ടി.വി. അനുപമ
തിരുവനന്തപുരം: ഓട്ടോറിക്ഷയ്ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ഡ്രൈവർ ജീവനൊടുക്കിയ സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി. അനുപമയ്ക്കാണ് അന്വേഷണ ചുമതല. രണ്ട് ദിവസത്തിനകം പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാനും സർക്കാർ നിർദേശിച്ചിട്ടുണ്ട്.
മലപ്പുറം കിഴിശ്ശേരി മുണ്ടംപറമ്പ് സ്വദേശി ഷൗക്കത്താണ് ജീവനൊടുക്കിയത്. ഓട്ടോയ്ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് സോഷ്യൽ മീഡിയയിൽ കുറിപ്പ് പോസ്റ്റ് ചെയ്ത ശേഷമായിരുന്നു ഷൗക്കത്ത് ജീവനൊടുക്കിയത്. സംഭവത്തിൽ മന്ത്രി സി.പി.ജോൺ ട്രാൻസ്പോർട്ട് കമ്മീഷണറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.
ഇതിന് പിന്നാലെയാണ് സർക്കാർ വിശദമായ അന്വേഷണം നടത്താൻ ഗതാഗത വകുപ്പ് സെക്രട്ടറിയെ നിയോഗിച്ചത്. അതേസമയം ഷൗക്കത്തിന്റെ വാഹനം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. രണ്ട് ദിവസം മുമ്പ് ഷൗക്കത്ത് തന്നെയാണ് ഈ വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.
Tags : Shoukath Death Case AutoDriver Malappuram T.V.Anupama