District News
പയ്യന്നൂര്‍: ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസ് ഡിവൈഡറിലിടിച്ചുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്ക്. ഇന്നലെ ഉച്ചയ്ക്ക് 12.15 ഓടെ ദേശീയപാതയില്‍ പുതിയങ്കാവിനും കോത്തായിമുക്കിനും ഇടയിലായിരുന്നു അപകടം.
കാസര്‍ഗോഡ് ഭാഗത്തു നിന്നും വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ബസിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്ന് യാത്രക്കാര്‍ ആരോപിക്കുന്നു. നിയന്ത്രണം വിട്ട ബസ് റോഡിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.
District News
ചെറുപുഴ: ചെറുപുഴ ടൗണിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചു. തളിപ്പറമ്പിൽനിന്ന് ചിറ്റാരിക്കാലിലേക്കു പോകുകയായിരുന്ന ഓട്ടോറിക്ഷയും പാലാവയൽ നിന്നു ചെറുപുഴയിലേക്കു വന്ന കാറും തമ്മിലാണു കൂട്ടിയിടിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടിന് ചെറുപുഴ ബസ്സ്റ്റാൻഡ് പരിസരത്തായിരുന്നു അപകടം.
ഓട്ടോറിക്ഷ ഡ്രൈവർക്ക് നിസാര പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷയുടെ മുൻഭാഗം പൂർണമായും തകർന്നു. അപകടത്തെ തുടർന്ന് ചെറുപുഴ ടൗണിൽ ഗതാഗതം തടസപ്പെട്ടു. ചെറുപുഴ പോലീസ് സ്ഥലത്തെത്തി വാഹനങ്ങൾ മാറ്റി.
District News
പയ്യന്നൂര്‍: ഡല്‍ഹി വിദ്യാര്‍ഥി-യുവജന പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ന് പയ്യന്നൂരില്‍ പ്രതിഷേധറാലിയും പൊതുസമ്മേളനവും നടക്കും. പരിസ്ഥിതി-പൗരാവകാശ-വിദ്യാര്‍ഥി കൂട്ടായ്മയുടെ നേതൃത്വത്തിലാണു പരിപാടി.
ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് പെരുമ്പയില്‍ വി. കുഞ്ഞികൃഷ്ണന് എംഎല്‍എ പ്രതിഷേധറാലി ഉദ്ഘാടനം ചെയ്യും. വിദ്യാര്‍ഥികളും യുവജനങ്ങളും സാമൂഹ്യ-സാംസ്കാരിക പ്രവര്‍ത്തകരും അണിനിരക്കുന്ന റാലി നഗരം ചുറ്റി ഉച്ചകഴിഞ്ഞ് മൂന്നിന് പഴയ ബസ്സ്റ്റാൻഡ് പരിസരത്തെ ഷേണായി സ്ക്വയറില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ സാമൂഹ്യ-സാംസ്കാരിക പ്രവര്‍ത്തകരായ വി.എസ്. അനില്‍കുമാര്‍, മാധവന് പുറച്ചേരി, പ്രകാശന് കരിവെള്ളൂര്‍, എന്‍. സുബ്രഹ്മണ്യന് എന്നിവര്‍ പ്രസംഗിക്കും.
District News
ചെറുപുഴ: ധനകാര്യ സ്ഥാപനത്തിൽ നിക്ഷേപം സ്വീകരിച്ചശേഷം ദമ്പതികളെ വഞ്ചിച്ചുവെന്ന പരാതിയിൽ അഞ്ചുപേർക്കെതിരേ ചെറുപുഴ പോലീസ് കേസെടുത്തു. ഭീമനടിയിലെ വലിയ വീട്ടിൽ മാത്യു സേവ്യറിന്റെ (67) പരാതിയിലാണു ചെറുപുഴയിലെ നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് ബ്രാഞ്ച് മാനേജർ മോഹനൻ, മാനേജർ ജെറിൻ, ഗ്രൂപ്പ് മാനേജർ രാജു എം. ജോർജ്, മാനേജിംഗ് ഡയറക്ടർ അലൻ ജോർജ്, മാനേജിംഗ് പാർട്ണർ ഗ്രേസ് ജോർജ് എന്നിവർക്കെതിരെ വഞ്ചനാകുറ്റത്തിന് കേസെടുത്തത്.
2023 മാർച്ച് ഏഴുമുതൽ 2026 ജൂൺ 23 വരെയുള്ള കാലയളവിൽ പരാതിക്കാരന്റെയും ഭാര്യ തങ്കമ്മയുടെയും ബാങ്ക് അക്കൗണ്ട് വഴി പ്രതികൾ നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് സ്ഥാപനത്തിൽ ഏഴുലക്ഷം രൂപ നിക്ഷേപമായി സ്വീകരിച്ചശേഷം പണം തിരികെ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണു കേസെടുത്തത്.
District News
ഇരിട്ടി: ആറളം പുനരധിവാസ മേഖലയിൽ വീണ്ടും മോഴയാനയുടെ ആക്രമണം. ബ്ലോക്ക് പതിനൊന്നിലെ പ്ലോട്ട് നമ്പർ 114ൽ താമസിക്കുന്ന മായ സനിലിന്റെ വീടിനുനേരേയാണ് അപകടകാരിയായ മോഴയാനയുടെ ആക്രമണമുണ്ടായത്.
പുലർച്ചെ മൂന്നോടെയുണ്ടായ ആക്രമണത്തിൽ വീടിന്റെ മുന്നിലെ ഷെഡും വീട്ടുപകരണങ്ങളും ആന തകർത്തു. ഓടി രക്ഷപ്പെടുന്നതിനിടെ വീണ് സനിലിന്റെ മുത്തശിക്ക് മുട്ടിന് പരിക്കേറ്റു. അവർ ബാത്ത്റൂമിൽനിന്ന് വീട്ടിലേക്ക് മടങ്ങിവരുന്നതിനിടെയാണ് സമീപവഴിയിൽ നിന്നിരുന്ന മോഴയാന വീടിനുനേരേ പാഞ്ഞെത്തിയത്. അതേസമയം, സനിലും സഹോദരനും വീടിന് പുറത്തുള്ള തിണ്ണയിൽ ഉറങ്ങുകയായിരുന്നു. ആനയുടെ ശബ്ദം കേട്ട് നാലുപേരും വീടിനുള്ളിലേക്ക് ഓടിക്കയറി. അതിനിടെ മുറ്റത്തുണ്ടായിരുന്ന സൈക്കിൾ ഉൾപ്പെടെ ആന ചവിട്ടി നശിപ്പിച്ചു.
സംഭവസമയത്ത് സനിൽ, മായ, മായയുടെ പിതാവ് ശശി, മാതാവ് പുഷ്പ, സനിലിന്റെ മുത്തശി, രണ്ട് സഹോദരങ്ങൾ എന്നിവരടക്കം ഏഴുപേരാണ് വീട്ടിലുണ്ടായിരുന്നത്. വാതിൽ പിടിപ്പിക്കാത്ത, അടച്ചുറപ്പില്ലാത്ത വീട്ടിൽ കഴിഞ്ഞിരുന്ന ഇവർ അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്.
വീടിനു മുന്നിൽ മഴനനയാതിരിക്കാൻ കെട്ടിയിരുന്ന പ്ലാസ്റ്റിക് ഷെഡ് ആന തകർത്തു. വീടിന് പിടിപ്പിക്കാൻ വാങ്ങിവച്ചിരുന്ന പുതിയ വാതിൽ, കസേര, ബക്കറ്റ് എന്നിവയും ചവിട്ടി നശിപ്പിച്ചു. ആർആർടി സംഘം സ്ഥലത്തെത്തി ആനയെ തുരത്തിയ ശേഷമാണ് പ്രദേശത്ത് സ്ഥിതിഗതികൾ നിയന്ത്രണവിധേയമായത്.
മോഴയാനയെ പിടികൂടണമെന്ന
ആവശ്യം ശക്തം
ആറളം മേഖലയിൽ നിരന്തരം ഭീതി വിതയ്ക്കുന്ന മോഴയാനയാണ് ആക്രമണത്തിന് പിന്നിലെന്നാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞ രണ്ടുവർഷത്തിനിടെ ബ്ലോക്ക് 13ലും 10ലും വെള്ളി, ലീല, അനീഷ് എന്നിവർ ഈ മോഴയാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. അപകടകാരിയായ ആനയെ പിടികൂടണമെന്ന ആവശ്യം ശക്തമായിരിക്കെയാണ് കോടതിയുടെ നിർദേശപ്രകാരം ആനയെ നിരീക്ഷിക്കുന്ന നടപടികൾ തുടരുന്നത്. എന്നിട്ടും കൃഷിനാശവും ജനവാസമേഖലകളിലെ ആക്രമണവും തുടരുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. ആറളം മേഖലയിൽ ഇതുവരെ കാട്ടാനയുടെആക്രമണത്തിൽ 14 പേർ മരിച്ചിട്ടുണ്ട്. വന്യജീവിശല്യം കുറയ്ക്കാൻ നിർമാണം ആരംഭിച്ച ആനത്തടം മൂന്ന് വർഷം പിന്നിട്ടിട്ടും പകുതിപോലും പൂർത്തിയായിട്ടില്ല.
അടച്ചുറപ്പില്ലാത്ത വീടുകളിൽ
നൂറുകണക്കിന് കുടുംബങ്ങൾ
നൂറുകണക്കിന് കാട്ടാനകൾ സഞ്ചരിക്കുന്ന ആറളം ഫാം പുനരധിവാസ മേഖലയിൽ ഇന്നും നിരവധി കുടുംബങ്ങൾ സുരക്ഷിതമല്ലാത്ത വീടുകളിലാണ് താമസിക്കുന്നത്. നൂറിലേറെ കുടുംബങ്ങൾ പ്ലാസ്റ്റിക് ഷീറ്റുകൾ മാത്രം വലിച്ചുകെട്ടിയ കുടിലുകളിലാണ് കഴിയുന്നതെന്നാണ് പ്രദേശവാസികളുടെ പരാതി. പുനരധിവാസ മിഷന്റെ ഭാഗത്തുനിന്ന് പ്രശ്നങ്ങൾക്ക് സ്ഥിരപരിഹാരം കാണുന്നില്ലെന്നും മതിയായ ഉദ്യോഗസ്ഥ സാന്നിധ്യമില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.
സൈറ്റ് മാനേജർക്ക് തളിപ്പറമ്പിന്റെ അധിക ചുമതലയും നൽകിയതോടെ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രമാണ് ആറളത്ത് എത്തുന്നതെന്നും പരാതിയുണ്ട്. രണ്ടായിരത്തിലധികം ആദിവാസി കുടുംബങ്ങൾ താമസിക്കുന്ന ആറളത്ത് അടിസ്ഥാന സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളും അടിയന്തരമായി മെച്ചപ്പെടുത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
District News
കണ്ണൂര്‍: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരേയും പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്കും ജനപ്രതിനിധി കൾക്കും എതിരേയുള്ള ക്രൂരമർദനങ്ങൾക്കെതിരേയും ശക്തമായി പ്രതിഷേധിക്കുന്ന പ്രമേയവു മായി കോർപറേഷൻ കൗൺസിൽ യോഗം. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റിജിൽ മാക്കുറ്റിയാണ് പ്രമേയം അവതരിപ്പിച്ചത്.
പ്രതിഷേധിക്കുന്നവരെ പാക്കിസ്ഥാൻ ഭീകരവാദികളായും ചൈനീസ് ചാരന്മാരും ആയി ചിത്രീകരിക്കപ്പെടുകയാണെന്നും രാജ്യത്തിന്റെ വിദ്യാഭ്യാസരംഗം പ്രാകൃത യുഗത്തിലേക്ക് പോവുകയാണെന്നും റിജിൽ മാക്കുറ്റി പറഞ്ഞു.
നഗരസൂത്രണകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷമീമ പ്രമേയത്തെ പിന്തുണിച്ചു സംസാരിച്ചു. ജനാധിപത്യത്തിന്റെ ശക്തി വ്യത്യസ്ത അഭിപ്രായങ്ങളെ മാനിക്കുന്നതിലാണ്. വിദ്യാർഥികൾ ഒരു രാജ്യത്തിന്റെ ഭാവി മാത്രമല്ല സമൂഹത്തിന്റെ മനസാക്ഷി കൂടിയാണ്. അവർ ഉയർത്തുന്ന ആവശ്യങ്ങൾ കേൾക്കുകയും സംവാദത്തിലൂടെ പരിഹാരം കണ്ടെത്തുകയും ചെയ്യുക എന്നത് ഏത് ജനാധിപത്യ ഭരണകൂടത്തിന്റേയും ഉത്തരവാദിത്തമാണെന്ന് ഷമീമ പറഞ്ഞു. പ്രമേയത്തെ അനുകൂലിച്ച് ഡപ്യൂട്ടി മേയർ കെ.പി. താഹിർ, അനൂപ് ബാലൻ, വി.കെ. പ്രകാശിനി എന്നിവരും പ്രമേയത്തെ എതിർത്ത് പി. മഹേഷും സംസാരിച്ചു.
കണ്ണൂക്കര ശ്മശാനത്തിലെ 50 സെന്റ് സ്ഥലം വനവകുപ്പിന് കൈമാറുന്നത് സംബന്ധിച്ച അജൻഡ യിൽ നിലവിൽ വികസന പ്രവർത്തനങ്ങൾക്ക് കോർപറേഷനു തന്നെ സ്ഥലം ലഭ്യമല്ലാത്ത സാഹചര്യമാണെന്നും കോർപറേഷൻ ഉടമസ്ഥതയിലുള്ള ശ്മശാന ഭൂമി വിട്ടു നൽകില്ലെന്നും മേയർ ഇന്ദിര പറഞ്ഞു. ഭൂമി കൈമാറേണ്ടതില്ലെന്ന് കൗൺസിൽ ഐക്യകണ്ഠേന തീരുമാനിച്ചു.
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് രണ്ടാം ഗേറ്റ് കോര്പറേഷന് ഭൂമിയിലൂടെ വരുന്നുവെന്ന വാര്‍ത്ത പ്രചരിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ പാലക്കാട് ഡിവിഷന് മാനേജര്‍ക്കും ബന്ധപ്പെട്ട അധികൃതര്‍ക്കും കത്ത് നല്കി. കോര്‍പറേഷനോട് സഹകരിക്കാത്ത റെയില്‍വേയോട് ഒരു തരത്തിലും സഹകരിക്കാന്‍ തയാറല്ലെന്ന് മേയര്‍ പറഞ്ഞു.
District News
കണ്ണൂർ: സ്ത്രീത്വത്തെ ഹനിക്കുന്ന വ്യാജവാര്‍ത്തകളും ദൃശ്യങ്ങളും പ്രചരിപ്പിക്കുന്നതിനെതിരേ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള നവമാധ്യമങ്ങള്‍ നീതി കാട്ടണമെന്ന് വനിത കമ്മീഷനംഗം അഡ്വ. പി. കുഞ്ഞായിഷ. കണ്ണൂര്‍ കളക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ കമ്മീഷൻ സിറ്റിംഗിന് ശേഷം സംസാരിക്കുകയായിരുന്നു അവര്‍.
പെണ്‍കുട്ടികളെയും സ്ത്രികളെയും നവമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പരാതികള്‍ വനിത കമ്മീഷന് മുന്നില്‍ കൂടിവരുന്നു. ഓണ്‍ലൈന്‍ ഉപയോഗങ്ങളില്‍ സ്ത്രീകൾ ജാഗ്രത പുലര്‍ത്തണം. മുമ്പ് ഗാര്‍ഹിക പീഡന പരാതികളായിരുന്നു കൂടുതലെങ്കില്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തി ആരോപണങ്ങള്‍ ഉന്നയിച്ചുള്ള പരാതികളാണ്.
കോടതിയിലുള്ളതും പോലീസ് അന്വേഷിക്കുന്നതുമായ പരാതികളില്‍ തെറ്റായ കാര്യങ്ങള്‍ മാധ്യമ ങ്ങളിലൂടെ പ്രചരിക്കപ്പെടുമ്പോള്‍ തകരുന്നത് പരാതി നല്കിയവരുടെയോ ഇരയായവരുടെയോ കുടുംബമാണെന്ന് കമ്മീഷൻ അംഗം ചൂണ്ടിക്കാട്ടി. സ്ത്രീകള്‍ പരാതിക്കാരോ എതിര് കക്ഷികളോ ആകുന്ന വാര്‍ത്തകളില്‍ നിയമപരമായ കാര്യങ്ങളും സ്ത്രീകളുടെ സുരക്ഷയും അന്തസും ഉറപ്പാക്കണം.
സിറ്റിംഗില്‍ 48 പരാതികള്‍ പരിഗണിച്ചതിൽ ഒന്‍പതെണ്ണം തീര്‍പ്പാക്കി. ഏഴ് പരാതികളില്‍ ബന്ധപ്പെട്ടവരില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. 32 പരാതികള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. പുതിയതായി ലഭിച്ച മൂന്ന് പരാതികള്‍ ഫയലില്‍ സ്വീകരിച്ചു. വഴിതര്‍ക്കം, സാമ്പത്തിക തട്ടിപ്പുകള്‍, ഗാര്‍ഹിക പീഡനങ്ങള്‍, സമൂഹ മാധ്യമങ്ങളിലൂടെയുള്ള അപകീര്‍ത്തിപ്പെടുത്തല്‍ എന്നിങ്ങനെയുള്ള പരാതികളാണ് ജില്ലയില്‍ കൂടുതലായി വന്നത്.
District News
കണ്ണൂർ: ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മട്ടന്നൂർ നഗരസഭയിലെ 17ാം വാർഡ് ഉരുവച്ചാൽ, പെരളശേരി ഗ്രാമപഞ്ചായത്തിലെ ആറാം വാർഡായ ബാവോഡ് ഈസ്റ്റ് എന്നിവിട ങ്ങളിലേക്കുള്ള കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. പട്ടികയിൻമേലുള്ള അപേക്ഷകളും ആക്ഷേപങ്ങളും ഓഗസ്റ്റ് അഞ്ചു വരെ അറിയിക്കാം.
ഉരുവച്ചാൽ വാർഡിൽ 1125 വോട്ടർമാരാണുള്ളത്. ഇതിൽ 584 സ്ത്രീകളും 541 പുരുഷന്മാരുമാണ്. ബാവോഡ് ഈസ്റ്റ് വാർഡിലെ 1360 വോട്ടർമാരിൽ 740 പേർ സ്ത്രീകളും 620 പുരുഷന്മാരുമാണ്.
അപേക്ഷകളും ആക്ഷേപങ്ങളും കേട്ടശേഷം ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർമാർ തുടർനടപടി സ്വീകരിച്ച് ഓഗസ്റ്റ് 17ന് അപ്ഡേഷൻ പൂർത്തിയാക്കും. ഓഗസ്റ്റ് 19 ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.
വാർഡ് കൗൺസിലർമാർ മരിച്ചതിനെ തുടർന്നാണ് രണ്ടിടത്തും ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഇതു സംബന്ധിച്ച് നടന്ന യോഗത്തിൽ ജില്ലാ കളക്ടർ പി. വിഷ്ണുരാജ് അധ്യക്ഷത വഹിച്ചു.
തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പി.എം. ധനീഷ്, പെരളശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിന്റി ലക്ഷ്മൺ, മട്ടന്നൂർ നഗരസഭ സെക്രട്ടറി പി.എൻ. അനീഷ്, കളക്ടറേറ്റിലെ തെരഞ്ഞെടുപ്പ് വിഭാഗം ജൂണിയർ സൂപ്രണ്ട് പി. സുനിൽകുമാർ എന്നിവർ പങ്കെടുത്തു.
District News
കണ്ണൂർ: കന്റോൺമെന്റ് പ്രദേശത്തെ വികസന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് സിഇഒ ഡോ. ബി.ഒ. പ്രശാന്ത് കുമാറുമായി ടി.ഒ. മോഹനൻ എംഎൽഎ ചർച്ച നടത്തി. സെന്റ് തെരേസാസ് സ്കൂൾ റോഡിൽ ബിഇഎം എൽപി സ്കൂളിന് സമീപം തകർന്നുകിടന്ന കലുങ്ക് പുനർനിർമാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെടുത്തി. കലുങ്ക് പുനർനിർമിക്കുന്നതിന് കൂടുതൽ സ്ഥലം ഏറ്റെടുക്കുന്നതിന് നേരത്തെ തന്നെ എംഎൽഎ, ബിഇഎംഎൽ പി സ്കൂൾ അധികൃതരുമായും ചർച്ച നടത്തിയതും സ്ഥലം തരാനുള്ള സന്നദ്ധത അറിയിച്ച കാര്യവും സിഇഒയുടെ ശ്രദ്ധയിൽപ്പെടുത്തി.
