ടെഹ്റാൻ: ആറു മാസം പൂർത്തിയാകുന്ന ഗൾഫ് യുദ്ധത്തിന് അന്ത്യംകാണാനുള്ള ശ്രമത്തിന്‍റെ ഭാഗമായി ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾ റഹ്‌മാൻ അൽ താനി ഇറാനിലെത്തി. നിലച്ചുപോയ നയതന്ത്രനീക്കങ്ങൾ പുനസ്ഥാപിക്കലാണ് ലക്ഷ്യം.അമേരിക്കയ്ക്കും ഇറാനുമിടയിൽ മുന്പ് പലവട്ടം ഖത്തർ മധ്യസ്ഥവേഷമണിഞ്ഞിട്ടുള്ളതാണ്. ഇറാനുമായി ബന്ധപ്പെടാൻ ഖത്തർ അടക്കമുള്ള അറബി രാജ്യങ്ങളുടെ സഹായമാണ് അമേരിക്ക തേടുന്നത്. മധ്യസ്ഥത വഹിക്കുന്ന മറ്റൊരു രാജ്യമായ പാക്കിസ്ഥാനിലെ സൈനിക മേധാവി ആസിം മുനീറും ആഭ്യന്തര മന്ത്രിയും ഏതാനും ദിവസം മുന്പ് ഇറാനിലെത്തിയിരുന്നു.
ഹോർമുസ് കടലിടുക്കിന്‍റെ നിയന്ത്രണത്തെച്ചൊല്ലിയുള്ള തർക്കമാണ് മധ്യസ്ഥശ്രമങ്ങൾക്കു വെല്ലുവിളി. യുഎസ്-ഇസ്രേലി ആക്രമണത്തിനു മറുപടിയായി ഇറാൻ ഹോർമുസ് അടച്ചിരിക്കുകയാണ്.
ഹോർമുസിന്‍റെ ഇറാന്‍റെ നിയന്ത്രണം അംഗീകരിക്കാനാവില്ലെന്നാണ് അമേരിക്കൻ നിലപാട്. ഹോർമുസിന്‍റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് ഇറാനും വ്യക്തമാക്കുന്നു.
ഹോർമുസിന്‍റെ നിയന്ത്രണത്തിനായി ഒമാനുമായി ഇറാൻ ചർച്ച നടത്തുന്നുണ്ട്. ഇറാനും ഒമാനും ഹോർമുസിന്‍റെ ഇരുഭാഗത്തുമുള്ള രാജ്യങ്ങളാണ്.
ഇതിനിടെ, സൈനിക നടപടികൾ നിർത്തിവച്ചിരിക്കുന്ന അമേരിക്ക സാന്പത്തിക ഉപരോധങ്ങളിലൂടെ ഇറാനെ അടിയറവ് പറയിക്കാനുള്ള ശ്രമത്തിലാണ്. ഏതാണ് ഒരു മാസമായി യുഎസ് സേന ഇറാനിൽ ആക്രമണം നടത്തിയിട്ട്.
അതേസമയം, ഇറാനെ ലക്ഷ്യമിട്ട് കൂടുതൽ സാന്പത്തിക ഉപരോധങ്ങൾ അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്. ഇറാനുമായി ഇടപാടിനു മുതിരുന്ന രാജ്യങ്ങളും അമേരിക്കൻ ഉപരോധം നേരിടേണ്ടിവരുമെന്ന് ട്രംപ് ഭരണകൂടം ഭീഷണി മുഴക്കിയിട്ടുണ്ട്.