പ്രതീകാത്മക ചിത്രം
ജയ്പൂർ: രാജസ്ഥാനിലെ കോച്ചിംഗ് ഹബ്ബായ കോട്ടയിൽ നീറ്റ് വിദ്യാർഥിനി ജീവനൊടുക്കി. മധ്യപ്രദേശ് സ്വദേശിനി ഖുശ്ബു പട്ടേൽ (20) ആണ് മരിച്ചത്.
മെഡിക്കൽ പ്രവേശന പരീക്ഷക്കായ രണ്ടാം തവണയാണ് ഖുശ്ബു തയാറെടുക്കുന്നത്. കോട്ടയിൽ തന്നെയുള്ള മറ്റൊരു കോച്ചിംഗ് സ്ഥാപനത്തിൽ ജെഇഇ പരീക്ഷയ്ക്ക് പഠിക്കുന്ന ഖുശ്ബുവിന്റെ സഹോദരി ഖുഷി പട്ടേൽ ക്ലാസ് കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് സംഭവം അറിയുന്നത്.
ചൊവ്വാഴ്ച രാത്രി ഒമ്പതുമണിയോടെ ജവഹർ നഗറിലെ ക്ലാസ് കഴിഞ്ഞ് ഫ്ലാറ്റിലെത്തി ഖുഷി, വാതിൽ ഉള്ളിൽ നിന്ന് പൂട്ടിയിരിക്കുന്നതായി കണ്ടു. നിരവധി തവണ മുട്ടിയിട്ടും പ്രതികരണമില്ലാത്തതിനെ തുടർന്ന് സെക്യൂരിറ്റി ജീവനക്കാരെയും അയൽക്കാരെയും വിളിച്ചുവരുത്തി വാതിൽ തകർത്ത് അകത്തു കയറിയപ്പോഴാണ് ഖുശ്ബുവിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവസ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. മുൻപ് എഴുതിയ നീറ്റ് പരീക്ഷയിൽ 450 മാർക്ക് ലഭിച്ചതിനെ തുടർന്ന് ഖുശ്ബു കടുത്ത മാനസിക സമ്മർദത്തിലായിരുന്നു. കുട്ടിയുടെ മുത്തച്ഛൻ ദേശ്രാജ് പട്ടേൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബാംഗങ്ങൾക്ക് വിട്ടുകൊടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
അതേസമയം, ഈ വർഷം ജനുവരി മുതൽ കോട്ടയിൽ കോച്ചിംഗ് വിദ്യാർഥികൾ ജീവനൊടുക്കുന്ന എട്ടാമത്തെ സംഭവമാണിത്.
Tags : Deepika BreakingNews NEETAspirant Die