ഇതോടൊപ്പം ആയിക്കര ഫിഷ് മാർക്കറ്റിനു മുമ്പിലുള്ള റോഡ് ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കൽ, ജില്ലാ ആശുപത്രിക്ക് മുന്നിലുള്ള റോഡിലെ സൈഡ് ഉയർത്തൽ, അഞ്ചുകണ്ടി തോട് നവീകരണം,
പുതിയ ബസ്സ്റ്റാൻഡിന് പിറകിൽ ഡ്രെയിനേജ് നിർമാണവും ലൈറ്റ് സ്ഥാപിക്കലും ഉൾപ്പെടെയുള്ള വിഷയങ്ങളും ചർച്ച ചെയ്തു. മേൽവിഷയങ്ങൾ ഒരാഴ്ചയ്ക്കകം കന്റോൺമെന്റ് ബോർഡ് യോഗം ചേർന്ന് പരിഗണിക്കുമെന്ന് ഉറപ്പുനൽകി. ഈ സ്ഥലങ്ങൾ സംയുക്ത പരിശോധന നടത്താമെന്നും അറിയിച്ചു.
ചർച്ചയിൽ കാന്റോൺമെന്റ് ഓവർസിയർ ജിജു വർഗീസ് പങ്കെടുത്തു. എംഎൽഎ യോടൊപ്പം ഷിബു ഫെർണാണ്ടസ്, എം.പി. രാജേഷ് തുടങ്ങിയവരും ഉണ്ടായിരുന്നു.
District News
കൊളക്കാട്: കാപ്പാട് സെന്റ് സെബാസ്റ്റ്യൻസ് ഇംഗ്ലീഷ് മീഡിയം യുപി സ്കൂളിൽ പുതുതായി നിർമിച്ച ചിൽഡ്രൻസ് പാർക്കിന്റെ ഉദ്ഘാടനം കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ഡോ. ട്രീസ പോൾ നിർവഹിച്ചു. അസിസ്റ്റന്റ് മാനേജർ ഫാ. ആൽബർട്ട് മാപ്പിളപറമ്പിൽ അധ്യക്ഷത വഹിച്ചു.
പിടിഎയുടെയും കോർപറേറ്റ് ഏജൻസിയുടെയും മാനേജ്മെന്റിന്റെയും സഹായത്തോടെയാണു കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ച ലക്ഷ്യമിട്ട് പാർക്ക് നിർമിച്ചത്. സ്കൂൾ മുഖ്യാധ്യാപിക ഡെൽറ്റി ജോസഫ്, പിടിഎ പ്രസിഡന്റ് സന്തോഷ് പെരേപ്പാടൻ, സിന്ധു ചിറ്റേരി, ജിസ്ന ടോബിൻ, ജിലു മാണി, എഡ്വിൻ ജോമി എന്നിവർ പ്രസംഗിച്ചു. പി.ജെ. ജസ്റ്റിൻ, റീജ തോമസ്, ജോബി മാത്യു, ദീപ്തി കുര്യാക്കോസ് എന്നിവർ നേതൃത്വം നൽകി.
District News
വിളക്കന്നൂർ: ഈശോയുടെ തിരുമുഖം പതിഞ്ഞ തിരുവോസ്തി ആദ്യമായി ദർശിച്ച ഫാ. തോമസ് പതിക്കലിന് ദിവ്യകാരുണ്യം അടയാളമേകിയ വിളക്കന്നൂരിന്റെ മണ്ണിൽ നിത്യനിദ്ര. ദിവ്യകാരുണ്യ അടയാളത്തിന് സാക്ഷ്യംവഹിച്ച അൾത്താരയോടും പ്രിയജനത്തോടും വിടചൊല്ലിയ പതിക്കലച്ചന് യാത്രമൊഴിയേകാൻ ആയിരങ്ങൾ ഒഴുകിയെത്തി. വിളക്കന്നൂർ ക്രിസ്തുരാജ പള്ളിയിൽ നടന്ന സംസ്കാര ശുശ്രൂഷകൾക്ക് തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി മുഖ്യകാർമികത്വം വഹിച്ചു.
വികാരി ജനറാൾമാരായ മോൺ. ആന്റണി മുതുകുന്നേൽ, മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി, മോൺ. മാത്യു ഇളംതുരുത്തിപ്പടവിൽ, തോമസച്ചന്റെ കുടുംബാംഗമായ ഫാ. ജോസ് പൂവന്നിക്കുന്നേൽ എന്നിവർ സഹകാർമികരായി.
ഇന്നലെ രാവിലെ കരുവഞ്ചാൽ പ്രീസ്റ്റ് ഹോമിലായിരുന്നു സംസ്കാര ശുശ്രൂഷകളുടെ ആദ്യഭാഗം. തുടർന്ന് രാവിലെ എട്ടരയോടെ ഭൗതികദേഹം വിളക്കന്നൂർ പള്ളിയിലെത്തിച്ചു. അപ്പോഴേക്കും ആയിരങ്ങൾ പള്ളിയങ്കണത്തിൽ നിറഞ്ഞിരുന്നു. താൻ സ്നേഹിച്ചവരെ അവസാനം വരെ സ്നേഹിക്കാൻ തോമസച്ചന് കഴിഞ്ഞിരുന്നതായി ആർച്ച്ബിഷപ് വിശുദ്ധ കുർബാനയ്ക്കിടെ നൽകിയ വചന സന്ദേശത്തിൽ പറഞ്ഞു.
നൂറുകണക്കിന് വൈദികരും സിസ്റ്റേഴ്സും സംസ്കാര ശുശ്രൂഷകൾക്ക് സാക്ഷികളായി. അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരങ്ങൾ എത്തിയതോടെ ഉച്ചയ്ക്ക് ഒന്നോടെയാണ് സംസ്കാരചടങ്ങുകൾ പൂർത്തിയായത്.
സഹപാഠിക്ക് അന്ത്യാഞ്ജലിയുമായി
മന്ത്രി സണ്ണി ജോസഫ്
പ്രിയപ്പെട്ട സഹപാഠിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ മന്ത്രി സണ്ണി ജോസഫും എത്തി. കിളിയന്തറ സ്കൂളിലാണ് ഫാ. തോമസ് പതിക്കലും സണ്ണി ജോസഫും ഒരുമിച്ച് പഠിച്ചത്. കഴിഞ്ഞ മേയിൽ സഹപാഠികൾ ഒരുമിച്ചു ചേർന്നിരുന്നു. കൂടെപഠിച്ച എല്ലാവരെയും ചേർത്തുനിർത്തുന്നതിന് വേണ്ടി മുൻകൈയെടുത്ത് പ്രവർത്തിച്ചയാളായിരുന്നു അച്ചനെന്ന് മന്ത്രി അനുസ്മരിച്ചു.
അതിരൂപതയ്ക്ക് വേണ്ടി ചാൻസലർ ഫാ. ഡോ. ജോസഫ് മുട്ടത്തുകുന്നേൽ അനുശോചനം രേഖപ്പെടുത്തി. ആഴമുള്ള ആത്മീയതയുടെ മനുഷ്യനായിരുന്ന തോമസച്ചൻ രോഗപീഡകൾ കീഴടക്കിയപ്പോൾ ഈശോയിൽ അർപ്പിച്ചാണ് ജീവിച്ചിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സജീവ് ജോസഫ് എംഎൽഎ, നടുവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോളി സജി, കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ ഉൾപ്പെടെ ജനപ്രതിനിധികളും രാഷ്ട്രീയസാമൂഹിക മേഖലകളിലെ നിരവധിപേരും അന്ത്യാഞ്ജലിയർപ്പിക്കാൻ എത്തിച്ചേർന്നു.
District News
തലശേരി: ഇടയിൽ പീടിക വെള്ളാച്ചേരിക്കു സമീപം ചൊക്ലി പോലീസ് നടത്തിയ വാഹന പരിശോധനയിൽ സ്കൂട്ടറിൽ കടത്തുകയായിരുന്ന 63,78,750 രൂപ പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വൻതുകയുടെ കുഴൽപ്പണം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കരിയാട്ടെ പ്രിയങ്ക സ്വർണ വ്യാപാര സ്ഥാപനത്തിലെ പ്രിയങ്കവചൻ ദത്തത്രേയ സുബ്ബറാവു(50)വിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
സ്കൂട്ടറിന്റെ ഡിക്കിയിൽ ബാഗിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു പണം. പണത്തിന്റെ ഉറവിടം സംബന്ധിച്ച വ്യക്തമായ രേഖകൾ ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് പോലീസ് വ്യക്തമാക്കിയത്.
രഹസ്യവിവരത്തെ ത്തുടർന്ന് ഇടയിൽ പീടിക–വെള്ളാച്ചേരി ഭാഗത്ത് പോലീസ് പ്രത്യേക പരിശോധന ശക്തമാക്കിയിരുന്നു. പണവും സ്കൂട്ടറും പോലീസ് കസ്റ്റഡിയിലെത്തു.
പിടിച്ചെടുത്ത പണത്തിന്റെ ഉറവിടം, ലക്ഷ്യസ്ഥാനം, ഹവാല ഇടപാടുകളുമായി ബന്ധമുണ്ടോ യെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. ആവശ്യമായ രേഖകളില്ലാതെ ഇത്രയും വലിയ തുക കടത്തിയതിന്റെ പശ്ചാത്തലവും സാമ്പത്തിക ഇടപാടുകളുടെ സ്വഭാവവും പരിശോധിച്ചുവരികയാണ്.
ചൊക്ലി ഇൻസ്പെക്ടർ വി. ബിജുവിന്റെ നേതൃത്വത്തിൽ എസ്ഐ. ആർ. രാഗേഷ്, എസ്സിപിഒമാരായ അനീഷ്, രജിൽ, സബീഷ്, സിപിഒമാരായ റിജ്വാൻ, രൂപേഷ് എന്നിവർ ചേർന്നാണ് പരിശോധന നടത്തി പണവും പ്രതിയെയും പിടികൂടിയത്.
District News
തലശേരി: സംശയത്തെ തുടർന്ന് ഭാര്യയെ വീട്ടിനുള്ളിൽ പൂട്ടിയിട്ട് കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം. പെരിങ്ങത്തൂർ പുല്ലൂക്കരയിലെ പടികൂലോത്ത് വീട്ടിൽ പി.കെ. രതി (51) യെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് പി.കെ.മോഹനനെ (63)യാണ് കോടതി ജീവപര്യന്തം തടവിനും 50,000 രൂപ പിഴയും വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒരു വർഷം കൂടി കഠിന തടവ് അനുഭവി ക്കണം. കഴിഞ്ഞ ദിവസമാണ് പ്രതിയെ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
2021 ഡിസംമ്പർ 22ന് രാവിലെ11 ഓടെയാണ് സംഭവം. വീട്ടിൽ നിന്നുമുള്ള നിലവിളി കേട്ട് അയൽവാ സികൾ ഓടിയെത്തിയപ്പോൾ വീടിന്റെ മുൻഭാഗവും, പിൻഭാഗവും ഉള്ളിൽ നിന്ന് അടച്ചിരുന്നു. നാട്ടുകാർ വാതിൽ ചവിട്ടിപൊളിച്ചാണ് അകത്തു കടന്നത്. അപ്പോൾ രതി കഴുത്ത് അററ നിലയിൽ കിടക്കുന്നതാണ് കണ്ടത്. ചോര പുരണ്ട കത്തിയുമായി മോഹനനും അകത്തുണ്ടായിരുന്നു. പടിക്കൽ കൂലോത്ത് പി.കെ.ഷിനോജിന്റെ പരാതിയിലാണ് ചൊക്ലി പോലീസ് പ്രഥമ വിവരം രേഖപ്പെടുത്തിയത്. പ്രായത്തിൽ വ്യത്യാസമുള്ള ദമ്പതികൾ തമ്മിൽ വഴക്ക് പതിവായിരുന്നു. രണ്ട് മക്കളുണ്ട്.
മക്കളായ എം.അഭിഷിക്, അനിഷ പ്രകാശൻ, സയിന്റിഫിക് കെ. ശ്രീജ, ഫോറൻസിക് സർജൻ ഡോ. ഗോപാലകൃഷ്ണപിള്ള, ഡോ. സ്മിത, പോലീസ് ഓഫീസർമാരായ ചൊക്ലി സ്റ്റേഷൻ ഇൻസ്പെക്ടർ സി. ഷാജു, സൂരജ് ഭാസ്കരൻ, എം. മനോജ്, ഷംസീർ, മനീഷ്, സരൂപ്, കെ.വി. സീന, എൻ.സി. യതീഷ് പാനൂർ നഗരസഭാ സെക്രട്ടറിയായിരുന്ന കെ. രാജൻ വില്ലേജ് ഓഫീസർമാരായ രജനി, ഉമ്മർ തൊണ്ടിയിൽ,തുടങ്ങിയവരെയാണ് പ്രോസിക്യൂഷൻ സാക്ഷികളായി വിസ്തരിച്ചത്. പ്രോസിക്യൂഷന് വേണ്ടി ജില്ലാ ഗവ.പ്ലീഡർ അഡ്വ. കെ.അജിത്ത് കുമാർ ഹാജരായി.
District News
ഇരിട്ടി: ലഹരിവസ്തു വാങ്ങിക്കാൻ പണം നല്‍കാത്ത വിരോധത്തിൽ വയോധികയായ ഉമ്മയുടെ തല യുവാവ് കല്ലിനിടിച്ചു പൊട്ടിച്ചു. സംഭവത്തിൽ മകൻ ഇരിട്ടി വികാസ് നഗർ സ്വദേശി വയൽപീടി കയിൽ വി.പി. ഷെരീഫ് (37) നെ ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി അറസ്റ്റിലായ പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പണം നൽകാത്തതിൽ പ്രകോപിതനായ പ്രതി അമ്മയേയും സഹോദരിയേയും അതിക്രൂരമായി മർദിക്കുകയും വീട്ടുപകരണങ്ങൾ തല്ലിതകർക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് പോലീസ് നൽകുന്ന വിവരങ്ങൾ ഇങ്ങനെ:- സ്ഥിരം കുറ്റവാളിയാണ് ഷെരിഫ്. കളവ്, പിടിച്ചുപറി തുടങ്ങി നിരവധി കേസുകളിൽ ഇയാൾ പ്രതിയാണ്.
ബംഗളൂരുവിൽ നിന്നും 1.5 കിലോ കഞ്ചാവുമായി പിടിയിലായി ജയിൽ ശിക്ഷ അനുഭവിച്ച പ്രതി മൂന്ന് മാസം മുന്‍പാണ് നാട്ടിലെത്തിയത്. ലഹരി ഉപയോഗിക്കാനായി പ്രതി പണം ആവശ്യപ്പെട്ടത് വിസമ്മതിച്ചതോടെയാണ് ഉമ്മയേയും സഹോദരിയേയും ആക്രമിച്ചത്. തുടർന്ന് വീടിന്റെ ജനൽച്ചില്ലുകളും വീടിനോട് ചേർന്നുള്ള കുഴൽ കിണറിന്റെ പൈപ്പുകളും അടിച്ചുപൊട്ടിച്ച് വൻ നാശനഷ്ടം വരുത്തി. വീടിന് പുറത്തിറങ്ങി രക്ഷപ്പെടാൻ ശ്രമിച്ച ഉമ്മയെ പ്രതി വലിയ കല്ലെടുത്ത് തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേല്പിക്കുകയായിരുന്നു. ഉമ്മയെ രക്ഷിക്കാനായി ഓടിയെത്തിയ സഹോദരിയെ പ്രതി പരിക്കേല്പിച്ചു.
ജൂലൈ 21 ന് നടന്ന സംഭവത്തിൽ ഇരിട്ടി പോലീസ് സ്ഥലത്തെത്തി പ്രതിയെ പിന്തിരിപ്പിച്ചിരുന്നുവെങ്കിലും പരാതി ലഭിച്ചിരുന്നില്ല . തുടർന്നും പ്രതി ഫോണിലൂടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയതോടെയാണ് കഴിഞ്ഞ ദിവസം ഉമ്മ ഉൾപ്പെടെയുള്ള കുടുംബം ഇരിട്ടി പോലീസിൽ പരാതി നൽകിയത്.തുടർന്നായിരുന്നു പോലീസ് നടപടി.
District News
തലശേരി: കാറിൽ കടത്തുകയായിരുന്ന 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കളെ തലശേരി പോലീസ് അറസ്റ്റുചെയ്തു. മുഹമ്മദ് ഷദാബ് റോഷൻ (31), മുഹമ്മദ് റഫ്നാസ് (29), വി.പി. മുസ്താഫിർ (31) എന്നിവരാണ് പിടിയിലായത്.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തലശേരി, കണ്ണൂർ ഡാൻസാഫ് ടീമും തലശേരി പോലീസും നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കൊളശേരി അണ്ടർപാസിന് സമീപത്ത് നിന്ന് ഇവരെ പോലീസ് പിടികൂടിയത്. അമിതവേഗതയിൽ എത്തിയ കാർ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് 4.19 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്.
ലഹരിമരുന്നും കടത്തിന് ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു.
District News
കാസര്‍ഗോഡ്: പഠിക്കാന്‍ പ്രായം തടസമെന്ന് കരുതി ആരും മാറിനില്‍ക്കേണ്ടതില്ല. ഏതു പ്രായത്തിലുള്ളവര്‍ക്കും തുടര്‍പഠനത്തിന് അവസരമൊരുക്കുകയാണ് ജില്ലാ പഞ്ചായത്ത്. ജില്ലയിലെ മുഴുവന്‍ പേര്‍ക്കും പത്താംതരം വിദ്യാഭ്യാസം നല്‍കുന്നതിനുള്ള സമഗ്രതുല്യതാ പരിപാടിയാണ് പത്തേമാരി എന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയില്‍ ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പങ്കാളികളാകും. പത്താംതരം തുല്യതാകോഴ്സിലേക്ക് ചേരാനുള്ള ഫീസ് തുക തദ്ദേശ സ്ഥാപനങ്ങള്‍ ഇപ്പോള്‍ തന്നെ വാര്‍ഷിക പദ്ധതിയില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഒരു പഠിതാവിന് 1950 രൂപയാണ് ഫീസ്. പഞ്ചായത്തുകള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി രജിസ്റ്റര്‍ ചെയ്യുന്ന പഠിതാക്കളുടെ ഫീസിനത്തില്‍ 500 രൂപ ജില്ലാ പഞ്ചായത്ത് നല്‍കും. പഞ്ചായത്തുകള്‍ ഒരു പഠിതാവിന് 1450 രൂപ പ്രകാരം ചെലവഴിച്ചാല്‍ മതിയാകും. ജില്ലാ പഞ്ചായത്ത് അഞ്ചുലക്ഷം രൂപ ആദ്യഘട്ടത്തില്‍ വകയിരുത്തിയിട്ടുണ്ട്. നഗരസഭകള്‍ തനതായി പദ്ധതി ഏറ്റെടുക്കും.
50 വയസിന് താഴെയുള്ളവര്‍ക്കാണ് കൂടുതല്‍ ഊന്നല്‍ നല്‍കുന്നത്. പ്രായമുള്ളവര്‍ക്കും പദ്ധതിയുടെ ഭാഗമാകാം. മൂന്നുവര്‍ഷം കൊണ്ട് ജില്ലയിലെ 50 വയസില്‍ താഴെയുള്ള മുഴുവന്‍ പേരെയും പത്താംതരം വിജയിപ്പിക്കുകയാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്. കുടുംബശ്രീ, ആശ, ഹരിതകര്‍മസേന, അങ്കണവാടി ജീവനക്കാര്‍, തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികള്‍ എന്നിവരും ഈ പദ്ധതിയുടെ ഭാഗമാകും.
രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് അതതു പ്രദേശങ്ങളിലെ സ്കൂളുകളില്‍ സമ്പര്‍ക്ക പഠനക്ലാസുകള്‍ ആരംഭിക്കും. ഞായറാഴ്ചകളില്‍ മാത്രമാകും ക്ലാസ്. ഓണ്‍ലൈന്‍ വഴിയും ക്ലാസുകള്‍ ഉണ്ടാകും. സാക്ഷരതാപ്രേരക്മാര്‍ വഴി തുല്യതാ കോഴ്സിലേക്ക് രജിസ്ട്രേഷന് നടത്താവുന്നതാണ്.
അടുത്ത രജിസ്ട്രേഷന് കാലയളവില്‍ ജില്ലാതലത്തിലും പഞ്ചായത്ത് തലത്തിലും സംഘാടകസമിതികള്‍ രൂപീകരിച്ച്, വിപുലമായ പ്രചരണ പരിപാടികളോടെ രജിസ്ട്രേഷന് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
District News
കാഞ്ഞങ്ങാട്: ജില്ലയിലെ വിവിധ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലായി ആകെ 342 ഡോക്ടർമാരുടെ സ്ഥിരം തസ്തികയാണ് ഉള്ളത്. എന്നാൽ ഏറ്റവും ഒടുവിലത്തെ കണക്ക് പ്രകാരം ഇപ്പോൾ ജോലിചെയ്യുന്നത് 170 ഡോക്ടർമാർ മാത്രം. ആകെ ആവശ്യമുള്ളതിന്റെ പകുതിയിൽ താഴെ. ജില്ലയിലെ എട്ട് കുടുംബാരോഗ്യകേന്ദ്രങ്ങളിൽ ഒരു സ്ഥിരം ഡോക്ടർ പോലുമില്ല.
മഴക്കാലത്തെ പതിവു രോഗങ്ങൾക്കൊപ്പം ഡെങ്കിപ്പനിയും എലിപ്പനിയും ഷിഗെല്ലയുമെല്ലാം റിപ്പോർട്ട് ചെയ്യപ്പെടുന്ന സമയമാണ്. ജില്ലാ ആശുപത്രി തൊട്ട് കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ വരെ ഒപി വിഭാഗത്തിൽ തിരക്കൊഴിഞ്ഞ നേരമില്ല. രോഗത്തളർച്ചയ്ക്കിടയിൽ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടിവരുമ്പോൾ പലരും അവശരായിപ്പോകുന്നുണ്ട്. ഓൺലൈനായി ടോക്കണെടുത്താലും കാത്തിരിപ്പിന് വലിയ മാറ്റമില്ല. ഇനിയും കാത്തിരിക്കാനാവാതെ സ്വകാര്യ ആശുപത്രികൾ തേടി പോകുന്നവരും ഏറെയാണ്. രോഗികൾക്കൊപ്പം ഡോക്ടർമാരും തിരക്കുകൊണ്ട് വീർപ്പുമുട്ടുകയാണ്.
ഓരോ ദിവസവും 1500 ലധികം രോഗികളെത്തുന്ന കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ 51 സ്ഥിരം ഡോക്ടർമാരുടെ തസ്തികയാണ് ഉള്ളത്. ഇപ്പോൾ ആകെയുള്ളത് 27 ഡോക്ടർമാർ മാത്രം. കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർമാരുടെ ആറു തസ്തികകളുള്ളതിൽ ഇപ്പോഴുള്ളത് ഒരാൾ മാത്രം. സ്പെഷ്യാലിറ്റി വിഭാഗങ്ങളിൽ പലതും ഒഴിഞ്ഞുകിടക്കുന്നു.
മെഡിക്കൽ കോളജിന്റെ ടീച്ചിംഗ് ആശുപത്രിയായി ഉയർത്തിയ കാസർഗോഡ് ജനറൽ ആശുപത്രിയിൽ 49 ഡോക്ടർമാർ വേണ്ടിടത്ത് ഇപ്പോഴുള്ളത് 26 പേർ മാത്രം. താലൂക്ക് ആശുപത്രികളിൽ മിക്കതിലും ഡോക്ടർമാരുടെ കുറവു മൂലം ഒപി സേവനം വെട്ടിക്കുറയ്ക്കേണ്ടിവരുന്ന അവസ്ഥയാണ്.
നർക്കിലക്കാട്, പാണത്തൂർ, കരിന്തളം, ദേലമ്പാടി, മുള്ളേരിയ, പെർള, പുത്തിഗെ, വാണിനഗർ എന്നിങ്ങനെ എട്ട് കുടുംബാരോഗ്യകേന്ദ്രങ്ങളിലാണ് ഒരൊറ്റ സ്ഥിരം ഡോക്ടർ പോലും ഇല്ലാത്തത്. മറ്റിടങ്ങളിലും എൻഎച്ച്എം പദ്ധതിയിലോ തദ്ദേശസ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിലോ നിയമിച്ച താത്കാലിക ഡോക്ടർമാരെക്കൊണ്ടാണ് ഒപി വിഭാഗത്തിന്റെ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകുന്നത്. എന്നിട്ടും പലയിടങ്ങളിലും ഒപി സമയം വെട്ടിച്ചുരുക്കേണ്ടി വന്നിട്ടുണ്ട്.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് കാസർഗോഡ്, വയനാട്, ഇടുക്കി ജില്ലകളിൽ ജോലിചെയ്യാൻ തയ്യാറാകുന്ന സർക്കാർ ഡോക്ടർമാർക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകിയിരുന്നു. ഭരണം മാറിയതോടെ ആ പദ്ധതി നിലച്ചുപോയി. വീണ്ടും യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന സാഹചര്യത്തിൽ ആ പദ്ധതി പുനരുജ്ജീവിപ്പിക്കാനെങ്കിലും നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരും ഡോക്ടർമാരും ഒരുപോലെ ആവശ്യപ്പെടുന്നത്.
അങ്ങനെയായാൽ ജില്ലയിൽ ജോലിചെയ്യാനെത്തുന്ന ഡോക്ടർമാരുടെ എണ്ണത്തിൽ നേരിയ വർധനവെങ്കിലും ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഇതോടൊപ്പം ഒഴിവുള്ള ഇടങ്ങളിൽ താത്കാലിക ഡോക്ടർമാരെ നിയോഗിക്കുന്നതുൾപ്പെടെ ജില്ലയുടെ ആരോഗ്യരംഗത്തെ കൈപിടിച്ചുയർത്താൻ ഒരു പ്രത്യേക പാക്കേജ് കൊണ്ടുവരാൻ സർക്കാർ തയാറാകണമെന്നാണ് ആവശ്യം.
District News
കാസര്‍ഗോഡ്: ജില്ലയില്‍ വര്‍ധിച്ചുവരുന്ന ലഹരിമരുന്ന് കടത്തും വിപണനവും തടയുന്നതിന്റെ ഭാഗമായി സ്ഥിരം ലഹരിക്കേസ് പ്രതിയെ കരുതല്‍ തടങ്കല്‍ നിയമമായ പിറ്റ് എന്‍ഡിപിഎസ് ആക്ട് പ്രകാരം അറസ്റ്റ് ചെയ്തു.
ചെങ്കള നാലാംമൈലിലെ മുഹമ്മദ് അബൂബക്കറിനെയാണ് (26) വിദ്യാനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ക്കെതിരെ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ ലഹരിമരുന്ന് കേസുകള്‍ നിലവിലുണ്ട്.
ഈ നിയമപ്രകാരം അറസ്റ്റിലാകുന്ന ഇരുപതാമത്തെ ആളാണ് മുഹമ്മദ് അബൂബക്കര്‍.
District News
ചട്ടഞ്ചാൽ: വ്യവസായ പാർക്കിലെ പ്ലാസ്റ്റിക് പൊടിക്കുന്ന ഫാക്ടറിയിൽ വൻ തീപിടിത്തം. ഇന്നലെ പുലർച്ചെ അഞ്ചോടെയാണ് തീപിടിത്തമുണ്ടായത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ പൊടിച്ച് ഗ്രാന്യൂൾസ് ഉണ്ടാക്കുന്ന ഫാക്ടറിയിൽ സൂക്ഷിച്ചുവച്ചിരുന്ന പ്ലാസ്റ്റിക് വസ്തുക്കളിൽ തീ പെട്ടെന്നു പടരുകയായിരുന്നു.പ്രദേശം മുഴുവനും വലിയ തോതിൽ വിഷപ്പുകയും വ്യാപിച്ചു.
കാസർഗോഡ്, കുറ്റിക്കോൽ, കാഞ്ഞങ്ങാട് അഗ്നിരക്ഷാനിലയങ്ങളിൽ നിന്നായി നാലു യൂണിറ്റ് സേനാംഗങ്ങളെത്തി രണ്ടു മണിക്കൂറോളം പണിപ്പെട്ടാണ് തീയണച്ചത്. ഫാക്ടറി സ്ഥിതിചെയ്യുന്ന സ്ഥലത്ത് രണ്ടുമീറ്റർ ആഴത്തിൽ ഗെയിലിന്റെ വാതക പൈപ്പ് ലൈൻ കടന്നുപോകുന്നതും ആശങ്കയ്ക്കിടയാക്കി. തീ പൂർണമായും അണച്ചതിനു ശേഷം അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ പൈപ്പ് ലൈൻ സ്ഥിതിചെയ്യുന്ന ഭാഗത്ത് പരിശോധന നടത്തി.
പൈപ്പ് ലൈനിനെ തീ ബാധിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തി. സംഭവസമയത്ത് ഫാക്ടറിയിൽ തൊഴിലാളികളൊന്നുമില്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.
District News
കാസർഗോഡ്: കീഴൂർ കടപ്പുറത്ത് സ്ഥാപിച്ചിരുന്ന ഹൈമാസ്റ്റ് ലൈറ്റ് നിലംപൊത്തി. തൂണിന്റെ അടിഭാഗം തുരുമ്പെടുത്തതിനെ തുടർന്ന് കോൺക്രീറ്റ് തറയിൽ നിന്ന് വേർപെട്ട് നിലംപതിക്കുകയായിരുന്നു. സംഭവം നടക്കുമ്പോൾ അടുത്തെങ്ങും ആരുമില്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.
കടൽക്കാറ്റു കൊണ്ടാണ് തൂൺ എളുപ്പത്തിൽ തുരുമ്പെടുത്തതെന്നാണ് നിഗമനം. മുൻവർഷങ്ങളിൽ കടലേറ്റം രൂക്ഷമായ സമയത്ത് ഈ തൂണിനു തൊട്ടടുത്തുവരെ തിരമാലകൾ എത്തിയിരുന്നു. സുരക്ഷിതമായ മറ്റൊരു സ്ഥാനത്ത് ലൈറ്റ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ചെമ്മനാട് പഞ്ചായത്തിന് നിവേദനം നൽകിയിട്ടുണ്ട്.
District News
കാസര്‍ഗോഡ്: കുമ്പള കോയിപ്പാടിയിലെ എംആര്‍ഡിഎഫ് കമ്പനിയുടെ ഹബ്ബില്‍ സൂക്ഷിച്ച 1221 ചാക്ക് കാലിത്തീറ്റ മറിച്ചുവിറ്റെന്ന പരാതിയില്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ക്കെതിരെ കേസെടുത്തു. കമ്പനി സിഇഒ എറണാകുളം ഇടപ്പള്ളി സ്വദേശി ജോര്‍ജ്കുട്ടി ജേക്കബിന്റെ പരാതിയില്‍ തൃക്കരിപ്പൂര്‍ എളമ്പച്ചി സ്വദേശി പി.കെ.ബിജുവിനെതിരെയാണ് കുമ്പള പോലീസ് കേസെടുത്തത്. 2025 ഓഗസ്റ്റ് 25 മുതല്‍ 2026 ജൂലൈ 14 വരെയുള്ള കാലയളവില്‍ 25 കിലോ വീതം തൂക്കമുള്ള 1221 ചാക്ക് ട്രൂമീല് ടിഎംആര്‍ കാലിത്തീറ്റ മറിച്ചുവിറ്റ് സ്ഥാപനത്തിന് ആറുലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്നാണ് പരാതി.
District News
പനത്തടി: പനത്തടി - റാണിപുരം റോഡിൽ അര കിലോമീറ്റർ ദൂരത്തിനുള്ളിൽ രണ്ടിടങ്ങളിൽ കാറപകടം. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയായിരുന്നു ആദ്യ അപകടം. കാഞ്ഞങ്ങാട് സ്വദേശികൾ സഞ്ചരിച്ച സ്വിഫ്റ്റ് കാർ നെല്ലിത്തോട് ഇറക്കത്തിൽവച്ച് നിയന്ത്രണം വിട്ട് റോഡിന്റെ മറുവശത്തുള്ള തിട്ടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
അരമണിക്കൂറിനുള്ളിലാണ് രണ്ടാമത്തെ അപകടം നടന്നത്. കർണാടക രജിസ്ട്രേഷനുള്ള എർട്ടിഗ കാർ നിയന്ത്രണം വിട്ട് പാർശ്വഭിത്തിയിൽ ഇടിച്ച ശേഷം വലിയ ശബ്ദത്തോടെ റോഡിലേക്ക് മറിയുകയായിരുന്നു. രണ്ട് അപകടങ്ങളിലും യാത്രക്കാർ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.
വളവുകൾ നിറഞ്ഞ റോഡിൽ ഡ്രൈവർമാരുടെ പരിചയക്കുറവും അമിതവേഗതയുമാണ് അപകടങ്ങൾക്ക് കാരണമാകുന്നതെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
District News
വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് ലയൺസ് ക്ലബിന്റെ പുതിയ ഭാരവാഹികൾ കൊന്നക്കാട് പൈതൃകം റിസോർട്ടിൽ നടന്ന ചടങ്ങിൽ ലയൺ ഡിസ്ട്രിക്ട് പ്രിൻസിപ്പൽ സെക്രട്ടറി വി. വേണുഗോപാലിനു മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു.
മലയോര ഹൈവേയുടെ നിർമാണം മുടങ്ങിക്കിടക്കുന്ന ഭാഗങ്ങളിലെ പ്രവൃത്തികൾ ഉടൻ പൂർത്തീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു,
പി.വി. മധുസൂദനൻ, സാബു കോനാട്ട്, കെ.എസ്. വിൻസെന്റ്, ടോമിച്ചൻ കാഞ്ഞിരമറ്റം, മധുസൂദനൻ കൊടിയങ്കുണ്ടിൽ, സണ്ണി ജോർജ് മുത്തോലി, പോൾസൺ സിറിയക് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: ജേക്കബ് സെബാസ്റ്റ്യൻ - പ്രസിഡന്റ്, പോൾസൺ സിറിയക് - സെക്രട്ടറി, സൽജു മാത്യു - ട്രഷറർ.
District News
കാഞ്ഞങ്ങാട്:ദേശീയപാത 66 നിര്‍മാണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഗോവിന്ദന് പള്ളിക്കാപ്പില്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ മേഘ കണ്‍സ്ട്രക്ഷന്‍ പ്രതിനിധികളെ വിളിച്ച് യോഗം ചേര്‍ത്തു.
ചര്‍ച്ചയില്‍ ഉന്നയിച്ച വിഷയത്തില്‍ പരിഹാരം കാണുമെന്ന് മേഘ കണ്‍സ്ട്രക്ഷന്‍ പ്രതിനിധികള്‍ അറിയിച്ചു. അശാസ്ത്രീയമായ ഓവുചാല്‍ നിര്‍മാണവും റോഡും തകര്‍ന്നതുമൂലം മാവുങ്കാല്‍ ജംഗ്ഷന് അപകടകേന്ദ്രമായി മാറിയിരിക്കുകയാണ്. തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ കാഞ്ഞങ്ങാട് ഭാഗത്തേക്കുള്ള റോഡില്‍ വലിയ കുഴികള്‍ രൂപപ്പെട്ടിരിക്കുന്നു.
മഴ പെയ്യുമ്പോള്‍ മാവുങ്കാല്‍ ജംഗ്ഷന് വെള്ളത്തില്‍ മുങ്ങുകയാണ്. ഇക്കാര്യത്തില്‍ വേണ്ട നടപടികള്‍ വേണം.
കാഞ്ഞങ്ങാട് സൗത്ത്, മൂലക്കണ്ടം, ചെമ്മട്ടംവയല്‍ കെഎസ്ആര്‍ടിസി ഡിപ്പോ റോഡ് എല്ലാം പ്രയാസത്തില്‍ ആയിരിക്കുകയാണ്. പടന്നക്കാട് മേല്‍പാലത്തിന്റെ ഇരു ഭാഗത്തെയും റോഡില്‍ വലിയ കുഴികള്‍ രൂപപ്പെട്ടിരിക്കുന്നു. നീലേശ്വരം മാര്‍ക്കറ്റ് മുതല്‍ പഴയ റോഡുള്ള സ്ഥലത്ത് വലിയ കുഴികളാണ് ഉണ്ടായിരിക്കുന്നത്.
കാഞ്ഞങ്ങാട് സൗത്തിലെ സര്‍വീസ് റോഡ് വലിയ കുഴികള്‍ കൊണ്ട് യാത്ര ചെയ്യാന്‍ പോലും പറ്റാത്ത സാഹചര്യമാണുള്ളത്.
വലിയ ദുരന്തങ്ങള്‍ ക്ഷണിച്ചു വരുത്തുന്ന കുഴികള്‍ നികത്തി റോഡു യാത്ര അപകടരഹിതമാക്കാന്‍ കഴിയണമെന്നും യോഗത്തില്‍ ആവശ്യപ്പെട്ടു. ആര്‍ഡിഒ പി.സുദീപ്, കെഎസ്ആര്‍ടിസി എടിഒ കെ.വി.രാജീവന് എന്നിവര്‍ പങ്കെടുത്തു.
District News
കോട്ടയം: ജില്ലയുടെ ആരോഗ്യമേഖല ഇപ്പോഴും പരാധീനതയിലാണ്. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും കുറവും ആശുപത്രി കെട്ടിടകളുടെ പഴക്കവുമൊക്കെയായി പല ആതുരാലയങ്ങളും ശോച്യാവസ്ഥയിലാണ്. ഡോക്ടര്‍മാരുടെ കുറവും മരുന്നിന്റെ ക്ഷാമവും മൂലം രോഗികള്‍ക്ക് പലപ്പോഴും ചികിത്സ കിട്ടാതെ വരുന്നുണ്ട്. ജില്ലയിലെ ആരോഗ്യമേഖല നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളും പരിഹരിക്കുന്നതിനായി പൊതുജനാഭിപ്രായവും സ്വരൂപിക്കുക എന്ന ലക്ഷ്യത്തോടെ കായകല്പം എന്ന പേരില്‍ ജനസമ്പര്‍ക്കപരിപാടിയുമായി ആരോഗ്യമന്ത്രി കെ. മുരളീധരന് ഇന്നു കോട്ടയത്ത് എത്തുകയാണ്. രാവിലെ 9.30 മുതല്‍ കോട്ടയം സിഎംഎസ് കോളജ് ഗ്രേറ്റ് ഹാളിലാണ് പരിപാടി. ജില്ലയിലെ ആരോഗ്യമേഖല നേരിടുന്ന പൊതുവായ പ്രശ്നങ്ങളിലേക്ക് ദീപിക മന്ത്രിയുടെ ശ്രദ്ധ ക്ഷണിക്കുകയാണ്.
മെഡിക്കല്‍ കോളജ് ആശുപത്രി
കോട്ടയം: മെഡിക്കല്‍ കോളജില്‍ കോടിക്കണക്കിന് രൂപ ചെലവഴിച്ച് നിര്‍മിച്ച പുതിയ സര്‍ജിക്കല്‍ ബ്ലോക്കില്‍ ചോര്‍ച്ച, തകര്‍ന്നുവീഴുന്ന സീലിംഗുകള്‍, പ്ലംബിംഗ് തകരാറുകള്‍, പ്രവര്‍ത്തനരഹിതമായ ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയ ഗുരുതര അപാകതകളുണ്ട്. മോട്ടോര്‍ പമ്പുകളുടെ തകരാര്‍ മൂലം പുതിയ സര്‍ജിക്കല്‍ ബ്ലോക്കില്‍ കുടിവെള്ള വിതരണം പൂര്‍ണമായി തടസപ്പെടുകയും തന്മൂലം നിരവധി ശസ്ത്രക്രിയകള്‍ മാറ്റിവയ്ക്കേണ്ടതായും വന്നിരുന്നു.
