കൃഷി വകുപ്പ് കേര പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച റബർ പുനർനടീൽ പരിശീലന പരിപാടി ബളാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു പ്രസംഗി
വെള്ളരിക്കുണ്ട്: കൃഷി വകുപ്പ് ലോകബാങ്കിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന കേരള ക്ലൈമെറ്റ് റെസിലിയന്റ് അഗ്രി-വാല്യു ചെയിൻ മോഡേണൈസേഷൻ (കേര) പദ്ധതിയുടെ ഭാഗമായി കർഷകർക്ക് റബർ പുനർനടീലിനായുള്ള പരിശീലനവും രജിസ്ട്രേഷനും സംഘടിപ്പിച്ചു. വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. വെള്ളരിക്കുണ്ട് റബർ ഉത്പാദക സംഘം പ്രസിഡന്റ് ആന്റണി അത്താഴപ്പാടം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ഷോബി ജോസഫ്,
പഞ്ചായത്ത് അംഗം ഷാജൻ പൈങ്ങോട്ട്, പി.പി. ഗംഗാധരൻ, ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫീസർ മുഹമ്മദ് ഇക്ബാൽ, ഫീൽഡ് ഓഫീസർ കാവ്യ വിനയൻ എന്നിവർ പ്രസംഗിച്ചു. കേര പദ്ധതിയെക്കുറിച്ച് റീജണൽ പ്രൊജക്ട് ഡെപ്യൂട്ടി ഡയറക്ടർ ഷീനയും റബർ പുനർനടീൽ പദ്ധതിയെക്കുറിച്ച് റബർ ബോർഡ് കാഞ്ഞങ്ങാട് ഓഫീസിലെ ഡെപ്യൂട്ടി പ്രൊഡക്ഷൻ കമ്മീഷണർ എം.പി. പവിത്രൻ നമ്പ്യാരും ക്ലാസെടുത്തു.
പദ്ധതിയുടെ ഭാഗമായി പുതിയ റബർ തൈകൾ വച്ചുപിടിപ്പിക്കുന്നതിന് കർഷകർക്ക് ഹെക്ടറിന് 75,000 രൂപ നിരക്കിലാണ് സഹായം നൽകുന്നത്. ഒരു കർഷകന് പരമാവധി രണ്ടു ഹെക്ടർ വരെ ധനസഹായം അനുവദിക്കും.
Tags : NattuVishesham DistrictNews