അങ്കിത് ബാലിയാൻ
ലക്നോ: ഉത്തർപ്രദേശിലെ ഷാംലി ജില്ലയിൽ യൂട്യൂബറും ഹരിയാൻവി ഗായകനുമായ അങ്കിത് ബാലിയാൻ (32) അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ജിമ്മിൽ നിന്ന് പുറത്തിറങ്ങുന്നതിനിടെയാണ് അദ്ദേഹത്തിന് നേരെ ആക്രമണമുണ്ടായത്.
രണ്ട് ബൈക്കുകളിലെത്തിയ അക്രമികൾ അങ്കിത് ബാലിയാൻ നേരെ നിരവധി തവണ വെടിയുതിർക്കുകയായിരുന്നു. അദ്ദേഹം സംഭവസ്ഥലത്തുതന്നെ മരിച്ചു. വിവരമറിഞ്ഞ് പോലീസെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. പ്രതികളെ കണ്ടെത്താനായി പ്രത്യേക പോലീസ് സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും ഷാംലി എസ്പി എം.പി. സിംഗ് വ്യക്തമാക്കി.
വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ അങ്കിത് മത്സരിച്ചേക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഇതാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല. യൂട്യൂബിൽ മൂന്നര ലക്ഷത്തിധികം സബ്സ്ക്രൈബേഴ്സ് ഉള്ള അങ്കിത് പാട്ടുകളിലൂടെയും വീഡിയോകളിലൂടെയും ശ്രദ്ധേയനായിരുന്നു.
സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് രംഗത്തെത്തി. യുപിയിലെ ക്രമസമാധാനനില തകർന്ന് പൂജ്യത്തിലെത്തിയിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അങ്കിത് ബലിയന്റെ കൊലപാതകത്തിൽ രാഷ്ട്രീയ വൈരാഗ്യമുണ്ടോയെന്ന് അന്വേഷണം നടത്തണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു.
Tags : Deepika BreakingNews YouTuber Singer Dead