കുന്നുംഭാഗം-ചിറയ്ക്കൽപ്പടി റോഡ് തകർന്ന നിലയിൽ.
കാഞ്ഞിരപ്പള്ളി: കുന്നുംഭാഗം-ചിറയ്ക്കൽപ്പടി റോഡ് (പി.സി. ആന്റണി റോഡ്) തകർന്നതോടെ പ്രദേശവാസികൾ ദുരിതത്തിൽ. റോഡിന്റെ പല ഭാഗങ്ങളിലും ടാറിംഗ് ഇളകി വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. വീതി കുറഞ്ഞ റോഡിന്റെ ഇരുവശങ്ങളിലും കാട് വളർന്നുനിൽക്കുന്ന നിലയിലാണ്. ഇതോടെ വാഹനങ്ങൾ കടന്നുപോകുന്നതിനും കാൽനടയാത്രക്കാർക്കും ബുദ്ധിമുട്ട് നേരിടുകയാണ്.
മഴ പെയ്യുന്നതോടെ കുഴികളിൽ വെള്ളം കെട്ടിനിൽക്കുന്നതിനാൽ ഇവയുടെ ആഴം തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയാണ്. ഇരുചക്ര വാഹനങ്ങൾ കുഴികളിൽ വീണ് അപകടത്തിൽപ്പെടാനുള്ള സാധ്യതയും ഏറെയാണ്. റോഡ് വീതികുറഞ്ഞതിനാൽ രണ്ട് വാഹനങ്ങൾ ഒരേസമയം കടന്നുപോകുന്നതിനും പ്രയാസമാണ്.
റോഡിന്റെ ഇരുവശങ്ങളിലും കാട് വളർന്നുകിടക്കുന്നതും യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. കാട് റോഡിലേക്ക് പടർന്നുകയറിയതിനാൽ പല ഭാഗങ്ങളിലും റോഡിന്റെ അരികുകൾ വ്യക്തമായി കാണാൻ കഴിയാത്ത അവസ്ഥയാണ്. മഴക്കാലത്ത് വെള്ളത്തിന്റെ ഒഴുക്ക് സുഗമമല്ലാത്തതും റോഡിന്റെ തകർച്ചയ്ക്ക് കാരണമാകുന്നതായി നാട്ടുകാർ പറയുന്നു.
പ്രദേശത്തെ നിരവധി കുടുംബങ്ങൾ പ്രധാന യാത്രാമാർഗമായി ഉപയോഗിക്കുന്ന റോഡാണിത്. വിദ്യാർഥികളടക്കമുള്ളവർ ദിവസേന ഇതുവഴി യാത്ര ചെയ്യുന്നുണ്ട്. റോഡിന്റെ ശോച്യാവസ്ഥ മൂലം ഓട്ടോറിക്ഷ ഉൾപ്പടെയുള്ള വാഹനങ്ങൾ എത്താൻ പോലും ചില സമയങ്ങളിൽ ബുദ്ധിമുട്ടുണ്ടാകുന്നതായി നാട്ടുകാർ പറയുന്നു.
റോഡിന്റെ തകർന്ന ഭാഗങ്ങൾ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തുന്നതിനൊപ്പം ഇരുവശങ്ങളിലെയും കാടും പുല്ലും വെട്ടിമാറ്റി റോഡിന് ആവശ്യമായ വീതി ഉറപ്പാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Tags : Nattuvishesham DistrictNews