കാക്കൂർ വല്ല്യമ്പള്ളി പാടശേഖരത്തിൽ നടത്തിയ കറുത്ത ഞവര നെൽകൃഷിയുടെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ കെ. വർഗീസ് കറ്റ കൊയ്ത് ഉദ്ഘാടനം ചെയ്യുന്നു.
കൂത്താട്ടുകുളം: തിരുമാറാടി കൃഷിഭവന്റെ കീഴിൽ കാക്കൂർ വല്ല്യമ്പള്ളി പാടശേഖരത്തിൽ കറുത്ത ഞവര നെൽകൃഷിയുടെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ കെ. വർഗീസ് കറ്റ കൊയ്ത് ഉദ്ഘാടനം ചെയ്തു. കാക്കൂർ കാഞ്ഞിരപ്പിള്ളി മനയിൽ പ്രസീദ് നമ്പൂതിരിപ്പാടിന്റെ ഉടമസ്ഥതയിലുള്ള പാടത്ത് അശോക് പി. തോമസ് അമ്മകുളത്തിലാണ് കൃഷി ഇറക്കിയത്. ഏറെ ഔഷധഗുണങ്ങളുള്ള ഞവര നെല്ലിന്റെ 400 കിലോഗ്രാം വിത്ത് അശോകന്റെ ധാന്യ ശേഖരത്തിലുണ്ട്.
പഞ്ചായത്തിന്റെ സഹായത്തോടെ 700 ട്രേ കിട്ടിയാൽ അടുത്ത കൃഷിക്ക് വല്ല്യമ്പിള്ളി പാടശേഖരം മുഴുവൻ ഞവരകൃഷി ചെയ്യാൻ കഴിയുമെന്ന് അശോകൻ പറഞ്ഞു. ഞവര നെല്ലിൽ നിന്നും ലഭിക്കുന്ന അരി ഉപയോഗിച്ച് മൂല്യ വർധിത ഉല്പന്നങ്ങൾ നിർമിച്ച് വിപണനം ചെയ്യാൻ ഉദ്ദേശിക്കുന്നതായും അശോകൻ പറഞ്ഞു. കൃഷിക്ക് വേണ്ട പ്രോത്സാഹങ്ങൾ നൽകാമെന്ന് പഞ്ചായത്ത് പ്രസിഡന്റും കൃഷി ഓഫീസർ സി.ഡി. സന്തോഷും ഉറപ്പ് നൽകി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് റൈസി റ്റോമിച്ചൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനിത ബേബി, മെമ്പർമാരായ ബിനോയ് കള്ളാട്ടുകുഴി, എം.സി. അജി, അനിത ജേക്കബ്, കെ.എസ്. മായ, ലിസി രാജൻ, ബിജി ജോസ്, കൃഷി അസിസ്റ്റന്റ് ഓഫീസർ സി.വി. ബിനോയ്, റോബിൻ പൗലോസ് എന്നിവർ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews