ഊരകം കുമ്മാട്ടി മഹോത്സവത്തിനുള്ള ഒരുക്കം.
ചേർപ്പ്: ഊരകത്തെ കുമ്മാട്ടി മഹോത്സവം നാളെ ആഘോഷിക്കും. വിവിധ മൂർത്തികളുടെ ആകർഷകങ്ങളായ മുഖങ്ങളണിഞ്ഞ്, പച്ചയും ഉണങ്ങിയതുമായ പുല്ലുകൾകൊണ്ട് ശരീരംപൊതിഞ്ഞ കുമ്മാട്ടികളും നിശ്ചല ദൃശ്യങ്ങളും താളമേളങ്ങളും ഊരകത്തെ തെരുവുകളിൽ നിറയും.
ചെട്ടിക്കൊട്ട്, നെയ്യാണ്ടിമേളം, ശിങ്കാരിമേളം, ബാൻഡ് സെറ്റ്, നാസിക്ഡോൾ എന്നീ മേളങ്ങൾ കുമ്മാട്ടിക്കൂട്ടങ്ങൾക്ക് അകമ്പടിയാകും. ഊരകം തെക്കുമുറി കുമ്മാട്ടിസംഘം, ഊരകം അമ്പലനട കുമ്മാട്ടിസംഘം, കിഴക്കുമുറി ഓണാഘോഷ കമ്മിറ്റി കുമ്മാട്ടിസംഘം, യുവജന കുമ്മാട്ടിസമാജം, ചിറ്റേങ്ങര ദേശക്കുമ്മാട്ടി, കൊറ്റാംകുളങ്ങര കുമ്മാട്ടിസംഘം, വാരണംകുളം തിരുവോണം കുമ്മാട്ടിസംഘം, ഊരകം കിസാൻ കോർണർ കലാസമിതി കുമ്മാട്ടിസംഘം എന്നീ എട്ട് സംഘങ്ങളാണ് ഉത്സവത്തിലെ പങ്കാളികൾ. പകൽ 2.30 ഓടെ ഓരോ ദേശത്തുനിന്നു കുമ്മാട്ടികൾ പുറപ്പെടും. ഊരകത്തെ പ്രധാന വീഥികളിലൂടെ സഞ്ചരിച്ച്, ഊരകം അമ്മത്തിരുവടി ക്ഷേത്രം വലംവച്ച് രാത്രി 10 മണിയോടെ മൈമ്പിള്ളി ക്ഷേത്രനടയിൽ സമാപിക്കും.
നൂറുവർഷത്തിലധികം പാരമ്പര്യമുള്ളതാണ് ഊരകത്തെ കുമ്മാട്ടി മഹോത്സവം. കൊച്ചി മഹാരാജാവിന് ഊരകത്തമ്മ തിരുവടി ക്ഷേത്രത്തിന് പടിഞ്ഞാറ് ഒരുമന്ദിരം ഉണ്ടായിരുന്നെന്നും അവധിക്കാലത്ത് കുടുംബാംഗങ്ങൾക്കൊപ്പം ഇവിടെ താമസിക്കാനെത്തുന്ന രാജാവിനെ സന്തോഷിപ്പിക്കാൻ നാട്ടുകാർ ഒരുക്കിയിരുന്ന കലാരൂപമാണ് ഇന്നത്തെ കുമ്മാട്ടി മഹോത്സവമായി രൂപപ്പെട്ടതെന്നുമാണ് ഐതിഹ്യം.
Tags : NattuVishesham DistrictNews