ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത അധ്യക്ഷ പ്രസംഗം നടത്തുന്നു.
തിരുവല്ല: നീതിക്കുവേണ്ടിയുള്ള കരച്ചിലാകണം സഭയുടെ ഹൃദയമിടിപ്പെന്ന് ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത. മാർത്തോമ്മാ സഭ പ്രതിനിധി മണ്ഡലംയോഗത്തിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. യുഎപിഎ, നിർബന്ധിത മതപരിവർത്തനം തടയൽ നിയമം, എഫ്സിആർഎ ഭേദഗതി ബില്ല് തുടങ്ങിയ നിയമനിർമാണങ്ങളുമായി ബന്ധപ്പെട്ട് ന്യൂനപക്ഷ ങ്ങളിൽ ഉണ്ടായ ആശങ്ക അകറ്റാൻ നടപടി ഉണ്ടാകണമെന്നും മെത്രാപ്പൊലിത്ത ആവശ്യപ്പെട്ടു.
സമത്വത്തിന്റെയും സാമൂഹിക നീതിയുടെയും പ്രവാചകന്മാരാവുകയാണ് ഓരോ വിശ്വാസിയുടെയും ദൗത്യം. ഡൽഹി ജന്തർ മന്ദറിൽ നടന്ന ഇന്ത്യൻ യുവതയുടെ പ്രതിഷേധങ്ങൾക്ക് ലഭിച്ച ജനകീയ പിന്തുണയും വിജയവും ജനാധിപത്യത്തിന്റെ വിജയം കൂടിയായി. ജനവികാരം ഉൾക്കൊണ്ടു ഒടുവിൽ കേന്ദ്ര സർക്കാർ പ്രശ്നത്തിൽ ഫലപ്രദമായി ഇടപെടുകയും അഖിലേന്ത്യാ പരീക്ഷാ നടത്തിപ്പിൽ കുറ്റമറ്റ നടപടികൾക്ക് തയാറായതും പ്രതീക്ഷ പകരുന്നതായി മെത്രാപ്പോലീത്ത പറഞ്ഞു. ആരാധനയോടെ ആരംഭിച്ച യോഗത്തിൽ ഡോ.സോണിയാ ജോർജ് ധ്യാനപ്രസംഗം നടത്തി. ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത, ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത, സഭയിലെ എല്ലാ എപ്പിസ്കോപ്പമാരും സഭാ സ്ഥാനികളും സഭാ കൗൺസിൽ അംഗങ്ങളും മണ്ഡലയോഗത്തിൽ പങ്കെടുത്തു. യോഗം നാളെ സമാപിക്കും.
സഭാ സെക്രട്ടറി റവ. എബി റ്റി. മാമ്മൻ 2025-26 വർഷത്തെ സഭയുടെ വാർഷിക റിപ്പോർട്ടും സഭയുടെയും സഭാ സ്ഥാപനങ്ങളുടെയും കണക്കുകളും അവതരിപ്പിച്ചു. തുടർന്ന് ചോദ്യോത്ത രങ്ങൾക്കായി സമയം വിനിയോഗിച്ചു. സംഘർഷഭരിത ലോകത്തിലെ സമാധാന നിർമിതി എന്ന വിഷയത്തിൽ പ്രത്യേക പഠനവും ചർച്ചകളും നടന്നു.