പാലാ ജനറല്‍ ആശുപത്രിയില്‍
ആവശ്യത്തിനു ഡോക്ടര്‍മാരില്ല
പാലാ: കെ.എം. മാണി മെമ്മോറിയല്‍ ജനറല്‍ ഹോസ്പിറ്റലില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ല. നാലു വര്‍ഷമായി കാര്‍ഡിയോളജി വിഭാഗത്തിലും ഒരു വര്‍ഷമായി നെഫ്രോളജി വിഭാഗത്തിലും ഡോക്ടറില്ല. പോസ്റ്റുമോര്‍ട്ടത്തിന് ഫോറന്‍സിക് സര്‍ജനില്ല. ലഹരി മോചന കേന്ദ്രത്തില്‍ സൈക്യാട്രിക് വിഭാഗത്തിലും ഡോക്ടറില്ല. പഴയ ബ്ലോക്കിലെ ലിഫ്റ്റ് പ്രവര്‍ത്തിക്കുന്നില്ല. മൃതദേഹം സൂക്ഷിക്കുന്ന നാല് ഫ്രീസറില്‍ രണ്ടെണ്ണം മാത്രമാണ് പ്രവര്‍ത്തനക്ഷമം. പാര്‍ക്കിംഗ് സൗകര്യവും മെച്ചപ്പെടുത്തണം.
കാഞ്ഞിരപ്പള്ളി ആശുപത്രിയില്‍
ജീവനക്കാരുടെ കുറവ്
കാഞ്ഞിരപ്പള്ളി: മലയോര മേഖലയിലെ പ്രധാന ആശ്രയമായ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയെ ജനറല്‍ ആശുപത്രിയായി ഉയര്‍ത്തിയിട്ടും ആവശ്യത്തിനു ജീവനക്കാരില്ലാത്തത് രോഗികളെ ദുരിതത്തിലാക്കുന്നു. അത്യാഹിത വിഭാഗത്തില്‍ രാത്രികാലങ്ങളിൽ ഒരു ഡോക്ടര്‍ മാത്രമാണ്. കാത്ത് ലാബിൽ ഡോക്ടര്‍മാരില്ലാത്തതിനാൽ ചൊവ്വാഴ്ച മാത്രമാണ് ഒപി പ്രവര്‍ത്തിക്കുന്നത്. ഫോറന്‍സിക് സര്ജന് ഇല്ലാത്തതിനാല്‍ പോസ്റ്റ്മോര്‍ട്ടവും നടത്തുന്നില്ല.
മുണ്ടക്കയം കുടുംബാരോഗ്യ കേന്ദ്രത്തെ
താലൂക്ക് ആശുപത്രിയായി ഉയര്‍ത്തണം
മുണ്ടക്കയം: കോട്ടയം- ഇടുക്കി ജില്ലകളിലെ സാധാരണക്കാരുടെ ആശ്രയമായ മുണ്ടക്കയം സര്‍ക്കാര്‍ ആശുപത്രിയെ താലൂക്ക് ആശുപത്രിയാക്കി ഉയര്‍ത്തണം. ബഹുനില കെട്ടിടവും അടിസ്ഥാന സൗകര്യങ്ങളും ഉണ്ടെങ്കിലും ഇപ്പോഴും കുടുംബാരോഗ്യകേന്ദ്രം മാത്രമായാണ് പ്രവര്‍ത്തിക്കുന്നത്. ശബരിമല തീര്ഥാടനകാലത്തടക്കം മുണ്ടക്കയത്തിനും കുട്ടിക്കാനത്തിനുമിടയില്‍ നിരവധി വാഹന അപകടങ്ങളാണ് ഉണ്ടാകാറുള്ളത്. എന്നാല്‍ പരിമിതമായ സൗകര്യത്തില്‍ മതിയായ ചികിത്സ നല്കാന് കഴിയുന്നില്ല.
മന്ത്രി മനസു വച്ചാല്‍ എരുമേലി
ആശുപത്രിയുടെ രോഗം മാറും
എരുമേലി: ശബരിമല പാതയില്‍ അടിയന്തര ചികിത്സാ സൗകര്യം ഏറ്റവും വേണ്ട സ്ഥലമാണ് എരുമേലി. ശബരിമല സീസണില്‍ ദിവസവും കുറഞ്ഞത് അഞ്ച് പേരെയെങ്കിലും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കേണ്ടി വരുന്നുണ്ട്. അടിയന്തര ചികിത്സാ സംവിധാനം എരുമേലിയിലെ ആശുപത്രിയില്‍ ഒരുക്കിയാല്‍ ഈ മരണപ്പാച്ചില്‍ ഒഴിവാക്കാം. എന്തിനേറെ എക്സ്റേ സംവിധാനം പോലുമില്ല.
അറുനൂറ്റിമംഗലത്ത്
കിടത്തി ചികിത്സ ഇല്ല
കടുത്തുരുത്തി: കടുത്തുരുത്തി അസംബ്ലി മണ്ഡലത്തിന്റെ പരിധിയിലുള്ള ഏക കുടുംബാരോഗ്യ കേന്ദ്രമാണ് അറുനൂറ്റിമംഗലം ആശുപത്രി. ഇവിടെ കിടത്തിചികിത്സാവിഭാഗം പ്രവര്‍ത്തിക്കാതായിട്ട് ഒരു വര്‍ഷത്തിലേറെയായി. കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററായിരുന്ന ആശുപത്രി കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയിരുന്നു. പിന്നീടാണ് കുട്ടികളുടെ വാര്‍ഡ് ഉള്‍പ്പെടെ 20 കിടക്കകളുള്ള ഐപി വിഭാഗം അടയ്ക്കുന്നത്.
അതിരമ്പുഴയില്‍ സായാഹ്ന ഒപിയും
കിടത്തി ചികിത്സയും വേണം
അതിരമ്പുഴ: ഗവണ്മെന്റ് ആശുപത്രിയില്‍ പ്രവര്‍ത്തനം ഉച്ചകഴിഞ്ഞ് രണ്ടുവരെ മാത്രമാണ്. സ്ത്രീ, പുരുഷ വാര്‍ഡുകളിലായി 20 ബെഡുകളുള്ള ആശുപത്രിയില്‍ ഇപ്പോള്‍ കിടത്തി ചികിത്സയില്ല. 24 മണിക്കൂറും ഡോക്ടറുടെ സേവനം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എക്സ്റേ, ഇസിജി, ലാബ് പരിശോധനകളും പരിമിതപ്പെടുത്തിയിരിക്കുകയാണ്.
വെള്ളമില്ല, പാമ്പാടി ആശുപത്രിയില്‍
ഡയാലിസിസ് യൂണിറ്റ് നോക്കുകുത്തി
പാമ്പാടി: താലൂക്ക് ആശുപത്രിയില്‍ ആറു ഡയാലിസിസ് യൂണിറ്റ് എത്തിച്ചിട്ട് വര്‍ഷം ഒന്നായിട്ടും വെള്ളം എത്താത്തതിനാല്‍ പ്രവര്‍ത്തനം തുടങ്ങാന്‍ വൈകുകയാണ്. ഒരു ഡയാലിസിസ് യൂണിറ്റ് പ്രവര്‍ത്തിക്കണമെങ്കില്‍ കുറഞ്ഞത് 1000 ലിറ്റര്‍ വെള്ളം ആവശ്യമാണ്. ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കു പോലും വെള്ളം പുറത്തുനിന്നു വിലയ്ക്ക് വാങ്ങണം. യൂണിറ്റിന്റെ പ്രവര്‍ത്തനം തുടങ്ങിയാല്‍ കുറഞ്ഞത് 24 പേര്‍ക്കെങ്കിലും ഡയാലിസിസ് ചെയ്യാന്‍ കഴിയും.
ചങ്ങനാശേരി താലൂക്ക് ആശുപത്രി
ബഹുനില കെട്ടിടം പൂര്‍ത്തിയാക്കണം
ചങ്ങനാശേരി: താലൂക്ക് ആശുപത്രിയെ ജനറല്‍ ആശുപത്രിയായി വര്‍ഷങ്ങള്‍ക്കുമുമ്പ് ഉയര്‍ത്തിയെങ്കിലും ജീവനക്കാരുടെ തസ്തികകള്‍ വര്‍ധിപ്പിച്ചിട്ടില്ല. എണ്‍പത് കോടി രൂപമുടക്കി നിര്‍മിക്കുന്ന ബഹുനില കെട്ടിടം പൂര്‍ത്തിയാക്കി സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണം.
കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കണം. കാഷ്വാലിറ്റിയിലേക്ക് അഞ്ചു ഡോക്ടര്‍മാരെ കൂടി നിയമിക്കണം. ഡയാലിസിസ് യൂണിറ്റും കാര്‍ഡിയോളജി വിഭാഗവും ആരംഭിക്കണം.
ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രം
താലൂക്കാശുപത്രിയായി ഉയര്‍ത്തണം
ഈരാറ്റപേട്ട: ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രം, താലൂക്ക് ആശുപത്രിയായി ഉയര്‍ത്തണമെന്ന ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് പ്രോപ്പോസല്‍ സമര്‍പ്പിക്കുകയും ഹൈക്കോടതി ഉത്തരവുണ്ടാകുകയും ചെയ്തിട്ടും തുടര്‍ നടപടികളുണ്ടായില്ല. ജില്ലയിൽ പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ മാത്രമാണ് താലൂക്കാശുപത്രിയില്ലാത്തത്. താലൂക്ക് ആശുപത്രി ഈരാറ്റുപേട്ടയില്‍ അനുവദിച്ചാല്‍ സമീപത്തെ എട്ട് മലയോര പഞ്ചായത്തുകള്‍ക്കും ഉപകാരപ്പെടും.
വൈക്കം ആശുപത്രിയില്‍
ഹൃദ്രോഗ വിഭാഗം ആരംഭിക്കണം
വൈക്കം: രാജഭരണകാലത്ത് ആരംഭിച്ച വൈക്കം താലൂക്ക് ആശുപത്രിയില്‍ ഹൃദ്രോഗ ചികിത്സാ സംവിധാനം ഇല്ലാത്തത് സാധാരണക്കാരെ വലയ്ക്കുന്നു. നെഞ്ചുവേദനയെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ രോഗിയെ വിദഗ്ധ ചികില്‍സയ്ക്കായി 40 കിലോമീറ്റര്‍ അകലെയുള്ള കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ മാര്‍ഗമധ്യേ പലരും മരണപ്പെടുകയാണ്.
District News
കോട്ടയം: ദര്‍ശന സാംസ്കാരിക കേന്ദ്രവും ന്യൂഡല്‍ഹി ചില്‍ഡ്രന്‍സ് ബുക്ക് ട്രസ്റ്റും സംയുക്തമായി സംഘടിപ്പിക്കുന്ന 29-ാമത് അഖില കേരള ശങ്കേഴ്സ് ചിത്രരചന, കാര്‍ട്ടൂണ്‍ മത്സരങ്ങള്‍ ദര്‍ശന സാംസ്കാരിക കേന്ദ്രത്തില്‍ ഓഗസ്റ്റ് എട്ടിന് നടക്കും. കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്റെ സ്മരണയ്ക്കായി ചില്‍ഡ്രന്‍സ് ബുക്ക് ട്രസ്റ്റ് നടത്തുന്ന രാജ്യാന്തര ചിത്രരചന മത്സരങ്ങളുടെ ഭാഗമായിട്ടാണു മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.
ഒന്‍പത് വിഭാഗങ്ങളിലായിട്ടാണ് മത്സരം. രാവിലെ 10ന് നഴ്സറി ക്ലാസ് മുതല്‍ നാലാം ക്ലാസ് വരെയുള്ള കുട്ടികളുടെ പെയിന്റിംഗ് മത്സരവും സ്പെഷല്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള പ്രത്യേക കളറിംഗ് മത്സരവും കാര്‍ട്ടൂണ്‍ മത്സരവും നടക്കും. ഉച്ചകഴിഞ്ഞു രണ്ടിന് അഞ്ചാം ക്ലാസ് മുതല്‍ പ്ലസ്ടു വരെയുള്ള കുട്ടികളുടെ പെയിന്റിംഗ് മത്സരവും മുതിര്‍ന്നവര്‍ക്കുള്ള കാരിക്കേച്ചര്‍ മത്സരങ്ങളും നടക്കും. മുതിര്‍ന്നവരുടെ കാരിക്കേച്ചര്‍ മത്സരത്തിന് പ്രായപരിധിയില്ല.
എല്ലാ വിഭാഗങ്ങളിലും ഒന്നാം സ്ഥാനം ലഭിക്കുന്നവര്‍ക്ക് ന്യൂഡല്‍ഹി ബുക്ക് ട്രസ്റ്റ് വക വെള്ളി മെഡലുകളും കാഷ് അവാര്‍ഡുകളും നല്‍കും. കൂടാതെ മികച്ച പെയിന്റിംഗിനും കാര്‍ട്ടൂണിനും ശങ്കേഴ്സ് അവാര്‍ഡും (വെള്ളി മെഡല്‍) ദര്‍ശന സാംസ്കാരിക കേന്ദ്രവും ഡിസി ബുക്സും നല്കുന്ന ട്രോഫികളും ഓരോ ഗ്രൂപ്പിലും 25 പ്രോത്സാഹന സമ്മാനങ്ങളും നല്‍കും. കാരിക്കേച്ചര്‍ മത്സരത്തില്‍ ഏറ്റവും നല്ല സൃഷ്ടിക്ക് 1001 രൂപ ഒന്നാം സമ്മാനമായി ലഭിക്കും. മത്സരത്തില്‍ പങ്കുചേരുന്ന എല്ലാ കുട്ടികള്‍ക്കും സമ്മാനങ്ങള്‍ നല്‍കും. മത്സരങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ദര്‍ശന സാംസ്കാരിക കേന്ദ്രവുമായി ബന്ധപ്പെടാം. ഫോണ്‍: 9447008255, 9188520400.
District News
കോട്ടയം: ജില്ലയിലെ തൊഴിലാളികൾ, തൊഴിലുടമകൾ, പെൻഷൻകാർ എന്നിവർക്കായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷ്വറൻസ് കോർപറേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന "പിഎഫ് നിങ്ങൾക്കരികെ' പരാതി പരിഹാര അദാലത്ത് 27ന് രാവിലെ 10 മുതൽ തലയോലപ്പറമ്പ് ഇഎസ്ഐസി ബ്രാഞ്ച് ഓഫീസിൽ നടക്കും. 0481-2300937.
District News
ോട്ടയം: വേളാങ്കണ്ണി തിരുനാളിനോടനുബന്ധിച്ച് എറണാകുളം ജംഗ്ഷനും വേളാങ്കണ്ണിക്കും ഇടയില്‍ സ്പെഷല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തും. ട്രെയിന്‍ നമ്പര്‍ 06061 എറണാകുളം ജംഗ്ഷന് -വേളാങ്കണ്ണി വീക്ക്ലി സ്പെഷല്‍ ഓഗസ്റ്റ് 27, സെപ്റ്റംബര്‍ മൂന്ന്, 10 (വ്യാഴാഴ്ചകളില്‍) തീയതികളില്‍ ഉച്ചകഴിഞ്ഞ് ഒന്നിന് തിരിച്ച് വേളാങ്കണ്ണിയില്‍ വെള്ളിയാഴ്ച പുലര്‍ച്ച 5.50ന് എത്തിച്ചേരും.
മ
ടക്കയാത്ര ട്രെയിന്‍ നമ്പര്‍ 06062 വേളാങ്കണ്ണി- എറണാകുളം ജംഗ്ഷന് വീക്കിലി സ്പെഷല്‍ ഓഗസ്റ്റ് 28 സെപ്റ്റംബര്‍ നാല്, 11 എന്നീ തീയതികളില്‍ (വെള്ളിയാഴ്ചകളില്‍) വൈകുന്നേരം 6.40ന് വേളാങ്കണ്ണിയില്‍ നിന്നും പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 11.50ന് എറണാകുളം ജംഗ്ഷനില്‍ എത്തിച്ചേരും.
District News
മുഹമ്മ: അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ആര്യാട് പഞ്ചായത്ത് ഒന്നാം വാർഡ് പാതിരപ്പള്ളി പുതുപ്പറമ്പ് എലിസബത്ത് (തങ്കമ്മ-68) ആണ് മരിച്ചത്.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്. സംസ്കാരം നടത്തി. ഭർത്താവ് സെബാസ്റ്റ്യൻ. മക്കൾ: ആൻസി, തോമസ്. മരുമക്കൾ: പരേതനായ സിബിച്ചൻ, സാനി.
District News
ചെങ്ങന്നൂർ: നഗരസഭാപരിധിയിൽ നടത്തിയ മിന്നൽ പരിശോധനയിൽ ഏകദേശം 140 കിലോയോളം (139.625 കിലോ) നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടിച്ചെടുത്തു. ഇന്റേണൽ വിജിലൻസ് ഓഫീസറുടെ നേതൃത്വത്തിൽ നഗരസഭ ആരോഗ്യവിഭാഗം ചേർന്ന് നടത്തിയ പ്രത്യേക പരിശോധനയിലാണ് നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകളും ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന മറ്റ് പ്ലാസ്റ്റിക് ഉത്പന്നങ്ങളും കണ്ടെടുത്തത്.
നഗരസഭയിലെ മത്സ്യ വ്യാപാരസ്ഥാപനങ്ങൾ, മാർക്കറ്റ് പരിസരത്തെ കടകൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾക്കെതിരേ നഗരസഭാ അധികൃതർ പിഴ ചുമത്തിയിട്ടുണ്ട്.
ഇന്റേണൽ വിജിലൻസ് ഓഫീസർ ജി. സുനിൽകുമാറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ നഗരസഭ ക്ലീൻ സിറ്റി മാനേജർ എം. ഹബീബ്, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സി. നിഷ, ശുചിത്വമിഷൻ റിസോഴ്സ് പേഴ്സൺ പി. അശ്വതി എന്നിവരും പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരുമെന്ന് അധികൃതർ അറിയിച്ചു.
District News
ആലപ്പുഴ: ആര്യാട് യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു. ആര്യാട് പഞ്ചായത്ത് എട്ടാം വാർഡ് മുര്യൻവെളി അജിയുടെ മകൻ അഖിൽ (അച്ചു-24) ആണ് മരിച്ചത്.
അഖിലിന്റെ സുഹൃത്ത് കായംകുളം സ്വദേശി ഷെൽജാദ് ആണ് കുത്തിയത്. ഷെൽജാദും ഒപ്പമുണ്ടായിരുന്ന സുഹൃത്തും ഓട്ടോയിൽ കയറിപ്പോയതായി പോലീസ് പറഞ്ഞു. ഇന്നലെ വൈകിട്ട് 5.45ന് വീടിനു സമീപം വച്ചാണ് കുത്തേറ്റത്.
അഖിലിനെ ഉടൻ തത്തംപള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
District News
ആലപ്പുഴ: റെയിൽവേ സ്റ്റേഷന്റെയും സമീപപാതകളുടെയും നവീകരണത്തിൽ വർഷങ്ങളായി യാത്രക്കാർ ആവശ്യപ്പെടുന്ന അടിസ്ഥാന സൗകര്യങ്ങൾ കൂടി ഉൾപ്പെടുത്തണമെന്ന് കുട്ടനാട്-എറണാകുളം റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ (കെർപ).
കെർപയുടെ പ്രധാന
ആവശ്യങ്ങൾ
അപകടക്കെണിയാകുന്ന ഹമ്പുകൾ ഒഴിവാക്കണം. അര കിലോമീറ്ററിനുള്ളിൽ മുന്നറിയിപ്പ് ബോർഡുകളോ അടയാളങ്ങളോ ഇല്ലാതെ അര ഡസനിലേറെ ഹമ്പുകൾ മുൻപുണ്ടായിരുന്നു. ഇത്തരം ഹമ്പുകൾ വീണ്ടും റോഡിൽ നിർമിക്കരുത്.
യാത്രക്കാരെ ഇറക്കാനും കയറ്റാനും താത്കാലികമായി എത്തുന്ന വാഹനങ്ങൾക്ക് നിശ്ചിതസമയം സൗജന്യ പാർക്കിംഗ് അനുവദിക്കണം. സ്റ്റേഷൻ വളപ്പിൽ പ്രവേശിക്കുന്ന എല്ലാ വാഹനങ്ങളിൽ നിന്നും നിർബന്ധിതമായി ഫീസ് ഈടാക്കരുത്.
