പൂച്ചക്കുട്ടിക്ക് ആദില പാല് നല്കുന്നു.
സുല്‍ത്താന്‍ ബത്തേരി: ഓണത്തിരക്കിലും ആഘോഷങ്ങളിലും എല്ലാവരും സന്തോഷം തേടുമ്പോള്‍, തെരുവില്‍ അലയുന്ന മിണ്ടാപ്രാണികളുടെ വിശപ്പകറ്റുകയാണ് വാകേരി മലയില്‍ ആദില ഫാത്തിമ. തിരുവോണനാളില്‍ നഗരത്തിലെത്തിയ ആദില വിശന്ന വയറുമായി അലയുന്ന പൂച്ചകള്‍ക്കും മറ്റു മിണ്ടാപ്രാണികള്‍ക്കും ഭക്ഷണവും വെള്ളവും നല്കി.
കോഴിക്കോട് എയ്റോവിസ് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ് ആദില. ഓണാവധിക്ക് നാട്ടിലെത്തിയ അവള് മിണ്ടാപ്രാണികള്‍ക്ക് ഭക്ഷണം നല്കാന് സമയം കണ്ടെത്തുകയായിരുന്നു.
കടകളില്‍നിന്നു വാങ്ങി ചൂടാറ്റിയ പാല് പീടിക വരാന്തകളിലിരുന്നാണ് പൂച്ചകള്‍ക്ക് നല്‍കിയത്. വിശന്നുവലയുന്ന ജീവികള്‍ക്ക് ഭക്ഷണവും കരുതലും നല്‍കുന്നത് മനുഷ്യന്റെ കടമയാണെന്ന പക്ഷക്കാരിയാണ് മലയില്‍ എ.കെ. ഉമ്മര്‍-റഹ്മത്ത് ദമ്പതികളുടെ മകളായ ആദില. കുട്ടിക്കാലത്തേ തുടങ്ങിയതാണ് മിണ്ടാപ്രാണികളോടുള്ള കരുതല്‍. വീട്ടിലും പൂച്ചകളെ വളര്‍ത്തുന്നുണ്ട്. ഭാവിയില്‍ പൈലറ്റായി ജോലി ലഭിച്ചാല്‍, കഴിയുന്ന രീതിയില്‍ പാവപ്പെട്ടവരെ സഹായിക്കണമെന്നാണ് ആദിലയുടെ ആഗ്രഹം.