മുജ്തബ ഖമനയ്
ടെഹ്റാൻ: അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെ പശ്ചിമേഷ്യൻ രാജ്യങ്ങളും മുസ്ലിം ലോകവും ഒന്നിച്ചു നിൽക്കണമെന്ന് ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനയ്. യുദ്ധം ആറു മാസം പിന്നിടുന്ന ഘട്ടത്തിൽ പുറത്തിറക്കിയ രേഖാമൂലമുള്ള പുതിയ സന്ദേശത്തിലാണ് അദ്ദേഹം ഈ ആഹ്വാനം നടത്തിയത്.
യഥാർഥ ശത്രുവായ അമേരിക്കയുടെയും ഇസ്രയേലിന്റെയും പദ്ധതികൾ തിരിച്ചറിഞ്ഞ് ശക്തമായി നേരിടാൻ മുസ്ലിം രാജ്യങ്ങൾക്കിടയിൽ പരസ്പര സഹകരണവും ഐക്യവും ഉണ്ടാകണമെന്ന് മുജ്തബ ആവശ്യപ്പെട്ടു. മുസ്ലിം സമൂഹങ്ങൾക്കിടയിൽ ഭിന്നതയും തർക്കങ്ങളും ഉണ്ടാക്കുന്നവർ ശത്രുക്കളുടെ അജണ്ട നടപ്പാക്കുകയാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ പിതാവ് അലി ഖമനയ് കൊല്ലപ്പെട്ടതിനെ തുടർന്നാണ് മൊജ്തബ പരമോന്നത നേതാവായത്. ഇതുവരെ പൊതുവേദികളിലോ ദൃശ്യമാധ്യമങ്ങളിലോ പ്രത്യക്ഷപ്പെടാത്ത അദ്ദേഹം ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് നിലപാടുകൾ വ്യക്തമാക്കുന്നത്.
ആഭ്യന്തര ഐക്യം ശക്തമാക്കാൻ ഇറാൻ ജനതയോട് ആവശ്യപ്പെട്ട അദ്ദേഹം, രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയിൽ ഡോളറിന്റെ സ്വാധീനം ഘട്ടംഘട്ടമായി കുറയ്ക്കണമെന്നും പ്രാദേശിക ഉത്പാദനം വർധിപ്പിക്കണമെന്നും നിർദേശിച്ചു.
Tags : Khamenei SupremeLeader Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash