പ്രതീകാത്മക ചിത്രം
മലപ്പുറം: ആറുവരി ദേശീയപാതയില്‍ ലഹരിക്കടത്ത് തടയാനുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ അവ്യക്തത. നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ കണ്ടെത്താനും പിഴ ചുമത്താനും പുതിയ ഡിജിറ്റല്‍ സാങ്കേതിക സംവിധാനങ്ങള്‍ സജീകരിക്കുന്നുണ്ടെങ്കിലും ലഹരിക്കടത്ത് തടയാനുള്ള സംവിധാനങ്ങളെക്കുറിച്ച് ഇതുവരെയും വ്യക്തതയായിട്ടില്ല.
സാധാരണ റോഡുകളിലേതുപോലെ വാഹനങ്ങള്‍ തടഞ്ഞുള്ള പരിശോധനയില്ലാത്തത് ദേശീയപാതയിലൂടെ ലഹരിക്കടത്ത് കൂടാനിടാക്കും. ഈയൊരു സാഹചര്യത്തിലാണ് സംവിധാനം സജീകരിക്കുന്നത് സംബന്ധിച്ച ചോദ്യം ഉയരുന്നത്. ദേശീയപാത അഥോറിറ്റി ഓഫ് ഇന്ത്യ, മോട്ടോര്‍ വാഹന വകുപ്പ്, പൊലീസ്, എക്സൈസ് എന്നീ വിഭാഗങ്ങള്‍ക്കാണ് ദേശീയപാതയിലെ പരിശോധനാ ചുമതല.
ട്രാഫിക് നിയമം തെറ്റിക്കുന്നത് കണ്ടുപിടിക്കാന്‍ എഐ കാമറകളടക്കമുണ്ടാകും. എന്നാല്‍ വാഹനങ്ങളില്‍ കൊണ്ടുപോകുന്ന എംഡിഎംഎ, കഞ്ചാവ് തുടങ്ങിയ ലഹരികള്‍ തിരിച്ചറിയാന്‍ ഇവയിലൂടെ കഴിയില്ലെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
വാഹനം നിര്‍ത്തിയുള്ള പരിശോധനയിലൂടെയും ഒറ്റുകാര്‍ നല്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലുമാണ് ഇപ്പോള്‍ ഇത്തരം ലഹരിക്കടത്ത് കണ്ടെത്തുന്നത്. ഇതില്‍ ഒറ്റുകാരുടെ വിവരത്തെത്തുടര്‍ന്നുള്ള പിടിച്ചെടുക്കലാണ് ദേശീയപാതയില്‍ നടക്കുക. അത്തരം വാഹനങ്ങള്‍ നിരീക്ഷിച്ചു പിടിക്കേണ്ടിവരും. വലിയ വേഗത്തിലോടുന്ന പുതുതലമുറ വാഹനങ്ങളെ സര്‍ക്കാര്‍ വാഹനങ്ങള്‍കൊണ്ട് പിന്തുടര്ന്ന് കസ്റ്റഡിയിലെടുക്കുകയെന്നത് സാഹസികമാണെന്നും ഉദ്യോഗസ്ഥര്‍ പറ യുന്നു.
എന്‍ട്രി, എക്സിറ്റ് പോയിന്റുകളിലെ പരിശോധനയിലൂടെ കണ്ടെത്താനാകുമെന്നാണ് എക്സൈസ്, പൊലീസ് വകുപ്പുകള്‍ പറയുന്നത്.
മൂന്നുവര്‍ഷം മുന്‍പ് തുടങ്ങിയ ബെംഗളൂരു-മൈസൂരു എക്സ്പ്രസ് പാതയില്‍ കള്ളക്കടത്തിന്റെ 80 ശതമാനം പിടിക്കുന്നതും ഈ രീതിയിലാണെന്ന് പൊലീസ് വ്യക്തമാക്കുന്നത്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ഏറെ എന്‍ട്രി, എക്സിറ്റ് പോയിന്റുകളുണ്ടാകുമ്പോള് ഇതെങ്ങനെ കഴിയുമെന്നതിലും വ്യക്തയുണ്ടാകേണ്ടതുണ്ട്.
കേരളത്തിലേക്ക് എംഡിഎംഎ ഉള്‍പ്പെടുന്ന ലഹരിവസ്തുക്കള്‍ കൂടുതലുമെത്തുന്ന സ്ഥലങ്ങളിലൊന്നാണ് ബെംഗളൂരു. വിദ്യാഭ്യാസത്തിനും ജോലിക്കുമായി ബെംഗളൂരുവി ലെത്തുന്ന യുവാക്കളാണ് ഭൂരിഭാഗം ലഹരി ക്കടത്തിലും കാരിയര്‍മാരെന്നാണ് പൊലീസ് പറയുന്നത്.
പെട്ടെന്ന് സംശയിക്കില്ല എന്നതിനാല്‍ 70 ശതമാനത്തിലധികം ലഹരിക്കടത്തിലും യുവതികളെയാണ് ഉപയോഗിക്കുന്നത്. സാനിറ്ററി പായ്ക്കള്ക്കുള്ളിലും മെന്‍സ്ട്രുവല്‍ കപ്പിലുമാണ് ഇവര്‍ ലഹരിവസ്തു ഒളിപ്പിക്കുന്നത്. ഈ രീതി കൂടിവന്നതോടെ ഇത്തരം കേസുകളില്‍ ഉള്‍പ്പെടുന്നവരെ നിരീക്ഷിക്കാന്‍ തുടങ്ങി. വനിതാ പൊലീസുകാരെ ഉള്‍പ്പെടുത്തിയുള്ള പരിശോധനകളാണ് നിലവില്‍ തുടരുന്നത്.
Tags : Nattuvishesham DistrictNews DeepikaNews