നെടുമ്പ്രം സ്വദേശി ബാലകൃഷ്ണന് നായര്‍ നടത്തിയ ഒറ്റയാള്‍ സമരം.
പത്തനംതിട്ട: സിപിഎം വിപുലീകൃത ജില്ലാകമ്മറ്റി യോഗസ്ഥലത്ത് പ്ലക്കാര്‍ഡുമായി മുന്‍ ബ്രാഞ്ച് സെക്രട്ടറിയുടെ ഒറ്റയാള്‍ സമരം. ജില്ലാ സെക്രട്ടേറിയറ്റംഗം ആർ. സനല്‍കുമാർ, ഡിവൈഎഫഐ മുന്‍ ജില്ലാ പ്രസിഡന്റ് എം.സി. അനീഷ് എന്നിവര്‍ക്കെതിരേ ഗുരുതര ആരോപണങ്ങളുയര്‍ത്തി അവരുടെ ചിത്രങ്ങൾ പതിച്ച പ്ലക്കാര്‍ഡുമായി തിരുവല്ല നെടുമ്പ്രം സ്വദേശി ബാലകൃഷ്ണൻ നായരാണ് പ്രതിഷേധിച്ചത്. ഇയാളെ പിന്നീട് റെഡ് വോളന്റിയര്‍മാരും പ്രവര്‍ത്തകരും ചേര്‍ന്ന് സ്ഥലത്തു നിന്നും ബലമായി പുറത്താക്കി.
വിപുലീകൃത ജില്ലാ കമ്മിറ്റി ആരംഭിക്കുന്നതിന് തൊട്ടുമുന്‍പാണ് സമ്മേളന സ്ഥലത്തേക്ക് ഇയാൾ എത്തിയത്. തിരുവല്ല അര്‍ബന്‍ ബാങ്ക് ഭരണസമിതിയുടെ ഭാഗമായ സനൽകുമാറും അനീഷും വായ്പാ ക്രമക്കേടിലൂടെ തന്റെ കുടുംബവീടും പുരയിടവും ഭാര്യയുടെ പേരിലുണ്ടായിരുന്ന ഷാപ്പും സ്ഥലവും തട്ടിയെടുത്തുവെന്നാണ് ബാലകൃഷ്ണൻ നായരുടെ പരാതി.
ജില്ലാ സെക്രട്ടറി രാജൂ ഏബ്രഹാം, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, ജനറല്‍ സെക്രട്ടറി എം.എ. ബേബി എന്നിവർക്ക് പരാതി നല്‍കിയെങ്കിലും പരിഹാരമുണ്ടായില്ലെന്നും ഇതോടെയാണ് ഇത്തരമൊരു പ്രതിഷേധം സംഘടിപ്പിച്ചതെന്നും ബാലകൃഷ്ണന് നായര്‍ വ്യക്തമാക്കി. ബാലകൃഷ്ണന് നായരുടെ ആരോപണങ്ങള്‍ ആര്. സനല്‍കുമാറും എം.സി. അനീഷും തള്ളി.
Tags : Nattuvishesham Districtnews Deepikanews Former branch