വൈദ്യുതി ദീപങ്ങളാൽ അലംകൃതമായ നെയ്യാർ ഡാം.
നെയ്യാർഡാം : വൈദ്യുത വിളക്കുകൾ മിഴി തുറന്നതോടെ നെയ്യാർഡാമിലെ ഓണാഘോഷം കാണാൻ ജനതിരക്ക്. തിരുവോണത്തിനും ഇന്നലെയും വൻ ജനകൂട്ടമാണ് ഇവിടെ എത്തിയത്. പകൽ എത്തിയവർ വൈകിട്ടത്തെ വെളിച്ചത്തിൽ കുളിച്ച് നിൽക്കുന്ന ഡാം കണ്ടിട്ടേ മടങ്ങുന്നുള്ളൂ. നെയ്യാർഡാം മുഖ്യ കവാട പരിസരത്ത് ഓണപതാക ഉയർത്തിയാണ് ആഘോഷത്തിന് തുടക്കമിട്ടത്. നീലജലാശയത്തിലെ സുന്ദരമായ യാത്രയും ഹരിതഭംഗിയാർന്ന വനതാഴ് വാരത്തെ സുഖകരമായ അന്തരീക്ഷവും നുകരാൻ ഇക്കുറി എത്തിയ സഞ്ചാരികളെയും കാത്ത് നിരവധി വിഭവങ്ങളാണ് ഇവിടെ ഒരുക്കിയിരുന്നത്.
ഉദ്യാനത്തിലെ പ്രതിമകൾ മിനുക്ക്പണികൾ നടത്തി നന്നാക്കി കഴിഞ്ഞു. രാത്രി മനോഹരമാക്കാൻ ഉദ്യാനത്തിലെ വിളക്കുകൾ ഭംഗിയാക്കിയിട്ടുണ്ട്. കേടുവന്നവ മാറ്റുകയും പുതുതായി പലേടത്തും സ്ഥാപിക്കുകയും ചെയ്തു. ടവർ, ഡാം ബ്രിഡ്ജ്, അക്വോറിയം, സൈക്കിൽപാർക്ക് എന്നിവിടങ്ങളിൽ പ്രത്യേക ദീപസംവിധാനം ഒരുക്കിയിട്ടുണ്ട്. വെളിച്ചത്തിൽ കുളിച്ച് നിൽക്കുകയാണ് നെയ്യാർഡാം. കുട്ടികളുടെ പാർക്കിൽ വൻ തിരക്കാണ്. മീൻമുട്ടി, മുല്ലയാർ, കൊമ്പൈക്കാണി, വരയാട്ടുമുടി എന്നിവിടങ്ങളിൽ സാഹസികസഞ്ചാരം വനം വകുപ്പ് നടത്തി. ബോട്ട് സർവീസ് കാര്യക്ഷമമായി നടത്താൻ അഞ്ച് ബോട്ടുകളാണ് സജ്ജമാക്കിയിരിക്കുന്നത്. ബോട്ട് സർവീസിനായി ധാരാളം പേർ എത്തി. മാൻപാർക്ക്, ചീങ്കണ്ണി പാർക്ക്, എന്നിവിടങ്ങളിൽ നല്ല തിരക്കുള്ളതിനാൽ ഇവിടേയ്ക്ക് ബോട്ട് സർവീസും ഉണ്ട്.
മീൻമുട്ടി വെള്ളചാട്ടം കാണാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. കാപ്പുകാട് ആനപാർക്കിൽ ഓണക്കളികളും സദ്യയും ഒരുക്കിയിട്ടുണ്ട്. ആനസവാരിയ്ക്കും ആനയൂട്ടിനും ഇക്കുറി നല്ല തിരക്കാണ്.
നക്ഷത്ര അക്വേറിയത്തിൽ പുതിയ ഇനം മൽസ്യങ്ങൾ എത്തിയിട്ടുണ്ട്്. ഇത് കാണികൾക്ക് പുതിയ അനുഭവം നൽകും.ആഘോഷം ഇന്ന് സാംസ്കാരിക ഘോഷയാത്രയോടെ സമാപിക്കും.