പ്രതീകാത്മക ചിത്രം
മലപ്പുറം: ജില്ലയില്‍ 25,000ലധികം ബാങ്ക് അക്കൗണ്ടുകള്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കായി ഉപയോഗിച്ചുവെന്ന് പൊലീസ് കണ്ടെത്തല്‍. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ ബാങ്ക് അക്കൗണ്ടുകള്‍ കൈമാറ്റം ചെയ്തിട്ടുള്ളത് ജില്ലയിലാണെന്നാണ് പൊലീസ് സ്ഥിരീകരിച്ചത്. സൈബര്‍ കുറ്റകൃത്യങ്ങളെ തടയിടാനായി കേരള പൊലീസ് നടപ്പാക്കുന്ന സൈ-ഹണ്ട് ഓപ്പറേഷനുമായി ബന്ധപ്പെട്ടാണിത്.
സൈബര്‍ തട്ടിപ്പ് കേസുകളില്‍ നഷ്ടമായ പണം ചെക്ക് വഴിയോ എടിഎം വഴിയോ പിന്‍വലിച്ച് തട്ടിപ്പുകാര്‍ക്ക് കൈമാറിയോ ബാങ്ക് അക്കൗണ്ടും ബാങ്ക് രേഖകളും പൂര്‍ണമായും തട്ടിപ്പുകാര്‍ക്ക് കൈമാറിയോ പ്രതിഫലം സ്വീകരിക്കുന്ന മ്യൂള്‍ അക്കൗണ്ട് ഉടമകളെയാണ് സൈ-ഹണ്ടില്‍ പ്രധാനമായും ലക്ഷ്യമിടുന്നത്.
ജില്ലയില്‍ ഓപ്പറേഷന് സൈ-ഹണ്ടു മായി ബന്ധപ്പെട്ട് 750 റെയ്ഡുകള്‍ നടത്തിയിട്ടുണ്ട്. ഇതില്‍ 194 കേസുകള്‍ രജിസ്റ്റര്‍ ചെയ്തായും പൊലീസ് പറയുന്നു. കേസുകളില്‍ 94ലധികം പേരാണ് അറസ്റ്റിലായത്. 171 ഉപകരണങ്ങളും 320 രേഖകളും പിടികൂടിയതായും പൊലീസ് വ്യക്തമാക്കി.
സൈബര്‍ തട്ടിപ്പിനായി സംഘങ്ങള്‍ ചെറിയ തുകകള്‍ വാഗ്ദാനം ചെയ്ത് ബാങ്ക് അക്കൗണ്ടുകളും സിം കാര്‍ഡുകളും വാടകയ്ക്ക് എടുത്തുവെന്നാണ് കണ്ടെത്തല്‍. ഈ സംഘങ്ങള്‍ കൂടുതലായും വി ദ്യാര്ഥികളുടെയും സ്ത്രീകളുടെയും പ്രായമായവരുടെയും ബാങ്ക് അക്കൗണ്ടുകളും സിം കാര്‍ഡുകളുമാണ് ഉപയോഗിക്കുന്നത്. പലപ്പോഴും ഉടമ അറിയാതെയാണ് ബാങ്ക് അക്കൗണ്ടുകള്‍ ദുരുപയോഗം ചെയ്യുന്നത്. പൊലിസ് തേടിയെത്തുമ്പോഴാണ് പലരും സത്യാവസ്ഥ അറിയുന്നത്.
സിം കാര്‍ഡ് കൈമാറരുത്, അക്കൗണ്ട് വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് നല്‍കരുത്
മലപ്പുറം: ബാങ്ക് അക്കൗണ്ട് വിവരങ്ങളും സിം കാര്‍ഡുകളും കൈമാറ്റം ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് ജില്ലാ പൊലീസ് മേധാവി. ബാങ്ക് അക്കൗണ്ടുകളോ സിം കാര്‍ഡുകളോ ആര്‍ക്കെങ്കിലും ഉപയോഗിക്കുന്നതിനായി നല്കിയിട്ടുണ്ടെങ്കില് അത്തരം അക്കൗണ്ടുകളും സിം കാര്‍ഡുകളും അടിയന്തിരമായി റദ്ദാക്കണം.
സംശയാസ്പദമായ ഫോണ്‍ വിളികളും ഓണ്‍ലൈന്‍ വാഗ്ദാനങ്ങളും സംബന്ധിച്ച് ജാഗ്രത പാലിക്കണമെന്നും സൈബര്‍ തട്ടിപ്പില്‍ ഉള്‍പ്പെട്ടാല്‍ പരാതികള്‍ ഉടന്‍ കേരള പൊലിസിന്റെ 1930 എന്ന നമ്പറില്‍ അറിയിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
Tags : Nattuvishesham DistrictNews DeepikaNews