ഓട്ടോറിക്ഷ, ടാക്സി, സ്വകാര്യ ബസുകൾ എന്നിവയ്ക്ക് പാർക്കിംഗ് ഇടങ്ങൾ വേർതിരിക്കണം.
തൂണുകളും പുറത്തുള്ള കെട്ടുകളും വൃത്താകൃതിയിലാക്കണം. നിർമാണത്തിലുള്ള വലിയ തൂണുകളെല്ലാം ചതുരത്തിന് പകരം വൃത്താകൃതിയിലാക്കുകയാണ് ഉചിതം.
റോഡിലെയും നടപ്പാതയിലെയും തടസങ്ങളും ഫ്ലെക്സുകളും നീക്കണം.
ബീച്ച് ലെവൽ ക്രോസിലെ ഗാഗതക്കുരുക്കിന് ശാസ്ത്രീയ പരിഹാരമുണ്ടാക്കണം.
റെയിൽവേ സ്റ്റേഷനിലെ യാത്രക്കാരുടെ ദുരിതം ഒഴിവാക്കാനും അപകടങ്ങൾ തടയാനും ഇടപെടൽ വേണമെന്ന് കെർപ പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളിൽ ആവശ്യപ്പെട്ടു.
District News
ആലപ്പുഴ: രാജാകേശവദാസ് നീന്തൽക്കുളം അന്താരാഷ്ട്ര മത്സര വേദിയാക്കി മാറ്റണമെന്ന് ജില്ലാ കളക്ടർ ഷാജി വി. നായർ. നവീകരിച്ച രാജാകേശവദാസ് നീന്തൽക്കുളത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ കായിക മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ സംസ്ഥാന സ്പോർട്സ് കൗൺസിൽ സെക്രട്ടറിയുടെ സാന്നിധ്യത്തിൽ ചർച്ച നടത്തുമെന്നും അതിനായി അദ്ദേഹത്തെ ആലപ്പുഴയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടർ പറഞ്ഞു. പൂളിലെ ജലദൗർലഭ്യം പരിഹരിക്കുന്നതിന് കുഴൽക്കിണർ സ്ഥാപിക്കുന്നതിന് സിഎസ്ആർഫണ്ട് കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന നീന്തൽ താരങ്ങളുടെ പ്രദർശനമത്സരം ജില്ലാ കളക്ടർ ഫ്ലാഗ് ഓഫ് ചെയ്തു. ദേശീയ മത്സരത്തിൽ പങ്കെടുക്കുന്ന റോവിംഗ് താരങ്ങൾക്കുള്ള സ്പോർട്സ് കിറ്റ് വിതരണവും കളക്ടർ നിർവഹിച്ചു.
ചടങ്ങിൽ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് വി.ജി. വിഷ്ണു അധ്യക്ഷത വഹിച്ചു. കൗൺസിൽ വൈസ് പ്രസിഡന്റ് കുര്യൻ ജയിംസ്, എക്സിക്യൂട്ടീവ് അംഗങ്ങളായ ടി. ജയമോഹൻ, ഗ്രിസിൽഡ സേവ്യർ, പി.എസ്. ബാബു, സ്പോർട്സ് കൗൺസിൽ സെക്രട്ടറി ടി.പി. റോയ്, ജില്ലാ സ്പോർട്സ് ഓഫീസർ ഡോ.സി.വി. ബിജിലാൽ, സ്വിമ്മിംഗ് ചീഫ് കോച്ച് ഉണ്ണികൃഷ്ണൻ, റോവിംഗ് പരിശീലകരായ ബിനു കുര്യൻ, എൽബിസൺ തമ്പി, അക്വാട്ടിക് അസോസിയേഷൻ ഭാരവാഹികളായ സുജിത്ത്, അജയൻ എന്നിവർ പങ്കെടുത്തു.
District News
ആലപ്പുഴ: തോട്ടപ്പള്ളിയിലെ നിലവിലെ സ്പിൽവേയ്ക്കു പകരം ആധുനിക സ്പിൽവേ നിർമിക്കുന്നതിനും നിലവിലുള്ള സ്പിൽവേയുടെ കേടുപാടുകൾ സംഭവിച്ച ഷട്ടറുകൾ മാറ്റി പുതിയവ സ്ഥാപിക്കുന്നതിനുമുള്ള എസ്റ്റിമേറ്റുകൾ അടിയന്തരമായി സമർപ്പിക്കാൻ ജലസേചന വകുപ്പിന് നിർദേശം.
അമ്പലപ്പുഴ നിയോജകമണ്ഡലത്തിലെ വിവിധ വകുപ്പുകളുടെ പ്രവൃത്തികൾ അവലോകനം ചെയ്യുന്നതിനായി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ അധ്യക്ഷത വഹിച്ച് പ്രസംഗിക്കവേ ജി. സുധാകരൻ എംഎൽഎയാണ് നിർദേശം നൽകിയത്.
അമ്പലപ്പുഴ മിനി സിവിൽ സ്റ്റേഷൻ നിർമാണത്തിനായി കണ്ടെത്തിയ സ്ഥലത്തെ നിലവിലുള്ള കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നത് വേഗത്തിലാക്കാൻ പ്രത്യേക യോഗം ചേരും. ആലപ്പുഴ മെഡിക്കൽ കോളജിന്റെ ചുറ്റുമതിൽ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദേശീയപാതയുടെ അശാസ്ത്രീയ നിർമാണം മൂലമുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ദേശീയപാത അഥോറിറ്റിയോട് ആവശ്യപ്പെട്ട എംഎൽഎ, ജനസൗഹൃദപരമായ രീതിയിലാകണം പദ്ധതി നടപ്പാക്കേണ്ടിയിരുന്നതെന്നും നിലവിലെ നിർമാണരീതിക്കെതിരേ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.
നിർമാണവുമായി ബന്ധപ്പെട്ട് മാറ്റിസ്ഥാപിച്ച കെഎസ്ഇബി ട്രാൻസ്ഫോർമറുകൾക്ക് സുരക്ഷാകവചങ്ങൾ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ ജില്ലാ കളക്ടർ ഷാജി വി. നായർ, എഡിഎം സി. പ്രേംജി, അസി. ഡെവലപ്മെന്റ് ഓഫീസർ ആർ. രജിത്ത്, ഫിനാൻസ് ഓഫീസർ അജയാനന്ദ് തുടങ്ങിയവരും വിവിധ വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.
District News
എടത്വ: കുട്ടനാട്ടിലെ നെല്ലുസംഭരണത്തിന് പുതിയ സംവിധാനം കണ്ടെത്തണമെന്ന് ആവശ്യവുമായി പാടശേഖര സമിതികള്‍. വിളവെടുത്ത നെല്ലുകള്‍ ആഴ്ചകളോളം പാടത്ത് കെട്ടിക്കിടന്ന് കര്‍ഷകര്‍ക്കുണ്ടാകുന്ന നഷ്ടം കണക്കാക്കി നെല്ല് സംഭരണത്തിന് പുതിയ സംവിധാനം കണ്ടെത്തണമെന്ന് പാടശേഖരസമിതികള്‍ ആവശ്യപ്പെട്ടു.
സംഭരണശേഷിയില്ലാത്തതും കരിംപട്ടികയില്‍ ഉള്‍പ്പെടുത്തിയ മില്ലുകള്‍ക്കും നെല്ല് സംഭരണത്തിന് അനുമതി നല്‍കുന്നതാണ് കുട്ടനാട്ടിലെ കര്‍ഷകര്‍ അനുഭവിക്കുന്ന പ്രധാന വിഷയം.
നിലവാരമുള്ള നെല്ലിനുപോലും വന്‍തോതില്‍ കിഴിവ് ആവശ്യപ്പെടുന്നത് ഇതിന്റെ ഭാഗമാണ്. അധിക കിഴിവ് ആവശ്യപ്പെട്ട് ആഴ്ചകളോളം നെല്ല് സംഭരിക്കാതിരുന്നാല്‍ വേനല്‍മഴയോ കാലാവസ്ഥാ വ്യതിയാനമോ സംഭവിച്ചേക്കുമെന്ന ഭയത്താല്‍ കര്‍ഷകര്‍ കിഴിവ് നല്കാന് തയാറാകുമെന്ന തിരിച്ചറിവാണ് ഇത്തരം പ്രവൃത്തികള്‍ക്ക് മില്ലുടമകളെ പ്രേരിപ്പിക്കുന്നത്.
നെല്ല് വിട്ടുകൊടുക്കാന്‍ തയാറാകാത്ത കര്‍ഷകരുടെ നെല്ല് നേരിയ കിഴിവിന് ചില മില്ലുടമകള്‍ എടുക്കാന്‍ തയാറാകുന്നത് എന്തിന്റെ പേരിലാണെന്നും കര്‍ഷകര്‍ ചോദിക്കുന്നു. പാഡിമാര്ക്കറ്റിംഗ് ഓഫീസര്‍മാര്‍ മില്ലുടമകളുടെ വലയില്‍ വീഴുന്നത് കൊണ്ടാണ് ഇത്തരം വന്‍തോതിലുള്ള ചൂഷണം സഹിക്കേണ്ടി വരുന്നതെന്ന് കര്‍ഷകര്‍ കുറ്റപ്പെടുത്തുന്നു.
ഒരുസീസണില്‍ ഒരു മില്ലിന് എത്ര നെല്ല് സംഭരിക്കാന്‍ കഴിയുമെന്നും ആവശ്യമായ സംഭരണ ശാലകളുണ്ടോയെന്ന് ഉറപ്പിച്ചിട്ടു വേണം സിവില്‍ സപ്ലൈസ് കോര്പറേഷന് മില്ലുകളെ തെരഞ്ഞെടുക്കാന്‍.
കടംവാങ്ങിയും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുത്തും കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് പണം ലഭിക്കാത്താതു മൂലം അധിക നെല്ല് നല്‍കുന്നത് പോലെ പതിനായിര കണക്കിന് രൂപ അധിക പലിശയായും നല്‍കേണ്ടി വരുന്നു.
ഇത്തരം പ്രശ്നങ്ങള്‍ക്ക് അറുതി വരുത്താന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ഭീമമായ തുക മുടക്കി കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് സമയ ബന്ധിതമായി ഉത്പന്നത്തിന് വില ലഭ്യമാക്കാന്‍ സര്‍ക്കാര്‍ സംവിധാനം തയാറാകണമെന്നുമാണ് പാടശേഖരസമതികളുടെ ആവശ്യം.
District News
കായംകുളം: ഗർഭാശയ മുഴ നീക്കം ചെയ്യാനുള്ള കീഹോൾ ശസ്ത്രക്രിയയെത്തുടർന്ന് യുവതി മരിച്ചു. കരുനാഗപ്പള്ളി പുതിയകാവ് സ്വാതിഭവനത്തിൽ ശിവാനന്ദൻ ഉഷ ദമ്പതികളുടെ മകൾ സ്വാതി (25) ആണ് മരിച്ചത്. ശസ്ത്രക്രിയയ്ക്കുശേഷം ഹൃദയാഘാതം ഉണ്ടായെന്നാണ് ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചത്.
കായംകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ ചികിത്സാപ്പിഴവാണ് യുവതിയുടെ മരണത്തിനു കാരണമെന്നാണ് ബന്ധുക്കളുടെ പരാതി. അഞ്ചു മാസം മുമ്പായിരുന്നു സ്വാതിയുടെ വിവാഹം. ശസ്ത്രക്രിയയെത്തുടർന്ന് ഗുരുതരാവസ്ഥയിലായ യുവതിയെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കായംകുളം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
District News
മാവേലിക്കര: വില്പനയ്ക്ക് എത്തിച്ച എംഡിഎംഎയുമായി യുവാക്കൾ മാവേലിക്കര പോലീസിന്റെ പിടിയിലായി. കൃഷ്ണപുരം കാപ്പിൽമേക്കതിൽ പാലക്കാവിൽ തറയിൽ മനു മുരളി (29), കായംകുളം ചേരാവള്ളി പുത്തൻമണ്ണിൽ സർഫാസ് ഷാജഹാൻ (19) എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് 4.64 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
ഇന്നലെ വൈകിട്ട് നാലിന് തട്ടാരമ്പലത്ത് വച്ചാണ് ഇവർ പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വാഹനം കൈകാണിച്ചു നിർത്താൻ ശ്രമിച്ചെങ്കിലും നിർത്താതെ പോയ കാർ പിൻതുടർന്ന് പിടികൂടുകയായിരുന്നു. കാറിന്റെ സ്റ്റിയറിംഗിനു നടുഭാഗത്തായി ഹോൺ സ്വിച്ചിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. എംഡിഎംഎ ഓപ്പറേഷൻ
തൂഫാന്റെ ഭാഗമായി മാവേലിക്കര പോലീസും ഡാൻസാഫും ചേർന്നാണ് യുവാക്കളെ പിടികൂടിയത്. മാവേലിക്കര എസ്എച്ച്ഒ എസ്. സനൂജിന്റെ നേതൃത്വത്തിൽ എസ്ഐമാരായ എ.ഇ. സിയാദ്, രാജീവ്, എഎസ്ഐ പി.എസ്. മധു, എസ്സിപിഒമാരായ മനേക്ഷ, ബോധിൻ കൃഷ്ണ, സിപിഒമാരായ കാർത്തിക് മോഹൻ, മിഥുൻ ചന്ദ്രൻ, അഖിൽ കുമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
District News
തുറവൂർ: വനിത സഹപ്രവർത്തകയെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കോടംതുരുത്ത് പ്രൈമറി ഹെൽത്ത് സെന്ററിലെ ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ പിടിയിൽ.
തിരുവനന്തപുരം നെയ്യാറ്റിൻകര കാർത്തിക വീട്ടിൽ ശ്രീജിത്ത് (44) ആണ് പോലീസ് പിടിയിൽ ആയത്. കോടംതുരുത്ത് പ്രൈമറി ഹെൽത്ത് സെന്ററിലെ വനിതാ സഹപ്രവർത്തകയെ ഔദ്യോഗിക വാട്ട്സ് ആപ്പ് ഗ്രൂപ്പിലൂടെയും നേരിട്ടും അസഭ്യം പറയുകയും അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനാണ് നടപടി. വനിത ജൂണിയർ ക്ലർക്കിന്റെ പരാതിയിൽ പോലീസ് കേസെടുക്കുകയായിരുന്നു.
മുമ്പ് ജോലി ചെയ്തിരുന്ന സ്ഥലങ്ങളിലും ഇയാൾ സമാനമായ രീതിയിലുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പിട്ടുണ്ട്. ചെങ്ങന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ, പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ അതിക്രമിച്ച് കയറി നാശനഷ്ടമുണ്ടാക്കിയതിന് പിഡിപിപി ആക്ട് പ്രകാരവും മാന്നാർ പോലീസ് സ്റ്റേഷൻ പരിധിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ സഹപ്രവർത്തകരെ ചീത്തവിളിക്കുകയും അസഭ്യം പറഞ്ഞതിനും കേസുണ്ട്.
സംഭവത്തെത്തുടർന്ന് ഒളിവിൽ പോയ പ്രതിയെ കുത്തിയതോട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. രതീഷിന്റെ നേതൃത്വത്തിൽ സിപിഒമാരായ വിജേഷ്, രജിഷ്, പീറ്റർ, സാജൻ. എന്നിവർ അടങ്ങുന്ന സംഘമാണ് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
District News
എടത്വ: പഞ്ചായത്ത് രണ്ടാം വാര്‍ഡ് ചങ്ങങ്കരി, തായങ്കരി പ്രദേശങ്ങളില്‍ പൈപ്പ് ലൈനിനുവേണ്ടി കുഴിച്ച റോഡുകളില്‍ കാൽനടയാത്ര അസാധ്യമായതിനെത്തുടര്‍ന്ന് പ്രതിഷേധവുമായി നാട്ടുകാര്‍. ചങ്ങങ്കരിയില്‍ റോഡ് ഉപരോധിച്ച് നടത്തിയ പ്രതിഷേധം, വാര്‍ഡ് മെംബര്‍ ജീമോന്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. പൈപ്പ് ലൈന്‍ ഇട്ടു കഴിഞ്ഞാല്‍ ഉടനെ തന്നെ വീടുകളിലേക്ക് കണക്ഷന് കൊടുക്കുമെന്നാണ് അധികൃതര്‍ പറഞ്ഞിരുന്നത്.
എന്നാല്‍, ഇതുവരെ കണക്ഷന് കൊടുത്തിട്ടില്ല. തായങ്കരി-രാമങ്കരി റോഡില്‍ ടാറിംഗ് നടക്കാന്‍ പോവുകയാണ്. റോഡിന്റെ പണി പൂര്‍ത്തികരിച്ചാല്‍ പിന്നെ റോഡ് വീണ്ടും പൊളിച്ച് കണക്ഷന് കൊടുക്കാന്‍ സാധിക്കില്ലാ. അതിനാല്‍ എത്രയും വേഗം വേണ്ട നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
District News
കായംകുളം: ദേശീയപാത 66ൽ കായംകുളത്ത് എലിവേറ്റഡ് ഹൈവേ വേണമെന്ന ആവശ്യവുമായി മന്ത്രി എം. ലിജു കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയെ കണ്ട് നിവേദനം നൽകി. ഇതിനാവശ്യമായ നിർദേശങ്ങൾ ദേശീയപാതാ അഥോറിറ്റിക്ക് നൽകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. നിലവിലെ ദേശീയപാതാ വികസനം യാഥാർഥ്യമാകുമ്പോൾ കായംകുളം നഗരം രണ്ടായി വിഭജിക്കപ്പെടുമെന്ന ആശങ്ക നിലനിൽക്കുന്ന പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച.
ജില്ലയിൽ ദേശീയപാത 66ന്റെ ഇരുവശങ്ങളിലും ഡ്രെയിനേജ് സംവിധാനങ്ങൾ ഒരുക്കുന്നതിനും അതുമായി ബന്ധപ്പെട്ട ഡീവിയേഷൻ റോഡുകളുടെ പുനർനിർമാണത്തിനുമായി തദ്ദേശ സ്വയംഭരണ വകുപ്പും പൊതുമരാമത്ത് വകുപ്പും ചേർന്ന് തയ്യാറാക്കിയ 122.25 കോടി രൂപയുടെ എസ്റ്റിമേറ്റും മന്ത്രി കൈമാറി.കായംകുളം ടൗണിലെ ഷഹീദാർ മസ്ജിദ് മുതൽ ടെക്സ്മോ ജംഗ്ഷൻ വരെയുള്ള എൻഎച്ച് 66ന്റെ 2.2 കിലോമീറ്റർ ഭാഗത്ത് ഉയരപ്പാത നിർമിക്കണമെന്നത് ജനങ്ങളുടെ നീണ്ടകാലത്തെ ആവശ്യമാണ്.
ദേശീയപാതയുടെ ഇരുവശങ്ങളിലുമായി പ്രധാന വാണിജ്യ സ്ഥാപനങ്ങളും പാർപ്പിട മേഖലകളും സർക്കാർ ഓഫീസുകളുമായി കായംകുളം വികസനത്തിന്റെ പാതയിലാണ്. എന്നാൽ, നിലവിൽ നിർദേശിച്ചിട്ടുള്ള, മതിൽ വഴിയുള്ള ഹൈവേ നിർമാണം നഗരത്തെ രണ്ടാക്കി വെട്ടിമുറിക്കുകയും ഇത് ജനങ്ങളുടെ യാത്രയെയും ദൈനംദിന ജീവിതത്തെയും കച്ചവട സ്ഥാപനങ്ങളെയും ബാധിക്കുകയും ചെയ്യും.
എന്നാൽ, തൂണുകളിൽ നിർമിക്കുന്ന മേൽപ്പാലം കിഴക്ക്-പടിഞ്ഞാറ് ഭാഗങ്ങൾ തമ്മിലുള്ള തടസമില്ലാത്ത ഗതാഗതം ഉറപ്പാക്കുമെന്ന് മാത്രമല്ല, കൂടുതൽ സുരക്ഷിതവും സുസ്ഥിരവുമായ പരിഹാരമുണ്ടാക്കുകയും ചെയ്യുമെന്നും മന്ത്രി ലിജു കേന്ദ്ര മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. കൂടാതെ, മുമ്പ് സുനാമി ബാധിച്ച തീരദേശ മേഖലയാണ് കായംകുളം. ഭാവിയിൽ ഏതെങ്കിലും പ്രകൃതിദുരന്തങ്ങളോ വെള്ളപ്പൊക്കമോ അടിയന്തര സാഹചര്യങ്ങളോ ഉണ്ടായാൽ, തടസമില്ലാത്ത രക്ഷാപ്രവർത്തനങ്ങൾക്കും അടിയന്തര സേവനങ്ങൾക്കും വാഹനങ്ങൾ ഒഴിപ്പിക്കുന്നതിനും മേൽപ്പാലം ഏറെ സഹായകരമാകും.
