കോതമംഗലത്ത് ഷിബു തെക്കുംപുറം എംഎൽഎയുടെ വെർച്വൽ ഓഫീസ് പ്ലാറ്റ്ഫോം ‘എംഎൽഎ കണക്റ്റ് ’ ഡീൻ കുര്യാക്കോസ് എംപി ലോഞ്ച് ചെയ്യുന്നു.
കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ എംഎൽഎ ഓഫീസിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ജനസൗഹൃദവും സുതാര്യവുമാക്കുന്നതിനായി ഷിബു തെക്കുംപുറം ഒരുക്കിയ വെർച്വൽ ഓഫീസ് ‘എംഎൽഎ കണക്ട് ’ പ്രവർത്തനം ആരംഭിച്ചു. എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റതിന്റെ നൂറാം ദിനത്തിൽ എംഎൽഎ ഓഫീസിൽ നടന്ന ചടങ്ങിൽ ഡീൻ കുര്യാക്കോസ് എംപി എംഎൽഎ കണക്ട് പ്ലാറ്റ്ഫോം ഉദ്ഘാടനം ചെയ്തു.
പൊതുജനങ്ങൾക്ക് എംഎൽഎ ഓഫീസിലെത്താതെ തന്നെ അപേക്ഷകളും പരാതികളും സമർപ്പിക്കാനും വിവിധ സർക്കാർ പദ്ധതികളുടെ വിവരങ്ങൾ അറിയാനും പദ്ധതികളുടെ പുരോഗതി പരിശോധിക്കാനും കഴിയുന്ന വിധത്തിലാണ് എംഎൽഎ കണക്ട് ഒരുക്കിയിരിക്കുന്നത്.
സമർപ്പിക്കുന്ന അപേക്ഷകളുടെ നിലവിലെ സ്ഥിതിയും ഓൺലൈനായി പരിശോധിക്കാം. എംഎൽഎയുടെ പൊതുപരിപാടികളുടെ ഷെഡ്യൂൾ, വാർത്തകൾ, സർക്കാർ അറിയിപ്പുകൾ, വിവിധ പദ്ധതികളുടെ വിവരങ്ങൾ അപ്ഡേറ്റുകൾ എന്നിവ പ്ലാറ്റ്ഫോമിലൂടെ ലഭ്യമാകും.
ജനങ്ങൾക്കുള്ള സേവനങ്ങൾ കൂടുതൽ വേഗത്തിൽ സുതാര്യമായി എത്തിക്കുന്നതിനുള്ള മികച്ച മാതൃകയാണ് എംഎൽഎ കണക്റ്റ് എന്ന് ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു. സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി നിയോജകമണ്ഡലത്തിലെ വിവിധ സർക്കാർ, പൊതുസേവനങ്ങളെ ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് കൊണ്ടുവരാൻ കഴിയുന്നത് ഏറെ പ്രയോജനകരമാണ്. ഭാവിയിൽ കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തി ജനങ്ങൾക്ക് ആവശ്യമായ കാര്യങ്ങൾ ഒരു കുടക്കീഴിൽ ലഭ്യമാക്കാൻ ഈ സംവിധാനത്തിന് വലിയ സാധ്യതകളുണ്ടെന്നും പറഞ്ഞു.
ഷിബു തെക്കുംപുറം എംഎൽഎ അധ്യക്ഷത വഹിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ സേവനങ്ങൾ പ്ലാറ്റ്ഫോമിൽ ഉൾപ്പെടുത്തുമെന്നു അദ്ദേഹം പറഞ്ഞു.
മുൻസിപ്പൽ ചെയർപേഴ്സൺ ഭാനുമതി രാജു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു, യുഡിഎഫ് നേതാക്കളായ എ.ജി. ജോർജ്, കെ.പി. ബാബു, ഷമീർ പനക്കൻ, ബാബു ഏലിയാസ്, എം.എസ്. എൽദോസ്, അബു മൊയ്തീൻ, എ.ടി. പൗലോസ്, പി.കെ. മൊയ്തു, പി.എം. സക്കറിയ, എ.സി. രാജശേഖരൻ തുടങ്ങിയവർ പങ്കെടുത്തു.
Tags : NattuVishesham DistrictNews