതാഗത മേഖലയ്ക്കായി സമഗ്രമായ ഗതാഗത നയം രൂപ വത്കരിക്കേണ്ടതിന്റെ ആവശ്യകതയും സമിതി ചൂണ്ടിക്കാട്ടുന്നു. ഭാവിയില്‍ എല്ലാ പൊതുഗതാഗത സംവിധാനങ്ങളിലും ഉപയോഗിക്കാന്‍ കഴിയുന്ന ഐടി അധിഷ്ഠിത മൊബിലിറ്റി കാര്‍ഡ് ഘട്ടം ഘട്ടമായി നടപ്പിലാക്കണമെന്നും റിട്ട.ഡിജിപി കെ. പദ്മകുമാര്‍ അധ്യക്ഷനായ സമിതി നല്കിയ റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്തിട്ടുണ്ട്.
പ്രധാന ശിപാർശകൾ
- നിലവിലെ നികുതി ഘടനയില്‍ മാറ്റം വരുത്താതെ പ്രതിമാസം വാഹന നികുതി അടയ്ക്കാന്‍ ഉടമകള്‍ക്ക് സൗകര്യമൊരുക്കണം.
- ബസുകളുടെ കാലാവധി 25 വര്‍ഷമാക്കാന്‍ കേരള മോട്ടോര്‍ വാഹന ചട്ടത്തില്‍ ഭേദഗതി വരുത്തണം.
- യാത്ര ഫ്യുവല്‍സ് പമ്പുകളില്‍നിന്ന് ഡീലര്‍ നിരക്കില്‍ സ്വകാര്യ ബസുകള്‍ക്ക് ഇന്ധനം ലഭ്യമാക്കണം.
- അവധി ദിവസങ്ങളില്‍ നല്കുന്ന പ്രത്യേക പെര്‍മിറ്റുകള്‍ക്കായുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കണം
- സുരക്ഷയെ ബാധിക്കാത്ത രീതിയില്‍ ബസുകളില്‍ പരസ്യം പതിക്കാന്‍ അനുമതി നല്‍കണം.
- സംസ്ഥാന ഇന്‍ഷ്വറന്‍സ് വകുപ്പ് വഴി സ്വകാര്യ ബസുകള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്കുന്ന കാര്യം പരിശോധിക്കണം.
- പ്രിയദര്‍ശിനി സര്‍വീസുകള്‍ നടത്തുന്ന റൂട്ടുകളില്‍ സമയക്രമം സംബന്ധിച്ചുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടപടിയുണ്ടാകണം.