ഷൗക്കത്ത്
തിരുവനന്തപുരം: ഓട്ടോ ഡ്രൈവർ ഷൗക്കത്ത് ജീവനൊടുക്കിയ സംഭവത്തിൽ ഗതാഗത കമ്മീഷണറുടെ റിപ്പോർട്ട് പുറത്ത്. വാഹനത്തിലെ രൂപമാറ്റങ്ങൾ ഒഴിവാക്കാത്തതിനാലാണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിഷേധിച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. രൂപമാറ്റങ്ങൾ നീക്കം ചെയ്യാൻ ഉദ്യോഗസ്ഥർ നിർദേശിച്ചിരുന്നു. എന്നാൽ അത് പൂർണമായി പാലിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
2021 ജൂൺ ഏഴിനാണ് ഷൗക്കത്ത് പുതിയ ഓട്ടോറിക്ഷ വാങ്ങിയത്. ആദ്യ രണ്ട് വർഷം ഫിറ്റ്നസ് പരിശോധന ആവശ്യമില്ലായിരുന്നു. 2023 ഓഗസ്റ്റ് 17ന് ആദ്യ പരിശോധന നടത്തി 2025 ഓഗസ്റ്റ് 16 വരെ ഫിറ്റ്നസ് സർട്ടിഫിക്കറ്റും അനുവദിച്ചിരുന്നു. രണ്ടാം ഫിറ്റ്നസ് സർട്ടിഫിക്കറ്റിനായി 2025 നവംബർ 11ന് കൊണ്ടോട്ടി എഎംവിഐയുടെ മുന്നിൽ വാഹനം ഹാജരാക്കി.
പരിശോധനയിൽ ഡ്രൈവർ സീറ്റിലെ ആം റെസ്റ്റുകൾ, കൂർത്ത മെറ്റൽ വീൽ കപ്പുകൾ, ഡ്രൈവർ ക്യാബിന്റെ ഇരുവശങ്ങളിലുമായി വെൽഡ് ചെയ്ത സ്റ്റീൽ റെയിലിങ്ങുകൾ, യാത്രക്കാരുടെ ക്യാബിന്റെ വലതുവശത്ത് ഉയർത്തി വെൽഡ് ചെയ്ത സ്റ്റീൽ റെയിലിങ്ങുകൾ എന്നിവ നീക്കം ചെയ്യാൻ ഉദ്യോഗസ്ഥൻ നിർദേശിച്ചു.
ഈ മാറ്റങ്ങൾ വരുത്തിയ ശേഷം വാഹനം വീണ്ടും പരിശോധനയ്ക്ക് ഹാജരാക്കാനും നിർദേശിച്ചിരുന്നു. തുടർന്ന് ഷൗക്കത്ത് വാഹനം വീണ്ടും പരിശോധനയ്ക്ക് എത്തിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സ്റ്റീൽ റെയിലിങ്ങുകൾ ഒഴികെ ഉദ്യോഗസ്ഥൻ നിർദേശിച്ച മറ്റ് മാറ്റങ്ങളെല്ലാം വരുത്തിയിരുന്നു. റെയിലിങ്ങുകൾ കൂടി നീക്കം ചെയ്യാൻ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്നത് ഷൗക്കത്ത് തന്നെ പകർത്തിയ ദൃശ്യങ്ങളിലുണ്ട്.
ഇതിനായി താൻ ഒരുപാട് പണം ചെലവാക്കിയെന്ന് ഷൗക്കത്ത് പറയുന്നുണ്ട്.തള്ളിനിൽക്കുന്ന ഭാഗങ്ങൾ ഉദ്യോഗസ്ഥൻ ചൂണ്ടിക്കാണിക്കുന്നതും കാണാം. വീണ്ടും പരിശോധനയ്ക്ക് ഹാജരാക്കി മടങ്ങിപ്പോയതിനുശേഷം പിന്നീട് സർട്ടിഫിക്കറ്റിനായി ഷൗക്കത്ത് വാഹനം കൊണ്ടുവന്നിട്ടില്ലെന്നും റിപ്പോർട്ട് പറയുന്നു.
Tags : Shoukath Death Case AutoDriver Malappuram MotorVehicle Department FitnessCertificate