ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ
ആറന്മുള: 30നു നടക്കുന്ന ആറന്മുള ഉത്രട്ടാതി ജലോത്സവം ഉദ്ഘാടനം ചെയ്യാനായി ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ എത്തുന്നതിന്റെ ഭാഗമായി ആറന്മുളയിൽ ഗതാഗത ക്രമീകരണം. 30നു നടക്കുന്ന നീറ്റ് പിജി പരീക്ഷയ്ക്ക് ആറന്മുള എൻജിനിയറിംഗ് കോളജ് പരീക്ഷാ കേന്ദ്രമായി തെരഞ്ഞെടുത്തിട്ടുള്ളവർക്ക് പോലീസ് പ്രത്യേക ക്രമീകരണം ഏർപ്പെടുത്തി. രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് 12.30 വരെ നീറ്റ് പരീക്ഷ എഴുതുന്ന വിദ്യാർഥകൾക്ക് രാവിലെ ഏഴ് മുതൽ കോളജിൽ പ്രവേശിക്കാം. വിദ്യാർഥികൾ കോളജിൽ പ്രവേശിക്കുന്ന സമയത്ത് ഗതാഗത നിയന്ത്രണം ഉണ്ടാകില്ല.
പരീക്ഷ കഴിഞ്ഞ് ഇറങ്ങുന്ന വിദ്യാർഥികൾക്ക് പന്തളം ഭാഗത്തേക്കു (എംസി റോഡിലേക്ക് ) യാത്ര ചെയ്യുന്നതിനു നിയന്ത്രണം ഇല്ല.
പത്തനംതിട്ട ഭാഗത്തേക്ക് കോഴഞ്ചേരി വഴി യാത്ര ചെയ്യേണ്ടവർ കിടങ്ങന്നൂർ, വല്ലന, കോഴിപ്പാലം വഴി ആഞ്ഞിലിമൂട്ടിൽ കടവ് പാലം കടന്ന് തിരുവല്ല റോഡിൽ പ്രവേശിച്ച് വലത്തേക്ക് തിരിഞ്ഞ് കോഴഞ്ചേരി വഴി പത്തനംതിട്ട, റാന്നി ഭാഗങ്ങളിലേക്കു പോകാം. തിരുവല്ലയ്ക്കു പോകേണ്ടവരും ഇതേ പാതയിൽ ആഞ്ഞിലിമൂട്ടിൽ പാലം കടന്ന് പുല്ലാട്ടെത്തണം.
എൻജിനിയറിംഗ് കോളജിൽ നിന്ന് ആറന്മുള-പന്തളം റോഡിലെത്തി ഇടത്തേക്ക് തിരിഞ്ഞ് കിടങ്ങന്നൂർ എത്തി പത്തനംതിട്ടയിലേക്ക് ഇലന്തൂർ വഴിയോ ഇലവുംതിട്ട വഴിയോ പോകാനാകും.
ചെങ്ങന്നൂർ ഭാഗത്തേക്ക് പോകേണ്ടവർ കിടങ്ങന്നൂർ, വല്ലന വഴി കോഴിപ്പാലം എത്തിയശേഷം ചെങ്ങന്നൂർക്ക് പോകണമെന്നും പോലീസ് നിർദേശിച്ചു. ആറന്മുള ഐക്കര ജംഗ്ഷനിലേക്കും ഐക്കര ജംഗ്ഷൻ മുതൽ തെക്കേമല ജംഗ്ഷൻ വരെയും പൂർണമായും ഗതാഗതം നിയന്ത്രിക്കുമെന്നും ആറന്മുള സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു.