പ്രതീകാത്മക ചിത്രം
വടക്കഞ്ചേരി: നെൽകർഷകരുടെ ഓൺലൈൻ രജിസ്ട്രേഷൻ നടപടികളിൽ അനാവശ്യമായ ഫിസിക്കൽ രേഖാസമർപ്പണം ഒഴിവാക്കി പൂർണമായ ഡിജിറ്റൽ സേവനം നടപ്പിലാക്കുന്നതിനും കർഷകരുടെ സാമ്പത്തിക, സമയ നഷ്ടങ്ങൾ ഒഴിവാക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തെന്നിലാപുരത്തെ കർഷകർ മുഖ്യമന്ത്രി, കൃഷിവകുപ്പ് മന്ത്രി തുടങ്ങിയവർക്ക് നിവേദനം നൽകി.
നെൽകർഷകരുടെ രജിസ്ട്രേഷൻ, നെല്ലുസംഭരണം, അനുബന്ധ ആനുകൂല്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിലവിലെ നടപടിക്രമങ്ങളിൽ ഡിജിറ്റലൈസേഷന്റെ പൂർണ പ്രയോജനം കർഷകർക്ക് ലഭിക്കാത്ത സ്ഥിതിയുണ്ടെന്ന് നിവേദനസംഘത്തിനു നേതൃത്വം നൽകിയ തെന്നിലാപുരം മംഗലശേരി ടി.എം. വാസുദേവൻനായർ പറഞ്ഞു.
കർഷകർ ഓൺലൈനായി രജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷവും കർഷക രജിസ്ട്രേഷൻ രേഖ, ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ്, ആധാർ കാർഡിന്റെ പകർപ്പ്, ഭൂനികുതി രസീതി അല്ലെങ്കിൽ പൊസഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പ് തുടങ്ങിയ രേഖകൾ വീണ്ടും ഫോട്ടോസ്റ്റാറ്റ് രൂപത്തിൽ കൃഷിഭവനിൽ നേരിട്ട് സമർപ്പിക്കണമെന്ന നിബന്ധന ഒഴിവാക്കണമെന്നാണ് പ്രധാന ആവശ്യം.
ഇതുമൂലം ഓരോ സീസണിലും ഒരേരേഖകൾതന്നെ വീണ്ടും വീണ്ടും സമർപ്പിക്കേണ്ടി വരികയും പ്രിന്റിംഗ്, ഫോട്ടോസ്റ്റാറ്റ്, യാത്രാചെലവ്,സമയനഷ്ടം എന്നിവ മൂലം കർഷകർക്ക് വലിയ ഭാരമായി മാറുകയാണെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു.
സർക്കാർ അംഗീകരിച്ചിട്ടുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ രേഖകൾ അപ്ലോഡ് ചെയ്ത ശേഷവും അതേ രേഖകൾ വീണ്ടും പേപ്പർ രൂപത്തിൽ ആവശ്യപ്പെടുന്നത് കർഷകദ്രോഹമാണ്. കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ പൊതുജനസമ്പർക്കം പരമാവധി കുറയ്ക്കേണ്ട സാഹചര്യം വന്നപ്പോൾപോലും നെൽകർഷകർക്ക് കൃഷിഭവനുകളിലോ അക്ഷയകേന്ദ്രങ്ങളിലോ കോമൺ സർവീസ് സെന്ററുകളിലോ നേരിട്ട് പോകാതെതന്നെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുവാൻ കഴിഞ്ഞിരുന്നു. ഈ രീതികൾ തുടരണം.
ഉത്പാദന ചെലവിലുണ്ടാകുന്ന ഭീമമായ വർധനവ്, കാലാവസ്ഥ വ്യതിയാനം, തൊഴിലാളിക്ഷാമം, കാർഷിക വരുമാനത്തിലെ അനിശ്ചിതത്വം, നെല്ലുസംഭരണ കാലതാമസം തുടങ്ങിയ വെല്ലുവിളികൾ നേരിടുന്ന കർഷകർക്ക് അനാവശ്യമായ ഭരണപരമായ ഭാരങ്ങൾ കൂടി താങ്ങാനാകില്ല.
ഇത്തരം നൂലാമാലകൾ ഒഴിവാക്കി കർഷകരെ വിശ്വാസത്തിലെടുത്ത് നടപടികളുണ്ടാകണം.
കർഷകരുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങളും ആനുകൂല്യങ്ങളും കാര്യക്ഷമമായി ലഭ്യമാക്കുന്നതിന് കൃഷിവകുപ്പ്, സിവിൽ സപ്ലൈസ് വകുപ്പ്, ധനകാര്യവകുപ്പ്, ജലസേചന വകുപ്പ്, വനം- വന്യജീവി വകുപ്പ്, റവന്യു വകുപ്പ് എന്നീ ആറ് പ്രധാന വകുപ്പുകളുടെ പ്രവർത്തനങ്ങളിൽ ഏകോപനം ഉറപ്പാക്കേണ്ടതുണ്ടെന്നും കർഷകർ ആവശ്യപ്പെടുന്നു.
ഈ വകുപ്പുകളെ പരസ്പരം ഏകോപിപ്പിച്ച് ഡിജിറ്റൽ സംവിധാനത്തിലൂടെതന്നെ പരിശോധിക്കുവാനും ഉപയോഗിക്കാനും കഴിയുന്ന ഏകീകൃത സംവിധാനം സർക്കാർ നടപ്പിലാക്കണം.
സംസ്ഥാനത്തെ എല്ലാ കൃഷിഭവനുകളിലും ഏകീകൃത മാർഗനിർദേശങ്ങൾ നൽകണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു.
Tags : NattuVishesham DistrictNews