ഇരുട്ടുകുത്തി ഗ്രേഡ് എ വിഭാഗം ഫൈനല്‍ മത്സരം
കുമരകം: കവണാറിന്റെ ഇരു കരകളിലും തിങ്ങിനിറഞ്ഞ വള്ളംകളി ആരാധകരെ ആവേശ കൊടുമുടി കയറ്റിയ ഫൈനൽ മത്സരത്തിൽ പി.ജി. കർണൻ ഇരുട്ടുകുത്തി എ വിഭാഗം ജലരാജാവായി. വി.കെ. രാഹുൽ ക്യാപ്റ്റനായ വൈഎസ്ബിസി കുമരകമാണ് പി.ജി. കർണനിൽ തുഴയെറിഞ്ഞത്. കവണാർ സിറ്റി ബോട്ട് ക്ലബ്ബിന്റെ സജിത അളക ക്യാപ്റ്റനായ തുരുത്തിത്തറയെ ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് പി.ജി. കർണൻ പരാജയപ്പെടുത്തിയത്.
ഇരുട്ടുകുത്തി ബി.ഗ്രേഡിൽ പിബിസി കുമരകത്തിന്റെ ശ്രീമുത്തപ്പനെ പരാജയപ്പെടുത്തി കുമരകം വാരിയേഴ്സ് ബോട്ട് ക്ലബ്ബിന്റെ വെണ്ണക്കലമ്മ വിജയിച്ചു. വെപ്പ് ബി ഗ്രേഡിൽ കവണാർ സിറ്റി ബോട്ട് ക്ലബ്ബിന്റെ പി.ജി. കരിപ്പുഴ തിരുവാർപ്പ് ബോട്ട് ക്ലബ്ബിന്റെ ചാമ്പ്യൻ വള്ളത്തെ പിന്നിലാക്കി വിജയികളായി. ചുരുളൻ സി ഗ്രേഡിൽ മഞ്ചാടിക്കരി കാശി ബ്രദേഴ്സിന്റെ കാശി കർണനെ മറികടന്ന് ഒന്നാമതെത്തി. വിരിപ്പുകാല ശ്രീനാരായണബോട്ട് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കവണാറിൽ ഇന്നലെ നടന്ന 38-ാമത് ജലമേള നാട്ടകം സുരേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് പി.ബി. അശോകന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം സ്പീക്കർ തീരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയമോൻ കരീമഠം, ജില്ലാ പഞ്ചായത്തഗം പി.കെ. വൈശാഖ്, കുമരകം പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഗോപി, പഞ്ചായത്തംഗം സ്മിതാ ലാലു, ക്ലബ് സെക്രട്ടറി കെ.കെ. ധർമജൻ തുടങ്ങിയവർ പ്രസംഗിച്ചു. വിജയികൾക്ക് കുമരകം എസ്എച്ച്ഒ പ്രസാദ് ഏബ്രഹാം വർഗീസ് സമ്മാനദാനം നിർവഹിച്ചു.
Tags : Nattuvishesham DistrictNews DeepikaNews