മൈക്ക് അനൗണ്‍സ്മെന്റിന്റെ ഉദ്ഘാടനം ഫോര്‍ട്ട് സിഐ ശ്രീകാന്ത് നിര്‍വഹിക്കുന്നു.
ഫോര്‍ട്ട്: ഓണാഘോഷത്തോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്കായി ഫോര്‍ട്ട് പോലീസിന്റെ സുരക്ഷാ നിര്‍ദേശം നല്‍കാനുള്ള മൈക്ക് അനൗണ്‍സ്മെന്റ് ഫോര്‍ട്ട് സിഐ ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. എസ്സിപിഒ രതീഷ് മൈക്കിലൂടെ അനൗണ്‍സ്മെന്റ് നടത്തി.
ഇതാദ്യമായാണ് ഓണത്തിന് ഫോര്‍ട്ട് സ്റ്റേഷനില്‍ ഇത്തരമൊരു സംവിധാനം നടപ്പാക്കുന്നത്. പഴവങ്ങാടി, പത്മതീര്‍ത്ഥക്കുളത്തിന്റെ പരിസരം, ചാല മാര്‍ക്കറ്റ്, അട്ടക്കുളങ്ങര എന്നിങ്ങനെ 15 സ്ഥലങ്ങളില്‍ അനൗണ്‍സ്മെന്റ് കേള്‍പ്പിക്കാനുള്ള ബോക്സ് ഘടിപ്പിച്ചിട്ടുണ്ട്.
പൊതുജനങ്ങളുടെയും കുഞ്ഞുങ്ങളുടെയും വിലപിടിപ്പുള്ള സ്വര്‍ണാഭരണങ്ങള്‍, ബാഗ്, പഴ്സ് മൊബൈല്‍ ഫോണുകള്‍ എന്നിവ മോഷണം പോകാതിരിക്കുന്നതിനും ട്രാഫിക് നിര്‍ദേശങ്ങള്‍ അറിയുന്നതിനും വാഹന പാര്‍ക്കിംഗ് ഏതൊക്കെ സ്ഥലങ്ങളിലാണ് ഉള്ളതെന്നു മനസ്സിലാക്കുന്നതിനും നഷ്ടപ്പെട്ട സാധനങ്ങള്‍ തിരികെയേല്പ്പിക്കുന്നതിനും മൈക്ക് അനൗണ്‍സ്മെന്റ് സംവിധാനം ഏറെ ഫലപ്രദമാകും.
ഫുൾ ഓണാണ് കൺട്രോൾ റൂം
തിരുവനന്തപുരം : ഓണം വാരാഘോഷത്തിൽ പങ്കെടുക്കാനെത്തുന്ന ആയിരക്കണക്കിന് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ വിപുലമായ തയ്യാറെടുപ്പുകളാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. കൺട്രോൾ റൂം സി ഐ ശശിധരൻ പിള്ളയുടെ നേതൃത്വത്തിൽ 30 പോലീസ് ഉദ്യോഗസ്ഥരാണ് നിശാഗാന്ധിക്ക് സമീപമുള്ള കൺട്രോൾ റൂമിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നത്.
ആഘോഷ വേദികളും പരിസരവും കൃത്യമായി നിരീക്ഷിക്കുന്നതിനായി 42 കാമറകൾ കൺട്രോൾ റൂമിൽ മാത്രം സജ്ജീകരിച്ചിട്ടുണ്ട്. ഇതുകൂടാതെ വിവിധ വേദികളിലും പുറത്തുമായി ഒട്ടനവധി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ജനത്തിരക്ക് കൃത്യമായി വിലയിരുത്തുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി ഡ്രോൺ കാമറകളും കാണികൾക്കിടയിൽ ക്രമസമാധാനം ഉറപ്പാക്കാൻ മഫ്തി പോലീസിന്റെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. പ്രധാന ഗേറ്റിന് സമീപം മെറ്റൽ ഡിറ്റക്ടറും അടിയന്തര സാഹചര്യങ്ങൾക്കായി ആംബുലൻസ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
ജനത്തിരക്ക് നിയന്ത്രിക്കുന്നതിനായി വഴികൾ പ്രത്യേകം വേർതിരിച്ചാണ് ആളുകളെ കടത്തിവിടുന്നത്. വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുകളും അടിയന്തര നിർദ്ദേശങ്ങളും അനൗൺസ്മെന്റുകളിലൂടെ സമയബന്ധിതമായി നൽകുന്നുണ്ട്.
എന്ത് ആവശ്യങ്ങൾക്കും ജനങ്ങൾക്ക് ഭയരഹിതമായി കൺട്രോൾ റൂമിനെ ആശ്രയിക്കാവുന്നതാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.