ഇത് പൊതുജനസുരക്ഷയും ദുരന്തനിവാരണ ശേഷിയും വർധിപ്പിക്കും. മികച്ച വിനോദസഞ്ചാര സാധ്യതകളുള്ള ഈ പ്രദേശത്ത്, ആചാരങ്ങളുടെയും ഉത്സവങ്ങളുടെയും ഭാഗമായി ദേശീയപാത മുറിച്ചുകടന്നുള്ള പ്രദക്ഷിണങ്ങളടക്കം നടക്കാറുണ്ട്. നിലവിൽ നിർദേശിച്ചിട്ടുള്ള പരിമിതമായ അടിപ്പാതകൾ ഇത്തരം സാംസ്കാരികാഘോഷങ്ങളെയും ചരക്കുനീക്കത്തെയും ബാധിക്കും.
ഇത് ടൂറിസം വികസനത്തെ തടസപ്പെടുത്തുകയും പ്രദേശത്തിന്റെ സാമ്പത്തിക വളർച്ചയെ ബാധിക്കുകയും ചെയ്യും. മേൽപ്പാലം നിർമിക്കുന്നതിന് ഏകദേശം 250 കോടി രൂപയുടെ അധിക നിക്ഷേപം ആവശ്യമായി വരുമെങ്കിലും ഭാവിയിലേക്ക് ഉപകരിക്കുന്നതും ജനസൗഹൃദപരവുമായ ഒരു പരിഹാരമായിരിക്കും. നഗരഗതാഗതം, സുരക്ഷ, ദുരന്തനിവാരണം, സുസ്ഥിര വികസനം എന്നിവയിൽ ദീർഘകാല നേട്ടങ്ങൾ ഇതിലൂടെ ലഭിക്കും.
കായംകുളത്തെ ജനങ്ങളുടെ ന്യായമായ ആശങ്കകളും ആഗ്രഹങ്ങളും കണക്കിലെടുത്ത് 2.2 കി.മീ. ഭാഗത്ത് പൂർണമായും മേൽപ്പാലം നിർമിക്കുന്നതിനായുള്ള നിർദേശം വിശദമായി പുനഃപരിശോധിക്കണമെന്നും അത് നടപ്പിലാക്കുന്നതിനുവേണ്ട നിർദേശങ്ങൾ ദേശീയപാതാ അഥോറിറ്റിക്ക് നൽകണമെന്നും മന്ത്രി എം. ലിജു ആവശ്യപ്പെട്ടു.
District News
മുഹമ്മ: പാതിരാമണൽ ദ്വീപിന്റെ വികസന സ്വപ്നങ്ങൾക്ക് മങ്ങലേൽപ്പിക്കുന്ന പ്രവർത്തനങ്ങൾ നടക്കുന്നതായി ആക്ഷേപം. സംസ്ഥാന സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച ഇക്കോ ടൂറിസം പദ്ധതിയുടെയും റോപ്പ് വേയുടെയും പ്രാരംഭ ജോലികൾ ആരംഭിച്ചെങ്കിലും വിനോദ സഞ്ചാരികൾക്ക് സൗകര്യമെരുക്കുന്നതിൽ ചിറ്റമ്മനയമാണ് അധികാരികൾക്ക്. സഞ്ചാരികളുടെ ആകർഷണ കേന്ദ്രമായ കുട്ടികളുടെ പാർക്കിലേക്ക് ചാഞ്ഞു കിടക്കുന്ന മരച്ചില്ലകൾ വെട്ടിമാറ്റുന്നതിനോ പാർക്കിന്റെ ഉൾഭാഗം ശുചിയാക്കുന്നതിനോ നടപടിയില്ല.
മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ മുൻകൈ എടുത്ത് ദ്വീപിലേക്ക് ആരംഭിച്ച ബോട്ട് സർവീസുകൾ സഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ വർധന സൃഷ്ടിച്ചെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന് നടപടിയൊന്നുമില്ല. സഞ്ചാരികളുടെ മനം കവരാൻ ദിവസേന കലാപരിപാടികൾ ഉണ്ടാകുമെന്ന പ്രഖ്യാപനം ജലരേഖയായി.
ഇതിനായി നിർമിച്ച അംഫി തിയറ്റർ കാറ്റിലും മഴയിലും നിലംപൊത്തുന്ന അവസ്ഥയിലാണ്. തിയറ്റർ സംരക്ഷിക്കാനോ പരിപാടികൾ അവതരിപ്പിക്കാനോ ബന്ധപ്പെട്ടവർ മിനക്കെടുന്നില്ല. ദ്വീപിലെത്തുന്ന ജലയാനങ്ങൾക്ക് സുഗമമായി അടുക്കുന്നതിന് സൗകര്യമില്ലെന്നുള്ള പരാതിക്ക് വർഷങ്ങളുടെ പഴക്കമായെങ്കിലും അധികാരികൾ ഉറക്കം നടിക്കുകയാണ്.
ഏതെങ്കിലും ബോട്ട് ദ്വീപിലെ ജെട്ടിയിൽ അടുത്താൽ പിന്നീട് വരുന്ന ബോട്ടുകൾ ഊഴം കാത്ത് കിടക്കേണ്ടിവരും. ഉല്ലാസത്തിനെത്തുന്ന സഞ്ചാരികളുടെ മനം മടുപ്പിക്കുന്ന സാഹചര്യമാണിത്. മഴയുള്ള കാലാവസ്ഥകളിൽ കയറി നിൽക്കാൻ സൗകര്യമില്ലെന്ന പരാതികളുമുണ്ട്. നടപ്പാതയോട് ചേർന്നോ, പ്രവേശന കവാടത്തിലോ ഇതിനായി സൗകര്യമൊരുക്കാവുന്നതാണ്.
ദ്വീപിന്റെ സുരക്ഷ മുൻ നിർത്തി കാമറകൾ സ്ഥാപിക്കണമെന്ന ആവശ്യവും അവഗണനയിലാണ്. നാടിന്റെ വളർച്ചയ്ക്ക് നിദാനമായ പദ്ധതിയാണെങ്കിലും യാതൊന്നും ചെയ്യില്ലെന്ന നിലപാടാണ് ബന്ധപ്പെട്ടവർ കൈക്കൊള്ളുന്നത്.
District News
ചമ്പക്കുളം: ആകർഷകമായ ഡിസൈനിൽ പണിതീർത്ത് ആറു മാസങ്ങൾക്ക് മുൻപ് ഉദ്ഘാടനം ചെയ്ത പൂക്കൈത ആറിന് കുറുകെ നിർമിച്ചിരിക്കുന്ന പടഹാരം പാലം ഇപ്പോഴും ഇരുട്ടിൽ. നെടുമുടി തകഴി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ച് നിർമിച്ചിരിക്കുന്ന പാലം രാത്രിയും പകലും സാമൂഹ്യവിരുദ്ധർ താവളമാക്കിയിരിക്കുന്നതായി പരാതി.
പാലത്തിലും പാലത്തിനു താഴെ നടപ്പാതയിലും വെളിച്ചമില്ലാത്തത് പാലത്തിന്റെ ഒരു വലിയ കുറവായി നിലനില്ക്കുന്നു. ഇവിടെ അടിയന്തരമായി വിളക്കുകൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വശങ്ങളിൽ ഗോപുരങ്ങളോടുകൂടി നിർമിച്ചിരിക്കുന്ന പാലം കാണാൻ ദിവസേന നിരവധി ആളുകളാണ് ഇപ്പോഴും എത്തുന്നത്.
കാണാൻ എത്തുന്നവർ പാലത്തിൽ കൂട്ടംകൂടി നിൽക്കുന്നത് അപകടഭീഷണി സൃഷ്ടിക്കുകയും പലപ്പോഴും വാഹനയാത്രക്കാരുമായി തർക്കം ഉണ്ടാകുന്നതും ഇവിടെ പതിവാണ്. വാഹനത്തിൽ കാൽനടയാത്ര അനുവദനീയമല്ല എന്ന് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും കാൽനടയാത്രക്കാർ ഇപ്പോഴും പ്രധാന പാലം തന്നെ ഉപയോഗിക്കാൻ നിർബന്ധിതരാക്കപ്പെടുന്നു.
പാലത്തിനു താഴെ കാൽനടയാത്രക്കാർക്കുവേണ്ടി പ്രത്യേകം പാത നിർമിച്ചിട്ടുണ്ടെങ്കിലും അത് പൂർണമായും ഉപയോഗയോഗ്യമല്ല എന്ന പരാതി നിലനിൽക്കുന്നു.
രാത്രിയും പകലും നടപ്പാതയിൽ സാമൂഹ്യവിരുദ്ധർ അഴിഞ്ഞാടുന്നതായും പരാതിയുണ്ട്. പോലീസിനെ അറിയിച്ചാൽ വീടുകളിൽ കയറി ആക്രമിക്കാൻ പോലും സാമൂഹ്യവിരുദ്ധരും ലഹരിക്കച്ചവടക്കാരും തയാറാകുമെന്ന പേടിയിൽ സമീപവാസികൾ പോലീസിൽ പരാതിപ്പെടാൻ മടിക്കുകയാണ്.
പലപ്പോഴും നെടുമുടി പോലീസും എക്സൈസ് വകുപ്പും പരിശോധന നടത്തുന്നുണ്ടെങ്കിലും അത് ഫലപ്രദമാകുന്നില്ല എന്ന ആക്ഷേപമുണ്ട്. കാൽ നടയാത്രക്കാർക്ക് സുരക്ഷിതമായി യാത്ര ചെയ്യാൻ നടപ്പാലത്തിൽ സൗകര്യം ഒരുക്കുകയും പാലത്തിലും നടപ്പാലത്തിലും വിളക്കുകൾ സ്ഥാപിക്കുകയും ഇവിടെ സ്ഥിരമായി പോലീസിനെയോ ഹോം ഗാർഡിനെയോ നിയോഗിച്ച് സാമൂഹ്യ വിരുദ്ധരുടെ പിടിയിൽനിന്നും സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
District News
ചമ്പക്കുളം: പാവങ്ങളുടെയും അനാഥരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ഇടയിലേക്ക് കടന്നുചെന്ന് കാരുണ്യത്തിന്റെ വെളിച്ചം പകര്‍ന്നു നല്കിയ മഹത് വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു ഫാ. ജോര്‍ജ് വലിയവീട്ടിലെന്ന് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്. ഫാ. ജോര്‍ജ് വലിയവീട്ടിലിന്റെ അനുസ്മരണ സമ്മേളനവും അവാര്‍ഡ് സമര്‍പ്പണവും കിടങ്ങറ സ്നേഹതീരം റീഹാബിലിറ്റേഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ സാഭാത്മക പ്രവര്ത്തരംഗത്തെ മികവിന് സിബി മുക്കാടനെ അവാര്‍ഡ് നല്കി ആദരിച്ചു. ലഹരിവിരുദ്ധ മേഖലയിലെ പ്രവര്‍ത്തനത്തിന് കെ.പി. മാത്യു കടന്തോടിനും ജീവകാരുണ്യപ്രവര്‍ത്തനരംഗത്തെ മികവാര്‍ന്ന പങ്കാളത്തത്തിന് സിസ്റ്റർ ഫ്ളവര്‍ മേരി സിഎംസിക്കും പ്രത്യേക പുരസ്കാരം നല്കി ആദരിച്ചു. റെജി ചെറിയാന് എംഎല്‍എ മുഖ്യാതിഥിയായി അവാര്‍ഡ് വിതരണം നിര്‍വഹിച്ചു. സ്നേഹതീരം റീഹാബിലിറ്റേഷന്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. ലിജോ കുഴിപ്പള്ളില്‍ അനുഗ്രഹ പ്രഭാഷണം നടത്തി.
District News
ആലപ്പുഴ: ആലപ്പുഴയിൽനിന്ന് ബംഗളൂരുവിലേക്ക് കെഎസ്ആർടിസിയുടെ സർവീസ് പുനരാരംഭിക്കും. കെ.സി. വേണുഗോപാൽ എംപിയുടെ ആവശ്യപ്രകാരം ഗതാഗതമന്ത്രി സി.പി. ജോൺ ആലപ്പുഴയിൽനിന്ന് ബംഗളൂരുവിലേക്ക് കെഎസ്ആർടിസി വോൾവോ ബസ് സർവീസ് അനുവദിച്ചു.
നേരത്തെ ഇതേ റൂട്ടിൽ കെഎസ്ആർടിസിക്ക് സർവീസ് ഉണ്ടായിരുന്നു. എന്നാൽ, ഇടയ്ക്ക് നിർത്തിവയ്ക്കുകയായിരുന്നു. ഓണത്തിന് മുമ്പായി സർവീസ് ആരംഭിക്കാൻ കഴിയും എന്നാണ് കെഎസ്ആർടിസി പ്രതീക്ഷിക്കുന്നത്.
നികുതി ഇളവ് സംബന്ധിച്ച് അന്തിമ അനുമതി ലഭിക്കുന്നതോടെ സർവീസ് ആരംഭിക്കുമെന്ന് മന്ത്രി സിപി ജോൺ കെ.സി. വേണുഗോപാലിനെ അറിയിച്ചു.
സർവീസ് നടത്താൻ ആവശ്യമായ ബസ് നിലവിൽ കെഎസ്ആർടിസിയുടെ പക്കലുണ്ട്. നികുതി ഇളവ് സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുകയാണ്. ഇത് സംബന്ധിച്ച് ഫയൽ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് എംഡിയും അറിയിച്ചു.
District News
കായംകുളം: നഗരസഭാ കൗൺസിൽ യോഗത്തിനിടെ ചെയർമാൻ ശരത് ലാലിനുനേരേ കൈയേറ്റവും ജാതി അധിക്ഷേപവും നടന്നുവെന്ന പരാതിയിൽ എൽഡിഎഫ് കൗൺസിലർമാർക്കെതിരേ കേസെടുത്തു. എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ എസ്. കേശുനാഥ്, കൗൺസിലർമാരായ മിനി സലിം, അബ്ദുൾ വാഹിദ് എന്നിവർക്കെതിരേയാണ് ജാമ്യമില്ലാവകുപ്പുകൾ പ്രകാരം കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ബുധനാഴ്ച ചേർന്ന കൗൺസിൽ യോഗത്തിലായിരുന്നു രണ്ടാം വാർഡിലെ അങ്കണവാടി താത്കാലികമായി മറ്റൊരു വാർഡിലേക്കു മാറ്റിയതുമായി ബന്ധപ്പെട്ട തർക്കം ഭരണ പ്രതിപക്ഷ അംഗങ്ങളുടെ കയ്യാങ്കളിയിൽ കലാശിച്ചത്. അജണ്ടയിലില്ലാത്ത വിഷയം യോഗത്തിൽ ചർച്ച ചെയ്യാൻ സാധിക്കില്ലെന്ന് ചെയർമാൻ നിലപാടെടുത്തതോടെ പ്രതിപക്ഷം ബഹളം വയ്ക്കുകയും ചെയർമാന്റെ ഡയസിലേക്ക് ഇരച്ചുകയറുകയും ചെയ്തു. ചെയർമാനെ അസഭ്യം പറയുകയും ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ച് തള്ളി താഴെയിടുകയും നിലത്തുവീണ ചെയർമാനെ ക്രൂരമായി മർദിക്കുകയും ചവിട്ടുകയും ചെയ്തതായി ചെയർമാൻ ശരത്ലാൽ നൽകിയ പരാതിയിലാണ് കേസെടുത്തത്. താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ ചെയർമാന്റെ പരാതിയിൽ പട്ടികജാതി-പട്ടികവർഗ അതിക്രമം തടയൽ നിയമം ഉൾപ്പെടെ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്.
District News
കായംകുളം: കായംകുളം നഗരസഭയിലെ ടൗൺ പ്ലാനിംഗ് വിഭാഗത്തിൽ വിജിലൻസ് നടത്തിയ മിന്നൽപരിശോധനയിൽ ക്രമക്കേട് കണ്ടെത്തി. കെട്ടിടനിർമാണ അനുമതിയുമായി ബന്ധപ്പെട്ട് ലൈസൻസികളിൽനിന്നും ഉദ്യോഗസ്ഥർ ഓൺലൈൻ വഴി വ്യാപകമായി കൈക്കൂലി വാങ്ങിയതായി പരിശോധനയിൽ വ്യക്തമായി.
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കെട്ടിടനിർമാണ അനുമതിയുമായി ബന്ധപ്പെട്ട അഴിമതികൾ കണ്ടെത്താൻ പ്രോജക്ട് സിറോയുടെ ഭാഗമായി വിജിലൻസ് സംസ്ഥാനവ്യാപകമായി നടപ്പിലാക്കിയ ഓപ്പറേഷൻ പാർപ്പിടം എന്ന പദ്ധതിയുടെ ഭാഗമായാണ് കായംകുളത്തും പരിശോധന നടന്നത്.
നഗരസഭയിലെ ടൗൺ പ്ലാനിംഗ് വിഭാഗത്തിലെ ഒരു ക്ലർക്ക് മൂന്ന് ലൈസൻസികളിൽനിന്നായി 31,000 രൂപ തന്റെ ബാങ്ക് അക്കൗണ്ടിലൂടെ കൈപ്പറ്റിയതായി വിജിലൻസ് കണ്ടെത്തി. ഇതേ ഓഫീസിലെ തന്നെ ഒരു ഓവർസിയർ ഒരു ലൈസൻസിയിൽനിന്നും 3,000 രൂപ ഓൺലൈൻ മുഖേന കൈപ്പറ്റിയതായും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കെട്ടിടനിർമാണ അനുമതി, താമസാനുമതി സർട്ടിഫിക്കറ്റ്, കെട്ടിട നമ്പർ അനുവദിക്കൽ, നികുതി നിർണയം, അനധികൃത നിർമാണങ്ങളുടെ ക്രമവത്കരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട് വ്യാപക അഴിമതി നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കണ്ടെത്തിയ ക്രമക്കേടുകളിൽ വിശദമായ തുടർപരിശോധനകൾ നടത്തി കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
District News
കാഞ്ഞിരപ്പള്ളി: കുന്നുംഭാഗം, ചിറക്കടവ് ഭാഗത്തെ യാത്രക്കാർ ആശ്രയിക്കുന്ന കുന്നുംഭാഗം-മറ്റത്തിൽപടി റോഡ് തകർന്നു. പ്രദേശത്തെ മറ്റു റോഡുകളുടെ പണികളെല്ലാം പൂർത്തീകരിച്ചിട്ടും ഈ റോഡിനെ അധികൃതർ അവഗണിക്കുകയാണെന്നു നാട്ടുകാർ ആരോപിച്ചു. ചിറക്കടവ് പഞ്ചായത്തിലെ കുന്നുംഭാഗം, ചിറക്കടവ്, ചിത്രാഞ്ജലി, പൊന്നയ്ക്കൽകുന്ന് ഭാഗത്ത് താമസിക്കുന്ന നിരവധി കുടുംബങ്ങളുടെ ആശ്രയമാണ് കുന്നുംഭാഗം-മറ്റത്തിൽപടി റോഡ്.
രണ്ടു കിലോമീറ്റർ മാത്രം നീളമുള്ള റോഡ് കുണ്ടും കുഴിയുമായി വാഹനയാത്ര ദുഃസഹമാണ്. മഴ പെയ്ത് കുഴിയിൽ വെള്ളം കെട്ടിക്കിടക്കുന്നതാണ് വാഹനയാത്രക്കാരെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കുന്നത്. കുഴിയുടെ ആഴമറിയാതെ വെള്ളത്തില്‍ ചാടി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതിനൊപ്പം അപകടങ്ങള്‍ക്കും സാധ്യതയുണ്ട്. പലപ്പോഴും ഇരുചക്രവാഹനയാത്രികര്‍ കുഴികളില്‍ ചാടി അപകടത്തില്‍പ്പെടാറുമുണ്ട്.
