കാഞ്ഞിരപ്പള്ളി രൂപത മാതൃവേദിയുടെ നേതൃത്വത്തില്‍ പൊടിമറ്റം സെന്റ് മേരീസ് പള്ളിയില്‍ നടത്തിയ വിവാഹത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷിക്കുന്നവരുടെ സംഗമം ‘തണല്‍
കാഞ്ഞിരപ്പള്ളി: വാര്‍ധക്യം ജീവിതത്തിന്റെ അസ്തമയം അല്ലെന്നും വിളവെടുപ്പാണെന്നും ബിഷപ് മാര്‍ ജോസ് പുളിക്കല്‍. രൂപതയുടെ സുവര്‍ണ ജൂബിലി വര്‍ഷത്തോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളി രൂപത മാതൃവേദിയുടെ നേതൃത്വത്തില്‍ പൊടിമറ്റം സെന്റ് മേരീസ് പള്ളിയില്‍ നടത്തിയ വിവാഹത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷിക്കുന്നവരുടെ സംഗമം തണല്‍ 2K26 ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബിഷപ്.
നിങ്ങളുടെ കഷ്ടപ്പാടിന്റെയും ത്യാഗത്തിന്റെയും പ്രാർഥനയുടെയും വിളവെടുപ്പാണ് ഈ നാളുകളിലെ നിങ്ങളുടെ കുടുംബത്തിന്റെയും സമൂഹത്തിന്റെയും തലമുറയുടെയും അടിസ്ഥാനം. നിങ്ങള്‍ കൊണ്ട വെയിലിന്റെ ഫലമാണ് ഇന്നത്തെ സമൂഹം. രൂപതയുടെ സുവര്‍ണ ജൂബിലി വര്‍ഷത്തില്‍ തന്നെ വിവാഹത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നത് ഭാഗ്യമാണെന്നും മാർ പുളിക്കൽ ദമ്പതികളെ ഓര്‍മിപ്പിച്ചു. അനേകം കുടുംബബന്ധങ്ങള്‍ ശിഥിലമാകുന്ന ഈ കാലത്ത് 50 വര്‍ഷക്കാലം അനുഗ്രഹമായി ജീവിക്കാന്‍ പറ്റിയത് അത്യുന്നതന്റെ സംരക്ഷണം കൊണ്ടും കൂദാശകളുടെ തണലില്‍നിന്ന് ശക്തി സ്വീകരിച്ചതുകൊണ്ടുമാണെന്ന് മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു.
രൂപത വികാരി ജനറാള്‍ ഫാ. ഡോ. സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. തുടര്‍ന്ന് ദമ്പതികള്‍ തങ്ങളുടെ വിവാഹപ്രതിജ്ഞ നവീകരിക്കുകയും കേക്ക് മുറിച്ചു സന്തോഷം പങ്കുവയ്ക്കുകയും ചെയ്തു.
തുടര്‍ന്നുനടന്ന പൊതുസമ്മേളനത്തില്‍ രൂപത മാതൃവേദി പ്രസിഡന്റ് ജിജി പുളിയംകുന്നേല്‍ അധ്യക്ഷത വഹിച്ചു. രൂപത ഫാമിലി അപ്പൊസ്തലേറ്റ് ഡയറക്ടര്‍ ഫാ. മാത്യു ഓലിക്കല്‍, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് സലോമി മറ്റപ്പള്ളിയില്‍, പൊടിമറ്റം സെന്റ് മേരീസ് വികാരി ഫാ. വര്‍ഗീസ് പുതുപ്പറമ്പില്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ഡോണ്‍ മറ്റക്കരത്തുണ്ടിയില്, രൂപത അനിമേറ്റര്‍ സിസ്റ്റർ റോസ്മി എസ്എബിഎസ്, ബ്രദര്‍ ആല്‍ബി പാലത്ര എന്നിവർ പ്രസംഗിച്ചു.
യോഗത്തോടനുബന്ധിച്ച് മാര്‍ ജോസ് പുളിക്കല്‍ ജൂബിലേറിയന്‍സിന് സമ്മാനങ്ങള്‍ കൈമാറുകയും ചെയ്തു. ജൂബിലേറിയന്സിന്റെ പ്രതിനിധി ജോസ്-സെലിന് കല്ലൂര്‍ ദമ്പതികള്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ചു. മുണ്ടക്കയം, വെളിച്ചിയാനി ഫൊറോനകളുടെ നേതൃത്വത്തിലുള്ള ടീമുകളുടെ വ്യത്യസ്ത പരിപാടികള്‍ പ്രോഗ്രാമിന് ഉണര്‍വേകി. രൂപതയിലെ 13 ഫൊറോനകളില്‍നിന്നുള്ള ജൂബിലേറിയന്‍സ് പ്രോഗ്രാമില്‍ പങ്കെടുത്തു.
Tags : Nattuvishesham DistrictNews