ഉത്തരാഖണ്ഡിൽ കനത്ത മഴയും മണ്ണിടിച്ചിലും
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ കനത്ത മഴയെത്തുടർന്ന് മണ്ണിടിച്ചിൽ. ബദരീനാഥ് ദേശീയപാതയിലെ ജോഷിമഠ്-മാർവാരി റോഡ് പൂർണമായി ഒലിച്ചുപോയതോടെ ഗതാഗതം പൂർണമായും തടസപ്പെട്ടു. സുരക്ഷ മുൻനിർത്തി സംസ്ഥാനത്ത് 72-ലധികം റോഡുകൾ അടച്ചു.
പിത്തോറഗഢ്, നൈനിറ്റാൾ, ചമോലി ജില്ലകളിലാണ് ഗതാഗതം ഏറ്റവും അധികം തടസപ്പെട്ടിരിക്കുന്നത്. പിത്തോറഗഢിൽ 14-ഉം, നൈനിറ്റാളിൽ 12-ഉം, ചമോലിയിൽ 10-ഉം റോഡുകൾ അടച്ചു. കൂടാതെ പൗറിയിൽ ഏഴും, ബാഗേശ്വർ, രുദ്രപ്രയാഗ്, തെഹ്രി, ഉത്തരകാശി ജില്ലകളിൽ ആറ് വീതവും ഡെറാഡൂണിൽ നാലും ഹരിദ്വാറിൽ ഒരു റോഡും അടച്ചിട്ടിട്ടുണ്ട്. എന്നാൽ അൽമോറ, ചംപാവത്, ഉധം സിംഗ് നഗർ ജില്ലകളിൽ റോഡ് തടസങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രധാനമായും മലയോര മേഖലകളിലാണ് ഗതാഗത തടസം രൂക്ഷമായിരിക്കുന്നത്.
ഓഗസ്റ്റ് 23-ന് ഭംഗേലിഗഡിന് സമീപം സംരക്ഷണഭിത്തി തകർന്നതിനെത്തുടർന്ന് യമുനോത്രി തീർഥാടന യാത്ര ജാങ്കി ചട്ടി-യമുനോത്രി പാതവഴി തിരിച്ചുവിട്ടു. തീർഥാടകരുടെ സുരക്ഷയ്ക്കായി സ്ഥലത്ത് സംസ്ഥാന ദുരന്ത പ്രതികരണ സേനയെ വിന്യസിച്ചിട്ടുണ്ട്. തകർന്ന റോഡിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾ പൊതുമരാമത്ത് വകുപ്പ് ആരംഭിച്ചിട്ടുണ്ടെങ്കിലും, അറ്റകുറ്റപ്പണി പൂർത്തിയാക്കാൻ ഒരാഴ്ച വേണ്ടിവരുമെന്ന് ഉത്തരകാശി ജില്ലാ ദുരന്തനിവാരണ ഓഫീസർ ശാർദുൽ ഗുസൈൻ അറിയിച്ചു. ഇതിനിടെ, യമുനോത്രി ഫീഡർ തകരാറിലായതിനെ തുടർന്ന് മോറി തഹസിലിലെ മൂന്ന് ഗ്രാമങ്ങളിൽ വൈദ്യുതി വിതരണവും തടസപ്പെട്ടിട്ടുണ്ട്.
ഓഗസ്റ്റ് 29 വരെ മലയോര ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ പ്രത്യേക ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. തുടർന്ന് ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 1 വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.
Tags : Deepika BreakingNews HeavyRain Landslide Road