ചിറക്കടവ് പഞ്ചായത്ത് 14-ാം വാർഡിൽ ആരംഭിക്കുന്ന പാറമടയ്ക്കെതിരേ നടന്ന ജനകീയ സർവകക്ഷി യോഗം ഉദ്ഘാടനം ചെയ്ത് റോണി കെ. ബേബി എംഎൽഎ പ്രസംഗിക്കുന്നു.
ചെറുവള്ളി: ചിറക്കടവ് പഞ്ചായത്ത് 14-ാം വാർഡിൽ ജനവാസ മേഖലയിൽ ആരംഭിക്കാൻ പോകുന്ന പാറമടയ്ക്കതിരേ ജനപ്രതിനിധികളുടെയും വിവിധ രാഷ്ട്രീയപാർട്ടികളുടെയും പൂർണ പിന്തുണയോടെ ജനകീയ സർവകക്ഷി യോഗം നടത്തി. റോണി കെ. ബേബി എംഎൽഎ ഉദ്ഘാടനം ചെയ്യുകയും ജനകീയ സമരത്തിന് പൂർണ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു.
വാർഡ് മെംബർ ത്രേസ്യാമ്മ നല്ലേപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ ശ്രീധർ, ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് ടി.എൻ. ഗിരീഷ് കുമാർ, പ്രതിപക്ഷ നേതാവ് ഗോപി പാറാംതോട്, സമിതി കൺവീനർ രാഹുൽ ഗോപിനാഥ്, ടി.ആർ. ബിനീഷ്, വി. സുനിൽ, ജിൻസ് നല്ലേപ്പറമ്പിൽ, ലാൽജി മാടത്താനിക്കുന്നേൽ, ജനകീയ സമിതി ജോയിന്റ് കൺവീനർ പി.ജെ. തോമസ് പാട്ടത്തിൽ എന്നിവർ പ്രസംഗിച്ചു.
മുന്പ് നിരോധിച്ച തോംപാറ പാറമടയ്ക്ക് സമീപം പുറത്തുനിന്നുള്ള വ്യക്തികളെ കൂട്ടുപിടിച്ച് പുതുതായി തുടങ്ങാൻ ശ്രമിക്കുന്ന ഈ പദ്ധതി നാടിന്റെ സ്വൈരജീവിതം പൂർണമായും തകർക്കുമെന്ന് ജനകീയസമിതി ചൂണ്ടിക്കാട്ടുന്നു. ടൺകണക്കിന് സ്ഫോടകവസ്തുക്കൾ സൂക്ഷിക്കുന്ന വെടിമരുന്നുശാല വീടുകൾക്ക് നടുവിൽ വരുന്നത് വലിയ ദുരന്തങ്ങൾക്കു വഴിവയ്ക്കും.
ജനങ്ങൾ ഒറ്റക്കെട്ടായി ഒപ്പിട്ട ഹർജി മന്ത്രി മോൻസ് ജോസഫ് ഉൾപ്പടെ വിവിധ ജനപ്രതിനിധികൾക്ക് മുന്പ് സമർപ്പിച്ചിരുന്നതായും പാറമടയ്ക്കെതിരേ ജനകീയ പ്രതിഷേധം തുടരുമെന്നും സമിതി ഭാരവാഹികൾ അറിയിച്ചു.
Tags : Nattuvishesham DistrictNews