ചിറക്കടവ്, പൊൻകുന്നം പ്രദേശത്തെ ജനങ്ങൾക്ക് താലൂക്ക് ആശുപത്രിയിലേക്കും കാഞ്ഞിരപ്പള്ളിയിലേക്കും പോകാനുള്ള എളുപ്പമാർഗം കൂടിയാണ് ഈ റോഡ്.
കുന്നുംഭാഗം കാഞ്ഞിരപ്പള്ളി ജനറലാശുപത്രിക്കു സമീപത്തുനിന്ന് ആരംഭിക്കുന്ന റോഡ് പൊന്നയ്ക്കൽക്കുന്ന് ഭാഗത്തുനിന്നു തിരിഞ്ഞ് എരുമേലി, മണിമല, പൊൻകുന്നം തുടങ്ങിയ പ്രദേശങ്ങളിലേക്കു പോകുന്നതിനുള്ള പാതയാണ്.
സ്കൂൾ ബസുകൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിന്റെ ശോച്യാവസ്ഥ പരിഹരിച്ച് എത്രയും വേഗം സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
District News
മണിമല: ഇൻഫന്റ് ജീസസ് ആശുപത്രിയുടെ ആഭിമുഖ്യത്തിൽ 27 മുതൽ ഓഗസ്റ്റ് ഒന്നുവരെ സൗജന്യ ജനറൽ ആൻഡ് ലാപ്പറോസ്കോപ്പിക് ശസ്ത്രക്രിയാ ക്യാമ്പ് നടക്കും. 27ന് രാവിലെ 9.30ന് മണിമല പഞ്ചായത്ത് പ്രസിഡന്റ് ലീത ഷാജി ക്യാന്പ് ഉദ്ഘാടനം ചെയ്യും. ഇൻഫന്റ് ജീസസ് ആശുപത്രിയിലെ കൺസൾട്ടന്റ് ജനറൽ ആൻഡ് ലാപ്പറോസ്കോപ്പിക് സർജൻ ഡോ.എസ്. അരുൺ ക്യാമ്പിന് നേതൃത്വം നൽകും.
ശസ്ത്രക്രിയ ആവശ്യമായ രോഗികൾക്ക് വിദഗ്ധ പരിശോധന, രോഗനിർണയം, ചികിത്സാ നിർദേശങ്ങൾ എന്നിവ സൗജന്യമായി ലഭ്യമാക്കും. കൂടാതെ, ആവശ്യമായ രോഗികൾക്ക് ജനറൽ, ലാപ്പറോസ്കോപ്പിക് ശസ്ത്രക്രിയകൾ പ്രത്യേക ഇളവോടെ നടത്തിവരുന്നതായും ആശുപത്രി അധികൃതർ അറിയിച്ചു. ക്യാമ്പിനോടനുബന്ധിച്ച് ലാബ് പരിശോധനകൾ, സിടി സ്കാൻ, അൾട്രാസൗണ്ട് സ്കാൻ, എക്സ്-റേ, ഇക്കോകാർഡിയോഗ്രഫി, കളർ ഡോപ്ലർ, പൾമണറി ഫംഗ്ഷൻ ടെസ്റ്റ്, ട്രെഡ്മിൽ ടെസ്റ്റ് എന്നിവയ്ക്ക് 20 ശതമാനം ഇളവ് ലഭ്യമാക്കിയിട്ടുണ്ട്.
രോഗങ്ങൾ പ്രാരംഭഘട്ടത്തിൽ കണ്ടെത്തി സമയബന്ധിതമായ ചികിത്സ ഉറപ്പാക്കുന്നതിനും ശസ്ത്രക്രിയ ആവശ്യമായ രോഗികൾക്ക് വിദഗ്ധ സേവനം എളുപ്പത്തിൽ ലഭ്യമാക്കുന്നതിനും പൊതുജനങ്ങൾക്ക് സമഗ്രമായ ആരോഗ്യസേവനങ്ങൾ കൂടുതൽ പ്രാപ്യമാക്കുന്നതിനുമാണ് ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് ആശുപത്രി ഡയറക്ടർ ഫാ. ജോസ് പുത്തൻചിറ അറിയിച്ചു. ക്യാമ്പിൽ പങ്കെടുക്കാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. ഈ സൗജന്യ ആരോഗ്യസേവനം പൊതുജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജയിംസ് പി. കുന്നത്ത് അറിയിച്ചു. ഫോൺ: 04828 240240.
District News
ചെങ്ങളം: ചെറുപുഷ്പ മിഷൻലീഗിന്റെ നേതൃത്വത്തിൽ 27-ാമത് ഭരണങ്ങാനം തീർഥാടന പദയാത്ര നാളെ ചെങ്ങളം സെന്റ് ആന്റണീസ് തീർഥാടന പള്ളിയിൽനിന്ന് ഭരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാമ്മയുടെ കബറിടത്തിങ്കലേക്ക് നടത്തും.
രാവിലെ ഒന്‍പതിന് പദയാത്രയ്ക്ക് ആരംഭംകുറിച്ച് വികാരി ഫാ. വർഗീസ് പരിന്തിരിക്കൽ അൽഫോൻസ തീർഥാടന സന്ദേശം നൽകും. തുടർന്ന് പദയാത്ര ഫ്ളാഗ്ഓഫ് ചെയ്ത് സിഎംഎൽ പ്രസിഡന്റ് അന്റോണിയോ ബിനുവിന് പതാക കൈമാറും. ഉച്ചകഴിഞ്ഞ് രണ്ടിന് തീർഥാടനപദയാത്ര ഭരണങ്ങാനത്തെത്തും. 2.30ന് വിശുദ്ധ അൽഫോൻസാമ്മയുടെ കബറിട ചാപ്പലിൽ തീർഥാടകസമൂഹം വിശുദ്ധ കുർബാനയർപ്പിക്കും.
കാഞ്ഞിരപ്പള്ളി രൂപത സുവർണ ജൂബിലി വർഷാചരണത്തിന്റെ ഭാഗമായി ഈ വർഷത്തെ തീർഥാടന പദയാത്രയിൽ ആയിരത്തിലേറെ തീർഥാടകർ പങ്കെടുക്കുമെന്നും പദയാത്ര സുഗമമായി നടത്തുന്നതിനായി വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുള്ളതായും സംഘാടകസമിതി അറിയിച്ചു.
District News
കോരുത്തോട്: പഞ്ചായത്തിലെ കൊമ്പുകുത്തി കണ്ണാട്ട് കവലയിൽ വനാതിർത്തി മേഖലയിൽ നിർമിച്ചിരുന്ന കിടങ്ങുകളുടെ അപാകത പരിഹരിക്കുന്നതിനായി നവീകരണപ്രവർത്തനം ആരംഭിച്ചു. കാട്ടാന ഉൾപ്പെടെ പതിവായി വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്ന ഇവിടെ അരക്കിലോമീറ്റർ ദൂരത്തിലാണ് കിടങ്ങ് നിർമിച്ചത്.
എന്നാൽ, കിടങ്ങിന് മതിയായ വീതിയില്ലാത്തതും വശങ്ങളിൽ പാറകൾ തള്ളി നിൽക്കുന്നതും അപാകതയായി മാറിയിരുന്നു. ഈ പാറകളിലൂടെ കിടങ്ങ് മറികടന്ന് ആനകൾ വീണ്ടും ജനവാസ മേഖലയിലേക്ക് എത്തുന്നത് പതിവായിരുന്നു. ഇത് കഴിഞ്ഞ ദിവസം ദീപിക റിപ്പോർട്ട് ചെയ്തിരുന്നു. ഈ വാർത്തയുടെ അടിസ്ഥാനത്തിൽ എം.ജെ. സെബാസ്റ്റ്യൻ എംഎൽഎ അടക്കമുള്ള ജനപ്രതികൾ സ്ഥലം സന്ദർശിക്കുകയും നിർമാണത്തിലെ അപാകത പരിഹരിക്കണമെന്ന് കരാറുകാർക്ക് നിർദേശം നൽകുകയും ചെയ്തു.
കിടങ്ങിന്റെ വശത്തെ പാറകൾ പൊട്ടിച്ചു നീക്കി വീതി കൂട്ടുന്ന ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. കണ്ണാട്ട് കവല മുതൽ പന്നിവെട്ടുംപാറവരെ അരക്കിലോമീറ്റർ ദൂരത്തിലാണ് കിടങ്ങ് നിർമിച്ചിരിക്കുന്നത്.
പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ വനാതിർത്തി മേഖലയിലെ വന്യമൃഗശല്യം പരിഹരിക്കുന്നതിനായി കണ്ണാട്ട് കവല മുതൽ മതന്പവരെ ഏഴു കിലോമീറ്റർ ദൂരത്തിൽ ഏഴു കോടി 20 ലക്ഷം രൂപ മുടക്കിയുള്ള വിവിധ പദ്ധതികളാണ് നടപ്പാക്കുന്നത്.
ഇതിൽ ഒന്നരക്കിലോമീറ്ററോളം ദൂരത്തിൽ കിടങ്ങുകളും ബാക്കി സ്ഥലങ്ങളിൽ സോളാർ ഫെൻസിംഗും ഹാംഗിംഗ് ഫെൻസിംഗ് അടക്കമുള്ള സുരക്ഷാക്രമീകരണങ്ങളുമാണ് ഒരുക്കുന്നത്.
District News
പൊൻകുന്നം: വാഴൂർ പഞ്ചായത്തിൽ ഇന്നും നാളെയും പരിസ്ഥിതി മഹോത്സവം നടത്തുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പഞ്ചായത്ത് പരിധിയിൽ വരുന്ന സ്കൂൾ, കോളജ് വിദ്യാർഥികൾക്കും പരിസ്ഥിതി സ്നേഹികൾക്കുമായാണ് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി മണിമലയാർ എന്ന പേരിൽ രൂപകല്പന ചെയ്ത വാഴൂർ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ പരിപാടി നടത്തുന്നത്. കേരളത്തിൽ ആദ്യമായാണ് പഞ്ചായത്ത് പദ്ധതിയിൽ ഇത്തരമൊരു പരിപാടി. പരിസ്ഥിതി മഹോത്സവത്തിന്റെ പ്രസിഡന്റ് വാഴൂർ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ.എസ്. പുഷ്കലാദേവിയും സ്വാഗതസംഘം ചെയർമാൻ പരിസ്ഥിതി പ്രവർത്തകൻ കെ. ബിനുവുമാണ്.
ഇന്നു രാവിലെ ഒമ്പതിന് രജിസ്ട്രേഷൻ, 10ന് സമ്മേളനം പ്രഫ. റോണി കെ. ബേബി എംഎൽഎ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് പ്രഫ.എസ്. പുഷ്കലാദേവി അധ്യക്ഷത വഹിക്കും. കെ. ബിനു പദ്ധതി പരിചയപ്പെടുത്തും.
ഹരിതസേനാംഗങ്ങളെ ആദരിക്കും. അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ കെ.ബി. സുഭാഷ് സന്ദേശം നൽകും. 11.20ന് വനശാസ്ത്രജ്ഞൻ ഡോ. ടി.വി. സജീവ് ക്ലാസ് നയിക്കും. തുടർന്ന് വിവിധ വിഷയങ്ങളിൽ ഡോ. വി. അമ്പിളി, സന്തോഷ് അറയ്ക്കൽ, ഡോ. മാത്യു ജേക്കബ് എന്നിവർ ക്ലാസെടുക്കും. 5.45ന് ഭട്ടാസ്യ നൃത്തം, 6.20ന് പരിസ്ഥിതി ചലച്ചിത്രമേള ഫോറസ്റ്റ് അസിസ്റ്റന്റ് കൺസർവേറ്റർ പി.എം. പ്രഭു ഉദ്ഘാടനം ചെയ്യും.
നാളെ രാവിലെ 6.30ന് യോഗ, 7.30ന് പ്രകൃതിനടത്തം ഉദ്ഘാടനം മുൻ എംഎൽഎ ഡോ.എൻ. ജയരാജ്, 10ന് ഡോ. അപർണ പുരുഷോത്തമനുമായി മുഖാമുഖം, 11.30ന് ആലങ്കോട് ലീലാകൃഷ്ണൻ ക്ലാസ് നയിക്കും. രണ്ടിന് പരിസ്ഥിതി ക്വിസ്. നാലിന് സമാപനസമ്മേളനം മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്യും. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയാ ശ്രീധർ അധ്യക്ഷത വഹിക്കും.
ഉത്സവത്തിന്റെ ഭാഗമായി ചെടികളുടെയും ഫലവൃക്ഷത്തൈകളുടെയും പ്രദർശനവും വില്പനയും പരിസ്ഥിതി പുസ്തകങ്ങളുടെ പ്രദർശനവുമുണ്ട്. ഇന്നു കാർഷിക വികസനസമിതിയുടെ നാട്ടുചന്തയും നടത്തും.
പത്രസമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ.എസ്. പുഷ്കലാദേവി, ചെയർമാൻ കെ. ബിനു, ജനറൽ കൺവീനർ മനോജ് ചാക്കോ, സെക്രട്ടറി എം. സൗമ്യ, സ്ഥിരംസമിതി അധ്യക്ഷ പി.ജെ. ശോശാമ്മ എന്നിവർ പങ്കെടുത്തു.
District News
എരുമേലി: തെരുവുനായകളുടെ താവളമായി എരുമേലി തുമരംപാറയിലെ സർക്കാർ എൽപി സ്കൂൾ. രാവിലെ സ്കൂളിൽ തെരുവുനായകൾ കൂട്ടത്തോടെയാണ് വരാന്തയിൽ ഉണ്ടാവുക. ഓടിച്ചുവിട്ടാലും പിന്നെയും ഇവ എത്തും. വൈകുന്നേരം മുതൽ രാത്രിയിലും പുലർച്ചെയുമായി ഇവ സ്കൂൾ പരിസരത്ത് തങ്ങും. ഏറെ ആശങ്കയിലാണ് കുട്ടികളെ സ്കൂളിൽ വിടുന്നതെന്ന് മാതാപിതാക്കൾ പറയുന്നു.
സ്കൂൾ അധികൃതരാകട്ടെ നിസഹായ അവസ്ഥയിലാണ്. തങ്ങളും ഭയത്തോടെയാണ് സ്കൂളിൽ വന്നുപോകുന്നതെന്ന് അധ്യാപകർ പറയുന്നു. തെരുവുനായകൾ വർധിച്ചിട്ടും കൊച്ചുകുട്ടികൾ പഠിക്കുന്ന സ്കൂളായിട്ടും അധികൃതർ പരിഹാര നടപടികൾ ഇനിയും സ്വീകരിച്ചിട്ടില്ലെന്നാണ് ആക്ഷേപം.
ആടിനെ ആക്രമിച്ചു
എരുമേലി: പാഞ്ഞുവന്ന നായ ആടിനെ ആക്രമിച്ചു. ആടിന്റെ ജനനേന്ദ്രിയം കടിച്ചെടുത്ത നായ ഓടിമറഞ്ഞ് അൽപ്പം കഴിഞ്ഞപ്പോൾ ആട് ചത്തു. നായയ്ക്ക് പേവിഷബാധയുണ്ടോയെന്ന സംശയം ഉയർന്നതോടെ നാട്ടുകാർ ആശങ്കയിൽ. എലിവാലിക്കര വാർഡിലാണ് സംഭവം. കുന്നേൽ പാപ്പച്ചൻ വളർത്തുന്ന ആടിനെയാണ് തെരുവുനായ കൊന്നത്. വീട്ടുകാർ ആടിന്റെ ജഡം കുഴിയെടുത്തു മറവ് ചെയ്തതിനാൽ പോസ്റ്റ്മോർട്ടം നടത്തി പേവിഷം പകർന്നിട്ടുണ്ടോ എന്ന് പരിശോധന നടത്താനായില്ല. ആടിന്റെ ജനനേന്ദ്രിയം കടിച്ചെടുത്തതിനാലാകാം ആട് ചത്തതെന്നാണ് പ്രാഥമിക നിഗമനം.
ആടിനെ ആക്രമിച്ചശേഷം ഓടിമറഞ്ഞ നായയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. നായയെ കണ്ടെത്തി പിടികൂടാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കണ്ടാൽ വിവരം അറിയിക്കണമെന്നും ആളുകൾ ആശങ്കയിലാകേണ്ടെന്നും വാർഡ് അംഗവും പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷനുമായ ബിനോയ് ഇലവുങ്കൽ സമൂഹമാധ്യമങ്ങളിലൂടെ വാർഡിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മേഖലയിൽ അലഞ്ഞുതിരിയുന്ന തെരുവുനായകളിൽ ഒന്നാണ് ആടിനെ ആക്രമിച്ച് കൊന്നത്. ഈ നായയ്ക്ക് പേവിഷ ബാധ ഉണ്ടെങ്കിൽ ഒപ്പമുള്ള മറ്റു തെരുവുനായകളിലും പേവിഷ ബാധയുണ്ടാകാൻ സാധ്യത ഏറെയാണ്. ഇത് മുൻനിർത്തി തെരുവുനായകളെ മുഴുവനും പിടികൂടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
District News
കാഞ്ഞിരപ്പള്ളി: പാമ്പുകടിയേറ്റ് തൊഴിലാളി മരിച്ചു. ഇടക്കുന്നം സ്വദേശി വഞ്ചിമല രാജു കുഞ്ഞപ്പൻ (64) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്തോടെയായിരുന്നു സംഭവം. ഇടക്കുന്നം മേരിമാതാ സ്കൂളിന് സമീപമുള്ള തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് പാമ്പുകടിയേറ്റത്. ഉടൻതന്നെ കുഴഞ്ഞ് വീണ രാജുവിനെ കാഞ്ഞിരപ്പള്ളി 26ാം മൈൽ മേരിക്വീൻസ് മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
പാന്പിനെ കണ്ടെത്താനായില്ലെന്ന് നാട്ടുകാർ പറഞ്ഞു. ഭാര്യ അമ്മിണി രാജു. മക്കൾ: നിഷമോൾ രാജു, നിതിൻ രാജു. മരുമക്കൾ: എം.കെ. രാജു മണ്ണാത്തിക്കുഴി (അമരവതി മുണ്ടക്കയം), ദിഖില കായലിപ്പറമ്പ് (കൊച്ചി).
സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ഇടക്കുന്നം വേളാങ്കണ്ണിമാതായില് നടക്കും.
District News
പാലാ: പൊതുമരാമത്ത് വകുപ്പ്, ജൽ ജീവന് മിഷന് പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കാൻ മാണി സി. കാപ്പന് എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേർന്ന സംയുക്ത അവലോകന യോഗത്തിൽ തീരുമാനം.
മുടങ്ങിക്കിടക്കുന്ന റിവര്‍ വ്യൂ റോഡ്, ബൈപാസ് റോഡ്, കളരിയാമാക്കല്‍ അപ്രോച്ച് റോഡ് എന്നിവ പൂര്‍ത്തീകരിക്കുമെന്ന് എംഎൽഎ അറിയിച്ചു. ചെത്തിമറ്റം മുതല്‍ ഇടപ്പാടിവരെ റോഡ് കൈയേറ്റം ഒഴിപ്പിച്ച് റോഡ് മണ്ണിട്ടുയർത്തി ടാര്‍ ചെയ്ത് വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കും.
പാലാ ഗവ. ആശുപത്രി ജംഗ്ഷനിലെ ട്രാഫിക് സിഗ്നൽ പരിഷ്കരിക്കും. പൊന്‍കുന്നം റോഡില്‍നിന്ന് ഡിവൈഡറിന്റെ രണ്ടുവശംവഴി വാഹനങ്ങള്‍ വരുന്ന സാഹചര്യത്തില്‍ റമ്പിള്‍ സ്ട്രിപ്സ് സ്ഥാപിക്കുന്നതിനും സീബ്രാലൈന്‍ മാറ്റി വരയ്ക്കുന്നതിനും തീരുമാനിച്ചു.
ജൽ ജീവന് മിഷനുമായി ബന്ധപ്പെട്ട് മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളില്‍ ഏറ്റെടുത്തിട്ടുള്ള റോഡുകള്‍ പൂര്‍വസ്ഥിതിയിലാക്കി സെപ്റ്റംബര്‍ 30ന് മുമ്പ് പൊതുമരാമത്ത് വകുപ്പിന് കൈമാറുന്നതിന് ജലവിഭവ മന്ത്രി മോന്‍സ് ജോസഫിന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനമായി എന്ന് എംഎൽഎ യോഗത്തിൽ അറിയിച്ചു.
