ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ് കാടുമൂടിയ നിലയിൽ.
കരുവാരകുണ്ട്: ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ് അധികൃതരുടെ അനാസ്ഥയെത്തുടർന്ന് നാശത്തിന്റെ വക്കിൽ. കെട്ടിടത്തിന്റെ ടെറസും പരിസരവും കാടുമൂടിയും മാലിന്യങ്ങൾ നിറഞ്ഞും കിടക്കുകയാണ്. കൃത്യമായ പരിപാലനമില്ലാത്തത് കെട്ടിടത്തിന്റെ സുരക്ഷയെത്തന്നെ ബാധിക്കുന്ന സ്ഥിതിയാണ്.
ടെറസിലെ കാടുകൾ കെട്ടിടത്തിലേക്ക് പടർന്നിറങ്ങിയ നിലയിലാണ്. മുകളിലേക്കുള്ള ഗോവണിപ്പടികളിൽ ഉപയോഗിച്ച സിറിഞ്ചുകളും മദ്യക്കുപ്പികളും തള്ളിയിട്ടുണ്ട്. പരിസരത്തെ ബാർബർ ഷോപ്പുകളിൽനിന്നുള്ള മുടി മാലിന്യമടക്കം ഇവിടെയാണ് നിക്ഷേപിക്കുന്നത്.
കോംപ്ലക്സ് അടിയന്തരമായി ശുചീകരിക്കാനും അറ്റകുറ്റപ്പണികൾ നടത്താനും അധികൃതർ തയാറാകണമെന്ന് ആർജെഡി ജില്ലാ സെക്രട്ടറി ഒ.പി. ഇസ്മായിൽ ആവശ്യപ്പെട്ടു.
Tags : Nattuvishesham DistrictNews DeepikaNews