മുഹമ്മദ് ഷിയാസ് എംഎൽഎയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച എംഎൽഎ എക്സലൻസ് അവാർഡ് ചടങ്ങ് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.
തോപ്പുംപടി : നമ്മുടെ കൊച്ചിയല്ലേ എങ്ങനെ ഈ ചടങ്ങിൽ പങ്കെടുക്കാതിരിക്കും, മറ്റ് തിരക്കുകൾ ഉണ്ടെങ്കിലും ഇവിടെയെത്തിയതിനു കാരണം അതാണെന്ന് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ. കൊച്ചി നിയമസഭാ മണ്ഡലത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്നതിനായി മുഹമ്മദ് ഷിയാസ് എംഎൽഎയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന എംഎൽഎ എക്സലൻസ് അവാർഡ് ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസത്തേക്കാൾ ഉപരി നല്ല മനുഷ്യരാവുക എന്നുള്ളതാണ് ജീവിതത്തിൽ ഏറ്റവും വലിയ കാര്യം. നല്ല മനുഷ്യർക്ക് മാത്രമേ നല്ല ജോലിയെടുക്കാനും നല്ല കാര്യങ്ങൾ ചെയ്തു തീർക്കാനും സാധിക്കുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.ചടങ്ങ് നടന്ന കെട്ടിടം കൊച്ചിയിലെ പഴയ പട്ടേൽ തിയേറ്റർ ആയിരുന്നെന്നും തന്റെ അച്ഛനും അമ്മയും സിനിമ കാണാൻ ഇവിടെ വന്നിട്ടുള്ള ഓർമകളും അദ്ദേഹം പങ്കുവച്ചു.
പരീക്ഷകളിൽ ഉന്നത വിജയം നേടിയവരേയും, മുഖ്യമന്ത്രിയുടെ വിശിഷ്ട സേവാ മെഡൽ കരസ്ഥമാക്കിയ ഉദ്യോഗസ്ഥരെയും ചടങ്ങിൽ ആദരിച്ചു.
മുഹമ്മദ് ഷിയാസ് എംഎൽഎ അധ്യക്ഷത വഹിച്ചു. മേയർ വി.കെ. മിനിമോൾ, നടൻ ജോജു ജോർജ്, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ കെ.എ. മനാഫ്, വാർഡ് കൗൺസിലർ ജോസഫ് സുമിത്, കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡന്റ് ഷാജി കുറുപ്പശേരി, ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ് ജെസി അഗസ്റ്റിൻ, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എഡ്യൂക്കേഷൻ സുബിൻ പോൾ, സന്തോഷ് കൊടിയനാട് തുടങ്ങിയവരും പങ്കെടുത്തു.
Tags : NattuVishesham DistrictNews