കുരിശുങ്കല്‍ പാലം നിര്‍മാണത്തിനുള്ള നടപടികൾ പൂര്‍ത്തീകരിച്ചുവെന്നും ഒക്ടോബര്‍ ആദ്യവാരം നിര്‍മാണം ആരംഭിക്കുമെന്നും എംഎൽഎ പറഞ്ഞു. കുരിശുങ്കല്‍ പാണ്ടിയാമാവ് ചാലമറ്റം വെള്ളാത്തൊട്ടി എന്നിവിടങ്ങളിലൂടെ വാഹനങ്ങള്‍ വഴിതിരിച്ച് വിടുന്നതിനും നിലവിലുള്ള ട്രാന്‍സ്ഫോര്‍മര്‍ മാറ്റി സ്ഥാപിക്കുന്നതിനും യോഗത്തില്‍ തീരുമാനമായി. പാലാ ജനറല്‍ ആശുപത്രി ലിങ്ക് റോഡിന്റെ നിര്‍മാണം അന്തിമഘട്ടത്തിലാണ്.
പാലാ മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ഇന്‍-ചാര്‍ജ് മായ രാഹുല്‍, വാര്‍ഡ് കൗണ്‍സിലര്‍ ലീന സണ്ണി, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രജിത പ്രകാശ് വിവിധ വകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
District News
ഭരണങ്ങാനം: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു ഭാരങ്ങള്‍ ഇറക്കിവച്ച് പ്രാര്‍ഥിക്കാന്‍ ഭക്തജനങ്ങള്‍ വന്നുചേരാന്‍ തക്കവിധം ഇഷ്ടപ്പെട്ട വിശുദ്ധയായി അല്‍ഫോന്‍സാമ്മ മാറിയത് സമര്‍പ്പിത വിളിയോടൊപ്പം സഹനത്തിന്റെ വിളികൂടി സ്വീകരിച്ചതുകൊണ്ടാണെന്ന് കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍. സമര്‍പ്പിതരുടെ ദിനമായി ആചരിച്ച ഇന്നലെ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു ബിഷപ്.
സാധാരണ ക്രിസ്തീയ കുടുംബത്തില്‍ ജനിച്ച്, വിശ്വാസ പരിശീലനത്തിന്റെ ആദ്യപാഠങ്ങള്‍ പിന്നിട്ട്, സമര്‍പ്പിച്ച ജീവിതം നയിച്ച്, വിശുദ്ധ പദവിയിലെത്തിയ ഒരു കന്യാസ്ത്രീ ഇന്നു ലക്ഷോപലക്ഷങ്ങളുടെ ആശ്രയമാണ്. അനുദിന സഹനങ്ങളെ ദൈവഹിതമായി സ്വീകരിച്ച വിശുദ്ധ അല്‍ഫോന്‍സ നമുക്ക് അനുഗ്രഹം നല്‍കുന്നുവെന്നും ബിഷപ് ഓര്‍മപ്പെടുത്തി.
തിരുനാളിന്റെ അഞ്ചാം ദിവസമായ ഇന്നലെ ഫാ. ജീവന് വി. മരിയഭവന്, ഫാ.ഡോ. ഏബ്രഹാം വെട്ടിയാങ്കല്‍, ഫാ.ഡോ ഏബ്രഹാം കൊച്ചുപുരയില്‍, ഫാ. ജോര്‍ജ് ചൊള്ളനാല്, ഭരണങ്ങാനം ഫൊറോനാ വികാരി ഫാ.സക്കറിയാസ് ആട്ടപ്പാട്ട്, ഫാ. കുരുവിള തുടിയംപ്ലാക്കല്‍, ഫാ. ജോസഫ് അമ്പാട്ട്, ഫാ. ഡോണ്‍ മേനാച്ചേരി, ഫാ. ജേക്കബ് ചാത്തനാട്ട്, ഫാ. ജീവന് കദളിക്കാട്ടില്‍ എന്നിവര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്കി.
വൈകുന്നേരം 6.15ന് നടന്ന ജപമാല തിരിപ്രദക്ഷിണത്തിന് ഫാ. ആന്റണി കൊല്ലിയില്‍ നേതൃത്വം നല്കി.
തിരുനാളിന്റെ ആറാംദിനമായ ഇന്നലെ അല്ഫോന്സിയന് സമര്പ്പിതദിനമായി ആചരിച്ചു. സമര്‍പ്പിതര്‍ക്കുവേണ്ടിയുള്ള പ്രത്യേക ആശീര്‍വാദ പ്രാര്‍ഥന നടത്തി.
ഭരണങ്ങാനത്ത് ഇന്ന്
രാവിലെ 5.30ന് വിശുദ്ധ കുര്‍ബാന-ഫാ. തോമസ് ഓലായത്തില്‍ (ഡയറക്ടര്‍ ഇവാഞ്ചലൈസേഷന്‍ പാലാ), 6.45ന് വിശുദ്ധ കുര്‍ബാന -ഫാ.ഡോ. ജയിംസ് മംഗലത്ത്.
8.30ന് വിശുദ്ധ കുര്‍ബാന-ഫാ.ഡോ. ജയിംസ് വാഴചാരിക്കല്‍ (റെക്ടര്‍ കപ്പൂച്ചിന്‍ മേജര്‍ സെമിനാരി തെള്ളകം), 10ന് വിശുദ്ധ കുര്‍ബാന-ഫാ.ഡോ. ജോര്‍ജ് മംഗലത്തില്‍ (ആര്‍ച്ച് പ്രീസ്റ്റ് കുടമാളൂര്‍ ഫൊറോനപള്ളി, ചങ്ങനാശേരി അതിരൂപത), 11.30ന് വിശുദ്ധ കുര്‍ബാന-മാര്‍ ജോസ് പുളിക്കല്‍, 2.30ന് തമിഴ് കുര്‍ബാന -ഫാ. അഗസ്റ്റിന് തലോടില്‍(വികാരി മേവട), 2.30ന് വിശുദ്ധ കുര്‍ബാന (ശ്രവണ പരിമിതര്‍ക്കു വേണ്ടി) സെന്റ് മേരീസ് ചാപ്പലില്‍-ഫാ. ജോര്‍ജ് കളരിമുറിയില്‍ (ഡയറക്ടര്‍ ആദം മിനിസ്ട്രി തലശേരി), 3.30ന് ഹിന്ദി കുര്‍ബാന-ഫാ. സാബു ഞാറോലിക്കല്‍ (റെക്ടര്‍ എംഎസ്ടി ദീപ്തി സെമിനാരി ഭരണങ്ങാനം), വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന മലബാര്‍ ക്രമം-മാര്‍ ജോസഫ് അഗസ്റ്റിന് ചരണകുന്നേല്‍ (ആര്‍ച്ച് ബിഷപ് എമിരറ്റസ് റായ്പുര്‍).
6.15ന് ജപമാല പ്രദക്ഷിണം-ഫാ. തോമസ് കൊച്ചോടയ്ക്കല്‍, ഏഴിന് വിശുദ്ധ കുര്‍ബാന-ഫാ. മാത്യു മതിലകത്ത്.
District News
അരുവിത്തുറ: കോളജ് റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. സ്കൂൾ വിടുന്ന സമയങ്ങളിൽ ടിപ്പർ ലോറിയുടെ അനിയന്ത്രിതമായ ഓട്ടം അപകടത്തിനിടയാക്കുവാൻ സാധ്യതയേറെയാണ് .റോഡിന്റെ ഇരുവശങ്ങളിലും സ്വകാര്യവാഹനങ്ങൾ പാർക്കിംഗ് നടത്തുന്നതോടെ റോഡിലൂടെ കാൽനട യാത്ര പോലും അസാധ്യമായിരിക്കുകയാണ്. കോളജ് ,എൽപി സ്കൂൾ, പോസ്റ്റ്ഓഫീസ്, ബാങ്കുകൾ തുടങ്ങിയ നിരവധി പൊതുസ്ഥാപനങ്ങളിൽ പോകണ്ടേവർ ഗതാഗതക്കുരുക്കിൽപ്പെട്ട് ദുരിതമനുഭവിക്കുകയാണ്.
കാഞ്ഞിരപ്പള്ളി ഭാഗത്തുനിന്നു വരുന്ന പാലായ്ക്കു പോകേണ്ട വാഹനങ്ങൾ ടൗണിലെ ഗതാഗതക്കുരുക്കിൽപ്പെടാതെ പോകാൻ കഴിയുന്ന റോഡ് നിലവിൽ ഉപകാരപ്രദമല്ല. കോളജിൽ എത്തണമെങ്കിൽപോലും കുട്ടികൾക്ക് ഏറെ സമയം എടുക്കുന്നു. കോളജ് റോഡിലെ സ്വകാര്യവാഹനങ്ങളുടെ അനധികൃത പാർക്കിംഗും സ്കൂൾ സമയങ്ങളിൽ ലോഡുമായി പോകുന്ന ടിപ്പർലോറികളെയും നിയന്ത്രിച്ചാൽ ഗതാഗതതടസം ഒഴിവാക്കാൻ സാധിക്കും.
District News
പൂഞ്ഞാർ: പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി പൂഞ്ഞാർ അഗ്രി ഫെസ്റ്റും സോൺ വാർഷികവും പൂഞ്ഞാർ സെന്റ് മേരീസ് പാരീഷ് ഹാളിൽ ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് 1.30ന് കേരള ഗ്രാമീൺ ബാങ്ക് കോട്ടയം ജില്ലാ ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർ അനുപ്രിയ പി. സാമ്പത്തിക സുരക്ഷാ സെമിനാർ നയിക്കും. തുടർന്ന് 2.30ന് പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോനാ പള്ളി വികാരി ഫാ. തോമസ് പനയ്ക്കക്കുഴിയുടെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് മിനർവ മോഹൻ സോൺ വാർഷികം ഉദ്ഘാടനം ചെയ്യും. പിഎസ്ഡബ്ല്യുഎസ് ഡയറക്ടർ ഫാ. ജോസഫ് വാട്ടപ്പിള്ളിൽ അഗ്രി ഫെസ്റ്റിന്റെ ഉദ്ഘാടനം നിർവഹിക്കും.
പിഎസ്ഡബ്ല്യുഎസ് അസിസ്റ്റന്റ് ഡയറക്ടർ ഫാ. ഫ്രാൻസിസ് ഇടത്തിനാൽ മുഖ്യപഭാഷണം നടത്തും. ഫാ. ജോസഫ് വിളക്കുന്നേൽ, സിബി കണിയാംപടി, ജിസോയി തോമസ്, ടെസി ബിജു, അലോഷ്യസ് ഐക്കരപ്പറമ്പിൽ, സോഫി രാജേഷ് തുടങ്ങിയവർ പ്രസംഗിക്കും.
സോൺ ഡയറക്ടർ ഫാ. ജോസഫ് കന്നുതൊട്ടി കന്നുവേലിയിൽ സ്വാഗതവും സോൺ കണവീനർ ജെസ്റ്റിൻ ഇടയോടിൽ നന്ദിയും പറയും.
അഗ്രി ഫെസ്റ്റിൽ ശ്രീലങ്കൻ ഹൈബ്രീഡ് തെങ്ങിൻ തൈകൾ, കുറ്റ്യാടി,ആയിരംകാച്ചി റ്റി x ഡി, കുള്ളൻ തെങ്ങിൻ തൈകൾ, അവക്കോഡ, ജെ 33 ,സിദ്ധു, ഡാങ് സൂര്യ തുടങ്ങിയ വിവിധ ഇനം പ്ലാവിൻ തൈകൾ, ജാതി, കമുക്, വിദേശ ഫലവൃക്ഷത്തൈകൾ, ചെടികൾ, പച്ചക്കറിത്തൈകൾ, വിത്തുകൾ, പാലനോവ ഉത്പന്നങ്ങൾ, മൂല്യവർധിത ഉത്പന്നങ്ങൾ, ചെടിച്ചട്ടികൾ തുടങ്ങിയവയും അഗ്രി ഫെസ്റ്റിൽ ലഭ്യമാണ്.
ഇന്നു വൈകുന്നേരം 5.30 വരെയും നാളെ രാവിലെ 6.30 മുതൽ വൈകുന്നേരം 5.30 വരെയും പ്രദർശന വിപണനമേള ഉണ്ടായിരിക്കും.
District News
തിടനാട്: സെന്റ് ജോസഫ് തീർഥാടന കേന്ദ്രത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ 26ന് ആഘോഷിക്കും. രാവിലെ 6.45ന് തിരുസ്വരൂപ പ്രതിഷ്ഠ, ഏഴിന് തിരുനാൾ കുർബാന, 8.30ന് പ്രദക്ഷിണം, തുടർന്ന് സ്നേഹവിരുന്ന്.
തിരുനാളിനു മുന്നോടിയായി ഇന്നു വയോജന ദിനമായി ആചരിക്കും. ഉച്ചകഴിഞ്ഞ് 2.30ന് ഇടവകയിലെ 70 വയസിനു മുകളിൽ പ്രായംവരുന്ന ഇരുനൂറോളം വയോജനങ്ങൾക്കായി വിശുദ്ധ കുർബാനയും തുടർന്ന് ആദരിക്കലും നടക്കും. സമ്മേളനത്തിൽ വികാരി ഫാ. സെബാസ്റ്റ്യൻ എട്ടുപറയിൽ അധ്യക്ഷത വഹിക്കും. ഫാ. ജോർജ് മുളങ്ങാട്ടിൽ, അസിസ്റ്റന്റ് വികാരി ഫാ. പോൾ ഇരട്ടമാക്കിൽഎന്നിവർ പ്ര സംഗി ക്കും.
District News
കടപ്ലാമറ്റം: കിടങ്ങൂര്‍-മംഗലംതാഴെ കെ.ആര്. നാരായണന് സ്മാരക റോഡില്‍ ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ ഉണ്ടായിക്കൊണ്ടിരുന്ന പ്രദേശമാണ് കടപ്ലാമറ്റം പഞ്ചായത്തില്‍പ്പെട്ട മൂന്നുതോട് ജംഗ്ഷന്. നാലുംകൂടിയ ജംഗ്ഷനിലെ കാഴ്ച മറവാണ് അപകടങ്ങള്‍ക്കുള്ള പ്രധാന കാരണം.
നാലു വശങ്ങളിലുമുള്ള പുരയിടങ്ങള്‍ സൗജന്യമായി സ്ഥലമുടമകളില്നിന്നു സമാഹരിച്ച് ജില്ലാ പഞ്ചായത്ത് മെംബര്‍ ജോസ്മോന് മുണ്ടയ്ക്കലിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനത്തിലൂടെ മൂന്നുതോട് ജംഗ്ഷനിലെ അപകട കാഴ്ചമറവിന് ശാശ്വതമായ പരിഹാരമുണ്ടായിരിക്കുകയാണ്. നാരായണന് നമ്പൂതിരി ഓശേരി ഇല്ലം, മാത്യൂസ് കണിയാംപറമ്പില്‍, മത്തച്ചന് പറമ്പടത്തുമാലില്, കുര്യന് മാവേലില്‍ എന്നിവരാണ് ലക്ഷങ്ങള്‍ വിലമതിക്കുന്ന ഭൂമി സൗജന്യമായി നല്‍കിയത്.
സ്ഥലമുടമകള്‍ക്ക് മതിലുകള്‍ നിർമിച്ചു കൊടുക്കുന്നതിനും റോഡ് നവീകരണത്തിനും കൂടല്ലൂര്‍ വിംഗ്സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ധനസമാഹരണവും നടത്തി. തടസമായി നില്ക്കുന്ന വൈദ്യുതി പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതിന് ജില്ലാ പഞ്ചായത്ത് മെംബര്‍ ജോസ്മോന് മുണ്ടയ്ക്കല്‍ അനുവദിച്ച രണ്ടു ലക്ഷം രൂപ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങളും ഉടന്‍ നടത്തും.
വീതിയെടുത്ത ജംഗ്ഷന് നവീകരിക്കുന്നതിന് പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ പൊതുമരാമത്ത് വകുപ്പ് മുഖേന മന്ത്രി മോന്‍സ് ജോസഫിന്റെ നേതൃത്വത്തില്‍ ജംഗ്ഷന് നവീകരണത്തിനുള്ള നടപടികളും ആരംഭിച്ചു. മൂന്നുതോട് ജംഗ്ഷനിലെ കാഴ്ചമറവ് മറയ്ക്കുന്നതിനായി ഭൂമി വീതിയെടുക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ജോസ്മോന് മുണ്ടയ്ക്കല്‍ നിര്‍വഹിച്ചു.
യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് മെംബര്‍മാരായ ബോബി തോമസ്, ബോണി കുര്യാക്കോസ്, പഞ്ചായത്ത് മെംബര്‍മാരായ സിബി സിബി, ദീപൂ തേക്കുംകാട്ടില്‍, സതീഷ് ശ്രീനിലയം, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ സി.സി. മൈക്കിള്‍ ചെമ്പകമറ്റം, തോമസ് പുളിക്കയില്‍, ഡോ. മേഴ്സി ജോണ്‍, ജോസ് കുടിയംപുരയിടം, ടിന്റു മാവേലില്‍ എന്നിവര്‍ പ്രസംഗിച്ചു.
District News
പാലാ: നഗരസഭയില്‍ അനധികൃതമായി 40 ല്‍പരം കെട്ടിടങ്ങള്‍ നിര്‍മിച്ചിരിക്കുന്നതായി വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കണ്ടെത്തി. ഇതില്‍ 2013ല്‍ അനധികൃതമായി നിര്‍മിച്ചതും പ്രവര്‍ത്തിച്ചുവരുന്നതുമായ കെട്ടിടത്തിന് കാലങ്ങളായി ഡിമാന്‍ഡ് നോട്ടീസ് നല്കുന്നതല്ലാതെ ചട്ടപ്രകാരമുള്ള യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ലെന്നും വിജിലന്‍സ് കണ്ടെത്തി. അനധികൃതമായി നിര്‍മിച്ചത് കണ്ടെത്തിയതിനെത്തുടര്‍ന്ന് നഗരസഭ പിഴ ഈടാക്കുന്നതിനായി നോട്ടീസ് നല്‍കിയിരുന്നു.
ഈയിനത്തില്‍ കുടിശികയായി 62 ലക്ഷം രൂപ ഈടാക്കുന്നതിനുള്ള നടപടികളില്ലെന്ന് വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തി. ഇത് കൂടാതെ 40ല്‍പരം അനധികൃത കെട്ടിടങ്ങള്‍ക്ക് 2013 മുതല്‍ കുടിശിക അടയ്ക്കുവാനാവശ്യപ്പെട്ട് ഡിമാന്‍ഡ് നോട്ടീസ് നല്കുന്നതല്ലാതെ മറ്റ് ചട്ടപ്രകാരമുള്ള യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ലായെന്നും കണ്ടെത്തി.
പ്രോജക്ട് സീറോയുടെ ഭാഗമായി ഓപ്പറേഷന് പാര്‍പ്പിടം എന്ന പേരില്‍ കെട്ടിടനിര്‍മാണ അനുമതിയിലും അനധികൃത നിര്‍മാണങ്ങളുടെ ക്രമവത്കരണത്തിലുള്ള അഴിമതിയും ക്രമക്കേടുകളും കണ്ടെത്താന്‍ വിജിലന്‍സ് നടത്തിയ സംസ്ഥാനതല മിന്നല്‍ പരിശോധനയുടെ ഭാഗമായായിരന്നു പാലാ നഗരസഭയില്‍ പരിശോധന നടത്തിയത്. കെട്ടിടനിര്‍മാണ അനുമതി, ഒക്കുപ്പന്‍സി സര്‍ട്ടിഫിക്കറ്റ് അനുവദിക്കല്‍, കെട്ടിട നമ്പര്‍ അനുവദിക്കല്‍, കെട്ടിടനികുതി നിര്‍ണയം, അനധികൃത നിര്‍മാണങ്ങളുടെ ക്രമവത്കരണം എന്നിവയുമായി ബന്ധപ്പെട്ട് ക്രമക്കേടുകളും അഴിമതിയും നടക്കുന്നതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു.